ANTHA 48 HOURS!

 (1) നിയമസഭ തിരഞ്ഞെടുപ്പ് ഭംഗിയായി നടന്നു, നല്ല പോളിംഗ് ശതമാനവും ഉണ്ട്. എല്ലാവര്‍ക്കും സന്തോഷിക്കാവുന്ന കാര്യംതന്നെ. അതിനിടെ, അധികമാരും ശ്രദ്ധിക്കാത്ത ഒരു മേഖലയെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ എഴുതുകയാണ്‌. It is the least glamorous part of this epic event: The Poll process and duties! പരമ്പരാഗതമായി എല്ലാവരും പറയുന്ന കാര്യങ്ങളാണ്, എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളുമാണ്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇപ്പോഴും കാളവണ്ടി യുഗത്തില്‍ തളംകെട്ടി നില്‍ക്കുകയാണ്. It is sad but true. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തോ 'പണി' കിട്ടുന്ന കാര്യമാണ് എന്നല്ലാതെ പുറത്തുള്ള മിക്കവര്‍ക്കും ഇലക്ഷന്‍ ഡ്യൂട്ടിയുടെ സങ്കീര്‍ണ്ണതകളും പ്രശ്‌നങ്ങളെക്കുറിച്ചും കാര്യമായ ധാരണയില്ല എന്നതാണ് വസ്തുത. ഇനി, ഒരാശ്വാസത്തിന് സര്‍ക്കാര്‍ ഉദ്യാഗസ്ഥരെല്ലാം പണിയെടുക്കാതെ ശമ്പളംവാങ്ങി സുഖിച്ച് ജീവിക്കുന്നവരാണ് എന്നു തന്നെ കരുതിയേക്കുക... just for a horror! അപ്പോഴും, പത്ത് ദിവസം നിരാഹാരം കിടന്നവന്‍ നിരാഹാരം തീര്‍ന്നപ്പോള്‍ പത്ത് ദിവസത്തേയും ആഹാരം ഒരുമിച്ച് തട്ടി എന്നു പറയുന്നതുപോലെ പകരം ഇങ്ങനെ ശിക്ഷിക്കുകയാണോ വേണ്ടത്? I don't think so. 

(2) ഇലക്ഷന്‍ ഡ്യൂട്ടി യുദ്ധക്കളമാക്കുന്നതിന്റെ പ്രധാനകാരണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്‌കരണവിരുദ്ധതയും പാരമ്പര്യബോധവുമാണ്. ഈ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇച്ഛാശക്തിയുള്ള leaders ഇല്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരിഷ്‌കരണം എന്നപേരില്‍ കൊണ്ടുവരുന്ന കാര്യങ്ങളെല്ലാം തന്നെ ഇലക്ഷന്‍ പ്രക്രിയയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണ് എന്നതാണ് വാസ്തവം. VIVIPAT മെഷീന്‍ തന്നെ ഉദാഹരണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അതിന്റെ ആവശ്യമില്ലെങ്കില്‍ നിയമസഭാ ഇലക്ഷന് അതു കൂടിയേ തീരൂ എന്നു പറയുന്നതിന്റെ കാരണം എന്തായിരിക്കും?!

(3) ഇക്കുറിയും പ്രിസൈഡിംഗ് ഓഫീസറായിരുന്നു. കരുനാഗപ്പള്ളി ലോര്‍ഡ് പബ്ലിക് സ്‌കൂളായിരുന്നു കളക്ഷന്‍ സെന്റര്‍. രാവിലെ ചെല്ലുമ്പോള്‍ പട്ടണം മുഴുവന്‍ അവിടെയുണ്ട്. ശരിക്കും പൂരംപോലെ. കേവലം അറ്റന്‍ഡന്‍സ് ബുക്കില്‍ ഒപ്പിടാനായി മണിക്കൂറുകളോളം പോളിംഗ് ഉദ്യോഗസ്ഥര്‍ പൊരി വെയിലത്ത് ക്യൂ നില്‍ക്കുകയാണ്! പലരും കൈ നിറയെ ഗുളികകളുമായി ഡ്യൂട്ടിക്ക് വന്നതാണ്...പരാതികള്‍.. പ്രതിഷേധങ്ങള്‍...ഏപ്രില്‍ വെയിലില്‍ 15 മിനിറ്റ് നിന്നാല്‍പോലും പണിപാളും. അതൊരു മനുഷ്യാവകാശ ധ്വംസനംകൂടിയാണെന്ന് മനസ്സിലാകാത്തവരുണ്ടോ? 48 മണിക്കൂര്‍ ജോലി ചെയ്യാനെത്തിയവരെ രാവിലെ തന്നെ വാട്ടി വിടുകയാണ്! 

(4) ഇത് മന:പൂര്‍വം ചെയ്യുന്നതാണോ? ഒരിക്കലുമല്ല. ആസൂത്രണമില്ലായ്മ, നേതൃശേഷിയുടെ അഭാവം, പാരമ്പര്യബോധം....ഇത്യാദി ഐറ്റങ്ങളുടെ ആകെത്തുകയാണ് ഇത്തരം നടപടി വൈകൃതങ്ങള്‍. ഒരു സെന്ററില്‍ എത്ര ഉദ്യോഗസ്ഥര്‍ വരും, വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യും, എത്ര കൗണ്ടര്‍ വേണം, എവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യും.... തുടങ്ങി നൂറ് കണക്കിന് കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ആസൂത്രണം ചെയ്യാന്‍ കഴിയാത്തതിലെ വീഴ്ചയാണ് ഇപ്രാവശ്യവും കളക്ഷന്‍ സെന്ററുകളില്‍ നിന്നും ഉയര്‍ന്ന അതൃപ്തിയുടെ മുഖ്യകാരണം.

(5) റിട്ടേണിംഗ് ഓഫീസറെ കണ്ടെത്തി രീതി മാറ്റാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ പ്രതികരണം ഞഞ്ഞാപിഞ്ഞ...മണിക്കൂറുകളായി ആളുകള്‍ വെയിലത്ത് കാത്ത് നില്‍ക്കുന്നു, പത്ത് മിനിറ്റ് ഒന്നു നിന്നു കാണിക്കാമോ എന്നു ചോദിക്കേണ്ടിവന്നു...അപ്പോള്‍ മറ്റുള്ളവരെ കുറ്റംചാരല്‍, കൂടുതല്‍ ബൂത്തുകള്‍ ഉണ്ടെന്ന കാര്യം, മുകളിലുള്ളവരാണ് ഉത്തരവാദി എന്നൊക്കെ. പ്രശ്‌നപരിഹാരത്തിന് എളുപ്പവഴി തന്നെ വന്നു: മൈക്കിന്റെ ഒച്ചകൂട്ടി മാസ്‌ക് നേരെ ധരിക്കാത്തവര്‍ക്കും ഒപ്പിടാത്തവര്‍ക്കും നിരന്തരം മുന്നറിയിപ്പ് കൊടുക്കുക, പോലീസിനെകൊണ്ട് പിടിപ്പിക്കുമെന്ന് ഭീഷണിപെടുത്തികൊണ്ടിരിക്കുക.. Everything solved! :)

ഞാന്‍ വെയിലത്ത് നിന്നില്ല-അതിന്റെ കാര്യമില്ല എന്നതുകൊണ്ടുതന്നെ. ക്യൂ തീര്‍ന്ന് വൈകി ഒപ്പിട്ടു. തികഞ്ഞ ആസൂത്രണമില്ലായ്മയാണ് അവിടെ കണ്ടത്. കോരിച്ചൊരിയുന്ന മഴയത്ത് ചെളിവെള്ളത്തിലായിരുന്നു കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന്‍ ഡ്യൂട്ടി. അവിടെപോലും ഇത്ര ഭാവനയില്ലായ്മ കണ്ടിട്ടില്ല. 

(6) തിരഞ്ഞെടുപ്പ് ഡ്യൂട്ടി ആവേശപൂര്‍വം ചെയ്യാനെത്തുന്നവരെ പോലും മനസ്സുമടുപ്പിക്കുന്ന  പ്രധാനഘടകം ഏതാണ്? സര്‍വീസില്‍ പ്രവേശിച്ച കാലംമുതല്‍ കേള്‍ക്കുന്ന, എല്ലാവരും ഒറ്റ ശ്വാസത്തില്‍ പറയാനിടയുള്ള കാര്യം ഇതായിരിക്കും: സാധനസാമഗ്രികള്‍ വിതരണം ചെയ്യുകയും തിരിച്ചുസ്വീകരിക്കുകയും ചെയ്യുന്ന കളക്ഷന്‍ സെന്റര്‍! ഇലക്ഷന്‍ കമ്മീഷന്‍ ഹാന്‍ഡ് ബുക്കുകളും ക്ലാസുകളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും ക്രമങ്ങള്‍ക്കും വിരുദ്ധമായി തങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ലോക്കല്‍ നിയമങ്ങളും മുന്‍ഗണനാക്രമങ്ങളും ഒക്കെ ഉണ്ടാക്കുകയും അത് കൃത്യമായി കണ്‍വേ ചെയ്യാതിരിക്കുകയും ചെയ്യുന്നതിലൂടെയാണ് മിക്കപ്പോഴും കളക്ഷന്‍ സെന്റര്‍ എല്ലാവരെയും വെറുപ്പിക്കുന്നത്. കൊല്ലത്തെ ക്ലാസില്‍ പറയുന്ന കാര്യങ്ങളായിരിക്കില്ല കുളത്തുപ്പുഴയിലെ കളക്ഷന്‍ സെന്ററിലെ നിര്‍ദ്ദേശങ്ങളില്‍! വ്യത്യസ്ത സെന്ററുകളില്‍ വ്യത്യസ്ത നിയമങ്ങള്‍! 

(7) ചിലര്‍ക്ക് കവര്‍ കയ്യില്‍ കൊടുക്കണം, ചിലര്‍ക്ക് സീല്‍ ചെയ്ത് കൊടുക്കണം, ചിലര്‍ക്ക് കവറും വേണ്ട സര്‍ട്ടിഫിക്കേറ്റും വേണ്ട, ചിലര്‍ക്ക് കോപ്പി ഒന്നു തന്നെ ധാരാളം, ചിലര്‍ക്ക് രണ്ടും മൂന്നുംവേണം, ചിലര്‍ക്ക് ബാറ്ററി അകത്തിടണം, ചിലര്‍ക്ക് പുറത്തിടണം, ചിലര്‍ക്ക് ഊരിയില്ലെങ്കിലും കുഴപ്പമില്ല... :) മൊത്തത്തില്‍ ഇലക്ഷന്‍ റൂളും നടപടിക്രമങ്ങളും പഠിക്കുന്നതിന് പകരം തങ്ങള്‍ക്ക് അലോട്ട് ചെയ്തിരിക്കുന്ന കളക്ഷന്‍ സെന്ററിനെ കുറിച്ച് ആഴത്തില്‍ പഠിക്കലാണ് പോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ കാര്യം. പക്ഷെ അതൊട്ട് നേരത്തെ അറിയാനും  സാധിക്കില്ല. പകരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും ഹാന്‍ഡ് ബുക്കും അനുസരിച്ചുള്ള ക്ലാസുകളും വീഡിയോകളുമൊക്കെയാണ്. Collection centre ലോക്കല്‍ നിയമങ്ങള്‍ ഇതെല്ലാം അട്ടിമറിക്കുകയും പോളിംഗ് ഉദ്യോഗസ്ഥരും കളക്ഷന്‍ സെന്ററിലെ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കവും സംസാരവും ഉണ്ടാകുന്ന അവസ്ഥ സംജാതമാകുകയും ചെയ്യും. 

(8) ഇപ്പോള്‍ 2-3 ഇലക്ഷന്‍ ക്ലാസുകള്‍ കാണാറുണ്ട്. പലപ്പോഴും പ്രയോജനരഹിതമെന്ന് മാത്രമല്ല ആശയക്കുഴപ്പം ഉളവാക്കുന്നതിലാണ് ആവര്‍ത്തന സ്വഭാവമുള്ള ഇത്തരം മുഷിപ്പന്‍ ക്ലാസുകള്‍ അവസാനിക്കുക. ക്ലാസ് മുഷിപ്പനാകാന്‍ കാരണം എടുക്കുന്നവരുടെ കഴിവില്ലായ്മ ആണെന്ന്‌ ധരിക്കരുത്. വിഷയത്തിന്റെ dryness, duration etc തന്നെയാണ് പ്രധാന പ്രശ്‌നം. ഈ ഇലക്ഷന് വേണ്ടി പങ്കെടുത്ത ഒരു പ്രാരംഭ ക്ലാസ് 3.30 മണിക്കൂറായിരുന്നു! അവസാനം നടന്ന മാറ്റങ്ങളും പുതിയ നിര്‍ദ്ദേശങ്ങളും കളക്ഷന്‍ സെന്ററിലെ പുതിയ നിര്‍ദ്ദേശങ്ങളുമൊക്കെ പരിഗണിച്ചാല്‍ ഏതാണ്ട് പ്രയോജനരഹിതമായ മൂന്നര മണിക്കൂര്‍ എന്ന് അടിവരയിട്ട് പറയണം. 

(9) സത്യത്തില്‍ ഇക്കാലത്ത് ഇത്തരം ക്ലാസുകളുടെ ആവശ്യമില്ല. പുതിയതായി വരുന്നവര്‍ക്ക് ഓപ്ഷന്‍ ആയി ക്ലാസ് കൊടുക്കുന്നതില്‍ തെറ്റില്ല. Otherwise, it is redundant and unnecessary. സംസ്ഥാനത്തെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമാകുന്ന രീതിയില്‍ 30-40 മിനിറ്റ് നീളുന്ന ഒരു ക്വാളിറ്റി വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ യു-ട്യൂബില്‍ അപ്ലോഡ് ചെയ്ത് എല്ലാ പോളിംഗ് ഓഫീസര്‍മാരുടെയും വാട്‌സ് ആപ്പില്‍ ലിങ്ക് കൊടുത്താല്‍ സംസ്ഥാനത്ത് ഉടനീളം എല്ലാവര്‍ക്കും വ്യക്തമായ ധാരണയുള്ള രീതിയില്‍ ഒരേ സ്വാഭാവത്തോടെ തര്‍ക്കവും ആശയക്കുഴപ്പവുമില്ലാതെ ഇലക്ഷന്‍ നടക്കും. One set of directions to all, every one is sure of what they do with a single source of reference. പക്ഷെ ഇപ്പോഴും ക്ലാസുകളുടെ എണ്ണം കൂട്ടി എങ്ങനെ വെറുപ്പിക്കാം എന്നാണ് ഗവേഷണം.

(10) കളക്ഷന്‍ സെന്ററിലെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ നേര്‍ച്ചപോലെ നടത്തുന്ന 2-3 ക്ലാസുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റേതായി തരുന്ന ഡയറി, ഹാന്‍ഡ് ബുക്ക്, ലിസ്റ്റ് ഓഫ് രജിസ്‌റ്റേഴ്‌സ്, തിരഞ്ഞെടുപ്പ് കമ്മീഷന്റേതും അല്ലാത്തതുമായ യു-ട്യൂബ് വീഡിയോകള്‍.. ഇത്യാദി ഐറ്റങ്ങളെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം Conflicting directions തിരഞ്ഞെടുപ്പ് പ്രക്രിയയെ ദുര്‍ബലപെടുത്തും. ഒന്നുകില്‍ കളക്ഷന്‍ സെന്ററില്‍ പറയുന്നത് പോലെ-അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് പോലെ. ഇത് രണ്ടും പലപ്പോഴും കടകവിരുദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു കാര്യവുമില്ലാതെ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുകയാണ്. ബൂത്തില്‍വെച്ച് ആരോ വാങ്ങി ആര്‍ക്കോ കൊടുത്ത Thermal scanner‍ വരെ തിരിച്ച് കൊണ്ടുവരേണ്ട ജോലി പ്രിസൈഡിംഗ് ഓഫീസറുടെ ടീമിന്! ഒപ്പിട്ട് വാങ്ങാത്ത സാധനം തിരികെ കൊടുത്തില്ലെങ്കില്‍ വീട്ടില്‍ പോകാന്‍ സമ്മതിക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത് കേട്ടു. വാങ്ങിയിട്ടില്ലെന്ന് മാത്രമല്ല കൊടുത്തതിന് രസീതുമില്ല!!! എല്ലാം ലോക്കല്‍ നിയമങ്ങളാണ്!!

(11) This time, We had an advantage. കളക്ഷന്‍ സെന്ററിന് 6-8 കിലോമീറ്റര്‍ അകലെയായിരുന്നു ബൂത്ത്. ഇലക്ഷന്‍ കഴിഞ്ഞതും 15-20 മിനിറ്റ് കൊണ്ട് എല്ലാം റെഡിയാക്കി. നേരത്തെ ചെയ്താല്‍ നേരത്തെയെത്താം എന്ന ഓപ്ഷന്‍ ഉള്ളതുകൊണ്ടാണ് നേരത്തെയെത്തിയത്. കാരണം ഞങ്ങളുടെ ടീമിന് മാത്രമായി ഒരു വണ്ടി ഉണ്ടായിരുന്നു. ഒന്നിലധികം ടീമുകളെ കയറ്റിയ ബസ്സാണെങ്കില്‍ നേരത്തെ തീര്‍ക്കുന്നതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ല. രാത്രി 7.45 ന് റിസീവ് സെന്ററില്‍ എത്തി. അവിടെ കൗണ്ടറുകള്‍ സെറ്റായി വരുന്നതേയുള്ളൂ! റീസീവ് സെന്ററിലെ ലിസ്റ്റും  രജിസ്റ്റര്‍ ബുക്കിലെ ലിസ്റ്റും തമ്മില്‍ അജഗജാന്തരം! സാധനം വാങ്ങുന്ന സമയത്ത് വ്യക്തമായ കമ്മ്യൂണിക്കേഷനില്ല...വാട്‌സ് ഗ്രൂപ്പില്‍ ചേര്‍ക്കുമെന്ന് പറഞ്ഞു, ചേര്‍ത്തില്ല. 

(12) സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര ധാരണയില്ലാത്തത് പ്രശ്‌നമാണ്. They also seem tense and under pressure. സ്റ്റാട്ടുട്ടറി-നോണ്‍ സ്റ്റാട്ടുട്ടറി കവറുകളുടെ ടൈറ്റിലൊക്കെ നുള്ളിപിടിച്ച് നോക്കിയെടുത്ത് വായിക്കാന്‍ മാത്രം അരമണിക്കൂറാണ് എടുത്തത്!! കളക്ഷന്‍ സെന്ററില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരെ കുറ്റപെടുത്തിയിട്ട് കാര്യമില്ല. അവരും പോളിംഗ് ഉദ്യോഗസ്ഥരെപോലെ വ്യവസ്ഥയുടെ ഇരകളാണ്. ഇതൊക്കെയാണെങ്കിലും സാധാരണയുള്ളതിലും ഇരട്ടി ബൂത്തുകള്‍ ഒരേസമയം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും പരിമിതികളും അംഗീകരിക്കണം. അതിനവരെ അഭിനന്ദിക്കുകയും വേണം. പക്ഷെ ഞാനിവിടെ പറഞ്ഞത് നിസ്സാരമായി ഒഴിവാക്കാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചാണ്. 

(13) ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും തയ്യാറാക്കേണ്ട ഡോക്കുമെന്റുകളുടെയും കവറുകളുടെയും എണ്ണം കൂടികൂടി വരികയാണ്. 123456789 കവറുകള്‍! 'Coveromania' എന്നു പറയണം. അവയിലെല്ലാം ഏറെക്കുറെ സമാനവിവരങ്ങള്‍ ആവര്‍ത്തിക്കണം. ഉദാ-കണ്‍ട്രോള്‍ യൂണിറ്റിന്റെ number തന്നെ തൊള്ളായിരം പ്രാവശ്യം അവിടെയും ഇവിടെയുമെല്ലാം എഴുതിവെക്കണം. ഇതെല്ലാം ഒരു ഡോക്കുമെന്റാക്കി (ie one book) അതിന്റെ കോപ്പി എല്ലാ സെക്ഷനിലും എത്തിച്ചാല്‍പോരെ? അല്ലെങ്കില്‍ നമ്പരിന്റെ ഭാഗം ഒരു ഫോട്ടോയെടുത്ത് ഓരോരുത്തര്‍ക്കും അനവദിച്ച സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുക. ഇത് സീലിംഗ്.. സറ്റാമ്പിംഗ്... ഒട്ടിക്കല്‍..കോപ്പിയെടുക്കല്‍, കത്തിക്കല്‍.. കൊണ്ടുകൊടുക്കുന്ന ഈ കവറുകളില്‍ ഏതാനും ചിലവ ഒഴികെ ബാക്കിയെല്ലാം കളക്ഷന്‍ സെന്ററിലെ ഏതെങ്കിലും മുറിയില്‍ ഡമ്പ് ചെയ്തുകളയാനുള്ളതാണ് എന്നോര്‍ക്കുമ്പോഴാണ് അതിലും രസം. രാവിലെ ഇലക്ഷന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പ്രിസൈഡിംഗ് ഓഫീസറുടെ മനസ്സില്‍ കവറുകളായിരിക്കും...പല നിറത്തിലുള്ള കവറുകള്‍!!  എന്തിനാണ് ഇത്രയും കവറുകളും സര്‍ട്ടിഫിക്കറ്റുകളും എന്ന് ചോദിക്കരുത്. സത്യത്തില്‍ ഇവയുടെ നാലില്‍ ഒന്നുപോലും ആവശ്യമില്ല. മിക്ക കവറുകളിലും NIL എഴുതിയിടേണ്ടിവരുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി എന്ന ഒറ്റ ഡോക്കുമെന്റില്‍ നമ്പരിട്ട് ഉള്‍കൊള്ളിക്കാവുന്ന വിവരങ്ങളേ ഉള്ളൂ ഇതെല്ലാം, പിന്നെവോട്ടേഴ്‌സ് അക്കൗണ്ടും. ഒറ്റ റിപ്പോര്‍ട്ടിന്റെ സ്ഥാനത്താണ് 50 കവറുകള്‍!

(14) ഇത്തവണ 7 മണിവരെയായിരുന്നു തിരഞ്ഞെടുപ്പ്. സത്യത്തില്‍ 6-7 മണി സമയത്ത് ഒരു വോട്ടുപോലും പോള്‍ ചെയ്യപെടാത്ത ബുത്തുകളുണ്ട്. സമയം നീട്ടികൊടുക്കുന്നത് പലപ്പോഴും ഓവര്‍ റിയാക്ഷനായി ചെയ്യുന്നതാണ്. മറ്റൊന്നായിരുന്നു ഇരട്ടവോട്ടിന്റെ പ്രശ്‌നം. ഇലക്ഷന് തൊട്ടുമുമ്പായിരുന്നു അത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വന്നതും. എത്രമാത്രം സങ്കീര്‍ണ്ണമാക്കാമോ ആ രീതിയില്‍.... ASD( Absent-Shift- Dead) ലിസ്റ്റില്‍ ഉള്ളവര്‍ നാലഞ്ച് പേര്‍ വോട്ട് ചെയ്യാന്‍ വന്നാല്‍ പണിയാണ്. ഒരു സൈറ്റ് അപ്ലോഡ് ചെയ്ത് ഫോട്ടോ സഹിതം വോട്ടറുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. സൈറ്റ് ബൂത്തില്‍വെച്ച്‌ ഡൗണ്‍ലോഡാകില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീട് റിട്ടേണിംഗ് ഓഫീസറുടെ വാട്‌സ് ആപ്പിലും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ Whats app groupലും ഫോട്ടോസഹിതം വിവരം അപ്ലോഡ് ചെയ്യണം. വോട്ടറെകൊണ്ട് സത്യവാങ്മൂലം എഴുതി വാങ്ങണം. ഒപ്പിനൊപ്പം വിരലടയാളംകൂടി വാങ്ങണം. ഇത്തരം വോട്ടേഴ്‌സിന്റെ ലിസ്റ്റ് ഉണ്ടാക്കണം... ചുരുക്കത്തില്‍ ഒരു കുറ്റവാളിയെപ്പോലെയാണ് രണ്ടിടത്തത് പേര് ഉള്ളവര്‍ വോട്ട് ചെയ്യേണ്ടത്! ASD കവറുകള്‍ ഏത് കൂട്ടത്തിലാണ് വെക്കേണ്ടതെന്ന് പോലും അവസാന നിമിഷംവരെ കളക്ഷന്‍ സെന്ററില്‍ നിന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. അങ്ങനെ എങ്ങും വെക്കാതെ കയ്യില്‍ സൂക്ഷിച്ചു.വേറൊരു മാരക പരിഷ്‌കരണം പോളിംഗ് ഏജന്റുമാരുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ലിസ്റ്റ് തയ്യാറാക്കണം എന്നതായിരുന്നു. എന്ത് കോക്കനട്ടാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മാത്രം വ്യക്തമല്ല. 

(15) തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമനം നടത്തുമ്പോള്‍ മുതല്‍ കാളവണ്ടിയുഗധാരണകള്‍ പിടിമുറുക്കും. ഉദ്യോഗസ്ഥര്‍ക്ക് പരമാവധി അകലെ കൊടുത്താല്‍ ഇലക്ഷന്‍ 'നിഷ്പക്ഷമായും സുതാര്യമായും' നടക്കും എന്നതാണ് ഒരു കാഴ്ചപാട് :) തെക്കെ അറ്റത്തുള്ളവര്‍ക്ക് വടക്കെ അറ്റത്ത് കൊടുക്കും, തിരിച്ചും. ഈ കാഞ്ഞബുദ്ധി കാരണം, രാത്രി രണ്ടിനും മൂന്നിനുമൊക്കെ വീട്ടിലെത്താനാവാതെ വണ്ടികാത്തു തെരുവില്‍ നില്‍ക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരെ കാണേണ്ടിവരുന്നു. രാത്രി വൈകിയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ എങ്ങനെ തിരിച്ചുവീട്ടിലെത്തും എന്നകാര്യത്തിലൊക്കെ 'Zero Care-Never Mind' എന്നതാണ് സമീപനം. നിയമിച്ചുകഴിഞ്ഞാല്‍ എല്ലാമായി! പണിയെടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ട് ദിവസം അനുഭവിക്കട്ടെ എന്നതാണ് കാഴ്ചാപാടെങ്കില്‍ അതിനെ കുറിച്ച് കൂടുതല്‍ പറഞ്ഞിട്ട്‌ കാര്യമില്ല. തിരഞ്ഞെടുപ്പിന് പോയി രാത്രി രണ്ടിനും മൂന്നിനും വീട്ടിലെത്തിയവരുടെ കാര്യം അതിശയോക്തിയായി കാണരുത്. നല്ലൊരു പങ്കും ഇക്കുറി ആ സമയത്താണ് വീട്ടിലെത്തിയത്. സ്വന്തമായി വണ്ടിയും ആളും ഉള്ളവര്‍ രക്ഷപെട്ടു, അല്ലാത്തവര്‍ കുടുങ്ങി.

(16) നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ശരിക്കും ഒരു സോഷ്യല്‍ ഫോസിലാണ്. പ്രൊഫഷണലിസം അടുത്തുകൂടി പോയിട്ടില്ല. സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രതിഫലിക്കുന്നില്ല. സങ്കീര്‍ണ്ണതകളും ആശയക്കുഴപ്പവും വര്‍ദ്ധിപ്പിക്കുന്ന യന്ത്രങ്ങളും ആപ്പുകളും കൂട്ടിചേര്‍ത്തുകൊണ്ടിരിക്കും എന്നല്ലാതെ ശാസ്ത്ര- സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പ്രൊഫഷണലായി തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്നില്ല. ബയോമെട്രിക് വിശദാംശങ്ങള്‍ അടങ്ങിയ ഇലക്ഷന്‍ identity card മുതല്‍ തുടങ്ങണം പരിഷ്‌കരണം. തിരഞ്ഞെടുപ്പ് ഒരു ദിവസം തന്നെ നടത്തേണ്ടതുണ്ടോ എന്നും ആലോചിക്കണം. വില്ലേജ് ഓഫീസ് ഉള്‍പ്പടെയുള്ള ലോക്കല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരാഴ്ച സമയത്ത് ATM മാതൃകയില്‍ ആര്‍ക്കും എപ്പോഴും വോട്ട് രേഖപെടുത്താവുന്ന രീതിയില്‍ ലോകമെമ്പാടും ഈ പ്രോസസ് മാറേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ കള്ളവോട്ടും ആള്‍മാറാട്ടവുമൊക്കെ അപ്രസക്തമാകും. ഇത്രയും മനുഷ്യാധ്വാനവും ആവശ്യമില്ല. 

(17) നമ്മുടെ കളക്ഷന്‍ സെന്ററുകളില്‍ മിക്കതും ഇത്രയും ഉദ്യോഗസ്ഥരെ ഡീല്‍ ചെയ്യാന്‍ സൗകര്യമുള്ളവയല്ല. ബൂത്തുകളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നതല്ലാതെ അവിടെ പ്രാഥമികസൗകര്യങ്ങളും സ്ഥലവും ലഭ്യമാണോ എന്ന പരിശോധനപോലും നടത്താറില്ല.അഥവാ പരിശോധന നടത്തിയാല്‍ തന്നെ വേറെ ഓപ്ഷനില്ലാത്തതിനാല്‍ ഉള്ളത് തന്നെ സ്വീകരിക്കേണ്ടിവരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്ന് തിരഞ്ഞെടുപ്പുകളാണ് വരുന്നത്. നമ്മുടെ infrastructure അതിന് പര്യാപ്തമല്ല. സമൂഹത്തിന്റെ സമസ്തമേഖലകളിലും ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പ്രൊഫഷണലിസത്തിലൂടെ കാര്യങ്ങള്‍ ചെയ്യാനാകുമ്പോള്‍ the least updated programme in the history of human kind ആയി നമ്മുടെ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നിലകൊള്ളുകയാണ്. ആകെ മിസ്സ് ചെയ്യുന്നത് ആ പഴയ കാളവണ്ടി മാത്രം. We can do better.


(Ravichandran C)

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment