‘‘ഇത്രയും ഓടിയതല്ലേ സർ... ഒരു സെക്കൻഡ് കൂടി..’’; വലയിൽ കെട്ടിപ്പിടിച്ചു കിടന്നു നെഞ്ചു പൊട്ടിയുള്ള നിലവിളികൾ

ഒരു സെക്കൻഡല്ലേ സാർ, കാലുപിടിക്കാം... തിരുവനന്തപുരത്ത് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി റിക്രൂട്മെന്റ് റാലിയിൽ 1.6കിമി ഓട്ടത്തിൽ ജയിക്കാനായി അവസാനം കടക്കേണ്ട സ്ഥലത്തേക്കുളള വഴി ഉദ്യോഗാർഥിയുടെ മുന്നിൽ ഒരു സെക്കൻഡിനു മുമ്പ് അടഞ്ഞപ്പോഴുളള സങ്കടം. സെക്കൻഡുകളുടെ വിലയെന്തെന്നു മനസ്സിലാകുന്ന സാഹചര്യങ്ങളിലൊന്ന്. അവസാനം ഉദ്യോഗസ്ഥന്റെ കാലുപിടിച്ചു കരഞ്ഞെങ്കിലും നിശ്ചിത സമയം കഴിഞ്ഞിരുന്നതിനാൽ അടുത്ത ശ്രമത്തിൽ വിജയിക്കാമെന്നാശ്വസിപ്പിച്ച് എഴുന്നേൽപ്പിക്കുകയാണ് ഉദ്യോഗസ്ഥൻ. ചിത്രം: മനോജ് ചേമഞ്ചേരി. മനോരമ


സമയത്തിന്റെ വില അറിയാത്തവർക്ക് 

തലയ്ക്കു മീതെ കത്തുന്ന സൂര്യൻ. തുടർച്ചയായ 4 റൗണ്ടിലായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലൂടെ 1.6 കിലോമീറ്റർ ദൂരം ഓട്ടം. ഓടിത്തുടങ്ങുമ്പോൾ 200 പേരെങ്കിൽ, അവസാന ലാപ്പിലെത്തുന്നതു വിരലിലെണ്ണാവുന്നവർ. 4 റൗണ്ടും കഴിഞ്ഞ് ഓടിക്കയറേണ്ടതു വല കൊണ്ടു പ്രത്യേകം തിരിച്ച സൈനിക സെലക്‌ഷൻ ഭാഗത്തേക്ക്. 5 മിനിറ്റ് 30 സെക്കൻഡിനു മുൻപ് ആ വലയ്ക്കുള്ളിൽ കടന്നാൽ 60 മാർക്ക്.

5 മിനിറ്റ് 45 സെക്കൻഡ് എങ്കിൽ 48 മാർക്ക്. 5 മിനിറ്റ് 46 സെക്കൻഡ് ആയാൽ വല അടയും. എത്ര ആഞ്ഞുശ്രമിച്ചാലും പിന്നെ കവാടം തുറക്കില്ല. അതോടെ രംഗം മാറും. ഒരു സെക്കൻഡ് വൈകിയതു കൊണ്ടു തലവര മാറിയവരുടെ നെഞ്ചു പൊട്ടിയുള്ള നിലവിളികൾ, കാലു പിടിച്ചുള്ള അഭ്യർഥന.. വലയ്ക്കു മുന്നിൽ കാവൽ നിൽക്കുന്ന പൊലീസുകാരുടെ കണ്ണും നിറ‍ഞ്ഞുപോകും.

‘‘സർ, ഞങ്ങളിത്രയും ഓടിയതല്ലേ, പ്ലീസ് സർ’’-വലയിൽ കെട്ടിപ്പിടിച്ചു കിടന്നു കരയുന്നവരെ ‘‘സാരമില്ലെടാ, അടുത്ത തവണ ശരിയാക്കാം’’ എന്ന് ആശ്വസിപ്പിച്ചു സ്റ്റേഡിയത്തിനു പുറത്തെത്തിക്കേണ്ടതും ഇവരാണ്. അവസാന ലാപ് ഓടുന്നതിനിടെ തളരുന്നവരോട് ‘‘400 മീറ്റർ കൂടി കഴിഞ്ഞാൽ ജോലി’’ എന്നു കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതും പൊലീസുകാർ തന്നെ. 91,646 ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന മെഗാ റിക്രൂട്മെന്റ് റാലിക്കാണ് ഇന്നലെ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ തുടക്കമായത്.

ഒട്ടും എളുപ്പമല്ല!

ഓട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടാലും പിന്നെയും കടമ്പകളുണ്ട്. ആദ്യം ബയോമെട്രിക് പരിശോധന. അതു കഴിഞ്ഞാൽ 3 പരീക്ഷണങ്ങൾ: വളഞ്ഞ കമ്പിയിലൂടെ നടക്കുന്ന സിഗ്സാഗ് ബാലൻസ്, 9 അടി ലോങ് ജംപ്, 10 പുൾ അപ്. ഇതിൽ സിഗ്സാഗ് ബാലൻസിനും ലോങ് ജംപിനും മാർക്കില്ലെങ്കിലും അയോഗ്യരാകാൻ പാടില്ല. 10 പുൾ അപ്പും പൂർത്തിയാക്കിയാൽ 40 മാർക്ക്. 

ഇതു കഴിഞ്ഞ് നെഞ്ചളവ്, ശരീരഭാരം, ഉയരം എന്നിവ പരിശോധിക്കും. 166 സെന്റിമീറ്ററാണ് ആവശ്യമായ മിനിമം ഉയരം, നെഞ്ചളവ് 77 സെന്റിമീറ്റർ (ശ്വാസം പിടിക്കുമ്പോൾ 5 സെന്റിമീറ്റർ കൂടി കൂടാം), ശരീരഭാരം മിനിമം 50 കിലോ. ഇതെല്ലാം പൂർത്തിയാക്കുന്നവർക്കു പിറ്റേ ദിവസം വൈദ്യ പരിശോധന. തെക്കൻ ജില്ലകളിൽ നിന്നു 48,656 ഉദ്യോഗാർഥികളും വടക്കൻ ജില്ലകളിൽ നിന്നു 42,990 ഉദ്യോഗാർഥികളുമാണു പങ്കെടുക്കുന്നത്.


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment