വഞ്ചനക്കെതിരെ അധ്യാപകര്‍ തിരഞ്ഞെടുപ്പിലൂടെ പ്രതികരിക്കണം -രമേശ് ചെന്നിത്തല

Unknown

ശമ്പള സ്‌കെയിലും ഗ്രേഡും വെട്ടിക്കുറച്ച് ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വഞ്ചിച്ച നടപടിക്കെതിരെ കൂട്ടായ്മയിലൂടെ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കിയ സന്ദേശത്തിലാണ് രമേശ് ചെന്നിത്തല ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി മേഖലയുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഇ മേഖലയില്‍ ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് ടി. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ.മാരായ കെ. ബാബു, ഡൊമിനിക് പ്രസന്‍േറഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് സ്വാഗതവും ഡോ. കെ.എം.തങ്കച്ചന്‍ നന്ദിയും പറഞ്ഞു.

ഉച്ചയ്ക്കുശേഷം പ്രതിനിധി സമ്മേളനം വി.ഡി.സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. ജോര്‍ജ് കെ. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മേയര്‍ ടോണി ചമ്മണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനോജ് മൂത്തേടന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ യാത്രയയപ്പ് സമ്മേളനത്തില്‍ ഷാജു പുത്തൂര്‍ അധ്യക്ഷനായി. മീനടം ഹരികുമാര്‍, കെ.ബി. രവികുമാര്‍, കോട്ടാത്തല മോഹനന്‍, സിറിയക് കാവില്‍, എം.സി. പോളച്ചന്‍, എ.വി. സാബു എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ മികച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപകനുള്ള ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ സ്മാരക പുരസ്‌കാരവും പ്രശസ്തിപത്രവും ഡോ. ബി. നെടുമ്പന അനിലിന് കെ.ബാബു എംഎല്‍എ നല്‍കി.

സംസ്ഥാന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഏഴ് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എസ്. ത്യാഗരാജന്‍, പി.വി. കുഞ്ഞിരാമന്‍, ആര്‍. സാബു, ടി.എന്‍. വിനോദ്, ജെയിംസ് ജോസഫ്, സാബു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment