പ്രവേശന പരീക്ഷ: തീരുമാനം നീളുന്നതില്‍ ആശയക്കുഴപ്പം

Unknown

പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തെക്കുറിച്ച് ഈ വര്‍ഷവും ആശങ്കയും ആശയക്കുഴപ്പവും. ദേശീയ പ്രവേശന പരീക്ഷ നടത്താനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നീക്കവും എന്‍ട്രന്‍സ് പരീക്ഷ പരിഷ്‌കരിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമവും എല്ലാംകൂടി പ്രവേശന പരീക്ഷയെ സംബന്ധിച്ച അന്തിമ തീരുമാനം നീണ്ടുപോകാന്‍ ഇടയാക്കുന്നു.

മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ വിജ്ഞാപനമാണ് ആശയക്കുഴപ്പത്തിനുള്ള പ്രധാന കാരണം. ഈ വിജ്ഞാപനം റദ്ദാക്കണമെന്നും മുന്‍ വര്‍ഷങ്ങളിലെപ്പോലെ അതത് സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തിക്കൊള്ളുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്വയംഭരണ സ്ഥാപനമായ മെഡിക്കല്‍ കൗണ്‍സില്‍ ഈ നിര്‍ദേശം അംഗീകരിക്കില്ലെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നിട്ട് ദിവസങ്ങളായെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ വിജ്ഞാപനം റദ്ദാക്കാന്‍ കൂട്ടാക്കിയിട്ടില്ല.

ജനവരി മധ്യത്തോടെ ചേരുന്ന സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി അന്തിമതീരുമാനം കൈക്കൊള്ളാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ദേശീയതലത്തില്‍ ഒറ്റ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശവും സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ദേശീയ പരീക്ഷ വരുമ്പോള്‍ പ്രവേശനവും ദേശീയ തലത്തിലാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവിലുള്ള അഖിലേന്ത്യാ ക്വാട്ട നിലനിര്‍ത്തുന്നതിനോട് കേരളത്തിനും മറ്റും വിയോജിപ്പില്ല. എന്നാല്‍ ദേശീയ തലത്തിലാണ് പ്രവേശനമെങ്കില്‍ കേരളത്തിന്റെ ലാഭനഷ്ടങ്ങള്‍ കണക്കിലെടുത്തേ തീരുമാനമെടുക്കാനാകൂ.

ഇതിനുപുറമെയാണ് സംസ്ഥാന പ്രവേശന പരീക്ഷാ പരിഷ്‌കരണം ഉയര്‍ത്തുന്ന ആശങ്കകള്‍. എന്‍ജിനീയറിങ്ങിന് മാത്രം യോഗ്യതാ പരീക്ഷയായ പ്ലസ് ടുവിന്റെ മാര്‍ക്കുകൂടി പ്രവേശനത്തിന് മാനദണ്ഡമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച നിയമവകുപ്പിന്റെ എതിര്‍പ്പ് നിലനില്‍ക്കുന്നു. മാര്‍ക്കുകളുടെ ഏകീകരണവും മറ്റും എണ്ണമറ്റ പരാതികള്‍ക്ക് ഇടയാക്കുമെന്നും ധൃതിപിടിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നുമായിരുന്നു നിയമവകുപ്പിന്റെ ഉപദേശം. എന്നാല്‍ ഈ നിയമോപദേശം തള്ളി ഇക്കുറിതന്നെ എന്‍ജിനീയറിങ്ങിന് പ്ലസ് ടു മാര്‍ക്കുകൂടി പരിഗണിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോസ്‌പെക്ടസ് അടുത്തയാഴ്ച ഇറക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നു. എന്‍ജിനീയറിങ്ങിന് പ്ലസ് ടു മാര്‍ക്കുകൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കാനുള്ള നിര്‍ദേശമാണ് പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തുക. ഇപ്പോള്‍ത്തന്നെ വിജ്ഞാപനം താമസിച്ചതിനാല്‍ ഇനിയും വൈകിക്കാന്‍ സര്‍ക്കാരിനും ആകില്ല.

ദേശീയ തലത്തില്‍ പരീക്ഷ നടത്തുന്നത് പൊതുവില്‍ വിദ്യാര്‍ഥികള്‍ക്ക് സ്വീകാര്യമാണ്. പല മെഡിക്കല്‍ കോളേജിലേക്കും പല പരീക്ഷ എഴുതേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരു പരീക്ഷ വന്നാല്‍ എല്ലാ കോളേജുകളിലേക്കും കൂടി ഒറ്റ പരീക്ഷ എഴുതിയാല്‍ മതിയാകും. എന്നാല്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനം അവരുടെ കൈപ്പിടിയില്‍ നിന്ന് മാറുന്നതില്‍ പ്രതിഷേധമുണ്ട്. പ്രവേശനം സുതാര്യമാകുന്നതിനും ദേശീയ തലത്തിലുള്ള പരീക്ഷ ഉപകരിക്കും.

Post a Comment