സാന്‍ ഫ്രാന്‍സിസ്‌കോയിലെ മോസ്‌കോന്‍ സെന്ററില്‍ നടന്ന ഐഫോണ്‍ അവതരണത്തിനിടെ മൊബൈല്‍ഫോണിന് തങ്ങള്‍ 'പുനര്‍ജന്മം നല്‍കാന്‍ പോകുന്നു'വെന്ന് സ്റ്റീവ് ജോബ്‌സ് തന്റെ സ്വസിഗ്ധമായ ശൈലിയില്‍ ചടുലതയോടെ പ്രസ്താവിക്കുമ്പോള്‍, ആ സദസ്സിലുണ്ടായിരുന്ന അധികമാര്‍ക്കും എന്താണ് യഥാര്‍ഥത്തില്‍ അദ്ദേഹം അര്‍ഥമാക്കിയതെന്ന് മനസിലായിക്കാണില്ല. മക്‌വേള്‍ഡ് സമ്മേളനത്തിനിടെ 2007 ജനുവരി 9 നായിരുന്നു ഐഫോണ്‍ അവതരണം. പത്തുവര്‍ഷം തികയുന്ന ഈ വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാകും, സ്റ്റീവ് അന്ന് നടത്തിയ പ്രഖ്യാപനത്തിന്റെ ശരിയായ അര്‍ഥം ഇതായിരുന്നു: 'ഞങ്ങള്‍ ലോകത്തെ സ്മാര്‍ട്ടാക്കാന്‍ പോകുന്നു!'

ഐഫോണ്‍ ആരംഭിച്ച വിപ്ലവം വഴി സംഭവിച്ചത് മറ്റൊന്നായിരുന്നില്ല, അക്ഷരാര്‍ഥത്തില്‍ ലോകം സ്മാര്‍ട്ടായി!
അത് വെറുതെ സംഭവിച്ചതല്ല. ആധുനിക നാഗരികതയുടെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ടെക്‌നോളജി വിപ്ലവത്തിന് തിരികൊളുത്തുക വഴിയാണ് ഐഫോണ്‍ അത് സാധിച്ചത്. യന്ത്രങ്ങളും മനുഷ്യനുമായുള്ള ഇടപഴകലിന്റെ ചരിത്രവഴികളെ ഐഫോണ്‍ മാറ്റിയെഴുതി. ബട്ടണുകളും ലിവറുകളും അപ്രസക്തമായി. പകരം, വിരല്‍സ്പര്‍ശം ഇടംപിടിച്ചു.

ടെക്‌നോളജി എഴുത്തുകാരനായ ഫ്രെഡ് വോഗല്‍സ്റ്റീനിന്റെ അഭിപ്രായമനുസരിച്ച്, 'ഐഫോണ്‍ ശരിക്കുമൊരു ഫോണായിരുന്നില്ല. ഫോണ്‍ വിളിക്കാന്‍ കഴിയുന്ന ആദ്യത്തെ മുഖ്യധാരാ പോക്കറ്റ് കമ്പ്യൂട്ടറായിരുന്നു'.  പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ പുത്തന്‍യുഗം ഉദ്ഘാടനം ചെയ്ത മാന്ത്രിക ഉപകരണം.

2007 ജനുവരിയില്‍ അവതരിപ്പിച്ചെങ്കിലും ആ വര്‍ഷം ജൂണ്‍ 29 നാണ് ഉപയോക്താക്കളുടെ കൈകളില്‍ ആദ്യ ഐഫോണ്‍ എത്തിയത്. അന്ന് തുടങ്ങിയ യാത്ര ഇപ്പോള്‍ ഐഫോണ്‍ 7 ലെത്തി നില്‍ക്കുന്നു. ശരിക്കുള്ള കീബോര്‍ഡില്ലാതെ ടച്ച്‌സ്‌ക്രീന്‍ മാത്രമുള്ള ഐഫോണ്‍, വില്‍പ്പനയ്‌ക്കെത്തുംമുമ്പ് തന്നെ ചത്തുകഴിഞ്ഞുവെന്ന് പ്രവചിച്ച ടെക് വിദഗ്ധരുണ്ടായിരുന്നു. അത്തരം എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള ഐഫോണിന്റെ വിജയഗാഥയ്ക്കാണ് കഴിഞ്ഞ പത്തുവര്‍ഷം ലോകം സാക്ഷ്യംവഹിച്ചത്. വിപണിയിലെത്തി ആദ്യ ആറുമാസംകൊണ്ട് 37 ലക്ഷം ഐഫോണുകള്‍ വിറ്റു. 2016 ജൂലായില്‍ വില്‍പ്പന ഒരു ബില്യണ്‍ (100 കോടി) മറികടന്നു.
ചരിത്രത്തിലെ ഏറ്റവും വിജയകരവും ലാഭകരവുമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉത്പന്നമായി ഇന്ന് ഐഫോണ്‍ വിലയിരുത്തപ്പെടുന്നു. ഇതൊരു വെറുംവാക്കല്ല. വില്‍ക്കപ്പെട്ട എണ്ണം, നേടിക്കൊടുത്ത ലാഭം, ആഗോളതലത്തില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം, തയ്യാറാക്കപ്പെട്ട ആപ്പുകളുടെ എണ്ണം-ഇതെല്ലാം പരിഗണിക്കുമ്പോള്‍, ഐഫോണിന് അധികം സമാന്തരങ്ങള്‍ കണ്‍സ്യൂമര്‍ ചരിത്രത്തില്‍ കണ്ടെന്ന് വരില്ല.
ഐഫോണ്‍ വഴി ആപ്പിള്‍ തുടങ്ങിയ സ്മാര്‍ട്ട് വിപ്ലവം, ആപ്പിള്‍ അധികൃതരുടെ ഇഷ്ടത്തോടെയല്ലെങ്കിലും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് കൂടി പിന്തുടര്‍ന്നതോടെ, ഇതുവരെ ദര്‍ശിക്കാത്ത സാധ്യതകളിലേക്ക് ചുവടുവെയ്ക്കാന്‍ മനുഷ്യവര്‍ഗത്തിന് അവസരമൊരുങ്ങി. മാധ്യമങ്ങളെയും സാമ്പത്തികക്രയവിക്രയങ്ങളെയും മുതല്‍ മനുഷ്യബന്ധങ്ങളെ വരെ സ്മാര്‍ട്ട്‌ഫോണുകള്‍ പുനര്‍നിര്‍ണയിക്കുന്ന ഒരു ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന നിര്‍ണായക ഘടകങ്ങളിലൊന്നായി സ്മാര്‍ട്ട്‌ഫോണും മൊബൈല്‍ കമ്പ്യൂട്ടിങും മാറിക്കഴിഞ്ഞു.

ഇതിനൊക്കെ ഏറ്റവുമധികം നമ്മള്‍ കടപ്പെട്ടിരിക്കുന്നത് സ്റ്റീവ് ജോബ്‌സ് എന്ന ക്രാന്തദര്‍ശിയോടാണ്. ഇക്കാര്യത്തില്‍ അത്ഭുതകരമായ സംഗതി എന്താണെന്ന് ചോദിച്ചാല്‍, ഐഫോണ്‍ സൃഷ്ടിക്കാനായി സ്റ്റീവും ആപ്പിളും പുതിയതായി ഒന്നും കണ്ടുപിടിച്ചില്ല എന്നതാണ്. നിലവിലുണ്ടായിരുന്ന ടെക്‌നോളജികളെ, ഐഫോണിന് പാകത്തില്‍ പരുവപ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 'സിരി' ( Siri ) എന്ന വെര്‍ച്വല്‍ സഹായിയെക്കൂടി ഐഫോണില്‍ കുടിയിരുത്താന്‍ വഴിയൊരുക്കിയിട്ടായിരുന്നു സ്റ്റീവിന്റെ അന്ത്യം.
'ഭാവി കണ്ടുപിടിച്ച മനുഷ്യന്‍' എന്ന് സ്റ്റീവിനെ വിശേഷിപ്പിക്കാറുണ്ട്. വീടുകളിലേക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ പ്രവേശനത്തിന് വഴിയൊരുക്കിക്കൊണ്ട് 1984 ല്‍ മകിന്റോഷ് കമ്പ്യൂട്ടര്‍ വികസിപ്പിച്ചപ്പോഴും, വ്യക്തിഗത വിനോദത്തിന്റെ പതിവ് വഴികളെ ഐപോഡ്  ( iPod ) എന്ന ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ വഴി 2001 ല്‍ പുനര്‍നിര്‍വചിക്കുമ്പോഴും സ്റ്റീവ് ചെയ്തത് ഭാവിയെ നിര്‍ണയിക്കുക തന്നെയായിരുന്നു. ഐഫോണിന്റെ കാര്യത്തില്‍ ഭാവിയെ കണ്ടെത്തുകയല്ല, വിപ്ലവകരമായി മാറ്റിമറിക്കുകയാണ് സ്റ്റീവ് ചെയ്തത്.

ഐപാഡില്‍നിന്നുണ്ടായ ഐഫോണ്‍
2007 ലാണ് ഐഫോണ്‍ അവതരിപ്പിച്ചത്, 2010 ല്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡും എത്തി. ടാബ്‌ലറ്റ് യുഗത്തിന് നാന്ദികുറിക്കുകയായിരുന്നു സ്റ്റീവും ആപ്പിളും ഐപാഡ് വഴി.ആദ്യ ഐഫോണ്‍ 


ഏവരും കരുതിയത് ഐഫോണിന്റെ പിന്‍ഗാമിയാണ് ഐപാഡ് എന്നാണ്. എന്നാല്‍ അത് ശരിയല്ലെന്നും, ഐപാഡില്‍ നിന്നാണ് ഐഫോണ്‍ പിറവിയെടുത്തതെന്നും 2011 ല്‍ സ്റ്റീവിന്റെ ഔദ്യോഗിക ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഐസാക്‌സണ്‍ വിവരിച്ചത് തെല്ലൊരു അമ്പരപ്പോടെയാണ് ലോകം വായിച്ചത്.
2010 ല്‍ പുറത്തിറങ്ങിയ ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ ബീജാവാപം നടന്നത് 2002ല്‍ എന്നാണ് ഐസാക്‌സണ്‍ വെളിപ്പെടുത്തിയത്. അന്ന് മൈക്രോസോഫ്റ്റില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന എഞ്ചിനിയറുടെ അമ്പതാംപിറന്നാള്‍ ആഘോഷത്തിന് പത്‌നി ലൊറീനൊപ്പം സ്റ്റീവ് പങ്കെടുക്കുകയുണ്ടായി. അതില്‍ നിന്നാണ് തുടക്കം. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ആ ചടങ്ങിനെത്തിയിരുന്നു.
പിറന്നാള്‍ ചടങ്ങ് പുരോഗമിച്ചു. മദ്യലഹരിയില്‍ ആ എഞ്ചിനിയര്‍ മൈക്രോസോഫ്റ്റില്‍ തന്റെ കാര്‍മികത്വത്തില്‍ നിര്‍മിക്കുന്ന ടാബ്‌ലറ്റിനെപ്പറ്റി ആവര്‍ത്തിച്ച് ബഠായി പറയാന്‍ തുടങ്ങിയത് സ്റ്റീവിനെ വല്ലാതെ അലോസരപ്പെടുത്തി. സ്റ്റൈലസോടുകൂടി എത്താന്‍ പോകുന്ന ആ ടാബ്‌ലറ്റ് വലിയ സംഭവമായിരിക്കുമെന്നും ആപ്പിളിന്റെ കമ്പ്യൂട്ടര്‍ ബിസിനസ് അത് പൂട്ടിക്കുമെന്നൊക്കെ അയാള്‍ തട്ടിമൂളിച്ചു. സ്വാഭാവികമായും ബില്‍ ഗേറ്റ്‌സും അസ്വസ്ഥനായി.
പിറ്റേ ദിവസം ഓഫീസിലെത്തിയ സ്റ്റീവ് ആപ്പിളിലെ തന്റെ വിശ്വസ്തരെ വിളിച്ചുകൂട്ടിയിട്ട് ഇങ്ങനെ പറഞ്ഞു: 'എനിക്കൊരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വേണം. പക്ഷേ, അതിന് കീബോര്‍ഡും പാടില്ല, സ്റ്റൈലസും പാടില്ല'. ആറുമാസമെടുത്തു ശരിക്കുമൊരു പ്രോട്ടോടൈപ്പ് രൂപപ്പെടുത്താന്‍. കീബോര്‍ഡും സ്‌റ്റൈലസുമില്ലാത്ത ടാബിനായുള്ള ആപ്പിള്‍ എഞ്ചിനിയര്‍മാരുടെയും, ആപ്പിളിന്റെ സ്റ്റാര്‍ ഡിസൈനര്‍ ജോണി ഐവിന്റെയും ശ്രമമാണ് പിന്നീട് ഐഫോണില്‍ ഇടംപിടിച്ച മള്‍ട്ടിടച്ച് അടക്കമുള്ള നൂതനസങ്കേതങ്ങളിലേക്ക് നയിച്ചത്.

ഡിജിറ്റല്‍ മ്യൂസിക് പ്ലെയറായ ഐപോഡ് ( iPod ) ആപ്പിള്‍ പുറത്തിറക്കിയത് 2001 ലാണെന്ന് സൂചിപ്പിച്ചല്ലോ. 2005 ആയപ്പോഴേക്കും പാശ്ചാത്യരാജ്യങ്ങളില്‍  ഐപോഡ് ശരിക്കും സര്‍വ്വവ്യാപിയായി മാറി. 2005 ല്‍ മാത്രം 200 ലക്ഷം  ഐപോഡുകളാണ് ലോകമെങ്ങും വിറ്റത്. കമ്പനിയുടെ ആ വര്‍ഷത്തെ ലാഭത്തില്‍ 45 ശതമാനം എത്തിയത് ആളുകള്‍ പോക്കറ്റിലിട്ടു നടക്കുന്ന ആ കുഞ്ഞന്‍ ഗാഡ്ജറ്റില്‍ നിന്നായിരുന്നു.

സ്റ്റീവല്ലാതെ മാറ്റേത് കമ്പനി മേധാവിയായാലും ലാഭത്തിന്റെ ആ സുഖലോലുപതയില്‍ അലസനായി പോകുമായിരുന്നു. ഐപോഡിന്റെ അത്ഭുതകരമായ ആ വില്‍പ്പന സ്റ്റീവിന് പക്ഷേ, ആശങ്കയാണ് സമ്മാനിച്ചതെന്ന് ഐസാക്‌സണ്‍ പറയുന്നു.

ആ സമയമായപ്പോഴേക്കും മൊബൈല്‍ ഫോണ്‍ വ്യാപകമായി തുടങ്ങിയിരുന്നു. മൊബൈല്‍ ഫോണുകളില്‍ ക്യാമറ ഇടംപിടിച്ചപ്പോള്‍, ഡിജിറ്റല്‍ ക്യാമറ വിപണി നേരിട്ട തിരിച്ചടി സ്റ്റീവ് ശ്രദ്ധിച്ചു. മൊബൈല്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകളില്‍ മ്യൂസിക് പ്ലെയറുകളും ഉള്‍പ്പെടുത്താന്‍ ആരംഭിച്ചിരുന്നു. എല്ലാവരുടെയും കൈയില്‍ മൊബൈലെത്തിയാല്‍ ഐപോഡിന് പിന്നെന്ത് പ്രസക്തി-ഇതായിരുന്നു സ്റ്റീവിന്റെ ചിന്ത.
അങ്ങനെയാണ് മൊബൈല്‍ ഫോണ്‍ രംഗത്ത് കൈവെയ്ക്കാന്‍ ആപ്പിള്‍ ഒരുങ്ങിയത്. മോട്ടറോളയുമായി കൈകോര്‍ക്കാന്‍ നടന്ന ശ്രമം തുടക്കത്തില്‍ തന്നെ പരാജയമായി. അതിന് ശേഷമാണ് സ്വന്തമായി മൊബൈല്‍ഫോണ്‍ നിര്‍മിക്കാന്‍ നീക്കമാരംഭിക്കുന്നത്. തുടക്കത്തില്‍ ഐപോഡിലേതു മാതിരി സ്‌ക്രോള്‍വീലിനായിരുന്നു പരിഗണന. ക്രമേണ അത് മള്‍ട്ടിടച്ച്‌ സങ്കേതത്തിലേക്കെത്തി. മള്‍ട്ടിടച്ച് സങ്കേതങ്ങള്‍ വികസിപ്പിക്കുന്ന 'ഫിംഗര്‍വര്‍ക്ക്‌സ്' എന്ന കമ്പനിയെ ആപ്പിള്‍ ഇരുചെവിയറിയാതെ സ്വന്തമാക്കി. ഐപാഡ് വികസനം നിര്‍ത്തിവെച്ചു, പകരം ഐഫോണിനായി മുന്‍ഗണന. ഐഫോണിലെ ഓരോ ഘടകത്തിലും സ്റ്റീവിന്റെ ശ്രദ്ധയെത്തി. സ്റ്റീവിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് എഞ്ചിനിയര്‍മാരുടെ വര്‍ഷങ്ങളുടെ ശ്രമം വേണ്ടിവന്നു ഐഫോണ്‍ യാഥാര്‍ഥ്യമാകാന്‍.
ഏറ്റവുമൊടുവിലത്തെ വെല്ലുവിളി സ്‌ക്രീന്‍ നിര്‍മിക്കലായിരുന്നു. സ്‌ക്രീനും ഒറ്റ ബട്ടനും മാത്രമുള്ള ഉപകരണമാണ് ഐഫോണ്‍. സ്‌ക്രീനില്‍ വിരലുരയ്ക്കുമ്പോള്‍ പോറലേല്‍ക്കരുത്. അതെങ്ങനെ സാധിക്കും, അതിന് എന്തുതരം ഗ്ലാസ് ഉപയോഗിക്കും. ലോകമെങ്ങും അന്വേഷണം നടന്നു. ഒടുവില്‍ അമേരിക്കയില്‍ തന്നെയുള്ള 'കോര്‍ണിങ് ഗ്ലാസ്' എന്ന കമ്പനയിലും, അവര്‍ 1960 കളില്‍ വികസിപ്പിച്ച് ആവശ്യക്കാരില്ലാതെ ഉപേക്ഷിച്ച 'ഗൊറില്ല ഗ്ലാസി'ലും സ്റ്റീവ് എത്തി.

'ഗൊറില്ല ഗ്ലാസ്' വീണ്ടും നിര്‍മിക്കുക എന്നത് അസാധ്യമെന്നാണ് ഏവരും കരുതിയത്. സ്റ്റീവ് മുന്‍കൈ എടുത്തപ്പോള്‍ അസാധ്യമായത് സംഭവിച്ചു. കെന്റക്കിയിലെ ഹാരിസ്ബര്‍ഗില്‍ കോര്‍ണിങ് കമ്പനി പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചു, ഐഫോണിനുള്ള ഗൊറില്ല ഗ്ലാസ് വന്‍തോതില്‍ നിര്‍മിക്കാനാരംഭിച്ചു.

കോര്‍ണിങ് കമ്പനി മേധാവി വെന്‍ഡല്‍ വീക്ക്‌സിനെ കാണാന്‍ ഐസാക്‌സണ്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തുമ്പോള്‍, വീക്ക്‌സ് തന്റെ മേശപ്പുറത്ത് ഒറ്റ മൊമെന്റോ മാത്രമാണ് വെച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധിച്ചു. ഐഫോണ്‍ അവതരിപ്പിച്ച 2007 ജനുവരി 9 ന് രാവിലെ സ്റ്റീവ് അയച്ച ഒരു ഫാക്‌സ് സന്ദേശം ഫ്രെയിംചെയ്തതായിരുന്നു അത്. സന്ദേശം ഇതായിരുന്നു: 'We couldn't have done it without you'.2007 ജനുവരി 9 ന് സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചതിന്റെ വീഡിയോ ആണ് ചുവടെ-
ഐഫോണിനെ ഐഫോണാക്കിയത് 


എന്താണ് ഐഫോണിനെ യഥാര്‍ഥത്തില്‍ ഐഫോണാക്കുന്നത്. തീര്‍ച്ചയായും ജോണി ഐവ് സമ്മാനിച്ച അത്യാകര്‍ഷകമായ രൂപകല്‍പ്പന തന്നെ. മനംമയക്കുന്ന ഡിസൈന്‍ കൂടാതെ, മാന്ത്രികമായ യൂസര്‍ ഇന്റര്‍ഫേസ്, സോഫ്റ്റ്‌വേറും ഹാര്‍ഡുവേറുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ മികവ്. ഇതൊക്കെ ഒരു യൂസര്‍ പറയും. ഇതിന്റെയൊക്കെ ക്രെഡിറ്റ് സ്റ്റീവിനും അദ്ദേഹത്തിന്റെ ടീമിനും തന്നെ.
എന്നാല്‍, ഈ ആകര്‍ഷണീയതയ്ക്ക് കീഴെ മറ്റ് ചില നിര്‍ണായക ഘടകങ്ങളാണ് ഐഫോണ്‍ ഉള്‍പ്പടെ ഏത് സ്മാര്‍ട്ട്‌ഫോണിനെയും സ്മാര്‍ട്ടാക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലുള്ളത് 12 നിര്‍ണായക ടെക്‌നോളജികളാണെന്ന് എക്കണോമിസ്റ്റായ മരിയാന മസുകാറ്റോ പറയുന്നു. അവ ഇതാണ്:

1. തീരെ ചെറിയ മൈക്രോപ്രോസസര്‍,

2. മെമ്മറി ചിപ്പുകള്‍,

3. SSD (സോളിഡ് സ്‌റ്റേറ്റ് ഹാര്‍ഡ് ഡ്രൈവ്‌സ്),

4. ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ,

5. ലിഥിയം-അധിഷ്ഠിതമായ ബാറ്ററികള്‍. ഇവയൊക്കെ സ്മാര്‍ട്ട്‌ഫോണില്‍ ഹാര്‍ഡ്‌വേറിന്റെ ഭാഗമാണ്.
നെറ്റ്‌വര്‍ക്കുകളും സോഫ്റ്റ്‌വേറുകളുമായി ബന്ധപ്പെട്ടതാണ് ഇനി ചിലത്. അവയില്‍

6. ഫാസ്റ്റ്-ഫൂരിയേ ട്രാന്‍സ്‌ഫോം ആല്‍ഗരിതങ്ങള്‍ (ശബ്ദം, ദൃശ്യപ്രകാശം, റേഡിയോ തരംഗങ്ങള്‍ തുടങ്ങിയവയുടെ അനലോഗ് സിഗ്നലുകളെ ഡിജിറ്റല്‍ സിഗ്നലുകളാക്കി പരിവര്‍ത്തനം ചെയ്യുന്ന ഗണിതസമീകരണങ്ങള്‍).

7. ഇന്റര്‍നെറ്റ് (ഇന്റര്‍നെറ്റില്ലെങ്കില്‍ ഒരു ഫോണും സ്മാര്‍ട്ട്‌ഫോണ്‍ ആകില്ല),

8. HTTP and HTML (ഇന്റര്‍നെറ്റിന്റെ ഉപയോഗം അനായാസമാക്കുന്ന വേള്‍ഡ് വൈഡ് വെബ്ബിനായുള്ള പ്രോട്ടോക്കോളും ലാംഗ്വേജും),

9. സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകള്‍ (ഇതില്ലെങ്കില്‍ നിങ്ങളുടെ ഹാന്‍ഡ്‌സെറ്റ് സ്മാര്‍ട്ടായിരിക്കും, പക്ഷേ ഫോണാകില്ല), 10. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്).

11. ടച്ച്‌സ്‌ക്രീന്‍,
12. സിരി (ശബ്ദസഹായത്തോടെ സഹായിക്കുന്ന ഡിജിറ്റല്‍ അസിസ്റ്റന്റ്. ഐഫോണില്‍ സിരിയാണുള്ളതെങ്കില്‍, ആന്‍ഡ്രോയ്ഡില്‍ 'ഗൂഗിള്‍ നൗവും', വിന്‍ഡോസ് ഫോണില്‍ 'കോര്‍ട്ടാന'യുമാണുള്ളത്).

ഐഫോണ്‍ ഉള്‍പ്പടെ ഏത് സ്മാര്‍ട്ട്‌ഫോണിലും മേല്‍സൂചിപ്പിച്ച 12 ടെക്‌നോളജികള്‍ നിര്‍ണായകമാണ്. ഇനി ആലോചിക്കുക, ഇതില്‍ എത്രയെണ്ണം ഐഫോണിന്റെ സൃഷ്ടാവായ സ്റ്റീവ് ജോബ്‌സ് വികസിപ്പിച്ചിട്ടുണ്ട്. ഒന്നും ഇല്ല. 

ടിം ഹാഫോര്‍ഡ് ബിബിസിയിലെഴുതിയത് പ്രകാരമാണെങ്കില്‍, ഐഫോണിനെ സ്മാര്‍ട്ടാക്കിയ സുപ്രധാനമായ 12 ടെക്‌നോളജികളില്‍ മിക്കതും യു.എസ്.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വികസിപ്പിച്ചവയാണ്.

ഇതില്‍ ചില ടെക്‌നോളജികള്‍ വികസിപ്പിച്ചവരെ മാത്രമേ ലോകത്തിന് അറിയൂ. ഉദാഹരണം ടിം ബേണേഴ്‌സ്-ലീ എന്ന ബ്രീട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍. യൂറോപ്യന്‍ കണികാശാലയായ സേണില്‍ (CERN) പ്രവര്‍ത്തിക്കുമ്പോഴാണ് ബേണേഴ്‌സ്-ലീ 1980 കളുടെ അവസാനം വേല്‍ഡ് വൈഡ് വെബ്ബ് തയ്യാറാക്കുന്നത്. ഇന്റര്‍നെറ്റിനെ സാധാരണക്കാരിലേക്കെത്തിച്ചത് വെബ്ബാണ്.
ഇനി ഇന്റര്‍നെറ്റിന്റെ കാര്യമെടുത്താലോ, അത് 1960 കളില്‍ യു.എസ്.പ്രതിരോധ വകുപ്പിന് കീഴില്‍ നിലവില്‍ വന്ന 'അഡ്വാന്‍ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി' ( ARPA ) ആണ് വികസിപ്പിച്ചത്. 'അര്‍പാനെറ്റ്' ( ARPANet ) എന്നായിരുന്നു ആദ്യത്തെ പേര്. അര്‍പാനെറ്റ് 1980 കളുടെ ആദ്യപകുതിയില്‍ ഇന്റര്‍നെറ്റായി മാറി.

ഐഫോണിന് മുമ്പുണ്ടായിരുന്ന മൊബൈലുകള്‍ 


പുതുതലമുറ ഐഫോണുകളിലെ ഗ്ലാമര്‍ ആപ്പായ 'സിരി' വരുന്നതും യു.എസ്.പ്രതിരോധ വകുപ്പില്‍ നിന്നുതന്നെ. ആദ്യ ഐഫോണ്‍ ഇറങ്ങുന്നതിന് ഏഴ് വര്‍ഷം മുമ്പ് 2000 ല്‍ ആരംഭിച്ച യു.എസ്.ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി ( Darpa ) കമ്മീഷന്‍ ചെയ്തതു പ്രകാരം സ്റ്റാന്‍ഫഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ആണ് 'സിരി'യുടെ ടെക്‌നോളജി വികസിപ്പിച്ചത്.

യുദ്ധമേഖലയില്‍ സൈനികരെ സഹായിക്കാനുള്ള വെര്‍ച്വല്‍ സഹായി എന്ന മട്ടിലാണ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആ ടെക്‌നോളജി രൂപപ്പെടുത്തിയത്. 20 സര്‍വ്വകലാശാലകള്‍ അതില്‍ സഹകരിച്ചു, നൂറുകണക്കിന് ഗവേഷകരും. ഏഴ് വര്‍ഷം കഴിഞ്ഞ് ആ ടെക്‌നോളജിക്ക് കൊമേഴ്‌സിയല്‍ ഉപയോഗം കണ്ടെത്താനായി 'സിരി ഇന്‍കോര്‍പ്പറേറ്റഡ്' എന്ന സ്ഥാപനം നിലവില്‍ വന്നു. അതിനെ 2010 ല്‍ സ്റ്റീവ് ജോബ്‌സ് ഇരുചെവിയറിയാതെ, ഇതുവരെ വെളിപ്പെടുത്തിയില്ലാത്ത തുക നല്‍കി ആപ്പിളിന്റെ ഭാഗമാക്കി. അങ്ങനെ സിരി ഐഫോണിലെത്തി.
ഐഫോണിനെ സ്മാര്‍ട്ടാക്കുന്ന മറ്റ് ടെക്‌നോളജികളൊന്നും രൂപപ്പെടുത്തിയത് ഇത്രയും പ്രശസ്തരല്ല. ഉദാഹരണത്തിന് 'ഫാസ്റ്റ്-ഫൂരിയേ ട്രാന്‍സ്‌ഫോം ആല്‍ഗരിതങ്ങള്‍'. അനലോഗ് സിഗ്നലുകളുടെ സഹായത്തോടെ പ്രവര്‍ത്തിച്ചുവന്ന ടെലിഫോണ്‍, ടെലിവിഷന്‍, ഗ്രാമഫോണ്‍ തുടങ്ങിയവയില്‍ നിന്ന് ഐഫോണ്‍ അടക്കമുള്ള കമ്പ്യൂട്ടറുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഡിജിറ്റല്‍ ലോകത്തേക്ക് മാറാന്‍ സഹായിച്ച വലിയൊരു കൂട്ടം ആല്‍ഗരിതങ്ങളാണിവ. അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍ ജോണ്‍ തുക്കിക്ക് യു.എസ്.സൈനിക ആവശ്യത്തിനുള്ള ആലോചനയ്ക്കിടെയാണ്, ഇത്തരം ആല്‍ഗരിതങ്ങളില്‍ ഏറ്റവും പ്രചാരമേറിയ ഒന്ന് രൂപീകരിക്കാനുള്ള ഉള്‍ക്കാഴ്ച ലഭിച്ചത്.

ഇനി ടച്ച്‌സ്‌ക്രീനിന്റെ കാര്യം. ടച്ച്‌സ്‌ക്രീനില്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ സ്മാര്‍ട്ടാകില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണല്ലോ. ഇ എ ജോണ്‍സണ്‍ എന്ന എഞ്ചിനിയറാണ് ടച്ച്‌സ്‌ക്രീന്‍ കണ്ടുപിടിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ റോയല്‍ റഡാര്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇതിനുള്ള പ്രാഥമിക ഗവേഷണം അദ്ദേഹം നടത്തിയത്. അതാണ് പിന്നീട് കൂടുതല്‍ വികസിപ്പിച്ച് 'ഫിംഗര്‍വര്‍ക്ക്‌സ്' എന്ന കമ്പനിയാകുന്നതും, ആപ്പിള്‍ അതിനെ വാങ്ങുന്നതും.
ലിഥിയം-അധിഷ്ഠിത ബാറ്ററികള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ലിക്വിഡ് ക്രിസ്റ്റല്‍ ഡിപ്ലേസ്, അര്‍ധചാലകങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തിലൊക്കെ ഇതുപോലുള്ള കഥകള്‍ ഏറെയുണ്ട് പറയാന്‍.

ഏതായാലും അമേരിക്കന്‍ പ്രതിരോധ വകുപ്പോ, യൂറോപ്യന്‍ കണികപരീക്ഷണശാലയോ ഐഫോണ്‍ നിര്‍മിച്ചില്ല. അതിന് സ്റ്റീവ് ജോബ്‌സ് വേണ്ടിവന്നു.

കമ്മ്യൂണിക്കേഷന്‍, വിനോദം, മാധ്യമരംഗം, ആരോഗ്യപരിപാലനം, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്, സാമ്പത്തികം, വികസനം...ഇങ്ങനെ ഏത് മേഖലയെടുത്താലും സ്മാര്‍ട്ട്‌ഫോണുകള്‍ ഒഴിവാക്കാനാകാത്ത ഘടകമായി ഇന്ന് മാറിയിരിക്കുന്നു......ഇതെല്ലാം ആരംഭിച്ചത് പത്തുവര്‍ഷം മുമ്പാണ്. ഒരു പതിറ്റാണ്ടുകൊണ്ട് ലോകത്തെ സ്മാര്‍ട്ടാക്കുന്ന മാന്ത്രികവിദ്യയാണ് ഐഫോണ്‍ കാട്ടിത്തന്നത്!


(അവലംബം, കടപ്പാട്: 1. Steve Jobs (2011), by Walter Isaacson; 2. Dogfight - How Apple and Google went to war and started a Revolution (2013), by Fred Vogelstein; 3. Becoming Steve Jobs (2015), by Brent Schilender and Rick Tetzeli; 4. The iPhone at 10: How the smartphone became so smart, by Tim Harford, BBC News, Dec 26, 2016; 5. Wikipedia).


# ജോസഫ് ആന്റണി, http://www.mathrubhumi.com