We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

എന്ജിനീയറിങ്ങും വിവിധ ബ്രാഞ്ചുകളും പരിചയപ്പെടാംപൊതുവെ എഞ്ചിനീയറിംഗ് പഠിക്കാൻ ഉദ്ദേശിക്കുന്ന  വിദ്യാർഥികൾ ചോദിക്കുന്ന ചോദ്യം ആണ് ഏതാണ് നല്ല ബ്രാഞ്ച് എന്ന്.

നിങ്ങൾ ഭാവിയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ടെക്നിക്കൽ മേഖല ഏതാണോ അതിന്റെ അടിസ്ഥാന എഞ്ചിനീയറിംഗ് ബ്രാഞ്ച്  തിരഞ്ഞെടുത്തു പഠിക്കുക എന്നതാണ് പ്രദാനം. 

ബ്രാഞ്ചുകളെ കുറിച്ച് ധാരണ ഉണ്ടാക്കുന്നതും നല്ലതാണ്.

ചില പ്രധാന ശാഖകളും സാധ്യതകളും

സിവിൽ:

കെട്ടിടം, റോഡ്, പാലം, റെയിൽപ്പാത, അണക്കെട്ട്, തുരങ്കം, തുറമുഖം, വിമാനത്താവളം മുതലായവയുടെ നിർമാണം, പരിപാലനം, ജലവിതരണം, ജലസേചനം തുടങ്ങിയവ ഈ ശാഖയിൽ വരും. ഫൗണ്ടേഷൻ / ജിയോടെക്നിക്കൽ / സ്ട്രക്ചറൽ തുടങ്ങിയ സ്പെഷ്യലൈസേഷനുകളിൽ ഉപരിപഠനമാകാം. സർക്കാർ വകുപ്പുകൾ, ജലവൈദ്യുതപദ്ധതികൾ, റെയിൽവേ, ഹൗസിങ് ബോർഡ്, നിർമാണ കമ്പനികൾ തുടങ്ങിയവയിൽ ജോലിസാധ്യത. കൺസൽറ്റൻസിയുമാകാം.

 മെക്കാനിക്കൽ:

ഏതു നിർമാണവ്യവസായശാലയിലും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. മെക്കാനിക്കൽ ശാഖയിലെ പ്രൊഡക്‌ഷൻ, ഓട്ടമൊബീൽ, എയ്റോനോട്ടിക്കൽ, മറൈൻ, ടൂൾ ആൻഡ് ഡൈ, ഇൻഡസ്ട്രിയൽ തുടങ്ങി പല വിഷയങ്ങളും വികസിച്ചു സ്വതന്ത്രശാഖകളായിട്ടുണ്ട്. മെക്കാനിക്കൽ യോഗ്യതയുള്ളവർക്ക് ഈ രംഗങ്ങളിലേക്കു ചുവടു മാറ്റാനും ചിലപ്പോൾ അവസരം കിട്ടും.

ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ:

ഈ ശാഖകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ അബദ്ധം പറ്റുന്നവരുണ്ട്. കേരള എൻട്രൻസ് വഴി പഠിക്കാവുന്ന ശാഖകളിങ്ങനെ:

 ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്

ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ

അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ

ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ

 ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എൻജിനീയറിങ്

‘ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്’ മുഖ്യമായും ഇലക്ട്രിക്കൽ എൻജിനീയറിങ് ആണ്. മുഖ്യധാരാ ഇലക്ട്രോണിക്സ് പഠിക്കേണ്ടവർ ‘ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ’ തിരഞ്ഞെടുക്കണം. അടുത്ത മൂന്നു പ്രോഗ്രാമുകളിലെ ഊന്നൽ ഇൻസ്ട്രുമെന്റേഷനിലാണ്

വളം, പെട്രോളിയം വ്യവസായങ്ങളിലും മറ്റും വിവിധ തരം അളവുപകരണങ്ങൾ ഉപയോഗിക്കുന്നു. രൂപകൽപന മുതലുള്ള പ്രവർത്തനങ്ങൾക്ക് ഇലക്ട്രോണിക്സിലും പ്രാവീണ്യം വേണം.

ജോലിസൗകര്യമുള്ള മേഖലകൾ:

പ്രോസസ് കൺട്രോൾ ഉപയോഗിക്കുന്ന നിർമാണ വ്യവസായങ്ങൾ, ഓയിൽ റിഫൈനറി, രാസവള പ്ലാന്റ്, ഉപകരണ നിർമാണശാല, കടലാസുഫാക്റ്ററി, ഉരുക്കുമിൽ, ഖനനം, ഗാസ് പ്ലാന്റ്, സായുധസേന, ഗവേഷണം.


കമ്പ്യൂട്ടർ സയൻസ്, ഐടി:


കംപ്യൂട്ടർ സയൻസിനെ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറുമായി തിരിക്കാം. പ്രോഗ്രാമുകൾ, പാക്കേജുകൾ തുടങ്ങിയവ സോഫ്റ്റ്‌വെയർ വിഭാഗത്തിൽ; കംപ്യൂട്ടർ രൂപകൽപനയും നിർമാണവും ഹാർഡ്‌വെയറും. സോഫ്റ്റ്‌വെയറിലാണ് അവസരമേറെ.

കംപ്യൂട്ടർ സയൻസിന്റെ സഹോദരശാഖയാണ് ഐടി. സിസ്റ്റം അനലിസ്റ്റ്, സോഫ്റ്റ്‍വെയർ ഡവലപ്പർ, ചിപ് ഡിസൈനർ, ഡേറ്റാബേസ് / ഇ–കൊമേഴ്സ് അഡ്മിനിസ്ട്രേറ്റർ എന്നിങ്ങനെ സാധ്യത.

കെമിക്കൽ:

പെട്രോളിയം, രാസവളം, പെയിന്റ്, വാർണിഷ്, കൃത്രിമനാര് / തുണിത്തരം, ആസിഡ്, സോപ്പ്, പ്ലാസ്റ്റിക്കുകൾ, പാകപ്പെടുത്തിയ ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാഖ. പ്ലാന്റ് ഡിസൈൻ / നിർമാണം / ഓപ്പറേഷൻ, മലിനീകരണനിയന്ത്രണം, റബർ / ഡെയറി / ഔഷധ നിർമാണ വ്യവസായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യാം.

എയ്റോനോട്ടിക്കൽ:

എയർക്രാഫ്റ്റിനു പുറമേ സ്പേസ്ക്രാഫ്റ്റും കൈകാര്യം ചെയ്യുന്നതിനാൽ ഐഐടി അടക്കമുള്ള സ്ഥാപനങ്ങളിൽ എയ്റോസ്പേസ് എന്നും വിളിക്കും. എയ്റോഡൈനമിക്സ് മുതൽ ഏവിയോണിക്സ് വരെ പഠിക്കാം. സ്പേസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ഗവേഷണതാൽപര്യം ആവശ്യം.

അഗ്രികൾചറൽ:

കാർഷിക ഉപകരണങ്ങളുടെയും രൂപകൽപന മുതൽ പരിപാലനം വരെ. ജലസേചനം, ഭൂവിനിയോഗ ആസൂത്രണം, മണ്ണൊലിപ്പുനിയന്ത്രണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കാം. ഷുഗർ ഇൻസ്റ്റിറ്റ്യട്ടിൽ ഉപരിപഠനസാധ്യത.

ഓട്ടമൊബീൽ:

യന്ത്രങ്ങളുടെ മെക്കാനിക്കൽ സങ്കേതങ്ങൾക്കു പുറമേ ‌ഇലക്ട്രോണിക്സ്, കംപ്യൂട്ടർ പ്രാ‌വീണ്യവും വേണം.
 ബയോമെഡിക്കൽ:

രോഗനിർണയത്തിനും ചികിത്സയ്ക്കും ഇലക്ട്രോണിക്സിന്റെയും അനുബന്ധ സാങ്കേതികവിദ്യയുടെയും പ്രയോഗം. ഇലക്ട്രോണിക്സിനും മെഡിക്കൽ ഇൻസ്ട്രുമെന്റേഷനും പുറമേ ക്ലിനിക്കൽ ഫിസിയോളജി, ബയോമെഡിക്കൽ മെറ്റീരിയൽസ് തുടങ്ങിയവയും പഠിക്കാം. സങ്കീർണ ബയോമെഡിക്കൽ യന്ത്രങ്ങളുടെ ‌രൂപകൽപനയിലും നിർമാണത്തിലും ഇന്ത്യയിൽ സാധ്യതകൾ കുറവാണെങ്കിലും പരിപാലന ജോലികളിൽ അവസരമുണ്ട്.

ബയോടെക്നോളജി:

മെഡിസിൻ, കൃഷി, കാലിവളർത്തൽ, പരിസ്ഥിതി, ഔഷധനിർമാണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ശാഖ. ഹോർമോണുകൾ, ക്ലോണിങ്, ജനറ്റിക്സ്, ഇമ്യൂണോളജി തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണസാധ്യത. ഗവേഷണം കരിയറായി സ്വീകരിക്കുന്നവർക്ക് ഇണങ്ങുന്ന ശാഖ.

ഡെയറി സയൻസ് & ടെക്നോളജി:

കാലികളുടെ ‌ആഹാരം, ശരീരശാസ്ത്രം എന്നിവയ്ക്കു പുറമേ ജനറ്റിക്സ്, ബ്രീഡിങ്, ഫുഡ് സയൻസ്, വിവിധ ഡെയറി ഉൽപന്നങ്ങൾ, ‍ഡെയറി പ്ലാന്റ്, വിപണനം മുതലായവയെക്കുറിച്ചു പഠിക്കാം.

ഫുഡ് ടെക്നോളജി / ഫുഡ് എൻജിനീയറിങ്:

ഇന്ത്യയിൽ ഫുഡ് പ്രോസസിങ് മേഖല അതിവേഗം വളരുന്നു. ഇത്തരം വ്യവസായങ്ങൾ, ഭക്ഷ്യ ഗവേഷണകേന്ദ്രങ്ങൾ, വൻകിട ഹോട്ടലുകൾ എന്നിവയിൽ ജോലിസാധ്യത.

ഇൻഡസ്ട്രിയൽ:

തെറ്റിദ്ധരിക്കപ്പെട്ട പേര്. വ്യവസായം തുടങ്ങുന്നതിനെപ്പറ്റിയുള്ള പഠനമല്ലിത്. ലഭ്യമായ വിഭവശേഷി ബുദ്ധിപൂർവം വിന്യസിച്ച് ഉൽപാദനം പരമാവധി വർധിപ്പിക്കുന്ന രീതികളാണ് ഈ ശാഖയിലുള്ളത്. പ്ലാന്റ്–കാര്യക്ഷമത പ്രധാനമായ എല്ലാ വ്യവസായങ്ങളിലും അവസരം. പ്രോജക്ട് പ്ലാനിങ്, കൺസൽറ്റൻസി പ്രവർത്തനങ്ങളുമാകാം.

 മെക്കട്രോണിക്സ്:

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കൺട്രോൾ എൻജിനീയറിങ്, കംപ്യൂട്ടർ ടെക്നോളജി ശാഖകൾ കൂട്ടിയോജിപ്പിച്ചു പ്രയോഗിക്കുന്നു. ഇന്ത്യയിൽ ജോലിസാധ്യതയാകുന്നതേയുള്ളൂ.

മെറ്റലർജി:

ലോഹങ്ങളുടെ ഭൗതിക, രാസ ഗുണങ്ങൾ, ലോഹശുദ്ധീകരണം, സങ്കരങ്ങൾ, ലോഹവസ്‌തു നിർമാണം എന്നിവയെല്ലാം ഉൾപ്പെട്ട പഠനം. ഉരുക്ക് ഉൾപ്പെടെയുള്ള വൻകിട ലോഹവ്യവസായങ്ങളിൽ അവസരം.

നേവൽ ആർക്കിടെക്ചർ & ഷിപ് ബിൽഡിങ്:

കപ്പലുകളടക്കം ജലവാഹനങ്ങളുടെ രൂപകൽപനയും നിർമാണവും പരിപാലനവും ഇവയുമായി ബന്ധപ്പെട്ട് കരയിൽ വേണ്ട സാങ്കേതികസൗകര്യങ്ങളും പഠനവിഷയമാണ്. ഷിപ് യാർഡ്, നാവികസേന, ഡോക് യാർഡ്, ക്ലാസിഫിക്കേഷൻ സൊസൈറ്റി, ഓയിൽ റിഗ് നിർമാണകേന്ദ്രം മുതലായവയിൽ അവസരം.

പോളിമർ:

മുഖ്യമായും റബർ, പ്ലാസ്റ്റിക്കുകൾ എന്നിവയെ സംബന്ധിച്ച പഠനം. ഒട്ടേറെ വ്യവസായശാലകളിലും ഗവേഷണകേന്ദ്രങ്ങളിലും അവസരം.

പ്രിന്റിങ്:

ഇലക്ട്രോണിക്സും കംപ്യൂട്ടർ സയൻസുമുൾപ്പെടെയുള്ള സങ്കേതങ്ങൾ പ്രിന്റിങ്ങിൽ വൻ മാറ്റങ്ങൾ വരുത്തുന്നുണ്ട്. അച്ചടിമാധ്യമങ്ങൾ, പ്രസിദ്ധീകരണശാലകൾ, പരസ്യ ഏജൻസികൾ, പാക്കേജിങ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ അവസരം. സ്വയംതൊഴിലുമാകാം.
പ്രൊഡക്‌ഷൻ:

പാഠ്യക്രമത്തിലെ ഏറിയ പങ്കും മെക്കാനിക്കൽ എൻജിനീയറിങ്ങാണ്. യോഗ്യത നേടുന്നവർക്കു പ്ലാന്റ് ഡിസൈൻ മുതൽ പ്രൊഡക്‌ഷൻ മാനേജ്മെന്റ് വരെ എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ കഴിയും. മെക്കാനിക്കൽ എൻജിനീയറായും പ്രവർത്തിക്കാം

സേഫ്റ്റി & ഫയർ:

വികസിത രാജ്യങ്ങളിൽ സുരക്ഷാനിയമങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ അഗ്നിശമനം അടക്കം സുരക്ഷാ പ്രവർത്തനങ്ങളിൽ യോഗ്യത നേടിയവർക്ക് നല്ല അവസരങ്ങളുണ്ട്. ഇന്ത്യയിലും നിയമങ്ങൾ കർശനമാക്കുന്നുണ്ട്. പെട്രോളിയം, രാസ വ്യവസായങ്ങളിൽ സുരക്ഷാനിബന്ധനകൾ സുപ്രധാനം.

ആർക്കിടെക്ചർ:

എൻജിനീയറിങ്ങിലെ കൃത്യതയ്ക്കു പുറമേ ചിത്രരചനാപാടവവും സൗന്ദര്യബോധവും ഭാവനയും ഉള്ളവർക്കു മി‌കച്ച കരിയർ. ദേശീയതലത്തിൽ നടത്തുന്ന ‘നാറ്റ’ (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) എന്ന അഭിരുചിപരീക്ഷയിലെ മാർക്കും പ്ലസ്ടു മാർക്കും 1:1 എന്ന തോതിൽ.

അവലംബം: മലയാള മനോരമ 

PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment