We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

Posts

പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?*

🙏🏻⛱🙏🏻⛱🙏🏻⛱🙏🏻⛱🙏🏻⛱🙏🏻

*

“എനിക്കു മാത്രം സമയം ശരിയല്ല.....
ഞാന്‍ മാവു വില്‍ക്കാന്‍ പോയാല്‍ കാറ്റു വീശുന്നു. ഉപ്പു വില്‍ക്കാന്‍ പോയാല്‍ മഴ പെയ്യുന്നു.”

നിങ്ങള്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങളുടെ മേല്‍ പ്രശ്നങ്ങള്‍ എറിഞ്ഞുകൊണ്ടുതന്നെ ഇരിക്കും.......

*പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ മടിക്കുന്നത്?*

*കഠിനമായി അനുഭവപ്പെടുന്ന ചില സന്ദര്‍ഭങ്ങള്‍, സത്യത്തിൽ അവ ശാപങ്ങളല്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന വരദാനങ്ങളാണ്......*

നിങ്ങള്‍ ഒരു സിനിമ കാണാന്‍ പോകുന്നു എന്നു വിചാരിക്കുക അതില്‍ അടുത്തടുത്തുള്ള ചലച്ചിത്ര ഭാഗങ്ങള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാല്‍ ആ സിനിമ നിങ്ങള്‍ക്ക്‌ ആസ്വദിക്കാനാവുമോ, അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ?

*അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത്....*
പ്രതികൂല സാഹചര്യങ്ങളെ കുറിച്ച് അമർഷം തോന്നിയ
ഒരു കര്‍ഷകന്‍ ഒരിക്കല്‍ (മനസ്സിൽ) ദൈവത്തോട് വഴക്കിട്ടു, അയാൾ ചിന്തിച്ചു “ദൈവത്തിന് കൃഷിയെപ്പറ്റി എന്തറിയാം, തോന്നുമ്പോള്‍ മഴ പെയ്യിക്കുന്നു, അസമയത്തു കാറ്റ് വീശിക്കുന്നു. വലിയ ശല്യമായിരിക്കുകയാണ്. ദൈവം ആ ജോലികളൊക്കെ ഏതെങ്കിലും ഒരു കര്‍ഷകനെ ഏല്‍പ്പിച്ചിരുന്നെങ്കിൽ” എന്നു ആത്മഗതം ചെയ്തു.'

ഉടന്‍ തന്നെ അവിടെ ഒരു അശരീരി പ്രതിധ്വനിച്ചു. ”അങ്ങനെയാണോ, എന്നാല്‍ ശരി ഇന്നു മുതല്‍ നിനക്കാവശ്യമായ കാറ്റ്, മഴ എന്നിവയെല്ലാം നിന്‍റെ നിയന്ത്രണത്തില്‍ തന്നെ ഇരിക്കട്ടെ.” എന്നു കേൾക്കുമാറായി.

കര്‍ഷകന് വളരെ സന്തോഷമായി.

അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോള്‍ കര്‍ഷകന്‍ ‘മഴയേ പെയ്യുക’ എന്നു പറഞ്ഞു. മഴ പെയ്തു. ‘പെയ്തതു മതി’ എന്നു പറഞ്ഞപ്പോള്‍ മഴ തോര്‍ന്നു. ഈര്‍പ്പമുള്ള നിലത്തില്‍ ഉഴുതു മറിച്ച്, ആവശ്യമുള്ളത്ര വേഗതയില്‍ കാറ്റു വീശിപ്പിച്ചു വിത്തുകള്‍ പാകി.

മഴയും വെയിലും കാറ്റും ആ കര്‍ഷകന്‍റെ വരുതിയില്‍ നിന്നു. ചെടികള്‍ വളര്‍ന്നു. കൃഷിസ്ഥലം കാണാന്‍ മനോഹരമായിത്തീര്‍ന്നു. കൊയ്ത്തുകാലം വന്നണഞ്ഞു.

കര്‍ഷകന്‍ ഒരു നെല്‍ക്കതിര്‍ കൊയ്തെടുത്തു നോക്കി. അതിനകത്ത് ധാന്യം ഉണ്ടായിരുന്നില്ല.

മറ്റൊരു കതിരെടുത്തു നോക്കി അതിലും ധാന്യമുണ്ടായിരുന്നില്ല. ഓരോന്നെടുത്തു നോക്കിയപ്പോള്‍ ഒന്നിലും ധാന്യമുണ്ടായിരുന്നില്ല.

അയാള്‍ ക്രുദ്ധനായി.

“ദൈവമേ! മഴ, വെയില്‍, കാറ്റ് എല്ലാം ശരിയായ അനുപാതത്തിലായിരുന്നല്ലോ ഞാന്‍ ഉപയോഗിച്ചിരുന്നത്, എന്നിട്ടും എന്തുകൊണ്ടാണ് എന്‍റെ കൃഷി നശിച്ചത്?” എന്നു ചോദിച്ചു.

മുമ്പൊരിക്കൽ അയാൾ കേട്ടിരുന്ന ആ അശരീരി വീണ്ടും അയാൾ കേട്ടു. പക്ഷെ ഇത്തവണ അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞത് ഇപ്രകാരമായിരുന്നു;
*“എന്‍റെ നിയന്ത്രണത്തില്‍ ഇരുന്നപ്പോള്‍ കാറ്റു വേഗതയോടുകൂടി വീശുമ്പോള്‍ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെപ്പോലെ സസ്യങ്ങള്‍ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴത്തില്‍ ഇറക്കും. മഴ കുറയുമ്പോള്‍ ജലം അന്വേഷിച്ച് വേരുകള്‍ നാനാവശങ്ങളിലേക്കും പടരും. പോരാട്ടം ഉണ്ടെങ്കിലേ സസ്യങ്ങള്‍ തങ്ങളെ സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വളരുകയുള്ളൂ. എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോള്‍ നിന്‍റെ സസ്യങ്ങള്‍ മടിയന്‍മാരായിപ്പോയി. സമൃദ്ധിയായി വളര്‍ന്നുവെങ്കിലും ധാന്യമണികള്‍ നല്‍കുവാന്‍ അവയ്ക്കായില്ല.”*

“നിന്‍റെ മഴയും കാറ്റും ഒന്നു എനിക്കു വേണ്ട. നീ തന്നെ വച്ചുകൊള്ളുക” എന്നു പറഞ്ഞ് കര്‍ഷകന്‍ അവയെ ദൈവത്തിനു തന്നെ തിരിച്ചുകൊടുത്തു.

അതേ, ജീവിതത്തില്‍ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചുകഴിഞ്ഞാല്‍ അതിനേക്കാളും ശൂന്യത വേറെ കാണുകയില്ല....

*പ്രശ്നങ്ങള്‍ നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും കൂടുതലാവുക.....*

*വെല്ലുവിളികള്‍ മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കും.*

ഇരുട്ട് എന്നൊരു പ്രശ്നം ഉള്ളതു കൊണ്ടാണല്ലോ വൈദ്യുതി കണ്ടുപിടിക്കപ്പെട്ടത്.

യാത്ര എന്ന പ്രശ്നമുള്ളതുകൊണ്ടാണല്ലോ ഗതാഗതത്തിനായി വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്......

ദൂരെയുള്ളവരോട് ബന്ധപ്പെടുക എന്നത് പ്രശ്നമായിരുന്നതുകൊണ്ടാണല്ലോ ടെലിഫോണ്‍ കണ്ടുപിടിക്കപ്പെട്ടത്.....
*പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പിന്നെ നിങ്ങളുടെ ബുദ്ധിയുടെ കഴിവ് നിങ്ങളെങ്ങനെ മനസ്സിലാക്കും?*

*ജീവിതം പൊരുതിനേടാനുള്ളതാണ്...*
*ജീവിതം സന്തോഷം നിറഞ്ഞതാക്കുക, ആസ്വദിക്കുക...*

PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment