പ്രേമത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പരസ്യശാസന പാടില്ല

പ്രേമത്തിന്റെ പേരില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരസ്യമായി ശാസിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. കുട്ടികള്‍ക്കുള്ള ശിക്ഷാനടപടികള്‍ മാതൃകാപരമായിരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.

ശിക്ഷകള്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തിന് ഹാനി ഉണ്ടാക്കുകയും ചിലതെങ്കിലും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

അച്ചടക്കരാഹിത്യവും എതിര്‍ലിംഗക്കാരുമായുള്ള സ്‌നേഹബന്ധങ്ങളും പലപ്പോഴും സ്‌കൂളില്‍ പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും കര്‍ശനമായ ഇടപെടലുകള്‍ക്ക് ഇത് അവസരമൊരുക്കുന്നു. തെറ്റുചെയ്ത വിദ്യാര്‍ഥികളെ പരസ്യമായി അസംബ്ലിയില്‍വച്ച് മാപ്പുപറയിക്കുക, ക്ലാസില്‍ സഹപാഠികളുടെ മുന്നില്‍വച്ച് ആക്ഷേപിക്കുക. സ്റ്റാഫ് റൂമില്‍ മറ്റ് അധ്യാപകരുടെ മുന്നില്‍ പരസ്യമായി കുറ്റവിചാരണ ചെയ്യുക തുടങ്ങിയ ശിക്ഷാനടപടികള്‍ പല വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെന്ന്് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

കൗമാരകാലഘട്ടത്തില്‍ വിദ്യാര്‍ഥികളില്‍ അഭിമാന, ദുരഭിമാന, മിഥ്യാ ബോധങ്ങള്‍ രൂപപ്പെട്ടുവരുന്നു. പരസ്യമായി, പ്രത്യേകിച്ച് എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ മുന്നില്‍വച്ച് ശാസിക്കുന്നത് അവരുടെ വ്യക്തിത്വത്തിനുനേരേയുള്ള ആക്രമണമായി കാണണം. ആത്മഹത്യയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ശാസനാരീതി ഉപേക്ഷിക്കണം.

അഭിമാനബോധത്തിന് ആഘാതമേല്‍പ്പിക്കാതെയാണ് ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണം. 


വിദ്യാര്‍ഥികളുടെ ക്രിയാത്മകമായ കഴിവുകളെ പരസ്യമായി അഭിനന്ദിക്കുകയും തെറ്റുകളെ രഹസ്യമായി ശാസിക്കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

ശിക്ഷാനടപടി അധ്യാപകന്റെ ധാര്‍മ്മികബോധത്തെയും വിശകലനശേഷിയെയും പ്രശ്‌നത്തോടുള്ള സമീപനത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇക്കാര്യത്തില്‍ അധ്യാപകര്‍ വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment