ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി

കുറ്റാന്വേഷണമെന്ന് കേള്‍ക്കുമ്പോള്‍ ആരുടെയും മനസ്സില്‍ ആദ്യമത്തെുന്ന പേരാണ് ഷെര്‍ലക് ഹോംസ്. അതിവിദഗ്ധമായി കുറ്റങ്ങള്‍ തെളിയിച്ച് വായനക്കാരെ അമ്പരപ്പിച്ച ഈ അപസര്‍പ്പക കഥാപാത്രം പ്രശസ്തനായി.
വളർന്നു വരുന്ന യുവാക്കൾക്ക് വളരെയേറെ ഇഷ്ടമുള്ള മേഖലയാണ് കുറ്റാന്വേഷണം. സിനിമകളും നോവലുകളും മാത്രമല്ല വർത്തമാന ലോകത്തെ ചില സംഭവ വികാസങ്ങളും കുറ്റാന്വേഷണ മേഖലയോട് പുതുതലമുറക്ക് ആഭിമുഖ്യമുണ്ടാക്കുന്നുണ്ട്.

ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് വിലസുന്ന പെരും കുറ്റവാളികളെ പിടികൂടാനും തെളിവുകള്‍ ശാസ്ത്രീയമായി പഠിച്ച് കുറ്റം തെളിയിക്കാനും അതിപ്രാഗല്ഭ്യം തന്നെ വേണം.

ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി

കുറ്റാന്വേഷണത്തിൽ താല്പര്യമുള്ളവർക്ക് ഉന്നതപഠനത്തിന് തിരഞ്ഞെടുക്കാവുന്ന ശാസ്ത്രശാഖയാണ് ഫോറൻസിക് സയൻസും ക്രിമിനോളജിയും. ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയാണ് ഇവിടെ നടക്കുന്നത്. 

ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയാണ് ഫോറന്‍സിക് സയന്‍സ്  വിദഗ്ധന്റെ  ചുമതല. കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലുള്‍പ്പെടെ ജോലിസാധ്യതയൊരുക്കുന്ന ഈ പഠനശാഖയുടെ സാധ്യതകള്‍ ഇന്ന് ഏറിവരുകയാണ്. കുറ്റാന്വേഷണ സംവിധാനം വിപുലമാകുന്നതിനനുസരിച്ച് കുറ്റാന്വേഷണ ശാസ്ത്രജ്ഞര്‍, വിരലടയാള വിദഗ്ധര്‍, കൈയെഴുത്ത് വിദഗ്ധര്‍ എന്നിങ്ങനെ അനവധി സാധ്യതകളിലേക്ക് ഫോറന്‍സിക് സയന്‍സ് വഴിതുറക്കുന്നു.

ക്രൈംബ്രാഞ്ച്, സി.ബി.ഐ, പൊലീസ്, ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, സേനാവിഭാഗങ്ങള്‍, നാര്‍കോട്ടിക്സ് വിഭാഗം, കോടതി, ബാങ്ക്, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, സര്‍വകലാശാലകള്‍, ഡിറ്റക്ടീവ് ഏജന്‍സികള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വന്‍ സാധ്യതകളാണ് ഫോറന്‍സിക് സയന്‍സ് പഠനത്തിലൂടെ ലഭിക്കുന്നത്.

ഒരു കുറ്റകൃത്യം എങ്ങനെയാണ് സംഭവിച്ചത് എന്നറിയാൻ ഫോറൻസിക് വിദഗ്ധർ രക്തം, വിരലടയാളം, അവശിഷ്ടങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പരിശോധിച്ച് കാര്യകാരണസഹിതം യഥാർത്ഥ കുറ്റവാളിയെ കണ്ടു പിടിക്കുകയാണ് ചെയ്യുന്നത്. മുടി, ശരീരദ്രവങ്ങള്‍, മാരകായുധങ്ങൾ മുതലായവ പരീക്ഷണശാലയിൽ വിശകലനം ചെയ്തു കുറ്റവാളിയെ കണ്ടെത്താൻ തുണയേകുന്നു.

പഠനശാഖകള്‍

 • ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍:
  കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കല്‍

 • ഫോറന്‍സിക് പത്തോളജി/മെഡിസിന്‍ ഫോറന്‍സിക്:
  മരണത്തിന്‍െറയോ അപകടങ്ങളുടെയോ കാരണം കണ്ടത്തൊന്‍ വൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തല്‍

 • ഫോറന്‍സിക് ആന്ത്രോപോളജി:
  നരവംശ ശാസ്ത്രത്തെക്കുറിച്ച പഠനത്തില്‍ ഫോറന്‍സിക് സയന്‍സിനെ ഉപയോഗപ്പെടുത്തല്‍. മനുഷ്യ അസ്ഥിക്കൂടങ്ങള്‍ തിരിച്ചറിയുന്നതിലും മറ്റും.

 • ഫോറന്‍സിക് സൈക്കോളജി:
  മനുഷ്യമനസ്സുകളെക്കുറിച്ച പഠനത്തില്‍ ഫോറന്‍സിക് രീതികള്‍ ഉപയോഗപ്പെടുത്തല്‍. കുറ്റവാളികളുടെ മന$ശാസ്ത്രം വിശകലനം ചെയ്യുന്നതില്‍ കൂടുതലായി ഉപയോഗിക്കുന്നു.

 • ഫോറന്‍സിക് ഡെന്‍റിസ്ട്രി (ഒഡന്‍േറാളജി):
  പല്ലുകളുടെ പ്രത്യേകതകള്‍ പഠിച്ച് തെളിവ് ശേഖരിക്കുന്ന രീതി.

 • ക്ളിനിക്കല്‍ ഫോറന്‍സിക് മെഡിസിന്‍:
  കുറ്റവാളികളില്‍നിന്ന് ലഭിക്കുന്ന വൈദ്യശാസ്ത്രപരമായ തെളിവുകള്‍ വിശകലനം ചെയ്യല്‍. ലൈംഗിക അതിക്രമങ്ങളിലുള്ള അന്വേഷണത്തിലുള്‍പ്പെടെ ഉപയോഗപ്പെടുത്തുന്നു.

 • ഫോറന്‍സിക് എന്‍റമോളജി:
  കൊലപാതകം നടന്ന സ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങളിലുള്‍പ്പെടെയുള്ള കീടങ്ങളെ പഠനം നടത്തി മരണത്തിന്‍െറ സമയവും സ്ഥലവും കണ്ടത്തൊന്‍. മൃതദേഹം സ്ഥലംമാറ്റിയിട്ടുണ്ടോയെന്നും കണ്ടത്തൊന്‍ ഇത് സഹായകമാണ്.

 • ഫോറന്‍സിക് സെറോളജി:
  ശരീരസ്രവങ്ങളെക്കുറിച്ച പഠനമാണ്  ഫോറന്‍സിക് സെറോളജി

 • ഫോറന്‍സിക് കെമിസ്ട്രി:
  നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെയും രാസപദാര്‍ഥങ്ങളുടെയും സാന്നിധ്യം കണ്ടത്തൊന്‍

 • ഫോറന്‍സിക് ഡാക്ടിലോസ്കോപി:
  വിരലടയാള പഠനമാണ് ഫോറന്‍സിക് സെറോളജി:

 • ഫോറന്‍സിക് ലിംഗ്വിസ്റ്റിക്സ്:
  ലിംഗ്വിസ്റ്റിക്സ് വിദഗ്ധരുടെ സഹായത്തോടെ നിയമത്തിലെ കുരുക്കുകള്‍ക്ക് പ്രതിവിധി കാണാന്‍ ഫോറന്‍സിക് ലിംഗ്വിസ്റ്റിക്സ് സഹായിക്കുന്നു 

 • ഫോറന്‍സിക് ബാലിസ്റ്റിക്സ്:
  കുറ്റകൃത്യങ്ങളില്‍ ഉപയോഗിച്ച വെടിയുണ്ടയും വെടിയുണ്ടയുടെ ആഘാതവും തിരിച്ചറിയാന്‍. കോടതി ഈ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്.

 • ഫോറന്‍സിക് ടോക്സിക്കോളജി:
  മാരകവിഷങ്ങളും മറ്റു മയക്കുമരുന്നുകളും ശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്ന്പഠിക്കാന്‍

 • ഫോറന്‍സിക് എന്‍ജിനീയറിങ്:
  അപകട കാരണങ്ങള്‍ കണ്ടത്തൊന്‍ സഹായിക്കുന്ന പഠനം.

 • ഫോറന്‍സിക് ഫോട്ടോഗ്രഫി:
  ദൃശ്യങ്ങള്‍ വിശകലനം ചെയ്യലും തെളിവു ശേഖരിക്കലും.

 • ഫോറന്‍സിക് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് സ്കള്‍പ്ചേഴ്സ് :
  ലഭ്യമായ അവശിഷ്ടങ്ങള്‍ അല്ളെങ്കില്‍ തെളിവുകള്‍ ഉപയോഗിച്ച് കാണാതായവയുടെ മാതൃക പുനര്‍നിര്‍മിക്കല്‍. പ്രതികളുടെ ഛായാചിത്രം വരക്കുന്നതില്‍ കുറ്റാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തുന്നു.

 • സൈറ്റോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍:
  കുറ്റാന്വേഷണത്തില്‍ ജനിതകശാസ്ത്രം, പ്രധാനമായും കോശങ്ങളുടെ പഠനം ഉപയോഗപ്പെടുത്തല്‍.

 • ഫോറന്‍സിക് ജിയോളജി:
  മണ്ണ്, ധാതുക്കള്‍, ഇന്ധനങ്ങള്‍ എന്നിവയില്‍നിന്നുള്ള തെളിവുകള്‍ ഉപയോഗപ്പെടുത്തല്‍.


സാധ്യതകൾ

1.ഫോറൻസിക് സയന്റിസ്റ്റ്

കേന്ദ്ര-സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള സി.ബി.ഐ, ക്രൈം ബ്രാഞ്ച്, പോലീസ്, ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, സേനാവിഭാഗങ്ങൾ, നാർകോട്ടിക് വിഭാഗം, കോടതി, ഇൻഷുറൻസ് ഏജൻസികൾ, സ്വകാര്യ കുറ്റാന്വേഷണ ഏജൻസികൾ എന്നിവിടങ്ങളിൽ ഫോറൻസിക് വിദഗ്ധരുടെ ആവശ്യമുണ്ട്.

ഫോറൻസിക് സയന്റിസ്റ്റിന്റേത് ഒരൊറ്റ ജോലിയല്ല. ഡിഎൻഎ അനലിസ്റ്റ്, ബ്ലഡ്സ്റ്റെയിൻ അനലിസ്റ്റ്, ബാലിസ്റ്റിക് എക്സ്പെർട്ട്, ഫോറൻസിക് ഡോക്യുമെന്റ് എക്സാമിനർ/സൈക്കോളജിസ്റ്റ്/പതോളജിസ്റ്റ്/ടോക്സിക്കോളജിസ്റ്റ്/ആന്ത്രപ്പോളജിസ്റ്റ്/ഒഡണ്ടോളജിസ്റ്റ്/അക്കൗണ്ടന്റ്/ലിങ്ഗ്വിസ്റ്റ്/മെഡിസിൻ എക്സ്പെർട്ട്/ഡിജിറ്റൽ ഫോറൻസിക് എക്സ്പെർട്ട് എന്നു തുടങ്ങി പല സ്പെഷലൈസേ‌ഷനും വേണ്ടിവരും. 

2. ക്രിമിനോളജി

സമൂഹവുമായി ബന്ധപ്പെട്ട പ്രതിഭാസമെന്ന നിലയിൽ കുറ്റകൃത്യങ്ങളെപ്പറ്റി പഠിക്കുന്നു. കുറ്റവാളികളുടെ പെരുമാറ്റം, മനോഭാവം, സമൂഹത്തോടുള്ള സമീപനം, കുറ്റകൃത്യങ്ങൾ ഒഴിവാക്കാനുള്ള വഴികൾ, നിയമപാലനം മുതലായവ പഠനവിഷയങ്ങൾ. സിദ്ധാന്തത്തിൽ കൂടുതൽ ‌ഊന്നൽ. ദുർഗുണ പരിഹാരശാലകൾ, ജയിലുകൾ, പൊലീസ് വകുപ്പ് എന്നിവയിൽ ക്രിമിനോളജിസ്റ്റുകൾക്ക് അവസരങ്ങളുണ്ട്.

3. ഫോറൻസിക് മെഡിസിൻ

ഇവ രണ്ടിലും നിന്നു തീർത്തും വ്യത്യസ്തമാണ് ഫോറൻസിക് മെഡിസിൻ. മെഡിക്കൽ വിജ്‍ഞാനം,‌ വിശേഷിച്ചും പതോളജി, ഉപയോഗിച്ച് നിയമ നടപടികൾക്കുവേണ്ടി മരണകാരണവും മറ്റും കണ്ടെത്തുന്നു. എംബിബിഎസ് കഴിഞ്ഞുള്ള ഉപരിപഠനവിഷയമാണിത്.


അടിസ്ഥാന യോഗ്യത

പ്ലസ് ടു സയൻസാണ് ഫോറൻസിക് രംഗത്തേക്കിറങ്ങാനുളള അടിസ്ഥാന യോഗ്യത. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. 
പരീക്ഷയിൽ പാർട്ട് III യിൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും.
പ്ലസ് ടു കഴിഞ്ഞാൽ നേരിട്ട് ബിഎസ്.സി ഫോറൻസിക് സയൻസ് കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കും. അല്ലെങ്കിൽ പ്ലസ്ടു കഴിഞ്ഞ് ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ ബിരുദമുള്ളവർക്ക് ഫോറൻസിക് സയൻസ് മാസ്റ്റർ കോഴ്സിന് ചേരാൻ കഴിയും. 

രാജ്യത്തെ വിവിധ സർവകലാശാലകളിൽ ഫോറൻസിക് സയൻസ് ഡിഗ്രി, പിജി, ഡിപ്ലോമ കോഴ്സുകൾ നൽകുന്നുണ്ട്.

അക്കാദമിക നിലവാരവും വിഷയത്തിൽ ഉന്നത ബിരുദവും കൊണ്ടുമാത്രം ഈ മേഖലയിൽ മികവു പുലർത്താൻ ആവില്ല. അതിസൂക്ഷ്മമായ അന്വേഷണത്വരയും അവലോകന ശേഷിയും അത്യന്താപേക്ഷിതമാണ് ഒരു ജോലിക്ക് വേണ്ടി മാത്രം അന്വേഷിക്കുന്നവർ ഒരിക്കലും ഫോറൻസിക് സയൻസ് പഠിക്കാനൊരുങ്ങരുത്. 

നിരന്തര പരിശ്രമത്തിലൂടെ മനോഭാവവും മനഃസാന്നിധ്യമുള്ളവർക്ക് ഫോറൻസിക് സയൻസ് നന്നായി ചേരും. 

പ്ലസ് ടു കഴിഞ്ഞ് നേരെ ഫോറൻസിക് കോഴ്സുകൾക്ക് പോകുന്നതിനേക്കാൾ സയൻസ് വിഷയങ്ങളിൽ ബിരുദമെടുത്ത് ബിരുദാനന്തര ബിരുദത്തിന് ഫോറൻസിക് സയൻസ് പഠിക്കുന്നതാണ് അഭികാമ്യം.

കേരളത്തിൽ ഫോറൻസിക് സയൻസ് പഠിക്കാൻ സൗകര്യമുള്ള ഏതാനും സ്ഥാപനങ്ങൾ

 1. കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേഷനോടെ തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ എംഎസ്‌സി ഫോറൻസിക് സയൻസ് ഉണ്ട്. ബോട്ടണി, കെമിസ്ട്രി തുടങ്ങി വിവിധ വിഷയങ്ങളിലെ ബിഎസ്‌സി, ബിടെക് ‌തുടങ്ങി 60% മാർക്കോടെ ബിരുദം ജയിച്ചവർക്കാണു പ്രവേശനം. 20 ൽ 5 സീറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് സംവരണം ചെയ്തിട്ടുണ്ട് 
 2. കാലിക്കറ്റ് യൂണിവേഴ്സിറ്റി യുടെ സഹകരണത്തോടെ തൃശ്ശൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ് അസോസിയേഷൻ എംഎസ് സി ഫോറൻസിക് സയൻസ് കോഴ്സ് നൽകുന്നുണ്ട്. www.icfsa.in
 3. ബാച്ച്​ലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. 
 4. എംജി സർവകലാശാലയുടെ അഫിലിയേഷനോടെ സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസിൽ (കോട്ടയം, ഇടപ്പള്ള‌ി, പത്തനംതിട്ട) ബിഎസ്‌സി സൈബർ ഫോറൻസിക്സ് കോഴ്സുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ 50%, മാത്‍സിനു തനിയെ 50% മാർക്കോടെ പ്ലസ് ടു വേണം. www.mgu.ac.in
 5. കോട്ടയത്തും പത്തനംതിട്ടയിലും എംഎസ്‌സി സൈബർ ഫോറൻസിക്സും പഠിക്കാം. ഭാഷകളടക്കം 55% മാർക്കോടെ സൈബർ ഫോറൻസിക്സ്/കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ്/മാത്‌സ്/ഫിസിക്സ് ബിഎസ്‌സി അഥവാ ബിസിഎ ഉള്ളവർക്ക് അപേക്ഷിക്കാം.  https://sme.edu.in/b-ed-courses-under-ucte 
 6. കുസാറ്റിലെ ഫോറൻസിക് കോഴ്സ് ഫോറൻസിക് സയൻസിൽ കൊച്ചി കുസാറ്റും മാസ്റ്റർ ബിരുദ പഠനത്തിന് അവസരമൊരുക്കുന്നുണ്ട്​. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കേരള പൊലീസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സ് പഠിക്കാം

കേരളത്തിന് പുറത്തുള്ള  സ്ഥാപനങ്ങൾ

 1. മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം.  പ്രവേശന പരീക്ഷയുണ്ട്. വിശദാംശങ്ങൾക്ക് www.dhsgsu.ac.in

 2. ഔറംഗബാദ് ഗവൺമൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസിൽ ബി.എസ്.സി. ഫോറൻസിക് സയൻസസ് പ്രോഗ്രാം ഉണ്ട്. സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിത വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന് പ്രോസ്പക്ടസിൽ പറയുന്നില്ല. അതിനാൽ മറ്റ് അർഹതാ വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാൻ കഴിയും. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൊത്തത്തിലെ മാർക്ക് ശതമാനം അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദാംശങ്ങൾക്ക് http://gifsa.ac.in.

ബി.എസ്.സി. ഫോറൻസിക് സയൻസ് ഉള്ള മറ്റു ചില സർവകലാശാലകൾ/സ്ഥാപനങ്ങൾ:

 1. മൗലാനാ അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, വെസ്റ്റ് ബംഗാൾ
  https://makautwb.ac.in/
 2. ഗുജറാത്തിലെ ഫൊറൻസിക് സയൻസ് സർവകലാശാല വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന മാസ്റ്റേഴ്സ്/ഡിപ്ലോമ/ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്.
  www.gfsu.edu.in
 3. ബുന്തേൽ ഖണ്ഡ് യൂണിവേഴ്സിറ്റി, ജാൻസി
  www.bujhansi.ac.in
 4. ഗവ. ഹോൾക്കർ സയൻസ് കോളേജ്, ഇൻഡോർ
  https://collegeholkar.org
 5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, മുംബൈ
  https://www.instforensicscimumbai.in
 6. ലോക് നായക് ജയപ്രകാശ് നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ഫോറൻസിക് സയൻസ് ന്യൂഡൽഹി www.nicfs.gov.in
 7. ആർ ബി വി ആർ ആർ വിമൻസ് കോളേജ് ഹൈദരാബാദ്
  www.rbvrrwomenscollege.net
 8. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, നാഗ്പുർ www.ifscnagpur.in/
 9. യശ്വന്ത് റാവു ചവാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സത്താറ (ഓട്ടോണമസ്)  www.ycis.ac.in/
 10. Tata Institute of Social Sciences, Mumbai

സ്വകാര്യ മേഖലയിലെ പഠന സാദ്ധ്യതകൾ 

 1. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (ജലന്ധർ).
 2. കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ് (കോയമ്പത്തുർ).
 3. ഗൽഗോത്തിയ യൂണിഫേഴ്സിറ്റി (ഗ്രേറ്റർ നൊയിഡ).
 4. അമിറ്റി യൂണിവേഴ്സിറ്റി (നൊയിഡ). തുടങ്ങിയവയും ബി.എസ്.സി. ഫോറൻസിക് സയൻസ് കോഴ്സ് നടത്തുന്നുണ്ട്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment