അനിയൻമാരേ......
ഞങ്ങളും
പളളിക്കൂടത്തിൽ പഠിച്ചവരാണ് ..
കൂട്ടുകാർ ഞങ്ങൾക്കും ഉണ്ട്...
വഴക്കടിച്ചിട്ടുണ്ട്
പിണങ്ങിയിട്ടുണ്ട്
ഒരുമിച്ചിരുന്ന ബഞ്ചിൽ നിന്ന്
പലവഴിക്ക് പിരിഞ്ഞിട്ടും
ഇപ്പോഴും ഇടയ്ക്കിടെ പിണങ്ങാറുമുണ്ട്.
പക്ഷേ
പിണങ്ങിയിരിക്കുമ്പോൾ പോലും
പിണക്കത്തിനപ്പുറം
അതിലൊട്ടും " പക " വന്നിട്ടില്ല !!
അന്നും .. ഇന്നും ..
ക്ലാസ്സിൽ
അധ്യാപകന്റെ അടി കൊണ്ട്
സഹപാഠിയുടെ
കൈവെള്ള ചുവക്കുമ്പോൾ
ഞങ്ങളുടെ കണ്ണു നിറഞ്ഞിട്ടുണ്ട്.
അവനേക്കാൾ വേദന
അതു കണ്ടുനിന്ന ഞങ്ങളനുഭവിച്ചിട്ടുണ്ട്.
അവരേക്കാൾ കരഞ്ഞത്
അടികൊള്ളാത്ത ഞങ്ങളായിരുന്നിരിക്കും ...
തിരിച്ചും അങ്ങനെ ...
സ്വന്തം വീട്ടിലിരിക്കുമ്പോൾ
അതിരിനപ്പുറമുള്ള അവൻ്റെ വീട്ടിൽ
അച്ഛന്റെ അടിയേറ്റ്
അവൻ കരയുന്ന നിലവിളി
കാതിൽ കേട്ടാൽ
ഓടി വേലിയ്ക്കൽ ചെല്ലും. ....
ആശ്വസിപ്പിക്കും ...
ചിലപ്പോൾ ഒപ്പം കരയും ...
തിരിച്ച് അവരും അങ്ങനെ !
സഹപാഠിയുടെ കണ്ണ് നിറഞ്ഞിരുന്നാൽ
കാരണം തിരക്കും ...
പരിഹാരം ചെയ്യാനുള്ള
പക്വതയില്ലെങ്കിലും
കഴിവിനോളം ഒന്ന് ശ്രമിച്ചിരുന്നു
പരിഹരിക്കാൻ ..
തിരിച്ച് അവരും അങ്ങനെ ...!
ഞങ്ങൾ തമ്മിൽ തല്ലിയിട്ടുണ്ട് ..
തല്ലുമ്പോൾ പിടിച്ചുമാറ്റാൻ
അമ്മമാർ വരാറില്ലായിരുന്നു.
അവർ
ഞങ്ങൾ തല്ലുകൂടുന്നത്
കണ്ടില്ലെന്നമട്ടിൽ
കഥ പറഞ്ഞിരിപ്പുണ്ടാവും ..
അവർക്കറിയാം
ആ തല്ലിനും പിണക്കത്തിനും ..
ഒന്നുറങ്ങിയെഴുന്നേൽക്കുന്നിടം വരെയുള്ള
ആയുസ്സേ ഉള്ളൂ എന്ന്....
ശരീരത്തിനും മനസ്സിനും
മുറിവേൽപ്പിക്കാത്ത
തല്ലുനാടകങ്ങളാണെന്ന്
അവർക്ക് ഞങ്ങളേക്കാൾ അറിയാമായിരുന്നു.
ഞങ്ങൾക്ക്
വീഡിയോ ഗെയിമുകൾ ഇല്ലായിരുന്നു.
ഇൻ്റർനെറ്റും വാട്ട്സപ്പുമില്ലായിരുന്നു.
കശുവണ്ടികൊണ്ട് പൂട്ടി കളിച്ച്
കളിയിൽ വിജയിക്കുന്നവൻ
വിജയിച്ചുകിട്ടിയ വീതവുമായി
തിരിഞ്ഞു നടക്കുമ്പോൾ
വിഷമിച്ചു നിൽക്കുന്ന
കൂട്ടുകാരന്റെ മുഖത്തൊന്ന് നോക്കി
അത് തിരിച്ച് കൊടുത്തിട്ടേ പോകൂ.
കാരണം,
അത്, അമ്മ അറിയാതെ
വീട്ടിൽ നിന്നും എടുത്തു കൊണ്ട് വന്നതാവും,
അവിടെ എണ്ണം കുറഞ്ഞാൽ
അവന് അമ്മയുടെ തല്ല് കിട്ടും.
തിരിച്ചും അങ്ങനെയായിരുന്നു.
അനിയൻമാരേ
അത് കൊണ്ട് തന്നെ
ഞങ്ങൾ
പരസ്പരം തോൽക്കാറില്ലായിരുന്നു..
ജയിക്കാറും....
സഹപാഠി എന്ന വാക്ക്
അർത്ഥം പറഞ്ഞ് തന്ന്
ക്ലാസ്സിൽ പഠിപ്പിക്കും !
പക്ഷേ എത്ര പഠിപ്പിച്ചാലും
അന്ന് ഞങ്ങൾക്ക്
അതിൻ്റെ അർത്ഥം മനസ്സിലായിരുന്നില്ല ,
കാരണം
ഞങ്ങൾ സഹപാഠികളായിരുന്നില്ല,
കൂടപ്പിറപ്പുകളായിരുന്നു.
സ്ലേറ്റ് പെൻസിലായാലും
തടിപ്പെൻസിലായാലും
അത് , രണ്ടായിട്ടും മൂന്നായിട്ടും
ഒടിക്കുമായിരുന്നു.
പെൻസിൽ കൊണ്ടുവരാത്തവന്
തല്ല് കിട്ടാതിരിക്കാൻ.
കാരണം
അവന്റെ കൈവെള്ളയിൽ
ചൂരൽ പതിക്കുമ്പോൾ
നോവുന്നത്
ഞങ്ങളുടെ മനസ്സായിരുന്നു.
മുതിർന്ന്,
കോളേജ് കാലത്തിലെത്തിയപ്പോഴും
ചോറുപൊതിയില്ലാതെ
ക്ലാസ്സിലെത്താൻ ധൈര്യം തന്നത്,
സഹപാഠികൾ എന്ന് പറയുന്ന
ഈ കൂടപ്പിറപ്പുകളായിരുന്നു.
അവിടെ
മൂന്നും നാലും പൊതികൾ
ഒന്നിച്ച് ഒരിലയിലാക്കി
ഞങ്ങൾ ആറും ഏഴും പേർ
കഴിച്ചിരുന്നു.
ഒരു മുന്നറിയിപ്പുമില്ലാതെ
അവരുടെ വീടുകളിൽ
നാലഞ്ച് പേർ
ഒന്നിച്ചു ചെന്ന്
ഉള്ളതിൽ പങ്ക് കഴിച്ചിരുന്നു.
തച്ചുകൊല്ലുന്നത് പോയിട്ട്
ഒരു പേനയെടുത്ത് കുത്താൻ
മനസ്സ് വന്നിട്ടില്ല.
കാരണം
അങ്ങനെ കുത്തിയാൽ
വേദനിക്കുന്നത്
സ്വന്തം ശരീരമായിരുന്നു.
അതിനേക്കാൾ... മനസ്സും.!!
അതുകൊണ്ട് തന്നെയാണ്
അക്ഷരമെഴുതാൻ കൂടെ വന്നവർ
മുതൽ
അവസാനം പഠിച്ചിടത്ത് വരെയുള്ളവർ
പല അകലങ്ങളിലിരുന്നും
ഈ മുഖപുസ്തകത്തിലൂടെയും
ഫോൺ വിളികളിലൂടെയും നേരിട്ടും
ഇന്നും ആ ബന്ധം തുടരുന്നത്.
ഒരു ലീവ് കിട്ടിയാൽ
കാണാൻ ഓടി വരുന്നത്.
ഒരു പ്രയാസം വന്നാൽ
ചോദിച്ചില്ലെങ്കിൽപോലും
മനസ്സറിഞ്ഞ് സഹായിക്കുന്നത്.
ഞങ്ങൾക്ക് സഹപാഠി ബന്ധമില്ല
കാരണം
ഞങ്ങൾ സഹോദരബന്ധത്തിലാണ്.
അനിയൻമാരേ ..
കൂടെ നടന്നവനെ
കൂടെയിരുന്നവനെ,
കൂടെക്കളിച്ചു വളർന്നവനെ
തച്ചുകൊല്ലാൻ
നിനക്കെങ്ങനെ
കയ്യുയർത്താൻ തോന്നി ?
അനിയൻമാരേ ....
എത്ര ചിന്തിച്ചിട്ടും
നിങ്ങളുടെ മനസ്സ്
മനസ്സിലാവുന്നില്ലല്ലോ ...
കഷ്ടം !!
കടപ്പാട് : Social Media