ഈ കടംകൂടി...



By: ഇന്നസെന്റ്

Mathrubhumi
20 Jun 2017, 11:33 pm
ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജിനുപോകുന്നത് കുട്ടിക്കാലത്തേ ഞാൻ കണ്ടിട്ടുണ്ട്. ഹജ്ജിനു പോകുന്നതിനുമുമ്പ് ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് എന്റെ അപ്പൻ പറഞ്ഞുതന്നിരുന്നു: ജനങ്ങളുമായുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും തീർക്കണം. കടബാധ്യതകൾ വീട്ടണം. വ്യക്തിബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ രമ്യതയിൽ എത്തണം. അകന്നുനിൽക്കുന്നവരുമായി അടുക്കണം... ഇന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജ് കർമത്തിനു പോകാറുള്ളത്.
വത്തിക്കാനിൽ പോകാനും പോപ്പിനെ കാണാനും എനിക്ക്‌ ഒരവസരം കിട്ടി. ഒരു ക്രിസ്ത്യൻ വിശ്വാസി എന്നനിലയ്ക്ക് എന്നെസംബന്ധിച്ച് വത്തിക്കാനിൽ പോകുകയും പോപ്പിനെ കാണുകയുമൊക്കെ അപൂർവമായിമാത്രം നടക്കുന്ന കാര്യമാണ്. ഒരുപക്ഷേ, ഒരു ജന്മത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്നവ. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടെയും ചിട്ടയോടെയുമാണ് ഞാനതിനൊരുങ്ങിയത്. ഒരു ഇസ്‌ലാം മതവിശ്വാസി ഹജ്ജിനുപോകുന്ന അതേ ചിട്ടതന്നെ ഞാനും പിന്തുടർന്നു. ബാക്കിവെച്ച പല സാമ്പത്തിക ഇടപാടുകളും തീർത്തു. കൊടുക്കാനുള്ളതെല്ലാം കൊടുത്തു. വ്യക്തിബന്ധത്തിലും കുടുംബബന്ധത്തിലും ഉണ്ടായിരുന്ന ചില അല്ലറച്ചില്ലറ അസ്വാരസ്യങ്ങൾ ഓരോരുത്തരെയും കണ്ട് രമ്യപ്പെട്ടു. ആരോടും ശത്രുതയില്ലാതായി, വെറുപ്പില്ലാതായി. എല്ലാവരും ഇപ്പോൾ എന്റെ സ്നേഹിതരാണ്. അപ്പോഴാണ് എനിക്ക്‌ ജാനകിട്ടീച്ചറെ ഓർമവന്നത്. പണ്ട് എന്നെ സ്കൂളിൽ സോഷ്യൽ സ്റ്റഡീസ് പഠിപ്പിച്ചിരുന്ന ടീച്ചർ. എട്ടാം ക്ലാസിൽ തോറ്റ്‌ സ്കൂൾ വിട്ടതിൽപ്പിന്നെ ഞാൻ ടീച്ചറെ കണ്ടിട്ടില്ല.
ഞാൻ അന്വേഷണം തുടങ്ങി. അന്വേഷിച്ചന്വേഷിച്ച് ഒടുവിൽ ഫോൺനമ്പർ സംഘടിപ്പിച്ചു. എന്റെ സഹപാഠിയായ തമ്പാൻ മാഷാണ്‌ നമ്പർ തന്നത്. കുന്നംകുളത്തിനടുത്ത് പന്നിത്തടം എന്ന സ്ഥലത്താണ് വീട് എന്നു മനസ്സിലായി. ഒരു ദിവസം രാത്രി ഡൽഹിയിലെ എന്റെ എം.പി. ക്വാർട്ടേഴ്‌സിൽനിന്നാണ് ഞാൻ ടീച്ചറെ വിളിച്ചത്. മറുവശത്ത് ഫോൺ അടിച്ചുകൊണ്ടേയിരുന്നു, ഇപ്പുറത്ത് എന്റെ നെഞ്ചും. ആറു പതിറ്റാണ്ടുകൾക്കുമുമ്പ് കേട്ടതാണ് ടീച്ചറുടെ ശബ്ദം. ഒരുപാട് ബെല്ലടിച്ചതിനുശേഷമാണ് ഫോൺ എടുത്തത്. മറുവശത്ത് ഒരു കുട്ടിയുടെ ശബ്ദമായിരുന്നു. ടീച്ചറെ ചോദിച്ചപ്പോൾ അമ്മമ്മേ എന്ന വിളികേട്ടു. ടീച്ചർ അമ്മമ്മയായി, ഞാൻ അപ്പാപ്പനും. കാലം എത്ര കടന്നുപോയി!
ടീച്ചർ ഫോണിനടുത്തേക്ക് നടന്നുവരാൻ അൽപ്പം സമയമെടുത്തു. ടീച്ചർ ഫോൺ എടുത്തപ്പോൾത്തന്നെ ഞാൻ പറഞ്ഞു:
‘‘ഞാൻ ഇന്നസെന്റാണ്’’
ടീച്ചർക്ക് മനസ്സിലായില്ല എന്നകാര്യം വ്യക്തം. ഞാൻ എല്ലാം വ്യക്തമായിപ്പറഞ്ഞു. സ്കൂളിൽ പഠിച്ചതുമുതൽ എം.പി.യായതുവരെയുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞുതുടങ്ങി. എന്റെ സംസാരത്തിനിടയിൽ എപ്പോഴൊക്കെയോ ജാനകിട്ടീച്ചർ വിതുമ്പുന്നത് ഞാൻ കേട്ടു. അത് എന്തിനാണെന്ന് എനിക്ക്‌ മനസ്സിലായില്ല. ഞാൻ പറഞ്ഞുനിർത്തിയപ്പോൾ ടീച്ചർ പറഞ്ഞു:
‘‘എന്റെ കുട്ടീ... ഇന്നസെന്റിന്റെ എല്ലാ സിനിമയും ഞാൻ കാണാറുണ്ട്. പിന്നീട് അസുഖം വന്നു എന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടംതോന്നി. പിന്നീട് എം.പി.യായപ്പോൾ സന്തോഷവും... വിളിക്കണമെന്ന് പലപ്പോഴും തോന്നിയിരുന്നു. പിന്നെ, എന്നെയൊക്കെ ഓർമയുണ്ടാവുമോ എന്ന് സംശയംവന്നു. അതുകൊണ്ട് പിന്നെ...’’ ആ വാക്കുകളിൽ ജാനകിട്ടീച്ചറുടെ മുഴുവൻ സ്നേഹവും നിറച്ചുവെച്ചിരുന്നു.
ടീച്ചർക്ക് അൽപ്പം കേൾവിക്കുറവുണ്ടെന്ന് എനിക്കു മനസ്സിലായി. ഞാൻ പറഞ്ഞു: ‘‘ടീച്ചർക്ക് ഇപ്പഴല്ലേ കേൾവിക്കുറവുണ്ടായത്. എനിക്ക്‌ ചെറുപ്പത്തിലാണ് കേൾവിക്കുറവുണ്ടായിരുന്നത്. അതുകൊണ്ടാണ് ടീച്ചറുടെ പല ചോദ്യങ്ങൾക്കും മറുപടിപറയാൻ എനിക്ക്‌ സാധിക്കാഞ്ഞത്.’’ അതുകേട്ട് ജാനകിട്ടീച്ചർ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ‘‘ഇത്രയും പ്രായമായിട്ടും കുട്ടീടെ കുസൃതിക്ക്‌ ഒരു മാറ്റവുമില്ല അല്ലേ?’’
ഞങ്ങളുടെ ഈ സംസാരത്തിനിടെ നേരത്തേ ഫോൺ എടുത്ത കുട്ടി ടീച്ചറിന്റെ കൈയിൽനിന്നും ഫോൺ വാങ്ങിയിട്ടു പറഞ്ഞു:
  ‘‘എന്തിനാ എന്റെ അമ്മമ്മേ കരയിപ്പിച്ചേ?’’
  ‘‘ഞാൻ നിന്റെ അമ്മൂമ്മയെ കരയിപ്പിക്കുകയല്ലെടാ, സന്തോഷംകൊണ്ടാ അമ്മൂമ്മ കരയുന്നത്’’ -ഞാൻ അവനോട് പറഞ്ഞു.    സന്തോഷം വന്നാൽ എന്തിനാണ് മനുഷ്യർ കരയുന്നത് എന്ന് ആ കുട്ടി ആലോചിച്ചിരിക്കാം. അവൻ ഫോൺ ടീച്ചർക്കുതന്നെ കൊടുത്തു
     ‘‘ഞാൻ ഒരു പ്രത്യേകകാര്യം പറയാനാണ് ടീച്ചറെ വിളിച്ചത്...’’ -ഞാൻ പറഞ്ഞു
  ‘‘എന്താ ഇന്നസെന്റേ?’’ ടീച്ചറുടെ ആ ചോദ്യത്തിൽ നിറയെ ആകാംക്ഷയുണ്ടായിരുന്നു
  ‘‘ഞാൻ ഒന്ന് വത്തിക്കാനിൽപ്പോകാൻ തയ്യാറെടുക്കുകയാണ്. പോപ്പിനെക്കണ്ട് ഒന്ന് കൈമുത്തണം. അത് ഈ ജീവിതത്തിൽ ഇനി ശേഷിക്കുന്ന ഒരേ ഒരു ആഗ്രഹമാണ്. ഒരു ക്രിസ്ത്യാനി എന്നനിലയിൽ എനിക്കിതൊരു തീർഥാടനം തന്നെയാണ്. അതുകൊണ്ട് പോകുന്നതിനുമുമ്പ് ഞാൻ ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജിനു പോകുന്നതിനുമുമ്പ് ചെയ്യുന്നതുപോലെ ചില കാര്യങ്ങൾ ചെയ്യാം എന്ന് തീരുമാനിച്ചു: വിരോധത്തിലുള്ള എല്ലാവരുമായും രമ്യതയിലായി, സഹോദരങ്ങളുമായുള്ള എല്ലാ ഭാഗങ്ങളും തീർത്തു, അടുപ്പമുള്ള എല്ലാവരെയും ചെന്നുകണ്ടു, കടങ്ങളെല്ലാം കൊടുത്തുതീർത്തു... അതിൽ ഇനി ടീച്ചർക്ക് തന്നുതീർക്കാനുള്ള ചില കടങ്ങളുണ്ട്. അതുകൂടെത്തന്നാൽ എനിക്ക്‌ സമാധാനമായി പോവാം...’’
  ‘‘എനിയ്ക്കോ? എനിയ്ക്ക് എന്തു കടമാണ് ഇന്നസെന്റ് തന്നുതീർക്കാനുള്ളത്? നാലണപോലും നീ എന്റെ കൈയിൽനിന്ന് വാങ്ങിയത് എനിയ്ക്ക് ഓർമയില്ലല്ലോ കുട്ടീ’’ -ജാനകിട്ടീച്ചർ അദ്‌ഭുതത്തോടെ ചോദിച്ചു.
‘‘പണമല്ല ടീച്ചറേ. പണം മാത്രമല്ലല്ലോ കടവും കാര്യവും. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഡൽഹൗസി പ്രഭുവിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ഞാൻ തെറ്റിച്ചു. അന്ന് അമ്പതുതവണ അത് ഇംപോസിഷൻ എഴുതാനാണ് ടീച്ചർ പറഞ്ഞത്. പിന്നെ അശോകന്റെയും അക്ബറിന്റെയും ഭരണപരിഷ്കാരങ്ങളെക്കുറിച്ചും എഴുതാൻ പറഞ്ഞു, മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര വിവരിക്കാൻ പറഞ്ഞു... ഇതെല്ലാം ഞാൻ തെറ്റിച്ചു. ആദ്യത്തെ കാര്യങ്ങളൊന്നും എനിക്കറിയാത്തതുകൊണ്ടാണ് തെറ്റിയത്. ദണ്ഡിയാത്രയുടെ കാര്യത്തിൽ ഞാനതിൽ പങ്കെടുക്കുകയോ അതു കാണുകയോ ചെയ്യാത്തതുകൊണ്ടും. എല്ലാംകൂടി ഇരുനൂറ്റമ്പത് ഇംപോസിഷനുകളുണ്ടായിരുന്നു. അന്ന് എനിക്ക്‌ ഒരുപാട് ജോലിത്തിരക്കായതുകൊണ്ട് ഒന്നും എഴുതിത്തരാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോൾ ഒരുപാട് ഒഴിവുസമയം ഉള്ളതുകൊണ്ട് പാർലമെന്റിലിരുന്ന് അത് മുഴുവൻ ഞാൻ എഴുതിത്തീർത്തു. സഭയിലുള്ള എന്റെ ഏകാഗ്രതയും പങ്കാളിത്തവുംകണ്ട് സ്പീക്കർ സുമിത്ര മഹാജൻവരെ എന്നെ നോട്ടത്തിലൂടെ അഭിനന്ദിക്കുകയുണ്ടായി. ഈ രണ്ടായിരത്തിയഞ്ഞൂറ് ഇംപോസിഷനുംകൂടി തന്നാൽ ടീച്ചറോടുള്ള എന്റെ കടവും വീടും. ധൈര്യമായിട്ട് എനിക്ക്‌ പോകാം. അതുകൊണ്ട് ടീച്ചറുടെ അഡ്രസ്‌ ഒന്നു കിട്ടാനാ ഞാൻ വിളിച്ചത്.’’
ഫോണിന്റെ മറുതലയ്ക്കൽ ജാനകിട്ടീച്ചർ പൊട്ടിച്ചിരിക്കുന്നത് ഞാൻ കേട്ടു. ആ ചിരിയുടെ അവസാനഭാഗം വീണ്ടും ഒരു തേങ്ങലിലേക്ക്‌ ചായുന്നതും ഞാൻ അറിഞ്ഞു. വിദ്യാർഥികളെ സ്നേഹിച്ചിരുന്ന ഒരധ്യാപികയ്ക്കു മാത്രം സംഭവിക്കുന്നതായിരുന്നു ആ തേങ്ങൽ. അതുകേട്ടപ്പോൾ എന്റെ ഉള്ളും ഒന്നു നനഞ്ഞു. പുസ്തകങ്ങൾക്കും സിലബസുകൾക്കും കാലത്തിനും അപ്പുറത്തേക്ക്‌ വിദ്യാഭ്യാസവും അധ്യാപക-വിദ്യാർഥി ബന്ധവും വളരുന്നത് ഞാൻ അനുഭവിച്ചു.
ഇരുനൂറ്റിയമ്പത് ഇംപോസിഷനുകൾ എഴുതി കവറിലാക്കി കുന്നംകുളത്തിനടുത്ത് പന്നിത്തടത്തെ ജാനകിട്ടീച്ചറുടെ വിലാസം എഴുതുകയാണ് ഞാൻ.











അങ്ങോട്ടും

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment