വൈവിധ്യങ്ങളുടെ എന്‍ജിനീയറിങ്: സാധ്യതകള്‍ ഇനിയുമേറെ

ന്ത്യയിലെ എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണവും അവയെല്ലാത്തില്‍നിന്നുമായി ഓരോവര്‍ഷവും ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ പെരുപ്പവും കാണുമ്പോള്‍ ആര്‍ക്കും തോന്നുന്നൊരു സംശയമുണ്ട് - 'ഇത്രമാത്രം എന്‍ജിനീയര്‍മാരെ രാജ്യത്തിന് ആവശ്യമുണ്ടോ? എല്ലാവര്‍ക്കും ജോലിനല്‍കാന്‍ മാത്രം അവസരങ്ങള്‍ ഇവിടെയുണ്ടോ?' ഉത്തരം ഉണ്ട് എന്നാണ്. ഇന്ത്യക്കുമാത്രമല്ല, ലോകത്തിനുമുഴുവന്‍ എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട്. ബുദ്ധിശാലികളായ, സാമര്‍ഥ്യമുള്ള, ഭാവിയെ അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള ആശയസമ്പന്നരായ എന്‍ജിനീയര്‍മാര്‍ക്ക് എവിടെയും അവസരങ്ങളുണ്ട്.
എന്‍ജിനീയറിങ് വിദ്യാഭ്യാസം നേടാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അഭിരുചിക്കനുസരിച്ച ട്രേഡ് തിരഞ്ഞെടുക്കാനും മികച്ച സ്ഥാപനങ്ങളില്‍ത്തന്നെ അഡ്മിഷന്‍ ഉറപ്പാക്കാനും ശ്രമിക്കണം. എന്‍ജിനീയറിങ് എന്നാല്‍ പൊതുവേ മനസ്സിലേക്ക് വരുന്നത് മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ തുടങ്ങിയ ട്രേഡുകളാണ്. ഇപ്പറഞ്ഞ എല്ലാ ട്രേഡുകള്‍ക്കും നിരവധി ഉപശാഖകളും അനുബന്ധ മേഖലകളുമുണ്ട്. ഇവയിലെ സ്‌പെഷ്യലൈസേഷനുകളാണ് മെച്ചപ്പെട്ട അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുന്നത്. ഇന്ത്യയിലിപ്പോള്‍ ട്രെന്‍ഡിങ്ങായിട്ടുള്ള എന്‍ജിനീയറിങ് പഠന മേഖലകളെക്കുറിച്ചും പ്രധാനപ്പെട്ട എന്‍ജിനീയറിങ് കോളേജുകളെക്കുറിച്ചുമറിയാം.
സ്‌പെഷ്യലൈസേഷനുകള്‍
എന്‍ജിനീയറിങ്ങിലെ ഏറ്റവും ആകര്‍ഷകമായ ട്രേഡാണ് മെക്കാനിക്കല്‍ എന്നുപറയാം. മെഷിനുകളുടെ ഡിസൈന്‍, നിര്‍മാണം, പ്രവര്‍ത്തനം എന്നിവയാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലെ അടിസ്ഥാന പ്രതിപാദ്യം. രാജ്യത്തെയെന്നല്ല, ലോകത്തിന്റെ തന്നെ വ്യാവസായിക മുന്നേറ്റം യന്ത്രങ്ങളെ അടിസ്ഥാനമാക്കിയായതിനാല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന്റെ സാധ്യതകളെക്കുറിച്ച് വിവരിക്കേണ്ടതില്ല. ഐ.ടി. മേഖലയില്‍പ്പോലും ഇ.ആര്‍.പി. സൊല്യൂഷന്‍സ് വികസിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ ആവശ്യമാണ്. മെക്കാനിക്‌സ്, കൈനമാറ്റിക്‌സ്, തെര്‍മോഡൈനാമിക്‌സ്, മെറ്റീരിയല്‍ സയന്‍സ്, സ്ട്രക്ചറല്‍ അനാലിസിസ് തുടങ്ങിയവയെല്ലാം മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമാണ്.

BITS, PILANI
BITS, PILANI

ഏറോ സ്‌പേസ്/ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ്, തെര്‍മല്‍ സയന്‍സ്, മാനുഫാക്ചറിങ് ടെക്നോളജി, എനര്‍ജി മാനേജ്മെന്റ്, മെറ്റീരിയല്‍ സയന്‍സ്, മെക്കാനിക്കല്‍ ഡിസൈനിങ്, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി, പ്രൊപ്പല്‍ഷന്‍ എന്‍ജിനീയറിങ് എന്നിവ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട മേഖലകളാണ്. ബോംബെ, കാന്‍പുര്‍, ഖരഗ്പുര്‍, മദ്രാസ് ഐ.ഐ.ടികളില്‍ ഏറോസ്‌പേസ് എന്‍ജിനീയറിങ് ബി.ടെക്., എം.ടെക്. പ്രോഗ്രാമുകള്‍ ലഭ്യമാണ്. ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ തെര്‍മല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്. കോഴ്സുകളുണ്ട്. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ ബി.ടെക്. കോഴ്സ് ലഭ്യമാണ്. ഖരഗ്പുര്‍ ഐ.ഐ.ടി.യില്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്. കോഴ്സുണ്ട്.
അറ്റ്മോസ്ഫെറിക് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്, വാട്ടര്‍മാനേജ്മെന്റ്, റൂറല്‍ ഡവലപ്മെന്റ്, വാട്ടര്‍ റിസോഴ്സ് ആന്‍ഡ് മാനേജ്മെന്റ്, ഡിസൈന്‍ ആന്‍ഡ് പ്ലാനിങ്, എര്‍ത്ത്ക്വേക്ക് എന്‍ജിനീയറിങ്, ജിയോമെക്കാനിക്‌സ് ആന്‍ഡ് സ്ട്രക്ചേഴ്സ്, ട്രാന്‍സ്‌പോര്‍ട്ട് എന്‍ജിനീയറിങ് തുടങ്ങിയവയാണ് സിവില്‍ എന്‍ജിനീയറിങ്ങിന്റെ അനുബന്ധ മേഖലകള്‍ ഭാവിയിലേക്ക് ഏറെ ആവശ്യം വരുന്ന ഒരു തൊഴില്‍ സമൂഹമായിരിക്കും എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍മാരുടേത്. പ്രാദേശിക തലത്തിലും ആഗോള തലത്തിലും പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കി ബദലുകള്‍ നിര്‍ദേശിക്കുക എന്നതാണ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്ങിന്റെ ദൗത്യം. സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്, വാട്ടര്‍ സപ്ലൈ ആന്‍ഡ് മാനേജ്‌മെന്റ്, എയര്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍മാര്‍ക്ക് ഏറ്റെടുക്കേണ്ടതായി വരും. സിവില്‍ എന്‍ജിനീയറിങ്, ഫിസിക്കല്‍, ഓര്‍ഗാനിക്, ഇനോര്‍ഗാനിക് കെമിസ്ട്രി, ന്യൂക്ലിയര്‍ സയന്‍സ്, ബയോളജി, പ്രോസസ് എന്‍ജിനീയറിങ് തുടങ്ങിയ പഠനമേഖലകളിലൂടെയാണ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് ശാഖ രൂപപ്പെടുന്നത്. ഐ.ഐ.ടികള്‍, വെല്ലൂര്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ കോഴ്‌സ് ലഭ്യമാണ്.
ഇന്ത്യയില്‍ സാധ്യതയുള്ള മറ്റൊരു മേഖലയാണ് കെമിക്കല്‍ എന്‍ജിനീയറിങ്. രസതന്ത്രത്തിന്റെ പ്രായോഗികതയാണ് കെമിക്കല്‍ എന്‍ജിനീയറിങ്ങിന്റെ ആധാരം. ഇനോര്‍ഗാനിക് കെമിക്കല്‍ ടെക്‌നോളജി, കെമിക്കല്‍ എന്‍ജിനീയറിങ് തെര്‍മോഡൈനാമിക്‌സ്, ഓര്‍ഗാനിക് കെമിക്കല്‍ ടെക്‌നോളജി, പാര്‍ട്ടിക്കുലേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഫ്‌ളൂയിഡ് മെക്കാനിക്‌സ്, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഫിസിക്കല്‍ കെമിസ്ട്രി തുടങ്ങിയവ കെമിക്കല്‍ എന്‍ജിനീയറിങ്ങിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങളാണ്.
സ്മാര്‍ട്ട് ഡിവൈസുകളുടെ കാലത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ് മെക്കാട്രോണിക്‌സ്. ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ ട്രേഡുകളുടെ സംയുക്തമായ മെക്കാട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ റോബോട്ടിക്‌സ്, കംപ്യൂട്ടര്‍, ടെലികമ്യൂണിക്കേഷന്‍ സിസ്റ്റംസ്, കണ്‍ട്രോള്‍ ആന്‍ഡ് പ്രൊഡക്ട് എന്‍ജിനീയറിങ് എന്നീ വിഷയങ്ങളും ഉള്‍പ്പെടുന്നു. വളരെ ആധുനികമായ എന്‍ജിനീയറിങ് ശാഖയാണിത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡല്‍ഹി യൂണിവേഴ്സിറ്റി, കര്‍ണാടക എന്‍.ഐ.ടി., വെസ്റ്റ് ബംഗാളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജി ആന്‍ഡ് സയന്‍സ്, വവിധ ഐ.ഐ.ടി.കള്‍ എന്നിവിടങ്ങളില്‍ മെക്കാട്രോണിക്‌സ് എന്‍ജിനീയറിങ് കോഴ്സുകളുണ്ട്.
എന്‍ജിനീയറിങ്ങിലെ തത്ത്വങ്ങളും പ്രശ്‌നപരിഹാരവിദ്യകളും ആരോഗ്യസംരക്ഷണമേഖലയില്‍ ഉപയോഗപ്പെടുത്തുന്ന ശാഖയാണ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്. ആരോഗ്യ പരിപാലനം, രോഗനിര്‍ണയം, ചികിത്സ എന്നിവയ്ക്കായി ഉപകരണങ്ങളും സോഫ്റ്റ്വേറുകളും നിര്‍മിക്കുക എന്നതാണ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. ഡല്‍ഹി ഐ.ഐ.ടി., മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് എന്‍ജിനീയറിങ് കോളേജ്, മുബൈ ഐ.ഐ.ടി., വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കര്‍ണാടകയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ നടത്തുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളാണ്. ബയോഇന്‍സ്ട്രുമെന്റേഷന്‍, ബയോമെറ്റീരിയല്‍സ്, ബയോമെക്കാനിക്‌സ്, ക്ലിനിക്കല്‍ എന്‍ജിനീയറിങ്, സെല്ലുലാര്‍,ടിഷ്യൂ, ജനറ്റിക് എന്‍ജിനീയറിങ്, മെഡിക്കല്‍ ഇമേജിങ്, ഓര്‍ത്തോപീഡിക് ബയോ എന്‍ജിനീയറിങ്, റിഹാബിലിറ്റേഷന്‍ എന്‍ജീനിയറിങ് എന്നീ സ്‌പെഷ്യലൈസേഷനുകളും ഈ മേഖലയില്‍ ലഭ്യമാണ്.
നിര്‍മ്മിതബുദ്ധിയുടെ കാലമാണിത്. സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ വ്യവസായ ശാലകള്‍ വരെ പ്രവര്‍ത്തിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്ത് അവസരങ്ങള്‍ നിരവധിയാണ്. ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക് തുടങ്ങിയ വമ്പന്മാരെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡവലപ്‌മെന്റ് വിദഗ്ധരെ സ്വാഗതം ചെയ്യുന്നു. കംപ്യൂട്ടര്‍ സയന്‍സില്‍ അഭിരുചിയുള്ളവര്‍ക്ക് ഈ രംഗത്തേക്ക് ധൈര്യമായി കാലെടുത്തുവെക്കാം. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, ബോംബെ ഐ.ഐ.ടി., മദ്രാസ് ഐ.ഐ.ടി., ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, കൊല്‍ക്കത്തയിലെ ഐ.എസ്.ഐ. തുടങ്ങിയവ ഇന്ത്യയില്‍ ബിരുദാനനന്തര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സുകള്‍ക്ക് ചേരാവുന്ന പ്രമുഖ സ്ഥാപനങ്ങളാണ്.
എന്‍ജിനീയറിങ് പഠനം കേരളത്തില്‍ 
കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലും എയ്ഡഡ് മേഖലയിലും സെല്‍ഫ് ഫിനാന്‍സിങ് മേഖലയിലും നിരവധി എന്‍ജിനീയറിങ് കോളേജുകളുണ്ട്. ഇതിനുപുറമേ പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവ പ്രവര്‍ത്തിക്കുന്നു. പാലക്കാട് ഐ.ഐ.ടിയില്‍ സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോഴ്സുകളാണുള്ളത്.
കോഴിക്കോട് എന്‍.ഐ.ടി.യില്‍ മെക്കാനിക്കല്‍, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്. പ്രോഗ്രാമുകളുണ്ട്. ബിരുദാനന്തരബിരുദ തലത്തില്‍ ഒട്ടേറെ സ്‌പെഷ്യലൈസേഷനുകള്‍ ഇവിടെയുണ്ട്. ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ്, തെര്‍മല്‍ സയന്‍സസ്, മാനുഫാക്ചറിങ് ടെക്നോളജി, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, എനര്‍ജി എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ്, മെഷിന്‍ ഡിസൈന്‍ എന്നിവയില്‍ എം.ടെക്. ലഭ്യമാണ്.
എന്‍ജീനിയറിങ് പഠനത്തില്‍ നിരവധി പുതുതലമുറ സ്പെഷ്യലൈസേഷനുകള്‍ ലഭ്യമാക്കുന്ന കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്).  തൃക്കാക്കരയിലുള്ള കൊച്ചിന്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഐ.ടി., മെക്കാനിക്കല്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ്ങില്‍ ബി.ടെക്. കോഴ്സുകള്‍ ലഭ്യമാണ്. കുട്ടനാടുള്ള കോളേജിലും ഈ കോഴ്സുകളുണ്ട്.

CUSAT
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)

മറൈന്‍ എന്‍ജിനീയറിങ്ങിനായുള്ള കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ് കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. കംപ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സോഫ്റ്റ്വേര്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), എംബഡഡ് സിസ്റ്റത്തില്‍ സ്പെഷ്യലൈസേഷനോടെ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ എം.ടെക്. കോഴ്സ് കുസാറ്റിലുണ്ട്.
മറ്റ് കോഴ്സുകള്‍: വി.എല്‍.എസ്.ഐ., മൈക്രോവേവ്, കമ്യൂണിക്കേഷന്‍, സര്‍ക്യൂട്ട് ഡിസൈന്‍, അന്റിനാസ് ആന്‍ഡ് റഡാര്‍ എന്നിവയില്‍ ഒന്നില്‍ സ്പെഷ്യലൈസേഷനോടെ എം.ടെക്. ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജിയില്‍ ബി.ടെക്. ഫോട്ടോണിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ മാന്‍പവര്‍ ഡെവലപ്മെന്റില്‍ എം.ടെക്., പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്നോളജിയില്‍ ബി.ടെക്., പോളിമര്‍ ടെക്നോളജിയില്‍ എം.ടെക്., മറൈന്‍ ബയോടെക്നോളജിയില്‍ എം.ടെക്., അറ്റ്മോസ്ഫറിക് സയന്‍സസില്‍ എം.ടെക്. നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ്ങില്‍ ബി.ടെക്., കംപ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ചറല്‍ അനാലിസിസ് ആന്‍ഡ് ഡിസൈനിങ്ങില്‍ എം.ടെക്. എന്നിവ ഡിപ്പാര്‍ട്ട് ഓഫ് ഷിപ്പ് ടെക്നോളജിയില്‍ ലഭ്യമാണ്. കൂടുതല്‍ കോഴ്സുകളെക്കുറിച്ചും പ്രവേശനരീതിയെക്കുറിച്ചും മനസ്സിലാക്കാന്‍ www.cusat.ac.in കാണണം.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (ഏവിയോണിക്സ്), ഏറോസ്പേസ് എന്‍ജിനീയറിങ് എന്നിവയില്‍ ബി.ടെക്. കോഴ്സ് ഉണ്ട്. എം.ടെക്കിന് ഏറോസ്‌പേസ് എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട് ഏറോ ഡൈനാമിക്സ് ആന്‍ഡ്  ഫ്‌ളൈറ്റ് മെക്കാനിക്സ്, സ്ട്രക്ചേഴ്സ് ആന്‍ഡ് ഡിസൈന്‍, തെര്‍മല്‍ ആന്‍ഡ് പ്രൊപ്പല്‍ഷന്‍, കണ്‍ട്രോള്‍ സിസ്റ്റംസ്, ഡിജിറ്റല്‍ സിഗ്‌നല്‍ പ്രോസസിങ് മൈക്രോവേവ് എന്‍ജിനീയറിങ്, മൈക്രോസിസ്റ്റം, പവര്‍ ഇലക്ട്രോണിക്സ്, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, എര്‍ത്ത് സിസ്റ്റം സയന്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്സ്, മെഷീന്‍ ലേണിങ് ആന്‍ഡ് കംപ്യൂട്ടിങ്, ഒപ്റ്റിക്കല്‍ എന്‍ജിനീയറിങ്, സോളിഡ് സ്റ്റേറ്റ് ടെക്നോളജി എന്നിവയില്‍ സ്പെഷ്യലൈസേഷനുകളുണ്ട്. വെബ്സൈറ്റ്: www.iist.ac.in
കേരളത്തില്‍ പ്രവേശന കമ്മിഷണര്‍ നടത്തുന്ന  പരീക്ഷയിലൂടെ പ്രവേശനം നേടാവുന്ന ബി.ടെക്. കോഴ്സുകള്‍: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയയില്‍ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്, ഫുഡ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി എന്നിവയില്‍ ബി.ടെക്. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി എന്നിവയിലെ ബി.ടെക്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ ഫുഡ് ടെക്നോളജി ബി.ടെക്. ഇതിനുപുറമേ മറ്റ് എന്‍ജിനീയറിങ് കോളേജുകളിലെ കോഴ്സുകളും.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment