വൊക്കേഷണൽ ഹയർ സെക്കണ്ടറിയെക്കുറിച്ച്

 പരമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിത വിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി (വൊക്കേഷണൽ) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു പഠനം പൂർത്തിയാക്കുന്നമുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്നരീതിയിലുള്ള വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ പഠിക്കാം. കൂടാതെ സ്വയംസംരംഭകത്വത്തെക്കുറിച്ചും വിദ്യാർഥികൾക്ക് അറിയാം.


ദേശീയ നൈപുണിവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രേം വർക്ക് - എൻ.എസ്.ക്യു.എഫ്.) പദ്ധതിപ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത/സ്കിൽ വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ‘ഓൺ ദ ജോബ് ട്രെയിനിങ്’, പ്രായോഗിക പരിശീലനത്തിന് വഴിയൊരുക്കുന്നു. അക്കാദമിക് പഠനത്തിൽനിന്നും സാങ്കേതിക നൈപുണിപഠനത്തിലേക്കും തിരിച്ചും പോകാൻകഴിയുന്ന രീതിയിൽ ഉപരിപഠനസാധ്യതകളും കോഴ്സിൽ ഉറപ്പാക്കുന്നുണ്ട്. ഒന്നാം വർഷ ക്ലാസുകൾ ജൂൺ 24-ന് തുടങ്ങും.


കോഴ്സ് ഘടന, പഠനവിഷയങ്ങൾ


കോഴ്സിൽ മൊത്തത്തിൽ ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനപ്രദമായ, ആശയവിനിമയശേഷി മെച്ചപ്പെടുത്താൻ ഇംഗ്ലീഷ് കോഴ്സ് സഹായകരമാകുമെങ്കിൽ, സ്വയംസംരംഭകരാകാൻവേണ്ട നൈപുണികൾ രൂപപ്പെടുത്താനാണ് ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് കോഴ്സ് ലക്ഷ്യമിടുന്നത്.


നാല് ഓപ്ഷണൽ വിഷയങ്ങൾ: മൂന്നു പരമ്പരാഗത വിഷയങ്ങളും ഒരു തൊഴിലധിഷ്ഠിത/സ്കിൽ വിഷയവും ഉൾപ്പെടെ നാല് ഓപ്ഷണൽ വിഷയങ്ങൾ പഠിക്കണം. നാലുവിഷയ കോമ്പിനേഷനുകളെ, വിഷയങ്ങളനുസരിച്ച് നാല് ഗ്രൂപ്പുകളായി തരംതിരച്ചിട്ടുണ്ട്.


• ഗ്രൂപ്പ് എ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം പഠിക്കാവുന്ന സ്കിൽ കോഴ്സുകൾ ഇവയാണ്: പവർ ടില്ലർ ഓപ്പറേറ്റർ, അസിസ്റ്റന്റ്‌ ഓഫ്സെറ്റ് പ്രിന്റിങ് ഓപ്പറേറ്റർ, ഫോർ വീലർ സർവീസ് ടെക്നീഷ്യൻ, ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ഹെൽപ്പർ, ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ ഓപ്പറേറ്റർ, ഡ്രോട്സ് പേഴ്സൺ സിവിൽ വർക്ക്സ്, ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫാബ്രിക് ചെക്കർ, ഫീൽഡ് ടെക്നീഷൻ എയർ കണ്ടിഷണർ, ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, ഗ്രാഫിക് ഡിസൈനർ, ചെക്കർ ഇൻലൈൻ ആൻഡ് മെഷർമൻറ്‌, ജൂനിയർ സോഫ്റ്റ്‌വേർ ഡിവലപ്പർ, മെഷിൻ ഓപ്പറേറ്റർ അസിസ്റ്റൻറ് - പ്ലാസ്റ്റിക്സ് പ്രോസസിങ്, ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷൻ, പ്ലംബർ-ജനറൽ, സോളാർ എൽ.ഇ.ഡി. ടെക്നീഷൻ, ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പി.ഡബ്ല്യു.ഡി.), വെബ് ഡിവലപ്പർ, ടെലികോം ടെക്നീഷൻ ഐ.ഒ.ടി. ഡിവൈസസ്/സിസ്റ്റംസ് (20 എണ്ണം)


• ഗ്രൂപ്പ് ബി: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പം ലഭ്യമായ സ്കിൽ കോഴ്സുകൾ: അസിസ്റ്റൻറ് ഡിസൈനർ - ഫാഷൻ - ഹോം ആൻഡ് മെയ്ഡപ്സ്, പ്രീ സ്കൂൾ ആൻഡ് ഡേ കെയർ ഫെസിലിറ്റേറ്റർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡെയറി പ്രോസസിങ് എക്വിപ്മെൻറ്‌ ഓപ്പറേറ്റർ, അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, ഡെയറി ഫാർമർ ഓൺട്രപ്രനേർഷിപ്പ്, ഫിഷ് ആൻഡ് സീഫുഡ് പ്രോസസിങ് ടെക്നീഷൻ, ഫിഷിങ് ബോട്ട് മെക്കാനിക്, ഫിറ്റ്നസ് ട്രെയിനർ, ഫ്ലോറികൾച്ചറിസ്റ്റ്, ലാബ് ടെക്നീഷൻ - റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഗാർഡനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്‌ (ട്രെയിനി), ഹാൻഡ് ഹെൽഡ് ഡിവൈസ് (ഹാൻഡ്സെറ്റ് ആൻഡ് ടാബ്ലറ്റ്) ടെക്നീഷൻ, മൈക്രോ ഇറിഗേഷൻ ടെക്നീഷൻ, ഓർഗാനിക് ഗ്രോവർ, ഓർണമെൻറൽ ഫിഷ് ഫാർമർ, സ്മോൾ പൗൾട്രി ഫാർമർ, ഇൻറീരിയർ ലാൻഡ്സ്കാപ്പർ, സെൽഫ് എംപ്ലോയ്ഡ് ടെയിലർ (പി.ഡബ്ല്യു.ഡി.) (22 എണ്ണം)


• ഗ്രൂപ്പ് സി: ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് എന്നിവയ്ക്കൊപ്പം കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് (മീറ്റ് ആൻഡ് ഗ്രീറ്റ്) പ്രോഗ്രാം പഠിക്കാം.


• ഗ്രൂപ്പ് ഡി: അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെൻറ് എന്നിവയ്ക്കൊപ്പം ബിസിനസ് കറസ്പോണ്ടൻറ്/ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് അസിസ്റ്റൻറ്, ക്രാഫ്റ്റ്‌ ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, റിട്ടെയിൽ സെയിൽസ് അസോസിയറ്റ് എന്നീ സ്കിൽ വിഷയങ്ങളുണ്ട് (അഞ്ച് എണ്ണം).


വിദ്യാഭ്യാസ യോഗ്യത


• എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., സി.ഐ.എസ്.സി.ഇ., ടി.എച്ച്.എസ്.എൽ.സി. തുടങ്ങിയ ഏതെങ്കിലും ബോർഡിൽ പഠിച്ച് പത്താം ക്ലാസ് പരീക്ഷ ജയിച്ചവർ, മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും തത്തുല്യമായ പരീക്ഷ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വിജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.


• എസ്.എസ്.എൽ.സി. കേരള സിലബസിൽ പഠിച്ചവർ ഓരോ പേപ്പറിനും കുറഞ്ഞത് ഡി + നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം.


• മറ്റു തത്തുല്യ പരീക്ഷ ജയിച്ചവർ, വിവിധ വിഷയങ്ങൾക്ക് അതതു ബോർഡുകൾ നിശ്ചയിച്ച, ഉന്നതപഠനത്തിന് യോഗ്യമായ മിനിമം സ്കോർ നേടിയിരിക്കണം.


• പഴയ സ്കീമിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയവരെയും ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് തത്തുല്യപരീക്ഷ എഴുതിയവരെയും അവരുടെ മാർക്കുകൾ ഗ്രേഡാക്കി മാറ്റിയശേഷം പ്രവേശനത്തിന് പരിഗണിക്കും.


• മൂന്നിൽ കൂടുതൽ അവസരങ്ങൾ എടുത്ത് യോഗ്യതാ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.


• സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ടി.എച്ച്.എസ്.എൽ.സി. ജയിച്ചവർക്ക് ഹയർ സെക്കൻഡറി (വൊക്കേഷണൽ) ബി ഗ്രൂപ്പ് വിഷയങ്ങളിലെ പ്രവേശനത്തിന് അർഹതയില്ല.


• സി.ബി.എസ്.ഇ.യിൽ പഠിച്ച, മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പാസായവർക്കേ വൊക്കേഷണൽ ഹയർ സെക്കൻഡറി (വൊക്കേഷണൽ) മാത്തമാറ്റിക്സ് ഉൾപ്പെടുന്ന കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ അർഹതലഭിക്കൂ.


• ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കുകയും എന്നാൽ, പ്രസ്തുതപരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തവർക്ക് ആ കോഴ്സിലെ പ്രവേശനം റദ്ദുചെയ്ത്, വൊക്കേഷണൽ ഹയർ സെക്കൻഡറി(വൊക്കേഷണൽ)-യിൽ ചേരാൻ അർഹതയുണ്ട്.


അപേക്ഷ


മെറിറ്റ് സീറ്റിലെ പ്രവേശനത്തിന് ഒരു അപേക്ഷമാത്രമേ ഓൺലൈനായി നൽകേണ്ടതുള്ളൂ. ഒരു ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളും അവിടെയുള്ള ഒരു വിഷയ കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഒരു സ്‌കൂളിലെ വ്യത്യസ്തവിഷയ കോമ്പിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്. അപേക്ഷയിൽ വിവിധ ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളുകൾ, വ്യത്യസ്ത കോഴ്സ് കോമ്പിനേഷനുകൾ (വിവിധ ഓപ്ഷനുകൾ) എന്നിവ, പ്രവേശനം ആഗ്രഹിക്കുന്ന മുൻഗണനാക്രമത്തിൽ നൽകണം. അപേക്ഷ www.vhscap.kerala.gov.in വഴി മേയ് 25-ന് വൈകീട്ട് അഞ്ചുവരെ നൽകാം പ്രോസ്പക്ടസും ഇതേ ലിങ്കിൽ ലഭിക്കും. എയ്ഡഡ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളുകളിലെ മാനേജ്മെൻറ് ക്വാട്ട സീറ്റുകളിലെ പ്രവേശനം അതത് മാനേജ്മെന്റുകളാണ് നടത്തുക. അതിനുള്ള പ്രത്യേകം അപേക്ഷ അതത് സ്കൂളിൽനിന്നും വാങ്ങി പൂരിപ്പിച്ച്, അവിടെത്തന്നെ തിരികെനൽകണം.


അലോട്മെന്റുകൾ


• പ്രവേശനസാധ്യതകൾ വിലയിരുത്താനും അവസാനഘട്ട പരിശോധനയും തിരുത്തലുകളും വരുത്താനും യഥാർഥ അലോട്മെൻറിനുമുമ്പ്, ട്രയൽ അലോട്മെൻറ് മേയ് 29-ന്‌ നടത്തും.


• ട്രയൽ അലോട്മെൻറിനുശേഷം മൂന്ന് മുഖ്യ അലോട്മെന്റുകൾ ഉണ്ടാകും. ആദ്യ അലോട്മെൻറ്‌ ഫലം ജൂൺ അഞ്ചിന് പ്രഖ്യാപിക്കും. • മുഖ്യ അലോട്മെൻറിൽ ഒന്നാം ഓപ്ഷൻ പ്രകാരം അലോട്മെൻറ്‌ ലഭിക്കുന്നവർ ഫീസ് നൽകി നിശ്ചിതസമയത്തിനുള്ളിൽ അലോട്മെൻറ്‌ ലഭിച്ച സ്കൂളിൽ സ്ഥിരപ്രവേശനം നേടണം. സ്ഥിരപ്രവേശനം നേടിയവരെ തുടർന്നുണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കില്ല. ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഫീസടയ്ക്കാത്തപക്ഷം അലോട്മെൻറ്‌ റദ്ദാകും. പ്രവേശനത്തിന് പിന്നീട് ഇവർക്ക് അവസരം ഉണ്ടാകില്ല.


• രണ്ടാമത്തെയോ അതിൽ താഴെയോ ഉള്ള ഏതെങ്കിലും ഓപ്ഷനിൽ അലോട്മെൻറ്‌ ലഭിക്കുന്നവർ താത്‌കാലിക പ്രവേശനം നേടണം. പ്രവേശനയോഗ്യത തെളിയിക്കാനുള്ള രേഖകൾ അലോട്മെൻറ് ലഭിച്ച സ്കൂളിന്റെ പ്രിൻസിപ്പലിനു നൽകി താത്‌കാലിക പ്രവേശനം നേടാം. ഇവർ ഫീസ് അപ്പോൾ അടയ്ക്കേണ്ടതില്ല. ഇവർക്ക്, അടുത്ത മുഖ്യ അലോട്മെൻറിനുമുമ്പായി, നിശ്ചിതസമയ പരിധിക്കുള്ളിൽ, താത്‌പര്യമില്ലാത്ത ഉയർന്ന ഓപ്ഷനുകൾ (ലഭിച്ച ഓപ്ഷനെക്കാൾ ഉയർന്ന മുൻഗണനാ നമ്പർ ഉള്ളവ) റദ്ദുചെയ്യാൻ അവസരമുണ്ടാകും. തുടർന്നുള്ള അലോട്മെന്റിൽ മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചാൽ നിർബന്ധമായും പുതിയ അലോട്മെൻറ് ലഭിച്ച സ്കൂളിലേക്ക്/കോഴ്സിലേക്ക് മാറണം.


• താത്‌കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്നും അസ്സൽ സർട്ടിഫിക്കറ്റുകൾ വാങ്ങി പുതിയ സ്കൂളിൽ പ്രവേശനം നേടാം.


മുഖ്യ അലോട്മെൻറുകൾ തീരുംവരെ ഇപ്രകാരം താത്‌കാലിക അഡ്മിഷൻ തുടരാം. പുതിയ അലോട്മെൻറ് പ്രകാരം മാറാത്തവർ അഡ്മിഷൻ പ്രക്രിയയിൽനിന്നു പുറത്താകും.


• താഴ്ന്ന ഓപ്ഷൻപ്രകാരം താത്‌കാലിക പ്രവേശനം നേടിയശേഷം, പ്രവേശനം സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കി, ഫീസടച്ച്, സ്ഥിരപ്രവേശനം നേടാം. ഉയർന്ന ഓപ്ഷനുകൾ റദ്ദുചെയ്യാൻ ആഗ്രഹിക്കുന്നപക്ഷം, പ്രവേശനം നേടുന്ന ദിവസംതന്നെ ആ വിവരം സ്കൂൾ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. താത്‌കാലിക/സ്ഥിരം പ്രവേശനം നേടുന്നവർ സ്കൂളിൽ ഹാജരാക്കേണ്ട രേഖകളുടെ പട്ടിക പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്.


• മുഖ്യ അലോട്െമന്റ്‌ പ്രക്രിയ അവസാനിക്കുന്നതോടെ, തങ്ങളുടെ ഹയർ ഓപ്ഷനുകൾ നിലനിർത്തി താത്‌കാലിക പ്രവേശനത്തിൽ തുടരുന്നവർ അവരുടെ പ്രവേശനം നിർബന്ധമായും സ്ഥിരപ്പെടുത്തണം.


• മൂന്ന് മുഖ്യ അലോട്മെൻറുകൾ കഴിഞ്ഞ്, പ്രവേശനം നേടിയവർക്ക് സ്കൂൾ/കോഴ്‌സ് മാറ്റം അനുവദിക്കും. തുടർന്നുണ്ടാകുന്ന ഒഴിവുകൾ നികത്താൻ സപ്ലിമെന്ററി അലോട്മെൻറുകൾ നടത്തും.


• അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്മെന്റുകളിലൊന്നും സീറ്റ് ലഭിക്കാത്ത എല്ലാ വിഭാഗം അപേക്ഷകരും സപ്ലിമെൻററി അലോട്മെൻറിലേക്ക് പരിഗണിക്കപ്പെടാൻ നിലവിലെ അപേക്ഷ പുതുക്കണം. അപ്പോൾ ഉള്ള ഒഴിവുകൾകൂടി പരിഗണിച്ച് ഓപ്ഷനുകളും മാറ്റിനൽകാം. അപേക്ഷ പുതുക്കാതിരുന്നാൽ സപ്ലിമെന്ററി അലോട്‌മെന്റിലേക്ക് അവരെ പരിഗണിക്കില്ല. നേരത്തേ അപേക്ഷ നൽകാത്തവർക്കും ഈ ഘട്ടത്തിൽ അപേക്ഷനൽകാം.


• അപേക്ഷകരുള്ളപക്ഷം സപ്ലിമെൻററി അലോട്മെൻറുകൾക്കുശേഷവും സ്കൂൾ/കോഴ്സ് മാറ്റം അനുവദിക്കും. സ്ഥിരം പ്രവേശനം നേടിയവർക്ക് സപ്ലിമെന്ററി അലോട്മെൻറിൽ പങ്കെടുക്കാൻ അർഹതയില്ല.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment