We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

യുപി യിൽ തലവേദനയായി 1621 അധ്യാപകരുടെ കൂട്ടമരണം; തെളിവടക്കം പരാതിപ്പെട്ട് സംഘടന

യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളായ ജില്ലകളിലെ തോൽവിയെക്കാൾ യോഗി ആദിത്യനാഥ് സർക്കാരിനെ ഇപ്പോൾ വിഷമിപ്പിക്കുന്നത് ചില കണക്കുകളാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത 1621 അധ്യാപകരും അനധ്യാപകരും കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുപിയിലെ പ്രമുഖ അധ്യാപക സംഘടന വെളിപ്പെടുത്തിയത് ചെറുക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ.
ഉത്തർ പ്രദേശീയ പ്രാഥമിക് ശിക്ഷക് സംഘ് വെറുതേ ആരോപണമുന്നയിക്കുകയല്ല ചെയ്തത്. മരിച്ച 1621 പേരുടെയും പേരും വിലാസവും മൊബൈൽ നമ്പറും മരണകാരണവും ചേർത്ത് വിശദമായ കണക്കാണ് സർക്കാരിനു നൽകിയത്. 1332 അധ്യാപകർ, 209 ശിക്ഷാ മിത്രങ്ങൾ (സഹ അധ്യാപകർ), 25 അനുദേശകർ (ഇൻസ്ട്രക്ടർമാർ), 5 ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർമാർ, 15 ക്ലർക്കുമാർ, 35 അനധ്യാപക ജീവനക്കാർ എന്നിവരുടെ വിശദ വിവരങ്ങളാണ് സംഘടനയുടെ പ്രസിഡന്റ് ദിനേശ് ചന്ദ്രശർമ സർക്കാരിനു നൽകിയത്.
ഏപ്രിൽ ആദ്യവാരം മുതൽ മേയ് 16 വരെ മരിച്ചവരാണ് ഇവർ. ഒരു കോടി രൂപ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനു മാതൃകയാണ് യുപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രശംസിച്ചിരുന്നു. ആവശ്യത്തിനു ടെസ്റ്റുകൾ നടത്തുന്നില്ലെന്നും കണക്കുകളിൽ കൃത്രിമം കാണിക്കുന്നുവെന്നും യുപിയിലെ മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം ആരോപിക്കുന്നുമുണ്ട്.

എന്നാൽ കോവിഡ് രണ്ടാം വരവോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി. കേസുകൾ കുതിച്ചുയർന്നതു മാത്രമല്ല, ആശുപത്രികളിലെ ദയനീയാവസ്ഥ വിദേശ മാധ്യമങ്ങളടക്കം പുറത്തു കൊണ്ടുവരികയും ചെയ്തതോടെ സർക്കാർ പ്രതിരോധത്തിലായി. ഓക്സിജൻ കിട്ടാൻ സഹായമഭ്യർഥിച്ചയാൾക്കെതിരെ ദേശരക്ഷാ നിയമപ്രകാരം കേസെടുക്കാൻ നടപടികളുണ്ടായതും അലഹാബാദ് ഹൈക്കോടതിയുടെ നിശിത വിമർശനങ്ങളുമൊക്കെ പ്രതിസന്ധിയുടെ ആക്കം കൂട്ടി.


തന്റെ മേഖലയായ ബറേലിയിൽ ഓക്സിജൻ കിട്ടാനില്ലെന്ന് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗാങ്‌വാർ യോഗിക്ക് എഴുതിയ കത്തും പുറത്തു വന്നു. പല ബിജെപി എംഎൽഎമാരും സർക്കാരിനെതിരെ രംഗത്തെത്തി. അതിനിടയ്ക്കാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പു നടന്നത്. ഏപ്രിൽ 15, 19, 26, 29 തീയതികളിലായിരുന്നു തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മേയ് രണ്ടിനും. കോവിഡ് ചട്ടങ്ങളൊന്നും തിരഞ്ഞെടുപ്പു വേളയിലോ വോട്ടെണ്ണൽ സമയത്തോ പാലിക്കപ്പെട്ടിരുന്നില്ലെന്നാണ് അധ്യാപക സംഘടനയുടെ ആരോപണം.

അതിനു തെളിവായി വിഡിയോ ക്ലിപ്പുകളും സിസിടിവി ദൃശ്യങ്ങളും അവർ നിരത്തുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ച നഷ്ടപരിഹാരം 30 ലക്ഷം രൂപയാണ്. അതല്ല ഒരു കോടി രൂപ വേണമെന്ന് അധ്യാപക സംഘടന ആവശ്യപ്പെടുന്നു. ഇത്രപേർ തിരഞ്ഞെടുപ്പു ഡ്യൂട്ടി കാരണം കോവിഡ് ബാധിച്ചു മരിച്ചുവെന്ന് അംഗീകരിക്കാനാവില്ലെന്നാണ് സർക്കാരിന്റെ നിലപാട്. തിരഞ്ഞെടുപ്പു ഡ്യൂട്ടി എന്നു പറഞ്ഞാൽ ജോലിയുള്ള ദിവസത്തിന്റെ തലേന്നും അന്നും പിറ്റേന്നും ആയി 3 ദിവസമാണെന്നും അതിനു ശേഷം ഒരാഴ്ച കഴിഞ്ഞു കോവിഡ് വന്നാൽ ഡ്യൂട്ടി സമയത്തു രോഗം വന്നതായി കണക്കാക്കാനാവില്ലെന്നുമാണ് ഔദ്യോഗിക ഭാഷ്യം.

കോവിഡ് പെട്ടെന്നു പിടിക്കില്ലെന്നും നിശ്ചിത സമയത്തിനു ശേഷമേ വൈറസ് പിടിമുറുക്കൂവെന്നും പോസിറ്റിവാകുവെന്നും അധ്യാപകരും പറയുന്നു. തിരഞ്ഞെടുപ്പു സുരക്ഷാ ചുമതലയ്ക്കു നിയോഗിക്കപ്പെട്ട പാരാമിലിട്ടറി ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കു വന്ന ദിവസം മുതൽ സംസ്ഥാനം വിടുന്നതു വരെ ഡ്യൂട്ടിയായി കണക്കാക്കുന്നുമുണ്ട്. ഇതേ മാനദണ്ഡം തങ്ങൾക്കും ബാധകമാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും ലക്നൗ, അയോധ്യ, പ്രയാഗ്‌രാജ് തുടങ്ങിയ സ്ഥലങ്ങളിലും ബിജെപിക്കു തിരിച്ചടി നേരിട്ടിരുന്നു.

സമാജ്‌വാദി പാർട്ടിയാണ് തിരഞ്ഞെടുപ്പിൽ ഏറെ നേട്ടമുണ്ടാക്കിയത്. യുപി സർക്കാർ നടപടികളൊന്നും എടുക്കുന്നില്ലെങ്കിൽ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് അധ്യാപകരുടെ നീക്കം. ഹൈക്കോടതിയാകട്ടെ കഴിഞ്ഞ കുറേ ദിവസങ്ങളായി സർക്കാരിനെ വിമർശിക്കുന്നതിൽ ഒരിളവും കാണിക്കുന്നുമില്ല. ഏറ്റവുമൊടുവിൽ യുപിയിലെ ഗ്രാമപ്രദേശങ്ങളിലെ കോവിഡ് സ്ഥിതി ചൂണ്ടിക്കാണിച്ച് ‘രാം ഭരോസെ (ദൈവ കൃപയിൽ)’ എന്നാണ് ഹൈക്കോടതി പറഞ്ഞത്. സർക്കാർ സംവിധാനങ്ങളൊക്കെ നോക്കുകുത്തികളാണെന്നും ജനങ്ങളുടെ ജീവൻ ദൈവത്തിന്റെ കയ്യിലാണെന്നും കോടതി പറഞ്ഞു.
PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment