Posts

സയന്‍സ് ഗ്രൂപ്പിനോളം തന്നെ സാധ്യതകളുള്ള ഒന്നാണ് "കൊമേഴ്‌സ്"



ചരക്കുകളുടെയും സേവനങ്ങളുടെയും വാങ്ങലും വില്‍പനയും. സിംപിളായി പറഞ്ഞാല്‍ ഇതാണ് കൊമേഴ്‌സ് അഥവാ വ്യവഹാരം. ഒരു രാജ്യമാകട്ടെ, സംസ്ഥാനമാകട്ടെ, ഒരു ചെറിയ സ്ഥാപനമാകട്ടെ, ഇവയ്‌ക്കൊന്നും ഒറ്റയ്ക്ക് ഒരു നിലനില്‍പ്പില്ല എന്നത് അറിയാമല്ലോ. വളരാനും നിലനില്‍ക്കാനും ഉത്പന്നങ്ങളും സേവനങ്ങളുമൊക്കെ പരസ്പരം കൈമാറ്റം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ വ്യവഹാരങ്ങളിലാണ് ലോകത്തിന്റെ നിലനില്‍പ്പ്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ജോലികള്‍ക്ക് ഒരാളെ പ്രാപ്തനാക്കുന്നതിനുള്ള നിലമൊരുക്കലാണ് പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പില്‍ നടക്കുന്നത്.

സയന്‍സ് ഗ്രൂപ്പിനോളം തന്നെ ജനപ്രിയമായ ഒന്നാണ് കൊമേഴ്‌സ്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബിസിനസ് അനലിസ്റ്റ്, ഓഡിറ്റര്‍, ബിസിനസ്സ് മാനേജര്‍ എന്നിങ്ങനെ പഠിച്ച് കഴിഞ്ഞാല്‍ പണം വാരുന്ന ആകര്‍ഷകമായ നിരവധി കരിയര്‍ ഓപ്ഷനുകളും ഉണ്ട്. എന്നാല്‍ ഈ വിഷയങ്ങളോടുള്ള ഒരു അഭിരുചിയില്ലാത്തവര്‍ കൊമേഴ്‌സ് ഗ്രൂപ്പ് എടുത്താല്‍ അമ്പേ പരാജയമാകും.

സമ്പദ് വ്യവസ്ഥയെ കുറിച്ചും വ്യാപാരത്തെ കുറിച്ചും ബിസിനസ്സുകളെ കുറിച്ചുമൊക്കെ അറിയാനും വായിക്കാനും മനസ്സിലാക്കാനും താത്പര്യമുള്ളവര്‍ക്കും ഡേറ്റായും കണക്കും കണ്ടാല്‍ തല കറങ്ങാത്തവര്‍ക്കുമൊക്കെ ധൈര്യമായി തിരഞ്ഞെടുക്കാം കൊമേഴ്‌സ് ഗ്രൂപ്പ്. ശോഭനമായ ഭാവിയും സാമ്പത്തിക ഭദ്രതയും ഉറപ്പ്.

കണക്കിന്റെ കാര്യം കേട്ട് ഞെട്ടേണ്ട. കണക്ക് ഒരു ഓപ്ഷനല്ലാതെയും കൊമേഴ്‌സ് പഠിക്കാം. പക്ഷേ, ആത്യന്തികമായി കണക്കിനോടുള്ള താത്പര്യം കൊമേഴ്‌സ് ഉപരിപഠനത്തിന് നല്ലതാണെന്ന് മാത്രം. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട കരിയര്‍ തന്നെ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്നവരില്‍ മുന്നില്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥികളാണ്.

കൊമേഴ്‌സ് ഗ്രൂപ്പില്‍ ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ് എന്നിവയ്ക്ക് പുറമേ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഓപ്ഷനായി തിരഞ്ഞെടുക്കാം. ഇവയ്‌ക്കൊപ്പം രണ്ട് ഭാഷകളും പഠിക്കേണ്ടി വരും.

ഉപരിപഠന സാധ്യതകള്‍

കൊമേഴ്‌സ് പ്ലസ് ടു കഴിഞ്ഞവര്‍ ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്(ബികോം), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍(ബിബിഎ), ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്(ബിഎംഎസ്), ബാച്ചിലര്‍ ഓഫ് ബിസിനസ്സ് സ്റ്റഡീസ്(ബിബിഎസ്)എന്നിവയാണ് പൊതുവേ ബിരുദതലത്തില്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കാറുള്ളത്.

അക്കൗണ്ടന്‍സ്, ടാക്‌സേഷന്‍ തുടങ്ങിയ മേഖലകള്‍ക്ക് ബികോം ഊന്നല്‍ നല്‍കുമ്പോള്‍ ബിസിനസ് തന്ത്രങ്ങള്‍ മെനയുന്നതിലാണ് ബിബിഎ പ്രാധാന്യം നല്‍കുന്നത്. സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ തയ്യാറാക്കുക, ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുക, ഓഡിറ്റ് നടത്തുക എന്നിങ്ങനെയാണ് കൊമേഴ്‌സ് വിഭാഗത്തിലെ ജോലികള്‍. മറിച്ച് മികച്ച മാനേജ്‌മെന്റ് വിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് മാനേജ്‌മെന്റ് കോഴ്‌സുകളുടെ ലക്ഷ്യം.

ബിരുദാനന്തരബിരുദ തലങ്ങളില്‍ എംബിഎയോ എംകോമോ ആണ് പൊതുവേ ഈ സ്ട്രീമുകളിലേക്ക് പോകുന്നവര്‍ ചെയ്യുക. എംബിഎയ്ക്ക് സമാനമായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ്സ് മാനേജ്‌മെന്റ്(പിജിഡിബിഎം) കോഴ്‌സുകള്‍ ചെയ്യുന്നവരും ഉണ്ട്. എംബിഎ ആയാലും പിജിഡിബിഎം ആയാലും പഠിക്കുന്ന സ്ഥാപനത്തിന്റെ ഗുണനിലവാരമാണ് മുഖ്യം. ഐഐഎമ്മുകള്‍ പോലുള്ള മുന്‍നിര സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടണമെങ്കില്‍ CAT, MAT, XAT പോലുള്ള പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടണം.

ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ്, ഐടി തുടങ്ങിയ മേഖലകള്‍ കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജോലി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിനു പുറമേ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി പ്രോഗ്രാം, കോസ്റ്റ് അക്കൗണ്ടന്‍സി എന്നിവയും കൊമേഴ്‌സുകാര്‍ക്ക് പഠിക്കാവുന്നതാണ്.

അക്കൗണ്ടിംഗ്, ടാക്‌സേഷന്‍, ഓഡിറ്റിംഗ് എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കോഴ്‌സില്‍ (സി.എ.) മൂന്നുഘട്ടങ്ങളാണുള്ളത്. 12-ാം ക്ലാസ് പരീക്ഷ കഴിയുമ്പോള്‍ ആദ്യ ഘട്ടമായ ഫൗണ്ടേഷൻ  രജിസ്റ്റര്‍ ചെയ്യാം; പ്ലസ്ടു പരീക്ഷ പാസായി കഴിഞ്ഞയുടന്‍ ഫൗണ്ടേഷൻ പരീക്ഷ എഴുതാം. ഫൗണ്ടേഷനും പ്ലസ് ടുവും പാസ്സായാല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം; ഒമ്പതു മാസത്തെ പഠനത്തിനു ശേഷം പരീക്ഷ എഴുതാം. മൂന്നു വര്‍ഷത്തെ പ്രായോഗിക പരിശീലനത്തിനുശേഷം ഫൈനല്‍ പരീക്ഷയും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ആണ് സിഎ പരീക്ഷകള്‍ നടത്തുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് കമ്പനി സെക്രട്ടറി കോഴ്‌സ് നടത്തുന്നത്. കമ്പനി നിയമപ്രകാരം നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കമ്പനി പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് കമ്പനി സെക്രട്ടറിയുടെ ചുമതല. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന- ഉത്പാദന ഗുണനിലവാരം നിലനിര്‍ത്തുക, നിര്‍മാണച്ചെലവ് കുറയ്ക്കുക തുടങ്ങിയവയൊക്കെയാണ് കോസ്റ്റ് അക്കൗണ്ടന്റിന്റെ ഉത്തരവാദിത്തങ്ങള്‍. സി.എ പരീക്ഷയുടെ പോലെ മൂന്നു ഘട്ടങ്ങളാണ് ഈ കോഴ്‌സുകള്‍ക്കുമുള്ളത്. ഇവയ്ക്ക് ബിരുദം നിര്‍ബന്ധമില്ല. എന്നാലും ബിരുദ പഠനത്തിനൊപ്പം ഈ കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment