മാര്‍ച്ച് 25-ന് ശേഷം ആത്മഹത്യ ചെയ്തത് 66 കുട്ടികള്‍; രക്ഷിതാക്കളെ ഉപദേശിച്ച് മുഖ്യമന്ത്രി


PHOTO : Malayalam.indianexpress.com

 കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നത് കേരളത്തില്‍ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്‌നമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ ഒരുപാട് ആത്മഹത്യകള്‍ ആ പ്രായക്കാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നു. മാര്‍ച്ച് 25 മുതല്‍ ഇതുവരെ 18 വയസ്സില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തത്. ഇന്നും അത്തരമൊരു ആത്മഹത്യയുടെ വാര്‍ത്ത വന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞത്, ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നത്, ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞത് തുടങ്ങിയ കാരണങ്ങള്‍ക്കാണ് പല കുട്ടികളും സ്വയം ജീവനൊടുക്കിയത്. കുട്ടികളുടെ മാനസികാവസ്ഥ കണ്ടുകൊണ്ടുള്ള തിരുത്താണ് രക്ഷിതാക്കള്‍ വരുത്തേണ്ടേത്.

താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങിയ ജീവിതാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമായിട്ടുണ്ട്. കോവിഡ്കാരണം സ്‌കൂളുകളും കോളേജുകളും അടച്ചിടേണ്ടി വന്നതും, കൂട്ടുകാരുടെ കൂടെ ഇടപഴകാന്‍ സാധിക്കാത്തതും ഒക്കെ അവരുടെ മാനസികസമ്മര്‍ദ്ദം കൂട്ടുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധ ഇക്കാര്യത്തില്‍ മുതിര്‍ന്നവരുടെ ഭാഗത്തു നിന്നുണ്ടായേ തീരൂ.

കുട്ടികളാണെങ്കിലും കൗമാരക്കാരാണെങ്കിലും അവരില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ പടവുകളിലാണ്. മുതിര്‍ന്നവരെ കൈകാര്യം ചെയ്യേണ്ട പോലെയല്ല അവരുമായി ഇടപഴകേണ്ടത്. അവരുടെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കാനും, അവരെ അടുത്തറിയാനും മുതിര്‍ന്നവര്‍ ശ്രമിക്കണം. ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും സ്‌നേഹപൂര്‍വം പെരുമാറാനും സാധിക്കണം. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ്ങ് ഉള്‍പ്പെടെയുള്ള വിദഗ്ധസഹായങ്ങള്‍ തേടാന്‍ ഉപേക്ഷ പാടില്ല. വിദ്യാഭ്യാസവും കുട്ടികളില്‍ വലിയ തോതില്‍ മാനസികസമ്മര്‍ദ്ദം ഉയര്‍ത്തുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. അതുണ്ടാകാന്‍ പാടില്ല. വിദ്യാഭ്യാസം ഒരു മത്സരമല്ല എന്നും, അറിവു നേടാനുള്ള ഉപാധിയാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ട്.

കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കാന്‍ ഫയര്‍ ആന്റ് റെസ്‌ക്യു മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ ഒരു സമിതിയ്ക്ക് രൂപം നല്‍കി. അതിനുപുറമേ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി ‘ചിരി’ എന്ന ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ മുഖേന ഫോണ്‍ വഴി കൗണ്‍സലിംഗ് നല്‍കുന്ന സംവിധാനമാണിത്. ശിശുക്കളുടെ മാനസികാരോഗ്യ ചികിത്സയ്ക്കാവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും ചികിത്സാകേന്ദ്രങ്ങളും നമുക്ക് ആവശ്യമാണ്. അതിനാവശ്യമായ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കും.

ഒരു സമൂഹത്തിന്റെ ഭാവി കുട്ടികളുടെ കൈകളിലാണ്. അവരാണ് നാളത്തെ പൗരന്മാര്‍. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വമാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകാന്‍ നമ്മള്‍ ദൃഢനിശ്ചയം ചെയ്‌തേ തീരൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.


courtesy: https://malayalam.indianexpress.com

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق