Posts

CA Course _ ചാർട്ടേഡ് അക്കൗണ്ടൻസി

അധ്വാനം മാത്രം അനിവാര്യം. 🌷🌷🌷🌷🌷🌷🌷 പറഞ്ഞുവരുന്നത് ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിനെ കുറിച്ചാണ്. പ്ലസ് ടു വിൻറെ റിസൾട്ട് വന്നതോടുകൂടി എല്ലാവരും വളരെ കാര്യമായ ചിന്തയിലാണ്, ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച്. വിദ്യാഭ്യാസ ജീവിതത്തിലെ ഏറ്റവും പ്രധാന ട്രാഫിക് ജംഗ്ഷൻ ആണ് ഹയർസെക്കൻഡറി എന്ന് പറയുന്നത്. സി എ കോഴ്സിന് ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത +2 പാസാക്കുക മാത്രമാണ്. ഏത് ഗ്രൂപ്പ് ആയാലും. ഇവയാണ് പ്രധാന പടികൾ. FOUNDATION (CPT) ITT/ORIENTATION IPCC (2 GROUPS) Articleship for 3 years . FINAL (TWO GROUPS) FOUNDATION എന്ന് വിളിക്കപ്പെടുന്ന എൻട്രൻസ് ആണ് ആദ്യ കടമ്പ. നാലു പേപ്പറുകൾ ആയി നടക്കുന്ന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർ വിജയിച്ച് കയറുന്ന ഒരു എഴുത്ത് പരീക്ഷ. സാധാരണഗതിയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞ് ആദ്യം വരുന്ന പരീക്ഷയിൽ തന്നെ എഴുതാം. മെയിലും നവംബറിലും ആയി പരീക്ഷകൾ നടക്കും. അത് പാസായാൽ അടുത്ത കടമ്പ ഐ പി സി സി ആണ്. ഇൻറർ മീഡിയറ്റ് എന്നു നേരത്തെ വിളിച്ചിരുന്ന അതേ കോഴ്സ്. രണ്ട് ഗ്രൂപ്പുകളിലായി ആണ് ഐ പി സി സി പരീക്ഷ നടക്കുക. ഇതിൽ ഏതെങ്കിലും ഒരു ഗ്രൂപ്പ് പാസായാൽ മൂന്ന് വർഷത്തെ ആർട്ടിക്കിൾ ഷിപ്പ് സ്റ്റാർട്ട് ചെയ്യാം. കൂടാതെ ഹ്രസ്വകാല കോഴ്സുകൾ (15/30 days) ആയ ITT, ORIENTATION ഇവകൂടി പാസാകണം. ഇത് കേവലം പ്രാക്ടിക്കൽ ക്ലാസുകൾ മാത്രമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ അവരുടെ ബ്രാഞ്ചുകളിൽ തന്നെ നടത്തുന്ന ഒരു ലഘു കോഴ്സുകൾ ആണ് ഇത്. ആർട്ടിക്കിൾ ഷിപ് നോടൊപ്പം പരീക്ഷയെഴുതി ഓരോ കടമ്പയും കടക്കാവുന്നതാണ്. കൊമേഴ്സ് പഠനങ്ങളിൽ ഏറ്റവും ഉന്നത ശ്രേണിയിൽ ഉള്ള, സി എ, കഠിനാധ്വാനികളും ഉന്നത പഠന നിലവാരം പുലർത്തുന്നവർക്കും ഉള്ള ഒരു കോഴ്സ് ആയി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. സി എ വിജയിക്കുന്നവർ തൊഴിൽസാധ്യതകളെ കുറിച്ച് ഒട്ടും ആശങ്കപ്പെടേണ്ടതില്ല എന്നുള്ളതാണ് ഏറ്റവും വലിയ മഹത്വം. ബിരുദത്തിന് ശേഷവും CA ക്ക് ചേരാവുന്നതാണ്. കൊമേഴ്സ് ബിരുദമാണെങ്കിൽ 55 ശതമാനവും മറ്റു ബിരുദങ്ങൾക്ക് 60 ശതമാനവും മാർക്ക് നേടിയവർക്ക് CA ക്ക് ചേരുമ്പോൾ ഫൗണ്ടേഷൻ എന്ന കടമ്പ ഒഴിവായി കിട്ടും. മാത്രമല്ല അല്ല ITT, ORIENTATION എന്നിവ പൂർത്തിയാക്കിയാൽ ഐ പി സി സി യുടെ പരീക്ഷ എഴുതാതെ തന്നെ നേരിട്ട് ARTICLESHIP തുടങ്ങുവാൻ സാധിക്കും. ആർട്ടിക്കിൾഷിപ്പിന് ഒപ്പം പരീക്ഷകൾ ഓരോന്ന് എഴുതി നേടാവുന്നതാണ്. ഏതെങ്കിലും പ്രാക്ടീസിംഗ് ചാർട്ടേർഡ് അക്കൗണ്ടിന്റെ കീഴിലുള്ള മൂന്നുവർഷത്തെ പ്രാക്ടിക്കൽ ട്രെയിനിങ്ങിന് ആണ് ആർട്ടിക്കിൾഷിപ്‌ എന്നു പറയുന്നത്. ഇതോടൊപ്പം എൻറെ വ്യക്തിപരമായ ചില വീക്ഷണങ്ങളും ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു. വിദ്യാഭ്യാസത്തിൻറെ ഏത് ഘട്ടത്തിൽ ആണെങ്കിൽ പോലും ആത്മാർത്ഥമായി അധ്വാനിക്കാൻ തയ്യാറുള്ള ഏതൊരാൾക്കും പ്രാപ്യമായ ഒന്നാണ് CA എന്നത്. എന്നാൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം ആദ്യം കഠിനാധ്വാനം എന്നുള്ള വാക്ക് തന്നെയാണ്. സി എ കോഴ്സിനെ കുറിച്ച് പറയുമ്പോൾ കഠിനാധ്വാനം എന്നത് ഇന്നത്തെ ബിരുദ കോഴ്സുകളുടെ അല്ലെങ്കിൽ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഒക്കെ അധ്വാന നിലവാരത്തിൽ നിന്ന് ചിന്തിക്കാവുന്ന ഒന്നല്ല. അഖിലേന്ത്യാതലത്തിൽ നടക്കുന്ന പരീക്ഷ പ്രഗൽഭരായ കുട്ടികളോട് മത്സരിച്ച് എഴുതി ജയിക്കേണ്ട ഒന്നാണ് എന്ന ബോധ്യം ഉണ്ടാവണം. 50 ശതമാനം മാർക്കാണ് വിജയിക്കാൻ വേണ്ടത്. വിജയശതമാനം പലപ്പോഴും രണ്ടക്കം കടന്നു എന്ന് വരില്ല. സമർത്ഥനായ ഒരു കുട്ടിക്ക് പ്ലസ്ടുവിന് ശേഷം ഒരു ചാർട്ടേഡ് അക്കൗണ്ടൻറ് ആകുവാൻ ഏകദേശം നാലു വർഷം മതിയാകും. മറ്റൊരു പ്രധാന കാര്യം സിഎ പഠിക്കുന്നതിനൊപ്പം ബിരുദമോ മറ്റു കോഴ്സുകളോടുകൂടി നേടുന്നതിനെ സംബന്ധിക്കുന്ന കുട്ടികളുടെ ആശങ്കയാണ്. സി എ പഠിക്കുന്നതിനൊപ്പം ബികോം , എം കോം തുടങ്ങിയ കോഴ്സുകൾക്ക് ചേർന്ന് ശ്രദ്ധ തിരിക്കാതെ CA യിൽ തന്നെ പൂർണ്ണ ശ്രദ്ധ കൊടുത്ത് പഠിക്കുന്നതാണ് ഉചിതം. ആത്മവിശ്വാസം ഇല്ലായ്മയുടെ ഏറ്റവും വലിയ ലക്ഷണമാണ് അത്. എന്നാൽ സി എ ക്കൊപ്പം സിഎം എ, സി എസ് തുടങ്ങിയ മറ്റു പ്രൊഫഷണൽ കോഴ്സുകൾ കൂടി പഠിച്ചു നേടുന്ന ധാരാളം മിടുക്കന്മാരും ഉണ്ട്. സി എ യോഗ്യത കണക്കാക്കുമ്പോൾ ബിരുദമോ ബിരുദാനന്തര ബിരുദമോ ഒരു യോഗ്യത യാക്കി പറയുന്നതു പോലും ബാലിശമായ കാര്യം ആണ്. കൂടാതെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ പല യൂണിവേഴ്സിറ്റികളുമായും ഉടമ്പടി ഉള്ളതുകൊണ്ട് CA യുടെ ഓരോ ഘട്ടം കഴിയുമ്പോൾ ഒരു പരിധിവരെ സൗജന്യം എന്ന് പറയാവുന്ന തോതിൽ തന്നെ ബികോം/ M.Com ബിരുദങ്ങൾ ലഭ്യമാണ്. ചില യൂണിവേഴ്സിറ്റികൾക്ക് ഏതെങ്കിലും ഒന്നോ രണ്ടോ പേപ്പറുകൾ എഴുതുക മാത്രമാണ് ആവശ്യമായി വരിക. (കേരളത്തിലെ യൂണിവേഴ്സിറ്റികളുമായി ഉടമ്പടി ഇല്ല). ബികോം വിത്ത് സിഎ എന്നൊക്കെ പരസ്യം ചെയ്യുന്നത് കോച്ചിംഗ് സെൻററുകളുടെ ഒരു എളിയ പരസ്യതന്ത്രം ആയി മാത്രം കണ്ടാൽ മതി. നിർഭാഗ്യവശാൽ പല കുട്ടികളും മാതാപിതാക്കളും അതിൽ തെറ്റിദ്ധരിക്കപ്പെടുന്നു എന്നുള്ളതാണ് വാസ്തവം. കോളേജ് ജീവിതം ആസ്വദിക്കുന്നതിന് വേണ്ടിയൊ കൃത്യമായ ഉപദേശങ്ങൾ കിട്ടാത്തതു കൊണ്ടോ ആണ് പലരും ബികോം നേടിയ ശേഷം സി എ ക്ക് പോകാം എന്ന് തീരുമാനിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം. ഇന്നത്തെ ഓൺലൈൻ ക്ലാസുകളുടെ പശ്ചാത്തലത്തിൽ സി എ കോഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ അധികം പ്രയോജനപ്രദമായ സൗകര്യം ഉണ്ടായിട്ടുണ്ട്. എല്ലാ കോഴ്സുകളും ഓൺലൈനിലും ലഭ്യമായത് കൊണ്ട് മുൻകാലങ്ങളെക്കാൾ കൂടുതലായി ആയി എല്ലാവർക്കും അവസരം ലഭ്യമാണ്. ഏകദേശം 75000/- രൂപയോളം പല ഘട്ടങ്ങളിൽ ആയി വരുന്ന രജിസ്ട്രേഷൻ ഫീസുകൾ ഒഴിച്ചാൽ സ്വകാര്യ ട്യൂഷൻ ഫീസുകൾ മാത്രമാണ് പ്രധാന ചിലവ് ആയി വരുക.. മിടുക്കന്മാരായ കുട്ടികൾ ഏതു സാമ്പത്തിക അവസ്ഥയിൽ ഉള്ളവർ ആയാലും നല്ല ആത്മ വിശ്വാസം ഉണ്ടെങ്കിൽ സി എ കോഴ്സ് തിരഞ്ഞെടുക്കാവുന്നതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ചില സ്കോളർഷിപ്പുകളും ലഭ്യമാണ്. നികുതി-ധന മാനേജ്മെൻറ് - അക്കൗണ്ടിംഗ് മേഖലകളിൽ എല്ലാം അനേകം സാധ്യതകൾ ഉണ്ട്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഏതു വീക്ഷണകോണിൽ നിന്ന് പരിശോധിച്ചാലും ഇപ്പോൾ പ്ലസ് ടു കൊമേഴ്സ് പാസായിട്ടുള്ള മിടുക്കരായ കുട്ടികൾക്ക് ഏറ്റവും സാധ്യത ഉള്ളതും അനുയോജ്യവും ആയിട്ടുള്ള കോഴ്സ് സിഎ തന്നെ ആണ്. കാര്യങ്ങൾ സ്വയം വിലയിരുത്തി ഓരോ കുട്ടി യും തീരുമാനമെടുക്കുക. CA.B VIDHUKUMAR M Com, FCA. Chartered Accountant.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment