സർക്കാരിന്റെ സ്വന്തം വാട്സാപ് പുറത്തിറക്കി, പേര് ‘സന്ദേശ്’


ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയ മെസേജിങ് ആപ് പുറത്തിറക്കിയെന്ന് ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയെ അറിയിച്ചു. ‘സന്ദേശ്’ എന്നാണ് പുതിയ മെസേജിങ് ആപ്പിന്റെ പേര്. ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോരില്ലെന്നും സന്ദേശ് സുരക്ഷിതമായിരിക്കുമെന്നുമാണ് അധികൃതരുടെ അവകാശവാദം. ട്വിറ്ററിന് ബദലായി ‘കൂ’ ആപ് ഉപയോഗിക്കുന്നത് പോലെ വാട്സാപ്പിന് പകരം സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദേശ് ആപ് ഉപയോഗിക്കാനാണ് നീക്കം. നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻമാർ സന്ദേശ് ആപ് ഉപയോഗിക്കുന്നുണ്ട്. ഒരു സംഘം സർക്കാർ ഉദ്യോഗസ്ഥർ സ്വദേശി വാട്സാപ് ഉപയോഗിച്ച് തുടങ്ങിയതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. വാട്സാപ്പിന് സമാനമായ ചാറ്റിങ് മെസഞ്ചർ പുറത്തിറക്കുമെന്ന് ഒരു വർഷം മുൻപാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

gims.gov.in പേജിലാണ് സന്ദേശ് ആപ്പിന്റെ കൂടുതൽ വിവരങ്ങളുള്ളത്. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകൾ വഴി സന്ദേശ് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയുണ്ടെങ്കിൽ ആപ് ഉപയോഗിക്കാൻ സാധിക്കും. ആപ് വഴി ഉപയോക്താക്കൾക്ക് വോയ്സ്, ഡേറ്റാ കൈമാറ്റം പോലുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള എൻഐസിയാണ് ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

വാട്സാപ്പും ഫെയ്സ്ബുക്കും പുതിയ സ്വകാര്യതാ നിയമം നടപ്പാക്കാൻ പോകുന്ന സമയത്താണ് സർക്കാർ ആപ്പും വരുന്നതെന്നത് ശ്രദ്ധേയമാണ്. മെച്ചപ്പെട്ട രഹസ്യാത്മകതയും സുരക്ഷയും നടപ്പിലാക്കുന്നതിനായി സർക്കാർ ജീവനക്കാർ തമ്മിലുള്ള ഔദ്യോഗിക ആശയവിനിമയത്തിനായി ഒരു തൽക്ഷണ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് മാസങ്ങൾക്ക് മുന്‍പ് റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെ വന്ന റിപ്പോർട്ടുകളിൽ ആപ്പിന്റെ പേര് ജിംസ് എന്നായിരുന്നു.

ഔദ്യോഗിക കാര്യങ്ങള്‍ കൈമാറാന്‍ ഇപ്പോഴും സ്വകാര്യ കമ്പനികളുടെ ആപ്പുകളും സേവനങ്ങളുമാണ് സർക്കാർ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്. ഇതിന് അറുതി വരുത്താൻ പുതിയ ആപ്പിന് സാധിച്ചേക്കും. ഗവണ്‍മെന്റ് മെസേജിങ് സിസ്റ്റം അഥവാ ജിംസ് എന്നാണ് ഈ ആപ്പിന്റെ കോഡ് നാമം. വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ മാതൃകയിലാണ് പുതിയ ആപ്പിന്റെ സൃഷ്ടി.

നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്റര്‍ അഥവാ എന്‍ഐസിയുടെ കേരളത്തിലെ വിഭാഗമാണ് ആപ്പിന്റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചത്. കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലേക്കും മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും ഇതുപയോഗിച്ചായിരിക്കും സന്ദേശങ്ങള്‍ കൈമാറുക. വിദേശത്തു നിന്നു വരുന്ന ആപ്പുകള്‍ നിശ്ചയമായും സ്വകാര്യതയ്ക്ക് ഭീഷണിയാണ് എന്നതാണ് ഈ രീതിയില്‍ ചിന്തിക്കാന്‍ സർക്കാരിനെ പ്രേരിപ്പിച്ചത്. വാട്‌സാപ്പിന്റെയും മറ്റും രീതിയില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും ഉൾപ്പെടുത്തിയാണ് സന്ദേശ് ആപ് അവതരിപ്പിച്ചത്.

ചില ഇന്ത്യന്‍ ഉപയോക്താക്കളുടെ വാടാസാപ് അക്കൗണ്ടുകൾ പെഗാസസ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോർത്തിയെന്ന വാര്‍ത്ത വന്നതിനു ശേഷമാണ് സ്വന്തം ആപ് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കൂടുതല്‍ ഉത്സാഹം കാണിച്ചത്. സ്വന്തമായി നിര്‍മിക്കുന്ന ആപ് ആയതിനാല്‍ സന്ദേശ് കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നത്. ആപ്പിന്റെ പ്രവര്‍ത്തനത്തിനു വേണ്ട സെര്‍വറും ഇന്ത്യയ്ക്കുള്ളില്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിലെ വിവരങ്ങള്‍ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ലൗഡിലായിരിക്കും സൂക്ഷിക്കുക. എന്‍ഐസിയുടെ കീഴിലുള്ള ഡേറ്റാ സെന്ററുകള്‍ സർക്കാരിനും അതിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മാത്രമായിരിക്കും ഉപയോഗിക്കാനാകുക.

സന്ദേശിന്റെ ഐഒഎസ് വേര്‍ഷന്‍ 2019 സെപ്റ്റംബറിലാണ് ആദ്യമായി പരീക്ഷിച്ചത്. ഐഒഎസ് 11 മുതല്‍ മുകളിലേക്കുള്ള ഒഎസ് ഉള്ള ഐഫോണുകളിലും ഐപാഡുകളിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കിറ്റ്കാറ്റ് (ആന്‍ഡ്രോയിഡ് 4.4.4) മുതലുള്ള ഫോണുകളിലും മറ്റും പ്രവര്‍ത്തിക്കും.

ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ് ആയിരുന്നു ഒട്ടുമിക്ക സർക്കാർ ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന മെസേജിങ് പ്ലാറ്റ്‌ഫോം. എന്നാല്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ വകുപ്പകള്‍ക്ക് ടെലിഗ്രാം ആയിരുന്നു പ്രിയം. ടെലിഗ്രാമിന്റെ കേന്ദ്രം ലണ്ടന്‍ ആയിരുന്നു. അടുത്തകാലത്തായി കലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സിഗ്നല്‍' ആപ്പിനോടും ചില വകുപ്പുകള്‍ ഇഷ്ടം കാണിച്ചിരുന്നു. സിഗ്നലും ഒരു ക്രോസ്-പ്ലാറ്റ്‌ഫോം എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമായിരുന്നു.

വണ്‍-ടു-വണ്‍ മെസേജിങ്, ഗ്രൂപ് മെസേജിങ് തുടങ്ങിയവ ഉണ്ടെങ്കിലും രേഖകളും മീഡിയയും മറ്റും അയയ്ക്കുന്നതിന് നിബന്ധനകളും ഉണ്ടായിരിക്കും. ഇതാകട്ടെ സർക്കാരിലെ അധികാരശ്രേണി പരിഗണിച്ചായിരിക്കും. എന്നു പറഞ്ഞാല്‍ ഓരോ പദവിയിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കാവുന്ന മറ്റുദ്യോഗസ്ഥരും അല്ലാത്തവരും ഉണ്ടായിരിക്കും.


manorama

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ