Total Pageviews

അകലത്തെ വഴികാട്ടി

വിദ്യാഭ്യാസമാണ് എക്കാലത്തെയും ഉറ്റസുഹൃത്തെന്ന് പറയാറുണ്ട്. വിദ്യാസമ്പന്നന്‍ എവിടെയും ആദരിക്കപ്പെടുന്നു. എന്നാല്‍, ആഗ്രഹിച്ചിട്ടും ഉപരിപഠനത്തിന് അവസരം ലഭിക്കാത്തവര്‍ നമുക്കിടയിലേറെയാണ്. ജോലി, വിവാഹം, സ്ഥലംമാറ്റം, ദൂരം, സമയം എന്നിങ്ങനെ പലകാരണങ്ങളാല്‍ ഉപരിപഠനം സാധ്യമാകാതെ വരുന്നവര്‍... അവര്‍ക്ക് ആശ്വാസമാകുന്നത് വിദൂരവിദ്യാഭ്യാസമേഖലയാണ്. ഒട്ടുമിക്ക സര്‍വകലാശാലകളും പരമ്പരാഗത വിദ്യാഭ്യാസ സംവിധാനത്തിനൊപ്പംതന്നെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും നടത്തുന്നുണ്ട്. എന്നാല്‍, സാര്‍വത്രികവും സുതാര്യവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ വിദൂരവിദ്യാഭ്യാസ മേഖലയില്‍ത്തന്നെ മാറ്റത്തിന്റെ തിരിതെളിയിച്ചത് 'ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി' (ഇഗ്‌നോ) ആണ്. വിദൂരവിദ്യാഭ്യാസ മേഖലയ്ക്ക് പ്രൊഫഷണല്‍, സാങ്കേതിക, അക്കാദമിക മികവിന്പുറമേ ഒരു ജനകീയമുഖം കൂടി 'ഇഗ്‌നോ' സമ്മാനിച്ചിട്ടുണ്ട്. 1985-ലെ പാര്‍ലമെന്റ് നിയമപ്രകാരം കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴില്‍ രൂപവത്കരിക്കപ്പെട്ട 'ഇഗേ്‌നാ' ഇന്ന് 30 ദശലക്ഷം വിദ്യാര്‍ഥികളുമായി ലോകത്തെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായി മാറിയിരിക്കുകയാണ്. രാജ്യത്താകമാനം 67 പ്രാദേശികകേന്ദ്രങ്ങളും 36 വിദേശരാജ്യങ്ങളിലായി 67 പഠനകേന്ദ്രങ്ങളുമായി 'ഇഗേ്‌നാ'യുടെ പഠനശൃംഖല വ്യാപിച്ചു കിടക്കുന്നു. പരമ്പരാഗത പാഠ്യവിഷയങ്ങള്‍ക്ക് പുറമേ ഉപരിപഠനം, തുടര്‍വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ ഇഗേ്‌നായില്‍ ലഭ്യമാണ്. മാനേജ്‌മെന്റ്, വിദ്യാഭ്യാസം, നിയമം, കാര്‍ഷികമേഖല, സയന്‍സ്, സോഷ്യല്‍സയന്‍സ്, എന്‍ജിനീയറിങ്, പെര്‍ഫോമിങ് ആര്‍ട്‌സ്, ജേണലിസം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനവികവിഷയങ്ങള്‍, വിദേശഭാഷകള്‍, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിങ്ങനെ വിവിധ വിഷയങ്ങളായി രൂപവത്കരിച്ച 21- ഓളം സ്‌കൂളുകളിലൂടെ 500-ഓളം പ്രോഗ്രാമുകളാണ് 'ഇഗേ്‌നാ' നടത്തുന്നത്. ഇഗേ്‌നായുടെ പ്രവേശനത്തിന്റെ പ്രത്യേകത- പ്രായം, പ്രോഗ്രാം പൂര്‍ത്തിയാക്കാനെടുക്കുന്ന കാലയളവ്, സ്ഥലം, സമയം എന്നീ മാനദണ്ഡങ്ങളിലുള്ള സുതാര്യതയാണ്. 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും യോഗ്യതയും താത്പര്യവുമനുസരിച്ച് പ്രവേശനം നേടാം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇഗേ്‌നായുടെ 'ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം'. ഇത് ഇഗേ്‌നായുടെ മറ്റ് ഡിഗ്രിപ്രോഗ്രാമുകള്‍ പഠിക്കാനുള്ള ഒരു ബ്രിജ് പ്രോഗ്രാമാണ്. അതായത് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത 18 വയസ്സ് കഴിഞ്ഞവര്‍ക്ക് ബി.പി.പി. പ്രോഗ്രാമില്‍ ചേരാനും അത് പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ ഇഗേ്‌നായുടെ മറ്റ് ഡിഗ്രി പ്രോഗ്രാമുകളില്‍ ചേരാനും സാധിക്കും. പഠിതാക്കളുടെ ഇടയില്‍ ഇഗേ്‌നാ കോഴ്‌സുകള്‍ സ്വീകാര്യമാക്കുന്ന, മറ്റൊരു ഘടകം അതിന്റെ സ്റ്റഡിമെറ്റീരിയലുകളാണ്. ഇഗേ്‌നാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 21-ഓളം സ്‌കൂളുകളിലെ അധ്യാപകരും ഉന്നത വിദ്യാഭ്യാസമേഖലയിലെ മറ്റ് പ്രഗല്ഭരും ചേര്‍ന്ന് തയ്യാറാക്കുന്നതാണ് ഈ പഠനസഹായികള്‍. സിവില്‍ സര്‍വീസ് പോലുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍പോലും റഫര്‍ ചെയ്യുന്ന തരത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ് ഇവ. സ്റ്റഡി മെറ്റീരിയലുകള്‍ക്ക് പുറമേ വിവിധ കോഴ്‌സുകളുമായി ബന്ധപ്പെട്ട തിയറി/ പ്രാക്ടിക്കല്‍ അക്കാദമിക് കൗണ്‍സലിങ് പഠനകേന്ദ്രങ്ങളില്‍ നടത്തുന്നുണ്ട്. നേരിട്ടുള്ള ഇത്തരം കൗണ്‍സലിങ് കൂടാതെ ഇന്റര്‍ ആക്ടീവ് റേഡിയോ കൗണ്‍സലിങ്, ടെലികോണ്‍ഫറന്‍സിങ്, വെബ് കോണ്‍ഫറന്‍സിങ് തുടങ്ങി ബഹുമുഖങ്ങളായ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പഠനരീതിയാണ് ഇഗേ്‌നാ പിന്തുടരുന്നത്. വിദ്യാഭ്യാസ ചാനലായ ഗ്യാന്‍വാണി എഫ്.എം. പ്രവേശനസംബന്ധമായ കാര്യങ്ങള്‍, ഇഗേ്‌നാ പ്രോഗ്രാമുകളെ സംബന്ധിച്ച പരിപാടികള്‍, പൊതുവായ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ ദിവസേന പ്രക്ഷേപണം ചെയ്യുന്നു. ഇഗേ്‌നാ ആസ്ഥാനത്തുള്ള ഇലക്‌ട്രോണിക് മീഡിയാ പ്രൊഡക്ഷന്‍ സെന്റര്‍ വിവിധ പഠനമേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവര്‍, അധ്യാപകര്‍ എന്നിവരുമായി ടെലികോണ്‍ഫറന്‍സിങ്ങിലൂടെ സംവദിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും കൂടുതല്‍ വിജ്ഞാനം ആര്‍ജിക്കാനുമുള്ള അവസരം ഒരുക്കുന്നു. ഇഗേ്‌നായുടെ എല്ലാ പ്രാദേശികകേന്ദ്രങ്ങളിലും ഡി.ടി.എച്ച്. മുഖേനയുള്ള ടെലികോണ്‍ഫറന്‍സിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഗേ്‌നായുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in -ലും ഈ പരിപാടികള്‍ ലഭ്യമാണ്. ഇഗേ്‌നായുടെ അക്കാദമികരംഗത്തെ മികവിന്റെ മറ്റൊരു മുഖമുദ്രയാണ് 'ഇ-ഗ്യാന്‍കോശ്'. യൂണിവേഴ്‌സിറ്റിയുടെ വെബ്‌റിസോഴ്‌സ് ആയ ഇ-ഗ്യാന്‍കോശ് ഇന്ന് ലോകത്തെതന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്രോതസ്സുകളില്‍ ഒന്നാണ്. 2200 -ലധികം കോഴ്‌സുകളും 2000-ലധികം വീഡിയോ പ്രഭാഷണങ്ങളും ഇതില്‍ ലഭ്യമാണ്. വിജ്ഞാനമാര്‍ജിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സൗജന്യമായി ഇ-ഗ്യാന്‍കോശില്‍ രജിസ്റ്റര്‍ ചെയ്യാനും അതിലുള്ള വിവരങ്ങളുടെ പ്രിന്റുകളും വീഡിയോയും എടുക്കാനും സാധിക്കും. ഒരു അക്കാദമികവര്‍ഷത്തില്‍ രണ്ടുതവണയാണ് ഇഗേ്‌നാ പ്രവേശനം നടത്തുന്നത്. ഒന്ന് ജൂലായിലും മറ്റൊന്ന് ജനവരിയിലും. മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, ബി.എസ്.എം.എഡ്. ചില മെഡിക്കല്‍പ്രോഗ്രാമുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം ദേശീയതലത്തില്‍ നടക്കുന്ന പ്രവേശനപരീക്ഷ മുഖേനയും മറ്റുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേരിട്ടുമാണ് നടത്തുന്നത്. ജൂലായില്‍ ആരംഭിക്കുന്ന അടുത്ത അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനത്തിന്റെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15 ആണ്.ഇഗേ്‌നായെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in ലും ഇഗേ്‌നായുടെ തിരുവനന്തപുരം, കൊച്ചി, വടകര മേഖലാകേന്ദ്രങ്ങളിലും ലഭ്യമാണ്. കേരളത്തിലെ ഇഗേ്‌നാ മേഖലാകേന്ദ്രങ്ങള്‍ തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍, തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകള്‍ കൊച്ചി: എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി, മലപ്പുറം വടകര: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്. പ്രധാനപ്പെട്ട പ്രോഗ്രാമുകള്‍ ബിരുദാനന്തര ബിരുദം: മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് ബിരുദം: ബി.സി.എ, ബി.ടി.എസ്, ബി.എ. ഡിഗ്രി പ്രോഗ്രാമുകള്‍, ബി.കോം. ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം (ബി.പി.പി.)


ഡോ.എം.എസ്. പ്രിയാമോള്‍
mspriyamol@ignou.ac.in

Share it:

Students Resource

TRENDING NOW

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: