Total Pageviews

ഐ.എസ്.എസ്സില്‍ മലയാളി മുദ്ര

രാജ്യത്തിന്റെ സാമ്പത്തികനയരൂപവത്കരണത്തിനും വിശകലനത്തിനും ശേഷിയുള്ള മികച്ച മസ്തിഷ്‌കങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ദേശീയതലത്തില്‍ യു. പി.എസ്.സി നടത്തുന്ന പരീക്ഷയാണ് ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് / സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ. ബന്ധപ്പെട്ട മേഖലയില്‍ ബിരുദാനന്തരബിരുദമാണ് ഈ പരീക്ഷയുടെ അടിസ്ഥാനയോഗ്യത. കഴിഞ്ഞ വര്‍ഷത്തെ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയില്‍ മികവുകാട്ടിയ രണ്ട് മലയാളിപ്പെണ്‍കുട്ടികളെ പരിചയപ്പെടുക.
(ഈ പരീക്ഷയുടെ വിശദാംശങ്ങള്‍ അറിയാന്‍ ഫിബ്രവരി 12-ന് വിജയപഥത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.) തയ്യാറാക്കിയത്: നീനു മോഹന്‍
നീതു നെയ്‌തെടുത്ത നേട്ടം

വയനാടിന്റെ കാപ്പിപൂത്ത വഴികള്‍ക്ക് അത്രയ്ക്ക് പരിചിതമല്ലാത്ത നേട്ടമാണ് മാനന്തവാടി സ്വദേശിനി നീതു കെ. തോമസ് സ്വന്തമാക്കിയത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ദേശീയതലത്തില്‍ നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാംറാങ്ക്.

ഐ.എസ്.എസ്സിന്റെ ചരിത്രത്തില്‍തന്നെ മലയാളികള്‍ അപൂര്‍വമായി മാത്രം കരസ്ഥമാക്കിയ മികവാണ് ഇത്. ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും കൃത്യമായ ആസൂത്രണത്തോടെയുള്ള പഠനവുമാണ് വിജയവഴികളെ സുഗമമാക്കിയതെന്ന് നീതു പറയുന്നു. സബ് ട്രഷറി ഓഫീസില്‍നിന്ന് വിരമിച്ച അച്ഛന്‍ പയ്യമ്പിള്ളി കൊട്ടാരത്തില്‍ തോമസും ഭാര്യയും അധ്യാപികയുമായ ത്രേസ്യയും മകളുടെ വേറിട്ട ആഗ്രഹങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പം നിന്നു.

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിലെ ബിരുദപഠനകാലത്താണ് ഐ.എസ്.എസ്സിനെക്കുറിച്ച് നീതു കേള്‍ക്കുന്നത്. ബിരുദത്തില്‍ മൂന്ന് ഐച്ഛികവിഷയങ്ങളില്‍ ഒന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആയിരുന്നു. അന്ന് സ്റ്റാറ്റിസ്റ്റിക്‌സിനോട് തോന്നിയ ഇഷ്ടം കൂടിക്കൂടിവന്നപ്പോള്‍ തന്റെ വഴി ഇതുതന്നെയാവട്ടെയെന്ന് നീതു തീരുമാനിച്ചു. തുടര്‍ന്ന് ചെന്നൈ ലയോള കോളേജില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. പഠനശേഷം ചെന്നൈയിലെ സ്വകാര്യകമ്പനിയില്‍ ബിസിനസ് അനലിസ്റ്റായി ഒരു വര്‍ഷം ജോലിചെയ്തു. ജോലിക്കിടെ ഐ.എസ്.എസ്. പരീക്ഷയെഴുതിയെങ്കിലും പിന്നിലായിപ്പോയി. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ജോലി രാജിവെച്ച് മുഴുവന്‍സമയ പഠനത്തിനൊരുങ്ങിയെന്ന് നീതു പറയുന്നു.

ഇംഗ്ലീഷും പൊതുവിജ്ഞാനവുമടക്കം ആറ് പേപ്പറുകളാണ് ഐ.എസ്.എസ്. പരീക്ഷയ്ക്ക്. ഐച്ഛികവിഷയമായ സ്റ്റാറ്റിസ്റ്റിക്‌സിലെ നാല് പേപ്പറുകള്‍ക്ക് 200 മാര്‍ക്ക് വീതവും ശേഷിക്കുന്നവയ്ക്ക് 100 മാര്‍ക്കിനുമാണ് പരീക്ഷ. സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തരബിരുദത്തിനുള്ള സിലബസ് അനുസരിച്ചാണ് തയ്യാറാകേണ്ടത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിന് സമാനമായ തയ്യാറെടുപ്പുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഐ.എസ്.എസ്. കൈയില്‍ ഒതുങ്ങുകയുള്ളൂ.

കൂടുതല്‍ സമയവും ഐച്ഛികവിഷയത്തിനും ശേഷിക്കുന്ന സമയം ഇംഗ്ലീഷിനും പൊതുവിജ്ഞാനത്തിനുമായിരുന്നു തയ്യാറെടുപ്പ്. രാത്രി ഏറെ വൈകിയോ രാവിലെ നേരത്തേ എഴുന്നേറ്റോ പഠിക്കുന്ന ശീലമില്ല. ഒരു ദിവസം ആറ് മണിക്കൂര്‍ വരെ പഠിക്കും. പഠിക്കുന്നതിനേക്കാള്‍ പഠിച്ചകാര്യങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നതാണ് നല്ലത്. സിലബസ് പ്രകാരമുള്ള എല്ലാ വിഷയങ്ങളും പഠിക്കുകയെന്നത് സാധ്യമല്ല. എളുപ്പമെന്ന് തോന്നുന്ന വിഷയങ്ങള്‍ സൂക്ഷ്മമായി പഠിക്കുക. എന്നാല്‍ പ്രയാസമുള്ള പാഠഭാഗങ്ങള്‍ വിട്ടുകളയരുത്. എല്ലാം ഒരാവര്‍ത്തി വായിക്കുക. അടിസ്ഥാനവിവരങ്ങള്‍ എന്തായാലും പഠിച്ചുറപ്പിക്കുകതന്നെ വേണം. പഠനത്തിനായി ബിരുദാനന്തര ബിരുദസമയത്തെ നോട്ടുകളെ ആശ്രയിക്കാം. ഒപ്പം വിവിധ സാമ്പത്തിക ശാസ്ത്രജ്ഞരുടെ പുസ്തകങ്ങള്‍ പരിശോധിച്ച് നോട്ട് ഉണ്ടാക്കുകയും വേണമെന്ന് നീതു.

സ്വയം നോട്ടെടുത്ത് പഠിക്കുന്നതിന്റെ ഗുണഫലങ്ങള്‍ തനിക്ക് ആവോളം ലഭിച്ചിട്ടുണ്ടെന്നും നീതു പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്‌സ് പഠനത്തിന്റെ ഇടവേളകളിലാണ് ഇംഗ്ലീഷിനും പൊതുവിജ്ഞാനത്തിനും തയ്യാറെടുത്തത്. വ്യാകരണങ്ങളും പ്രബന്ധരചനയുമെല്ലാമാണ് ഇംഗ്ലീഷ് പേപ്പറില്‍ ചോദിക്കുന്നത്. വിപണിയില്‍ ലഭ്യമാകുന്ന ഇംഗ്ലീഷ് പ്രബന്ധ സഹായികള്‍ ഇതിനായി ആശ്രയിക്കാം. പൊതുവിജ്ഞാനത്തിനായി ഷക്ഷറ്‌ലമള്‍.ഹൃ പോലുള്ള വെബ്‌സൈറ്റുകളെ ആശ്രയിക്കുകയാണ് നീതു ചെയ്തത്. പരീക്ഷയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പില്‍ തിരുവനന്തപുരത്തെ പ്രൊഫ. കെ.വി. ബൈജുവിന്റെ നിര്‍ദേശങ്ങളും തനിക്ക് ഗുണം ചെയ്‌തെന്ന് നീതു പറയുന്നു. ഇന്റര്‍വ്യൂവിന് മുന്നോടിയായും വിഷയത്തില്‍ കേന്ദ്രീകരിച്ചുതന്നെയാണ് തയ്യാറെടുപ്പുകള്‍ നടത്തിയത്. കുഴപ്പിക്കുന്ന ചോദ്യങ്ങളല്ല ഉദ്യോഗാര്‍ഥികളുടെ വ്യക്തിത്വം അളക്കാനുതകുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ഇന്റര്‍വ്യൂബോര്‍ഡില്‍നിന്നും ഉണ്ടായതെന്ന് നീതു പറയുന്നു.

താന്‍ സ്വന്തമാക്കിയ വിജയം മറ്റുള്ളവര്‍ക്കുകൂടി പ്രചോദനമായതിന്റെ സന്തോഷത്തിലാണ് നീതു. കേരളത്തില്‍ നിന്നുള്ളവര്‍ പൊതുവേ ഐ.എസ്.എസ്സിന്റെ സാധ്യതകളെക്കുറിച്ച് ബോധവാന്മാരല്ല. ശ്രമിക്കാനുള്ള മനസ്സുണ്ടായാല്‍ എളുപ്പം നേടാവുന്നതാണ് ഐ.എസ്.എസ്സിന്റെ ഉയരങ്ങളെന്നും നീതു ആത്മവിശ്വാസത്തോടെ പറയുന്നു.

സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് വിനീതവിജയി

സര്‍ക്കാര്‍ സ്‌കൂളില്‍ മലയാള മീഡിയത്തില്‍ പഠിച്ച് അധ്യാപികയാവാന്‍ കൊതിച്ച പെണ്‍കുട്ടിയുടെ കൈയില്‍ ഒരു നിയോഗമെന്നോണം ഇന്ത്യയുടെ സാമ്പത്തിക ഭാവിയുടെ ചുമതല എത്തിച്ചേര്‍ന്ന കഥയാണ് ഒ.കെ. വിനീതയുടേത്.
യു.ജി.സി. യോഗ്യത നേടുന്നതിന് കൂടുതല്‍ നന്നായി പരിശ്രമിക്കുന്നതിനാണ് വിനീത തിരുവനന്തപുരത്തെ പരിശീലനകേന്ദ്രത്തിലെത്തുന്നത്. സുഹൃത്തുക്കള്‍ ഐ.എസ്.എസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് കണ്ടപ്പോള്‍ പ്രത്യേക തയ്യാറെടുപ്പുകളൊന്നും കൂടാതെ എഴുതിനോക്കി. സ്വാഭാവികമായും പരാജയപ്പെട്ടു. എന്നാല്‍, വര്‍ഷം മുഴുവന്‍ ശ്രമിച്ചവരേക്കാള്‍ മികച്ച മാര്‍ക്ക് തനിക്കുണ്ടെന്ന് കണ്ടപ്പോഴാണ് ഐ.എസ്.എസ്സിനെ കാര്യമായെടുക്കുന്നതെന്ന് വിനീത പറയുന്നു. പിന്നെ കൃത്യമായി പഠിച്ച് ഐ.എസ്.എസ്. എഴുതി. ഇത്തവണ ദേശീയതലത്തില്‍ ഒമ്പതാം റാങ്കുമായാണ് വിജയം വിനീതയ്‌ക്കൊപ്പം കോഴിക്കോട്ടേക്ക് എത്തിയത്.

കൊയിലാണ്ടി കാക്കഞ്ചേരി കോയമ്പുറത്തുകണ്ടിയില്‍ കര്‍ഷകനായ ഒ.പി. വിപിനചന്ദ്രന്റെയും ഹേമലതയുടെയും മകളാണ് വിനീത. 'നിനക്ക് മടുക്കുന്നതുവരെ പഠിച്ചോ' എന്ന വീട്ടുകാരുടെ ഉറപ്പാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്ന് വിനീത പറയുന്നു. സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാരായ ചേച്ചി അപര്‍ണയുടെയും അനിയന്‍ അരുണിന്റെയും വഴിയില്‍നിന്ന് തെന്നിമാറി സ്റ്റാറ്റിസ്റ്റിക്‌സ് വിഷയമായെടുക്കാന്‍ പ്രേരിപ്പിച്ചതും കുടുംബം നല്‍കിയ പിന്തുണതന്നെ. പേരാമ്പ്ര സി.കെ.ജി. മെമ്മോറിയല്‍ കോളേജിലെ പഠനകാലത്താണ് സ്റ്റാറ്റിസ്റ്റിക്‌സ് ഐച്ഛികവിഷയമായി പഠിക്കാന്‍ വിനീത തീരുമാനിക്കുന്നത്. ബിരുദക്ലാസുകളില്‍ താത്കാലിക അധ്യാപകനായെത്തിയ കുസാറ്റിലെ ഗവേഷണവിദ്യാര്‍ഥി കെ. സുധീഷ്‌കുമാറിന്റെ നിര്‍ദേശങ്ങളായിരുന്നു അതിനുപിന്നില്‍. ബിരുദത്തിനുശേഷം വിനീത കുസാറ്റില്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയശേഷം സ്വകാര്യ കമ്പനിയില്‍ ഡാറ്റാ അനലിസ്റ്റായും കോളേജുകളില്‍ അധ്യാപികയായുമൊക്കെ പ്രവര്‍ത്തിച്ചു.

പഠിച്ച വിഷയം ഉപയോഗിക്കുന്ന വിധത്തിലുള്ള ജോലിയായിരുന്നു മനസ്സില്‍. ഐ.എസ്.എസ്സില്‍ വിഷയത്തിന്റെ പ്രായോഗികജ്ഞാനമാണ് വേണ്ടതെന്നത് കൂടുതല്‍ അടുപ്പിച്ചുവെന്ന് വിനീത പറയുന്നു. വീട്ടില്‍ നിന്നാല്‍ പഠനത്തില്‍ ഉഴപ്പുമെന്ന് തോന്നിയതിനാല്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചത്. പുലര്‍ച്ചെ നാലിനെഴുന്നേറ്റ് വായന തുടങ്ങും. എന്നാല്‍, രാത്രി പത്തിനപ്പുറം ഇരിക്കാറേയില്ല. സുഹൃത്തുക്കളുമായി ചേര്‍ന്ന് പഠിക്കുന്ന ശീലവും ഉണ്ടായിരുന്നുവെന്ന് വിനീത.

ഐച്ഛികവിഷയമായ സ്റ്റാറ്റിസ്റ്റിക്‌സിലെ മുഴുവന്‍ വിഷയങ്ങളും ഹൃദ്യസ്ഥമാക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെ താത്പര്യമുള്ളതെന്ന് തോന്നിയവ 100 ശതമാനവും പഠിച്ചു. ശേഷിക്കുന്ന ഭാഗങ്ങളിലെ അടിസ്ഥാനതത്ത്വങ്ങള്‍ മാത്രം പഠിച്ചു. 200 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ മൂന്ന് മണിക്കൂറിനകം എഴുതണമെന്നതാണ് ഐ.എസ്.എസ്. പരീക്ഷയിലെ വെല്ലുവിളി. അതിനായി കൃത്യമായി ആസൂത്രണം ചെയ്ത്, എന്ത് എഴുതാം എത്രയൊക്കെ എഴുതാം എന്നിങ്ങനെ ധാരണയുണ്ടാക്കി. ഒഴിവുസമയങ്ങളിലാണ് ഇംഗ്ലീഷിനും പൊതുവിജ്ഞാനത്തിനുമായി തയ്യാറെടുത്തത്.

മലയാളം, ഇംഗ്ലീഷ് പത്രങ്ങള്‍ മുടങ്ങാതെ വായിച്ചു. ഒപ്പം കോമ്പറ്റീഷന്‍ സക്‌സസ്, യോജന തുടങ്ങിയ മാസികകളും തയ്യാറെടുപ്പിന് സഹായകമായെന്ന് വിനീത. എഴുത്തുപരീക്ഷയ്ക്കുശേഷം ഇന്റര്‍വ്യൂവിനും വിനീത നന്നായി തയ്യാറെടുത്തിരുന്നു. സെന്‍സസ്, കേരളത്തിന്റെ സാമ്പത്തികവിശകലനം തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. മുമ്പ് വിജയിച്ചവരെയും വിളിച്ച് സംസാരിച്ചു. എന്നാല്‍, ചില ചരിത്രപാഠങ്ങളുമായി ഇന്റര്‍വ്യൂബോര്‍ഡ് തന്നെ കുഴപ്പിച്ചെന്ന് വിനീത പറഞ്ഞു. കൃത്യമായ അറിവില്ലാത്ത വിഷയങ്ങളില്‍ അബദ്ധം പറയാതിരിക്കാന്‍ ശ്രദ്ധിച്ചു. അറിയാവുന്നത് മാത്രം വ്യക്തമായി പറയുകയും ചെയ്തു. ഈ നിലപാട് ഇന്റര്‍വ്യൂബോര്‍ഡിനെ വരുതിയിലാക്കാന്‍ ഉപകരിച്ചെന്ന് വിനീത. എന്തായാലും രാജ്യത്തിന്റെ സാമ്പത്തികഭാവി നിര്‍ണയിക്കുന്നതില്‍ തന്റെ പങ്ക് എങ്ങനെയെല്ലാം വിനിയോഗിക്കാം എന്നതിന്റെ ചിന്തയിലാണ് ഇപ്പോള്‍ വിനീത.

Copyright Mathrubhumi 
Share it:

Motivational

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: