എയ്ഡഡ് സ്‌കൂള്‍ നിയമനം:സര്‍ക്കാര്‍ ഉത്തരവ് കോടതി ശരിവച്ചു

Unknown

എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ നിയമനത്തിനൊപ്പം പ്രൊട്ടക്ടഡ് അധ്യാപകരെയും 1:1 എന്ന അനുപാതത്തില്‍ നിയമിക്കണമെന്ന സര്‍ക്കാര്‍ വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു. നിരോധം നിലനില്‍ക്കുമ്പോള്‍ നിയമനം നടത്തിയ സ്‌കൂളുകള്‍ക്ക് ബാധകമാവും വിധമാണ് സര്‍ക്കാര്‍ ഈ വ്യവസ്ഥ കൊണ്ടുവന്നത്. നിയമന നിരോധം 2006-07 മുതല്‍ 2009-10 വരെയുള്ള കാലത്ത് നടത്തിയ നിയമനങ്ങള്‍ക്ക് അംഗീകാരം കിട്ടാന്‍ മാനേജര്‍മാര്‍ അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് 1:1 നിയമനം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു കൊടുക്കണമെന്നാണ് 2010 ജനവരി 12 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ ഒരു വ്യവസ്ഥ.
2010-11 മുതല്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പുതിയ നിയമനത്തിനൊപ്പം പ്രൊട്ടക്ടഡ് അധ്യാപകരെയും തുല്യ അനുപാതത്തില്‍ നിയമിച്ചുകൊള്ളാമെന്ന കരാറാണ് അമ്പത് രൂപയുടെ മുദ്രപ്പത്രത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പിട്ടു നല്‍കേണ്ടത്.
സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തും അനുകൂലിച്ചുമുള്ള ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്റെ ഈ ഉത്തരവ്.
ഇത്തരമൊരു കരാര്‍ കേരള വിദ്യാഭ്യാസ നിയമത്തിനും ചട്ടത്തിനും എതിരാണെന്നാണ് ഹര്‍ജിക്കാരില്‍ ഒരു വിഭാഗം ആരോപിച്ചത്.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പരിരക്ഷയുടെ ലംഘനമാണെന്നായിരുന്നു വേറൊരു കൂട്ടം ഹര്‍ജികളിലെ പരാതി.
മാനേജര്‍മാരുടെ നിയമനാധികാരം എടുത്തുകളയുന്നതല്ല ഈ വ്യവസ്ഥ എന്നാണ് സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് വാദിച്ചത്.
നേരത്തെ നിയമന നിരോധം നിലനിന്ന കാലയളവില്‍ ചില മാനേജര്‍മാര്‍ നിയമനം നടത്തിയിരുന്നു. ഇതിന് അംഗീകാരം നല്‍കാനാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ട വ്യവസ്ഥ കൊണ്ടുവന്നത്. സര്‍ക്കാരിന്റെ അംഗീകാരമുണ്ടെങ്കില്‍ മാത്രമേ പ്രസ്തുത നിയമനത്തിന് സാധുതയുണ്ടാവുകയുള്ളൂ.
അതിനായി വ്യവസ്ഥ കൊണ്ടുവന്നതില്‍ തെറ്റ് പറയാനാവില്ല എന്ന് കോടതി വിലയിരുത്തി.
ഇങ്ങനെയൊരു വ്യവസ്ഥ കൊണ്ടുവന്നില്ലെങ്കില്‍ നിരോധ സമയത്ത് നിയമനം നടത്തിയവര്‍ നിരോധം പാലിച്ച മാനേജ്‌മെന്റുകളെക്കാള്‍ നേട്ടമുണ്ടാക്കുന്ന അവസ്ഥയുണ്ടാവും. ഇവര്‍ക്കിടയില്‍ സംതുലനമുണ്ടാക്കാനാണ് വ്യവസ്ഥ കൊണ്ടുവന്നതെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment