തലച്ചോറിലെ 'ജി.പി.എസ്' കണ്ടെത്തിയവര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍

തലച്ചോറിലെ 'ജി.പി.എസ്.സംവിധാനം' കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ 2014 ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോണ്‍ ഒകീഫ്, ഗവേഷക ദമ്പതിമാരായ മേ-ബ്രിറ്റ് മോസര്‍, എഡ്വാര്‍ഡ് മോസര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

സ്ഥാനവും ദിശയും കണ്ടെത്താന്‍ മസ്തിഷ്‌ക്കം എങ്ങനെ നമ്മളെ സഹായിക്കുന്നു എന്ന് കണ്ടെത്തുകയാണ് ഈ ഗവേഷകര്‍ ചെയ്തത്. ഒരു തവണ സന്ദര്‍ശിച്ച സ്ഥലത്തേക്ക് വീണ്ടും ഒരാള്‍ക്ക് എത്താന്‍ ദിശ ഓര്‍ത്തിരിക്കുന്നത് എങ്ങനെയെന്നും ഈ കണ്ടെത്തല്‍ വിശദീകരിക്കുന്നു.

സ്വന്തം ചുറ്റുപാട് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ അല്‍ഷൈമേഴ്‌സ് രോഗികള്‍ എങ്ങനെ അകപ്പെടുന്നുവെന്ന് വിശദീകരിക്കാനും ഇത് സഹായിക്കുമെന്ന് കരുതുന്നു.



മേ-ബ്രിട്ട് മോസര്‍ നമ്മുടെ 'ആന്തര ജി.പി.എസ്.സംവിധാന'ത്തിലെ ആദ്യഘടകം 1971 ല്‍ ജോണ്‍ ഒകീഫ് ആണ് കണ്ടെത്തിയത്. എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ്, ഒരോ പ്രത്യേക സ്ഥലത്തെത്തുമ്പോള്‍ തലച്ചോറില്‍ ഹിപ്പൊകാംപസിലെ ( hippocampus ) ചില പ്രത്യേക കോശങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതായി അദ്ദേഹം കണ്ടത്. അത്തരം കോശങ്ങള്‍ ('place cells') തലച്ചോറില്‍ ഒരു മാപ്പ് രൂപപ്പെടുത്തുന്നതായി ആ നിരീക്ഷണം തെളിയിച്ചു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2005 ലാണ്, തലച്ചോറിലെ ജി.പി.എസിന്റെ മറ്റൊരു സുപ്രധാന ഘടകം മോസര്‍ ദമ്പതിമാര്‍ കണ്ടെത്തിയത്. 'ഗ്രിഡ് കോശങ്ങള്‍' ('grid cells') എന്ന് വിളിക്കുന്ന ആ മസ്തിഷ്‌ക്ക കോശങ്ങളാണ് കൃത്യമായ സ്ഥാനവും ദിശയും നിര്‍ണിയിക്കാന്‍ സഹായിക്കുന്നതെന്ന് വ്യക്തമായി.

എഡ്വാര്‍ഡ് മോസര്‍
നൂറ്റാണ്ടുകളായി ദാര്‍ശനികരെയും ഗവേഷകരെയും കുഴക്കിയിരുന്ന പ്രശ്‌നത്തിനാണ് ഈ മൂന്ന് ഗവേഷകര്‍ ചേര്‍ന്ന് പരിഹാരമുണ്ടാക്കിയതെന്ന്, നൊബേല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

ന്യൂയോര്‍ക്ക് നഗരത്തില്‍ 1939 ല്‍ ജനിച്ച ജോണ്‍ ഒകീഫ്, അമേരിക്കയുടെയും ബ്രിട്ടന്റെയും പൗരത്വമുള്ള ഗവേഷകനാണ്. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകനാണ് അദ്ദേഹം.

നോര്‍വ്വെയിലെ ഫോസ്‌നവഗില്‍ 1963 ല്‍ ജനിച്ച മേ-ബ്രിട്ട് മോസര്‍ ഇപ്പോള്‍ നോര്‍വ്വെയില്‍ ട്രോന്‍ഥീമിലെ 'സെന്റര്‍ ഫോര്‍ ന്യൂറല്‍ കംപ്യൂട്ടേഷ'ന്റെ ഡയറക്ടറാണ്. നോര്‍വ്വെയിലെ അലെസന്‍ഡില്‍ 1962 ല്‍ ജനിച്ച എഡ്വാര്‍ഡ് മോസര്‍ ഇപ്പോള്‍ ട്രോന്‍ഥീമില്‍ 'കാവ്‌ലി ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ സിസ്റ്റംസ് ന്യൂറോസയന്‍സി'ന്റെ മേധാവിയാണ് (ചിത്രങ്ങള്‍: എ പി).

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق