വീടുപണിയുകയാണോ? ഈ വാസ്തുനിയമങ്ങൾ അറിഞ്ഞിരിക്കണം!

വാസ്തുശാസ്ത്രം അനുസരിച്ച് ഗൃഹനിര്‍മാണം നടത്തുമ്പോൾ അടിസ്ഥാനമായി പാലിക്കേണ്ടതും പ്രധാനപ്പെട്ടതുമായ ചില വിഷയങ്ങളെപ്പറ്റിയുളള നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഗൃഹനിർമാണത്തിന് യോജിച്ച ഭൂമി ശാസ്ത്രപുസ്തകങ്ങൾ വായിച്ചും ലേഖനങ്ങളിൽനിന്ന് മനസ്സിലാക്കിയും എല്ലാവർക്കും അറിയാവുന്ന തത്വമാണ് ഭൂമിക്ക് വടക്കോട്ടും കിഴക്കോട്ടും താഴ്ച വേണമെന്നത്. എന്തുകൊണ്ടാണ് വടക്ക് അല്ലെങ്കിൽ കിഴക്ക് എന്നുപറയുന്ന രണ്ട് ദിശകള്‍ക്ക് ശാസ്ത്രത്തിൽ പ്രാധാന്യം കൂടുതൽ എന്ന് ചിന്തിച്ചാൽ ഈ ഭൂമിയിൽ ഏതൊരു പ്രവൃത്തി ചെയ്യാനും ഊർജം കൂടിയേ തീരു എന്ന് എല്ലാവർക്കും അറിയാമല്ലോ.

സൂര്യനില്‍നിന്നുളള ഊർജം തടസ്സമില്ലാതെ ഗൃഹം നിർമിക്കാനുദ്ദേശിക്കുന്ന ഭൂമിയിലേക്ക് ലഭിക്കുന്നതിനാണ് കിഴക്കോട്ട് താഴ്ചയുളള, അഥവാ പടിഞ്ഞാറുവശം ഉയർന്നുകിടക്കുന്ന ഭൂമി ഉത്തമം ആണ് എന്ന് ശാസ്ത്രം മനസ്സിലാക്കിത്തരുന്നത്.

പകൽസമയത്ത് കിഴക്ക് ഉദിക്കുന്ന സൂര്യനാണ് ഊർജം നൽകുന്നതെങ്കിൽ രാത്രികാലങ്ങളിൽ നമുക്ക് വേണ്ടതായ ഊർജം ലഭിക്കുന്നത് സൂര്യന്റെ പ്രതിബിംബങ്ങളാണ് ചന്ദ്രാദി നക്ഷത്രങ്ങളിൽ നിന്നാണ്. സപ്തർഷികൾ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ചന്ദ്രൻ ഉദിക്കുന്നത് ഭൂമിയുടെ വടക്കുദിക്കിൽ ആയതുകൊണ്ട് വടക്കുവശത്തുനിന്നുളള ഈ ഊർജം തടസ്സമില്ലാതെ ഗൃഹം നിർമിക്കാനുദ്ദേശിക്കുന്ന ഭൂമിയിൽ ലഭിക്കുന്നതിനാണ് വടക്ക് താഴ്ന്ന അഥവാ തെക്കുവശം ഉയർന്ന ഭൂമി സ്വീകാര്യമാണെന്ന് പറയുന്നത്.

തെക്കോ അല്ലെങ്കിൽ കിഴക്കുവശം ഒരു പരിധിയിലധികം ഉയർന്നുകിടക്കുകയും ചെയ്യുന്നത് ഭൂമികൾ ഗൃഹനിർമാണത്തിന് ഉത്തമമല്ല എന്നും ഉയർച്ച ഉണ്ടാക്കി തരുന്നതല്ല എന്നും ഇതിൽനിന്ന് മനസ്സിലാക്കേണ്ടതാണ്.

 ഗൃഹത്തിന്റെ ദർശനം ഗൃഹത്തിന്റെ ദർശനത്തെപ്പറ്റി പറയുമ്പോൾ ദിശകളെപ്പറ്റിയാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതായത് ഭൂമിയിൽ എട്ട് ദിക്കുകൾ ഉണ്ട് എന്നാണ് ശാസ്ത്രം മനസ്സിലാക്കിത്തരുന്നത്. നാല് മഹാദിക്കുകളും നാല് വിദിക്കുകളും കൂടിയാണ് എട്ട് ദിക്കുകൾ വരുന്നത്. നാല് മഹാദിക്കുകൾ– കൃത്യമായ കിഴക്ക്, കൃത്യമായ തെക്ക്, കൃത്യമായ പടിഞ്ഞാറ്, കൃത്യമായ വടക്ക് നാല് വിദിക്കുകൾ– തെക്കുകിഴക്കേ കോൺ, തെക്കുപടിഞ്ഞാറേ കോൺ, വടക്കുപടിഞ്ഞാറെ കോൺ, വടക്കുകിഴക്ക് കോൺ. മേൽപറഞ്ഞ എട്ട് ദിക്കുകളിൽ കോൺ തിരിഞ്ഞ ദിശകളിലേക്ക് മുഖമായി ഗൃഹങ്ങൾ നിർമിക്കുന്നത് ഉത്തമമല്ല. അഥവാ ഉയർച്ച ഉണ്ടാക്കി തരുന്നതും വാസയോഗ്യവുമായ ഗൃഹങ്ങൾക്ക് യോജിച്ച ലക്ഷണമല്ല എന്നുമാണ് ശാസ്ത്രം അനുശാസിക്കുന്നത്.

കൃത്യമായ ദിശകളിലേക്ക് മുഖമായി മാത്രമാണ് ഗൃഹങ്ങൾ നിര്‍മിക്കേണ്ടത് എന്നു വാസ്തുശാസ്ത്രത്തിൽ നിഷ്കർഷിച്ച് പറയുമ്പോളും വഴികൾക്ക് സമാന്തരമായി കോണുതിരിഞ്ഞ് ദിശകളിലേക്ക് മുഖമായി എലിവേഷൻ മാത്രം പ്രാധാന്യമായി ചിന്തിച്ച് ഗൃഹങ്ങൾ നിർമിക്കുന്നു എന്നത് വളരെ ആശങ്ക ഉണ്ടാക്കുന്നു.

കാരണം, ഇപ്രകാരം നിർമിക്കുന്ന ഗൃഹങ്ങൾ ഉയർച്ച ഉണ്ടാക്കി തരാത്ത ഗൃഹങ്ങളായി അവശേഷിക്കുന്നതാണ്. വാസ്തുശാസ്ത്രമനുസിരച്ച് ഗൃഹനിർമാണം നടത്തുമ്പോൾ ഏറ്റവും പ്രധാനമായി പാലിക്കേണ്ട ഒന്നാണ് നാല് കൃത്യമായ ദിശകളില്‍ ഏതെങ്കിലും ഒരു ദിശയിലേക്ക് മുഖമായി ഗൃഹങ്ങള്‍ നിർമിക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ വലിയ ഭൂമികളെ പ്ലോട്ടുകളാക്കി തിരിക്കുമ്പോൾ വഴിയും പ്ലോട്ടുകളും ദിശയ്ക്കനുസരിച്ച് അല്ലെങ്കിൽ ദിശയ്ക്ക് സമാന്തരമായി ചെയ്യുന്നതാണ് ഉത്തമം.

 മുറികളുടെ സ്ഥാനം ഗൃഹരൂപകല്പനയിൽ അഥവാ നിർമാണത്തിൽ മുറികളുടെ സ്ഥാപനങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട്. ഒരു ദിവസത്തിന്റെ പകുതി ഭാഗമോ അതിൽ കൂടുതലോ ചെലവഴിക്കുന്ന മുറികളാണ് കിടപ്പുമുറികൾ.

അടുക്കള, ഊണുമുറി, സ്വീകരണമുറി, ഒാഫീസ് മുറി എന്നിവ അതുകൊണ്ടുതന്നെ ഈ മുറികളുടെ സ്ഥാനവും അളവും വാസ്തുശാസ്ത്രമനുസരിച്ച് ചെയ്യുന്നത് സ്വസ്ഥതയ്ക്കും സാമാധാനത്തിനും ആരോഗ്യത്തിനും ഗുണകരമാണ്.

 ഏകശാലാ ഗൃഹങ്ങളിൽ, അതായത് നാലുകെട്ടല്ലാത്ത ഗൃഹങ്ങളിൽ പ്രധാനപ്പെട്ട ഏകശാലയുടെ കോൺഗൃഹങ്ങളിലാണ് കിടപ്പുമുറികൾക്ക് സ്ഥാനം സ്വീകരിക്കേണ്ടത്.

കിഴക്ക് ദർശനമായ പടിഞ്ഞാറ്റിനി പ്രാധാന്യമായ ഏകശാലാ ഗൃഹങ്ങള്‍ക്ക് രണ്ട് പ്രധാനപ്പെട്ട കോൺഗൃഹങ്ങളാണ് ഉളളത്. ഒന്ന് തെക്കുപടിഞ്ഞാറെ മൂലയിൽ വരുന്ന കോൺഗൃഹം (മുറി). 2. വടക്കുപടിഞ്ഞാറേ മൂലയിൽ‌ വരുന്ന കോൺഗൃഹം (മുറി). കിഴക്കുമുഖമായ ഗൃഹങ്ങൾക്ക് രണ്ട് പ്രധാനപ്പെട്ട കിടപ്പുമുറികൾ താഴത്തെ നിലയിലും മുകളിലെ നിലയിലും കൊടുക്കുമ്പോൾ തെക്കുപടിഞ്ഞാറെ മൂലയിലും വടക്കു പടിഞ്ഞാറെ മൂലയിലും ആകുന്നത് ഉത്തമമാണ്. 

 സ്ത്രീകൾ കൂടുതൽ സമയം ചെലവഴിക്കുന്ന മുറി ആയതിനാൽ അടുക്കളയുടെ സ്ഥാനം ഗൃഹത്തിന്റെ വലതുവശത്ത് മധ്യഭാഗത്തോ അല്ലെങ്കില്‍ തെക്കുകിഴക്കെ മൂലയിലോ കിഴക്കുവശത്ത് മധ്യഭാഗത്തോ അല്ലെങ്കിൽ തെക്കുകിഴക്കേ മൂലയായ അഗ്നികോണിലോ നിർമിക്കാവുന്നതാണ്.

ഭക്ഷണം പാകം ചെയ്യുന്നത് വടക്കോ കിഴക്കോ തിരിഞ്ഞുനിന്നു ചെയ്യുന്നതും ശാസ്ത്രാനുയോജ്യമാണ്.

ഊണുമുറി ഗൃഹത്തിന്റെ പടിഞ്ഞാറുവശത്തോ വടക്കോ കിഴക്കോ വശങ്ങളിലോ അടുക്കളയ്ക്ക് സമീപത്തായി ക്രമീകരിക്കാം.

സ്വീകരണമുറിയും ഗൃഹത്തിന്റെ മുഖം വരുന്ന ദിശയിലോ വടക്കോ കിഴക്കോ വശങ്ങളില്‍ വരുന്ന മുറികളുടെ സ്ഥാനത്തു തെക്കിനി, പടിഞ്ഞാറ്റിനി എന്നിവയിൽ ദിഗ്ശാലകളുടെ സ്ഥാനത്തും രൂപകല്പന ചെയ്യാവുന്നതാണ്.

 ഗൃഹമധ്യസൂത്രം ഏകശാലയിൽ വലിയ ഭൂമികളിലും ചെറിയ ഭൂമികളിലും നിർമിക്കുന്ന ഗൃഹങ്ങൾക്ക് കിഴക്കുപടിഞ്ഞാറും തെക്കുവടക്കും ഉളള വിവിധ സൂത്രങ്ങൾ കണക്കാക്കുന്ന രീതിക്ക് വ്യത്യാസമുണ്ട്. വലിയ ഭൂമികളിൽ വാസ്തുവിനെ ഒട്ടാകെ സമചതുരമാക്കി നാല് ഖണ്ഡങ്ങളാക്കി – വടക്കുകിഴക്കേ ഈശാനഖണ്ഡത്തിലോ അല്ലെങ്കില്‍ തെക്കുപടിഞ്ഞാറെ നിരൃതി ഖണ്ഡത്തിലോ ഗൃഹത്തിന് സ്ഥാനനിർണയം നടത്തുമ്പോൾ കിഴക്കുപടിഞ്ഞാറുളള ബ്രഹ്മസൂത്രവും തെക്കുപടിഞ്ഞാറുളള യമസൂത്രവും തട്ടാത്തവിധത്തിലാണ് ഗൃഹം വരുന്നത്. ഇപ്രകാരം വലിയ ഭൂമികളിൽ ഗൃഹം വരുമ്പോള്‍ ചരിഞ്ഞ് വരുന്ന കര്‍ണസൂത്രം ഒഴിയുന്നതിനാണ് ചരിഞ്ഞുളള ദ്വാരങ്ങൾ പഴയ വീടുകളിൽ കണ്ടിട്ടുണ്ടാകുക.

എന്നാൽ ഗൃഹമധ്യസൂത്രം ഒഴിയുന്നതിന് കട്ടിളകളോ ജനലുകളോ നേർക്കുനേർ വരുന്ന രീതിയിൽ ക്രമീകരിക്കുകയാണ് പതിവ്. വലിയ ഭൂമികളിൽ വാസ്തുവിന്റെ നാലിലൊന്നായ ഖണ്ഡത്തിൽ പദകല്പന ചെയ്ത് ഒരു പദത്തിന്റെ പന്ത്രണ്ടിൽ ഒരംശമാണ് സൂത്രവണ്ണമായി കണക്കാക്കുക. വലിയ വാസ്തുവിൽ സൂത്രത്തിന്റെ വണ്ണം കൂടുതലായി വരുന്നതുകൊണ്ട് മറ്റുസൂത്രം ഒഴിയുന്നതിന് വാതിലുകളോ ജനലുകളോ ക്രമീകരിക്കുകയും ചെറിയ വസ്തുവിൽ സൂത്രവണ്ണം കുറവായതുകൊണ്ട് മധ്യസൂത്രം ഒഴിയുന്നതിന് കിളിവാതിലുകളോ ദ്വാരങ്ങളോ ക്രമീകരിക്കുകയും ചെയ്യുകയാണ് പതിവ്.

ഏകശാലകളിൽ വടക്കോട്ട് ദർശനമായ തെക്കിനി ഗൃഹങ്ങൾക്ക്–തെക്കുവടക്ക് ദിശയിലാണ്–ഗൃഹമധ്യസൂത്രം ഒഴിയുന്നതിന് കട്ടിളകളോ ജനലകുളോ നേർക്കുനേർ വരുന്ന രീതിയിൽ ക്രമീകരിക്കേണ്ടത്. എന്നാൽ കിഴക്കോട്ട് ദർശനമായ പടിഞ്ഞാറ്റിനി ഗൃഹങ്ങൾക്ക് കിഴക്കുപടിഞ്ഞാറ് ദിശയിലാണ് ഗൃഹമധ്യസൂത്രം ഒഴിയുന്നതിന് കട്ടിളകളോ ജനലുകളോ ക്രമീകരിക്കേണ്ടത്. ഗൃഹമധ്യസൂത്രം വരുന്ന രേഖയിൽ തടസ്സമായി (സമാന്തരമായി) ഭിത്തിയോ തൂണോ വരുന്നത് വാസയോഗ്യങ്ങളായ ഗൃഹങ്ങൾക്ക് ഉപദേശയോഗ്യമല്ല. ഗൃഹമധ്യസൂത്രം ഹേമം തട്ടാതെ ഒഴിഞ്ഞിരിക്കേണ്ടത് ഉത്തമമാകുന്നു. ചുറ്റളവുകൾ വാസ്തുശാസ്ത്രത്തില്‍ നിർമിതികൾ പലവിധത്തിൽ ഉണ്ടെങ്കിലും ഗൃഹരൂപകല്പനയെ സംബന്ധിച്ചിടത്തോളം ദീർഘവും വിസ്താരവും നിശ്ചയിക്കുന്നതിന് ശാസ്ത്രത്തിൽ പറയുന്ന ചുറ്റളവുകൾ അതായത് ഗൃഹത്തിന് യോജിച്ച യോനീസംഖ്യപ്രകാരം സ്വീകരിക്കേണ്ടതാണ്.

കിഴക്കുദർശനമായ പടിഞ്ഞാറ്റിനി ഗൃഹങ്ങൾക്ക് അഞ്ച് എന്ന യോനീസംഖ്യ (വൃഷഭയോനി)യിൽ വരുന്ന ചുറ്റളവുകളും വടക്കോട്ടുദർശമായ തെക്കിനി ഗൃഹങ്ങൾ‌ക്ക് മൂന്ന് എന്ന യോനീസംഖ്യ വരുന്ന (ധ്വജ‌യോനി) ചുറ്റളവുകൾ എല്ലാ ഗൃഹങ്ങൾക്കും സ്വീകരിക്കുന്നവയാണ്. ചുറ്റളവുകളെ തന്നെ അതിന്റെ ഉപവർഗങ്ങളായ ആയാദിഷസ് വർഗങ്ങളുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. അതായത് ഗൃഹത്തിന്റെ ദർശനമനുസരിച്ച് യോനീസംഖ്യ തീരുമാനിച്ച് ആയാധിക്യം ഉളളതും(വരവ് കൂടുതൽ) നല്ല നക്ഷത്രം. തിഥി, കരണം എന്നിവ കണക്കാക്കിയും ഉത്തമമായ ചുറ്റളവ് സ്വീകരിക്കേണ്ടതാണ്. ഇപ്രകാരം സ്വീകരിക്കുമ്പോൾ വയസ്സ്, എന്ന അവസ്ഥയിൽ ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നിവ സ്വീകാര്യവും മരണം എന്ന അവസ്ഥയിൽ വരുന്ന ചുറ്റളവുകൾ വർജിക്കേണ്ടതുമാണ്.


 വിവരങ്ങൾക്ക് കടപ്പാട് - കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് വാസ്തു വിദഗ്ധൻ

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment