സ്‌കൂള്‍ മാത്രമല്ല, ഇനി വീടും പരീക്ഷണശാല; പുതിയ പദ്ധതിയുമായി എസ്.എസ്.കെ

സമഗ്രശിക്ഷ കേരളയുടെ ലാബ് അറ്റ് ഹോം എന്ന പദ്ധതിയിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ പരീക്ഷണശാലകളൊരുക്കുന്നു. ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലാബ് ഒരുക്കുന്നത്. സാമൂഹികശാസ്ത്രം, ഗണിതം, ശാസ്ത്രം എന്നിങ്ങനെയായി മൂന്നു ലാബുകളാണ് ഓരോ വീട്ടിലും ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇതിനായി ഒരുകുട്ടിക്ക് 75 രൂപ വീതമാണ് കണക്കാക്കിയിരിക്കുന്നത്. അതില്‍ത്തന്നെ ശാസ്ത്രലാബിന് 40 രൂപ, ഗണിതലാബിന് 30 രൂപ, സാമൂഹികശാസ്ത്ര ലാബിന് അഞ്ചുരൂപ എന്ന രീതിയിലുമാണ് വീതം വെച്ചിരിക്കുന്നത്. ഇത് തീരെ അപര്യപ്തമാണെന്നതിനാല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണമനുസരിച്ച് ഈ തുക ഒരുമിച്ച് കൈപ്പറ്റിയശേഷം അസംസ്‌കൃതവസ്തുക്കള്‍ വാങ്ങി ചെലവുകുറഞ്ഞ രീതിയില്‍ത്തന്നെ ലാബിലേക്കുള്ള ഉപകരണങ്ങള്‍ തയ്യാറാക്കും. കൂടുതല്‍പണം ആവശ്യമായിവന്നാല്‍ പി.ടി.എ.യുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹായംതേടി പൂര്‍ത്തീകരിക്കും.

വിവിധ ശില്പശാലകളിലായി ലാബ് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം നല്‍കും. അതിന്റെ അടിസ്ഥാനത്തിലാണ് തെര്‍മോക്കോള്‍, കാര്‍ഡ് ബോര്‍ഡ് എന്നിവയെല്ലാം ഉപയോഗിച്ച് ഉപകരണങ്ങള്‍ നിര്‍മിക്കുക. കുട്ടികള്‍ സ്‌കൂളില്‍ എത്താത്ത സാഹചര്യത്തില്‍ വീട്ടില്‍വെച്ചുതന്നെ കുട്ടികളുടെ പ്രായോഗികശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാബ് അറ്റ് ഹോം പദ്ധതി എസ്.എസ്.കെ. ആരംഭിച്ചിട്ടുള്ളത്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment