Total Pageviews

മൂന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ ഒന്നാക്കുന്നു


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്. എസ്.ഇ വിഭാഗങ്ങള്‍ ലയിപ്പിച്ച് ഒന്നാക്കുന്നു. ഇപ്പോഴുള്ള ഈ മൂന്ന് ഡയറക്ടറേറ്റുകള്‍ ഒന്നാക്കി ഒറ്റ ഡയറക്ടറേറ്റ് രൂപവത്കരിക്കാനാണ് നയപരമായ തീരുമാനം. ഇതിനുള്ള പ്രാഥമിക റിപ്പോര്‍ട്ടുണ്ടാക്കാന്‍ അഞ്ചംഗ ഉദ്യോഗസ്ഥ സമിതിക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കി. വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എ.ഷാജഹാന്റെ അധ്യക്ഷതയില്‍ മൂന്ന് ഡയറക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് സമിതിക്ക് രൂപം നല്‍കിയത്. സ്‌കൂള്‍ വിദ്യാഭ്യാസം വിദ്യാഭ്യാസ കമ്മീഷണറുടെ ചുമതലയിലാ ക്കുകയെന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്ന നിര്‍ദേശം. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കും. മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അധ്യക്ഷനായ കെ.ഇ.ആര്‍ പരിഷ്‌കരണ സമിതിയും മുന്‍ സര്‍ക്കാരിന്റെ കാലത്തെ പാഠ്യപദ്ധതി പരിഷ്‌കരണ സമിതിയും മൂന്ന് ഡയറക്ടറേറ്റുകളും ഒന്നാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഹൈസ്‌കൂള്‍ വരെ ഡി.ഇ.ഒയുടെയും പ്ലസ് ടു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മറ്റൊരു ഡയറക്ടറുടെയും കീഴിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് സ്‌കൂള്‍തലത്തില്‍ സൃഷ്ടിക്കുന്ന ഭരണപരവും അക്കാദമികവുമായ ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഹയര്‍ സെന്‍ഡറിയുള്ള സ്‌കൂളിലാണ് കൂടുതല്‍ പ്രശ്‌നം. ഹെഡ്മാസ്റ്റര്‍ക്കാണോ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിനാണോ സ്‌കൂളിന്റെ ചുമതലയെന്നതുമുതല്‍ തര്‍ക്കമുണ്ട്. ഡി.ഇ.ഒയുടെ ഉത്തരവ് അനുസരിക്കാന്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദേശം അനുസരിക്കാന്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററും ബാധ്യസ്ഥരല്ല. അക്കാദമികമായ ഏകോപനമില്ലായ്മയും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. നിലവില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഒരു ഓഫീസേയുള്ളൂവെന്നതിനാല്‍ ഏതാവശ്യത്തിനും സംസ്ഥാനത്തുടനീളമുള്ള കുട്ടികളും അധ്യാപകരും തിരുവനന്തപുരത്ത് ഡയറക്ടറേറ്റില്‍ എത്തണം. ഡയറക്ടറേറ്റുകള്‍ ഒന്നിപ്പിച്ചാല്‍ എല്ലാ ഡി.ഇ.ഒ ഓഫീസിലും ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ സെല്ലുകളുമുണ്ടാകും. ഒരുവിധപ്പെട്ട കാര്യങ്ങള്‍ അവിടെത്തന്നെ തീരും. പരീക്ഷാനടത്തിപ്പും എളുപ്പമാകും. എസ്.എസ്.എല്‍. സി, പ്ലസ് ടു പരീക്ഷകള്‍ ഒരേ ദിവസമാണ് നടക്കാറുള്ളതെങ്കിലും ഇരുവിഭാഗങ്ങളും പ്രത്യേക ഒരുക്കങ്ങള്‍ വെവ്വേറെ നടത്തുകയാണ്. വി.എച്ച്.എസ്. ഇയും ഇതെല്ലാം ആവര്‍ത്തിക്കുന്നു. ഒറ്റ ഡയറക്ടറേറ്റായാല്‍ പരീക്ഷാ നടത്തിപ്പിന്റെ ജോലി ഓരോ കൂട്ടരും വെവ്വേറെ ചെയ്യേണ്ടതില്ല. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന് സ്‌കൂളിന്റെ ചാര്‍ജും ഹെഡ്മാസ്റ്റര്‍ക്ക് വൈസ് പ്രിന്‍സിപ്പല്‍ പദവിയുമെന്ന നിര്‍ദേശമാണ് ഉയര്‍ന്നിട്ടുള്ളത്. സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ കമ്മീഷണര്‍ക്കു താഴെയായി പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, പരീക്ഷാ നടത്തിപ്പ്, എസ്.സി.ഇ. ആര്‍.ടി എന്നിവയ്ക്ക് പ്രത്യേക ഡയറക്ടര്‍മാരും മറ്റുമുണ്ടാകും. ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥാനക്കയറ്റ സാധ്യതകളെ ബാധിക്കാത്ത തരത്തില്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതേസമയം അധ്യാപക സംഘടനകള്‍ക്ക് ഈ നിര്‍ദേശത്തോട് പലതരത്തിലാണ് പ്രതികരണം. ഹൈസ്‌കൂള്‍ തലത്തില്‍ കൂടുതല്‍ വേരോട്ടമുള്ള സംഘടനകള്‍ ലയനത്തെ അനുകൂലിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രമുഖ സംഘടനകള്‍ ഇതിനോട് വിയോജിക്കുന്നു. അക്കാദമികവും ഭരണപരവുമായ മികവിന് മൂന്ന് മേഖലകളും ഒന്നാക്കുന്നതാണ് നല്ലതെന്ന് കെ.എസ്.ടി.എ, കെ.പി.എസ്.ടി.യു, എ.കെ.എസ്.ടി.യു എന്നീ സംഘനടകള്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയുടെ തനത് വ്യക്തിത്വം നിലനിര്‍ത്തണമെന്നാണ് ഡോ.ലബ കമ്മിറ്റി ശുപാര്‍ശ ചെയ്തതെന്ന് എ.എച്ച്.എസ്.ടി.എ പറയുന്നു. മറ്റ് ചില സംസ്ഥാനങ്ങളില്‍ ജൂനിയര്‍ കോളേജുകളായി ഈ മേഖല നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Share it:

Educational News

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: