We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

അഞ്ച് ട്രെന്‍ഡിങ് കോഴ്‌സുകള്‍; പഠിക്കാം സര്‍ക്കാര്‍ പങ്കാളിത്തമുള്ള സ്ഥാപനത്തില്‍

ന്യൂജനറേഷന്‍ കോഴ്‌സുകളുടെ കാലത്ത് എന്തുപഠിക്കണം, എവിടെ പഠിക്കണം എന്നത് ആരെയും ആശങ്കയിലാക്കും. ഇതൊക്കെ പഠിച്ചാല്‍ ജോലികിട്ടുമോ എന്ന സംശയം ഒരുവശത്ത്. അംഗീകാരമുള്ള കോഴ്‌സ് ആരുനടത്തുന്നു എന്നതും അന്വേഷിക്കണം. ന്യൂജെന്‍ എന്നുപറഞ്ഞ് ചാടിപ്പുറപ്പെടുംമുമ്പ് കേരളസര്‍ക്കാരിന്റെ കീഴിലുള്ള ഐ.സി.ടി. അക്കാദമി നടത്തുന്ന അഞ്ച് ട്രെന്‍ഡിങ് കോഴ്‌സുകള്‍ പരിചയപ്പെടാം. 

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയില്‍ മികച്ച വിദ്യാഭ്യാസം നല്‍കാനും നൈപുണീശേഷി വികസിപ്പിക്കാനും കേരള സര്‍ക്കാരിന്റെയും പ്രമുഖ ഐ.ടി. കമ്പനികളുടെയും നേതൃത്വത്തില്‍ തുടങ്ങിയ സംരംഭമാണ് തിരുവനന്തപുരത്തെ ഐ.സി.ടി. അക്കാദമി ഓഫ് കേരള. ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന രീതിയിലുള്ള പരിശീലനമാണ് പ്രത്യേകത.

ഓര്‍ക്കുക, ഇനി പറയുന്ന കോഴ്‌സുകള്‍ നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങിയതാണോ എന്ന് സ്വയം വിലയിരുത്തിയശേഷമാകണം തിരഞ്ഞെടുപ്പ്.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍

ആവര്‍ത്തനസ്വഭാവമുള്ള സ്ഥിരംജോലികള്‍ ചെയ്യുമ്പോള്‍ മടുപ്പുണ്ടാകുക സ്വാഭാവികം. എന്നാല്‍, ഇതേ പണി സോഫ്റ്റ്‌വേര്‍ റോബോട്ടു(ബോട്ട്)കള്‍ക്ക് നല്‍കിയാലോ? ആവര്‍ത്തനവിരസങ്ങളായ കാര്യങ്ങള്‍ എത്രനേരം വേണമെങ്കിലും തളരാതെ ചെയ്യും. അതായത്, മനുഷ്യന്‍ ചെയ്തിരുന്ന കാര്യങ്ങള്‍ കംപ്യൂട്ടര്‍ സോഫ്റ്റ്‌വേറോ മറ്റ് സാങ്കേതികമാര്‍ഗമോ ഉപയോഗിച്ച് വേഗത്തിലും കൃത്യതയോടെയും ചെയ്യുന്നരീതി രൂപപ്പെടുത്താന്‍ പഠിക്കാം. എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/ ബിരുദമാണ് പഠിക്കാന്‍ യോഗ്യത.

ഡാറ്റാ സയന്‍സ് & അനലിറ്റിക്‌സ്

വിവിധ സ്രോതസ്സുകളില്‍നിന്ന് ഒരേസമയം വൈവിധ്യമാര്‍ന്ന വിവരങ്ങള്‍ ശേഖരിച്ച് അവ ക്രോഡീകരിക്കുകയും വിശകലനംചെയ്യുകയും പെട്ടെന്ന് ഉപയോഗിക്കാവുന്ന രൂപത്തിലാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ. എന്‍ജിനിയറിങ്, മെഡിക്കല്‍, ഐ.ടി., സ്‌പോര്‍ട്‌സ്, ഗതാഗതം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓട്ടോമൊബൈല്‍ മേഖലകളില്‍ ഇത്തരം വിവരവിശകലനത്തിന് സാധ്യതയേറെയാണ്. പഠിക്കാന്‍ ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവും വേണം.

മെഷീന്‍ ലേണിങ്

പ്രത്യേകരീതിയില്‍ തയ്യാറാക്കപ്പെട്ടതും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുമാത്രം പ്രവര്‍ത്തിക്കുന്നതുമാണ് മിക്ക കംപ്യൂട്ടര്‍ പ്രോഗ്രാമുകളും. എന്നാല്‍, സാഹചര്യങ്ങളില്‍നിന്ന് കാര്യങ്ങള്‍ പഠിച്ച് അതിനനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്ന കംപ്യൂട്ടര്‍ സാങ്കേതികവിദ്യയാണ് മെഷീന്‍ ലേണിങ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അതായത് മനുഷ്യനെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും യന്ത്രങ്ങളെ പഠിപ്പിക്കുക. ബിരുദവും പ്രോഗ്രാമിങ്ങില്‍ താത്പര്യവുമുള്ളവര്‍ക്ക് പഠിക്കാം.

ഫുള്‍സ്റ്റാക് ഡെവലപ്‌മെന്റ്

വെബ്‌സൈറ്റുമായി ബന്ധപ്പെട്ടുള്ള എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്ന ആളാണ് ഫുള്‍ സ്റ്റാക് ഡെവലപ്പര്‍. എല്ലാവരും കാണുന്ന വെബ്‌പേജ് തയ്യാറാക്കുന്നതും അതിനെ അണിയിച്ചൊരുക്കുന്നതും ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതും ഇതില്‍പ്പെടും. സെര്‍വര്‍ അഡ്മിനിസ്‌ട്രേഷന്‍ ചുമതല ഇതില്‍ ഒന്നുമാത്രം. വെബ് ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിലെ ഫ്രണ്ട് എന്‍ഡും ബാക്ക് എന്‍ഡും ഒരുപോലെ കൈകാര്യം ചെയ്യാനാകണം.

എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/ ബിരുദമുള്ളവര്‍ക്ക് പഠിക്കാം. ഇതു ജയിക്കുന്നവര്‍ക്ക് ഏറെ തൊഴില്‍സാധ്യതയുള്ള ബ്ലോക്ക് ചെയിന്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പോടെ കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയില്‍ പഠിക്കാം.

ഇടപാടുകള്‍ക്ക് വികേന്ദ്രീകൃത സ്വഭാവം നല്‍കുന്നതാണ് ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ. വന്‍തോതില്‍ റെക്കോഡുകള്‍ സൂക്ഷിച്ചുപരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ബ്ലോക്ക് ചെയിന്‍ സഹായിക്കും.

സൈബര്‍ സെക്യൂരിറ്റി

അടുത്തകാലത്തുണ്ടായ വാനാക്രൈ ആക്രമണത്തെ അത്രപെട്ടെന്നൊന്നും സൈബര്‍ലോകം മറക്കില്ല. മിനിറ്റുകള്‍ക്കുള്ളിലാണ് ഹാക്കര്‍മാര്‍ കംപ്യൂട്ടര്‍ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സേവനങ്ങള്‍ കൂടിയതോടെ സുരക്ഷാഭീഷണിയും വര്‍ധിച്ചുവരുകയാണ്. കരുത്തേറിയ സൈബര്‍ സെക്യൂരിറ്റി ഒരുക്കുകയാണ് ഇതിന് പോംവഴി. ഇതുതന്നെയാണ് കോഴ്‌സിന്റെ സാധ്യതയും. എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/ സയന്‍സ് ബിരുദമുള്ളവര്‍ക്ക് പഠിക്കാം.

ഇതും ചെറുതല്ല...

ബ്രാന്‍ഡുകളെയും ഉത്പന്നങ്ങളെയും ഏതെങ്കിലും ഇലക്‌ട്രോണിക് മാധ്യമം ഉപയോഗിച്ച് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രചരിപ്പിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സര്‍വവും ഇന്‍ര്‍നെറ്റ് കണക്ടഡായ ഹൈടെക് കാലത്തിന് വഴിയൊരുക്കിയ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സാങ്കേതികവിദ്യയിലൂടെ സാങ്കല്പികലോകം സൃഷ്ടിക്കുന്ന ഓഗ്‌മെന്റഡ്  വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ കോഴ്‌സുകളും ചെലവുകുറഞ്ഞ തരത്തില്‍ പഠിക്കാനാകും.

ഈ കോഴ്‌സുകള്‍ക്കെല്ലാം വിദേശത്തുള്‍പ്പെടെ ഐ.ടി. മേഖലയില്‍ മികച്ച ശമ്പളത്തോടെ ജോലിക്ക് സാധ്യതയേറെയാണെന്ന് ഐ.സി.ടി. അക്കാദമി നോളജ് ഓഫീസറായ ഡോ. എസ്. പ്രദീപ് പറയുന്നു. ഐ.സി.ടി.യുടെ തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍.

രജിസ്റ്റര്‍ചെയ്യാം

റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഓഗ്‌മെന്റഡ് /വെര്‍ച്വല്‍ റിയാലിറ്റി, ഡേറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, മെഷീന്‍ ലേണിങ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫുള്‍ സ്റ്റാക് ഡെവലപ്പര്‍ തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി.

വിവരങ്ങള്‍ക്ക്: www.ictkerala.org, 0471- 2700811.

PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment