ഇന്ത്യക്കാരനായ നികേഷ് അറോറയുടെ പ്രതിദിന പ്രതിഫലം 4 കോടി രൂപ


ഇന്ത്യക്കാരനും ഗൂഗിളിന്റെ മുന്‍ എക്‌സിക്യുട്ടീവുമായ നികേഷ് അറോറയുടെ പ്രതിമാസ ശമ്പളം 120 കോടി രൂപ. അതായത് ശമ്പള ഇനത്തില്‍ അദ്ദേഹത്തിന് പ്രതിദിനം ലഭിക്കുന്നത് നാല് കോടി രൂപ. ജപ്പാനിലെ ടെലികമ്യൂണിക്കേഷന്‍ ഭീമനായ സോഫ്റ്റ് ബാങ്ക് കോര്‍പിന്റെ പ്രസിഡന്‍ായ അറോറയ്ക്ക് 850.5 കോടി രൂപയാണ് കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഈവര്‍ഷം മാര്‍ച്ച് വരെ ശമ്പള ഇനത്തില്‍ ലഭിച്ചത്.

കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന അറോറയെ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റും സിഇഒയുമായി നിയമിച്ചത്. ആപ്പിള്‍ സിഇഒ ടിം കുക്ക്, മൈക്രോ സോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് സത്യ നദേല എന്നിവരെ ഇതോടെ ശമ്പളകാര്യത്തില്‍ നികേഷ് അറോറ പിന്നിലാക്കി. കഴിഞ്ഞ സപ്തംബറിലാണ് അറോറ സോഫ്റ്റ്ബാങ്കില്‍ ചേര്‍ന്നത്. ഗൂഗിളിന്റെ എക്‌സിക്യുട്ടീവായിരുന്നപ്പോള്‍ 46.7 ദശലക്ഷം ഡോളറായിരുന്നു അറോറയുടെ പ്രതിഫലം.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം നേടിയശേഷം ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ നികേഷ്, ബോസ്റ്റണ്‍ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദവും നോര്‍ത്തീസ്‌റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ.യും നേടി. ജര്‍മന്‍ ടെലിക്കോം, പുട്‌നം ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഫിഡെലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളില്‍ ജോലിചെയ്തശേഷം ടിമൊബൈലിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായി. ടിമൊബൈലിന്റെ യൂറോപ്പിലെ ഡയറക്ടര്‍മാരിലൊരാളായിരുന്ന നികേഷ് 2004ലാണ് ഗൂഗിളിലെത്തുന്നത്. ഗൂഗിളിന്റെ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും വികസനപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ഗൂഗിള്‍ ആഡ്‌സിന്റെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തതാണ് നികേഷിനെ ഗ്ലോബല്‍ സെയില്‍സ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നയിച്ചത്.

ഇന്ത്യന്‍ വ്യോമസേനയിലെ ഫിനാന്‍ഷ്യല്‍ പ്ലാനറായിരുന്നു നികേഷിന്റെ അച്ഛന്‍. അമ്മ ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയും. ഡല്‍ഹിയില്‍ ജനിച്ചെങ്കിലും, അച്ഛന്റെ ഔദ്യോഗിക യാത്രകള്‍ക്കൊപ്പം, ഇന്ത്യയിലെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിലായാണ് നികേഷിന്റെ പഠനം പൂര്‍ത്തിയായത്. വാരണാസി ഐ.ഐ.ടി.യില്‍നിന്ന് പുറത്തിറങ്ങിയശേഷം ഒരുവര്‍ഷത്തോളം വിപ്രോയില്‍ ജോലി ചെയ്‌തെങ്കിലും, കുറച്ചുകൂടി ഉയര്‍ന്നതലത്തില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമാണ് നികേഷിനെ അമേരിക്കയിലേക്ക് യാത്രചെയ്യാന്‍ പ്രേരിപ്പിച്ചത്. 21ാം വയസ്സില്‍ നികേഷ് അമേരിക്കയിലെത്തി. പിന്നീട് അതിവേഗം വളര്‍ച്ചയുടെ പടവുകള്‍ കയറിയ നികേഷ്, ഒടുവില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വേതനം പറ്റുന്ന എക്‌സിക്യുട്ടീവുമാരിലൊരാളായി. ലോകമെങ്ങുമറിയുന്ന, ലോകമെങ്ങും ആശ്രയിക്കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവികളിലൊരാളാകാനും നികേഷിനായി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment