കര്‍ദിനാളിന്‍റെ ഭൗതികശരീരം കബറടക്കി.

Unknown





ആ ദീപനാളം ഇനി അനേകം ഹൃദയങ്ങളില്‍ അനശ്വര പ്രകാശം. നന്മയായും നന്മയേകിയും കടന്നു പോയ ശ്രേഷ്ഠ ഇടയന്‍റെ ദീപ്തസ്മരണ സഭയ്ക്കും സമൂഹത്തിനും സമാനതകളില്ലാത്ത സൂക്ഷിപ്പ്. കര്‍ദിനാള്‍ വിതയത്തില്‍ എന്ന പേര് ഇനി ചരിത്രത്തിന്‍റെ നന്മയുടെ താളുകളിലേക്ക്. ഞാന്‍ കടന്നു പോകുന്ന പക്ഷിയെന്നു സ്വയം വിശേഷി പ്പിച്ചിരുന്ന വലിയ ഇടയനു നാടി ന്‍റെ സ്നേഹത്തില്‍ ചാലിച്ച യാ ത്രാമൊഴി.

പോവുക മുറപോല്‍ വന്ദ്യഗുരോ നിന്‍ ജയമുടി നേടാന്‍; അഴകൊഴുകും നിന്‍ വഴികളിലെല്ലാം മലരുകള്‍ വിരിയും..

ഗായകസംഘത്തിന്‍റെ കണ്ഠങ്ങളില്‍നിന്ന് ഈ വരികള്‍ ഉതിര്‍ന്നപ്പോള്‍ ആയിരക്കണക്കിനു ഹൃദയങ്ങള്‍ അതേറ്റുപാടി. വലിയ പിതാവിന്‍റെ ജീവിതത്തോട് ഏറ്റവും ചേര്‍ത്തുവയ്ക്കാവുന്ന വരികള്‍ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാമൃതം പൊഴിക്കുന്പോള്‍ ഒപ്പം മന്ത്രിക്കാതിരിക്കാന്‍ ഒരു മനസിനും കഴിയുമായിരുന്നില്ല.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ ഭൗതികശരീരം പതിനായിരങ്ങളെ സാക്ഷിയാക്കി കബറടക്കി.

സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളിലെ എഴുപതോളം ബിഷപ്പുമാരും ആയിരക്കണക്കിനു വൈദികരും സമര്‍പ്പിതരും മണല്‍ത്തരിപോലെ നിറഞ്ഞ വിശ്വാസിസമൂഹവും വലിയ ഇടയനെ മഹത്ത്വപ്രതാപങ്ങളോടെ യാത്രയാക്കാനെത്തി. കര്‍ദിനാളിന്‍റെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു കബറടക്കം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കു ബസിലിക്കയില്‍ ആരംഭിച്ച പൊതുദര്‍ശനം ഇന്നലെ ഉച്ചക്ക് രണ്ടു വരെ തുടര്‍ന്നു. 2.15നു തിരുവസ്ത്രങ്ങളണിഞ്ഞ ആയിരത്തോളം വൈദികര്‍ മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നിന്നു പ്രദക്ഷിണമായി ബസിലിക്കയിലേക്കു നീങ്ങി. മുന്നില്‍ ദീപങ്ങളുടെ അകന്പടിയോടെ കുരിശും വിശുദ്ധ ഗ്രന്ഥവും. വൈദികര്‍ക്കു പിന്നാലെ പ്രദക്ഷിണമായി മെത്രാന്മാരും അള്‍ത്താരയിലേക്ക്.

കബറടക്ക തിരുക്കര്‍മങ്ങളുടെ മൂന്നാം ഭാഗ ശുശ്രൂഷകള്‍ക്കു തുടക്കംകുറിച്ചു സീറോ മലബാര്‍ സഭാ അഡ്മിനിസ്ട്രേറ്ററും കൂരിയ ബിഷപ്പുമായ മാര്‍ ബോസ് കോ പുത്തൂര്‍ ആമുഖസന്ദേശം വായിച്ചു.

മാര്‍ ബോസ്കോ പുത്തൂരിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ.സൂസപാക്യം, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ മുഖ്യസഹകാര്‍മികരായിരുന്നു.സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സന്ദേശം നല്കി. ഇന്ത്യയിലെ അപ്പസ്തോലിക നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്‍റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഡോ.സിറില്‍ വാസില്‍ എന്നിവര്‍ക്കൊപ്പം മൂന്നുറീത്തു കളിലും പെട്ട നിരവധി മെത്രാന്മാരും നൂറുകണക്കിനു വൈദികരും സമൂഹബലിയില്‍ സഹകാര്‍മികത്വം വഹിച്ചു.

കര്‍ദിനാള്‍ സഭയോടു വിടചൊല്ലുന്നതിന്‍റെ സൂചനയായി ഭൗതികശരീരം അടക്കം ചെയ്ത മഞ്ചം അള്‍ത്താരയിലും ദേവാലയത്തിന്‍റെ ഇരുവശങ്ങളിലും ആനവാതിലിലും മുട്ടിക്കുന്ന ശുശ്രൂഷ ഹൃദയസ്പര്‍ശിയായിരുന്നു.

അതിരൂപതയിലെ ഫൊറോനാ വികാരിമാരും മുതിര്‍ന്ന വൈദികരും കര്‍ദിനാളിന്‍റെ സെക്രട്ടറിമാരുമാണ് അപ്പോള്‍ മഞ്ചം വഹിച്ചത്. കബറടക്കത്തിനു മുന്പുള്ള നഗരികാണിക്കല്‍ 4.30ന് ആരംഭിച്ചു. കര്‍ദിനാളിന്‍റെ ബന്ധുക്കളാണു ഭൗതികശരീരം അടക്കം ചെയ്ത മഞ്ചം പള്ളിയില്‍നിന്നു വാഹനത്തിലേക്ക് എത്തിച്ചത്. ഹൈക്കോടതി ജംഗ്ഷന്‍, ഷണ്‍മുഖം റോഡ്, മറൈന്‍ ഡ്രൈവ് വഴി മേനക ജംഗ്ഷന്‍ വരെ എത്തിയ വിലാപയാത്ര തിരിച്ചു ബസിലിക്കയില്‍ പ്രവേശിച്ചപ്പോഴേക്കും ബ്രോഡ്വേയും പരിസരങ്ങളും ജനസാഗരമായിക്കഴിഞ്ഞിരുന്നു. നഗരികാണിക്കല്‍ ബസിലിക്കയില്‍ തിരിച്ചെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിക്കപ്പെട്ടു.

വെള്ളവസ്ത്രങ്ങള്‍ ധരിച്ചു പൂക്കളേന്തിനിന്ന നൂറുകണക്കിനു തിരുബാലസഖ്യം കുഞ്ഞുങ്ങളുടെ അകന്പടിയോടെ ഭൗതികശരീരം ബസിലിക്കയിലേക്കു സംവഹിച്ചു.മദ്ബഹാ യില്‍ അള്‍ ത്താരയ്ക്കു സമീപം ഒരുക്കിയി രുന്ന കബറിടം മാര്‍ ബോസ്കോ പുത്തൂരിന്‍റെ കാര്‍മികത്വത്തില്‍ ആശീര്‍വദിച്ചു. അനു ശോചന സമ്മേളത്തിനു ശേഷം ഏഴരയോ ടെ സമാപനപ്രാര്‍ഥനകളെ തുടര്‍ന്നു കര്‍ദിനാളിന്‍റെ ഭൗതികശരീരം അള്‍ത്താരയില്‍ മുന്‍ഗാമികളുടെ കല്ലറകള്‍ക്കരികെ കബറടക്കി.  

Post a Comment