18 പിന്നിട്ടവർക്ക് വാക്സീൻ റജിസ്ട്രേഷൻ ഇന്നു മുതൽ; നിര്‍ദേശങ്ങള്‍ ഇങ്ങനെ


18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്ന് വൈകിട്ട് നാലു മണി മുതൽ തുടങ്ങും. കോവിന്‍ സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും. രോഗികൾക്കായിരിക്കും മുൻഗണന എന്നാണ് സൂചന. കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീൽഡ് വാക്സീൻ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്സീൻ സ്റ്റോക്കുണ്

കോ-വിൻ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

selfregistration.cowin.gov.in എന്ന വെബ്സൈറ്റ്, മൊബൈലിലോ കംപ്യൂട്ടറിലെ തുറന്നു നിങ്ങളുടെ ഫോൺ നമ്പർ നൽകുക. എസ്എംഎസ് ആയി വൺ ടൈം പാസ്‍വേഡ് (ഒടിപി) ലഭിക്കും. അടുത്ത വിൻഡോയിൽ ഈ ഒടിപി നൽകി 'verify' ചെയ്യുക.

Photo ID Proof എന്ന കോളത്തിൽ ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, പാസ്‍പോർട്ട്, പെൻഷൻ പാസ്‍ബുക്ക്, വോട്ടർ ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കുക. തിരിച്ചറിയൽ രേഖയുടെ നമ്പർ, ഫോട്ടോ ഐഡി നമ്പർ എന്ന കോളത്തിൽ നൽകുക. തിരിച്ചറിയൽ രേഖയിലുള്ളതുപോലെ തന്നെ പേരു രേഖപ്പെടുത്തുക. ലിംഗം, ജനനവർഷം എന്നിവ നൽകി റജിസ്റ്റർ എന്ന ബട്ടൺ ക്ലിക് ചെയ്യാം.

ഇതോടെ നിങ്ങളുടെ പ്രൊഫൈൽ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് പരമാവധി 4 പേരെ റജിസ്റ്റർ ചെയ്യാം. കുടുംബത്തിലെ മറ്റൊരാളെ ഉൾപ്പെടുത്തണമെങ്കിൽ 'Add More' എന്ന ഓപ്ഷൻ ഉപയോഗിച്ച് വിവരങ്ങൾ നൽകണം.

'Schedule' എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ പിൻകോഡ് ആവശ്യപ്പെടും. നിങ്ങളുടെ പരിസരത്തെ പിൻകോഡ് നൽകി സമീപത്തു വാക്സീൻ കേന്ദ്രങ്ങളുണ്ടോയെന്നു പരിശോധിക്കാം. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ തൊട്ടുമുകളിൽ 'Search by district' എന്ന ഓപ്ഷൻ നൽകി നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക.

ഓരോ തീയതിയിലും ഓരോ വാക്സീൻ കേന്ദ്രത്തിലും എത്ര ടോക്കൺ വീതം ബാക്കിയുണ്ടെന്ന് അറിയാൻ കഴിയും. യോജിക്കുന്ന തീയതിയും കേന്ദ്രവും തിരഞ്ഞെടുത്ത ശേഷം അടുത്ത വിൻഡോയിൽ നിങ്ങൾക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക. തുടർന്ന് 'confirm' ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇതോടെ 'Your Vaccine appointment is confirmed' എന്ന സന്ദേശം ലഭിക്കും, ഒപ്പം എസ്എംഎസും. അപ്പോയിന്റ്മെന്റ് സ്ലിപ് 'Download' എന്ന ഓപ്ഷൻ ഉപയോഗിച്ച് ആവശ്യമെങ്കിൽ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാം. ബുക്ക് ചെയ്ത സമയത്ത് വാക്സീൻ കേന്ദ്രത്തിലെത്തുമ്പോൾ ആദ്യം നൽകിയ തിരിച്ചറിയൽ രേഖയും ഒപ്പം കരുതണം.

ഒരു തവണ ബുക് ചെയ്ത ശേഷം പോകാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട, വീണ്ടും ലോഗിൻ ചെയ്താൽ വാക്സിനേഷൻ 'Reschedule' ചെയ്യാൻ സൗകര്യമുണ്ട്. സംശയങ്ങൾക്കു വിളിക്കാം: 1075

രണ്ടാം ഡോസ് ബുക്ക് ചെയ്യാൻ

രണ്ടാം ഡോസിന്റെ സമയമാകുമ്പോൾ ബുക്ക് ചെയ്യാൻ selfregistration.cowin.gov.in എന്ന വെബ്സൈറ്റ് വീണ്ടും തുറക്കുക. ആദ്യം ചെയ്തതുപോലെ മൊബൈൽ നമ്പറും ഒടിപിയും നൽകി ലോഗിൻ ചെയ്യുക.ആദ്യ ഡോസ് എടുത്തവരാണെങ്കിൽ ആ പ്രൊഫൈലിനു നേരെ 'partially vaccinated' (ഭാഗികമായി വാക്സീൻ സ്വീകരിച്ചു) എന്ന സ്റ്റാറ്റസ് കാണാം.'Dose 2' എന്ന ഓപ്ഷനു നേരെയുള്ള ഷെഡ്യൂൾ മെനു ക്ലിക് ചെയ്താൽ തീയതിയും കേന്ദ്രവും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭ്യമാകും. ആദ്യ തവണ ചെയ്തതുപോലെ തുടർനടപടി പൂർത്തിയാക്കുക.

വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ

നിങ്ങളുടെ കോവിഡ് -19 വാക്സിനേഷൻ പൂർത്തിയായ ശേഷം, ഒരു റഫറൻസ് ഐഡി ലഭിക്കും, അതിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. വാക്സിനേഷൻ കഴിഞ്ഞ ശേഷം selfregistration.cowin.gov.in എന്ന വെബ്സൈറ്റ് തുറന്ന് മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക. ഏത് ഡോസ് ആണോ പൂർത്തിയാക്കിയത് അതിനു നേരെ 'Certificate' എന്ന ഓപ്ഷൻ കാണാം. അത് ക്ലിക് ചെയ്താൽ പിഡിഎഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ആകും. ഇതു ഫോണിൽ സേവ് ചെയ്യുകയോ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയോ ചെയ്യാം.

ആദ്യ 2 ഘട്ടങ്ങളിലും ഉൾപ്പെട്ട ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ കുത്തിവയ്പു തുടരും. രണ്ടാം ഡോസ് എടുക്കാൻ ബാക്കിയുള്ള ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 45 വയസ്സിനു മുകളിലുള്ളവർ തുടങ്ങിയവർക്ക് മൂന്നാം ഘട്ടത്തിലും മുൻഗണന നൽകും. 

റജിസ്ട്രേഷൻ സമയത്തും വാക്സിന്‍ കുത്തിവയ്പ്പിന് പോകുമ്പോഴും കരുതേണ്ട തിരിച്ചറിയല്‍ രേഖ(ഇതിൽ ഒന്നു മതിയാകും)

> ആധാർ കാർഡ്
> പാൻ കാർഡ്
> വോട്ടർ ഐഡി
> ഡ്രൈവിങ് ലൈസന്‍സ്
> തൊഴിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്
> മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം തൊഴിൽ കാർഡ്
> പാസ്‌പോർട്ട്
> ബാങ്ക് / തപാൽ ഓഫിസ് നൽകുന്ന പാസ്ബുക്കുകൾ
> പെൻഷൻ പ്രമാണം
> സർക്കാർ / പബ്ലിക് ലിമിറ്റഡ് കമ്പനികൾ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ്

ഇടയ്ക്കിടെ സെർച് ചെയ്യുക

സ്ലോട്ടുകൾ നോക്കുമ്പോൾ കാണുന്നില്ലെന്നു കരുതി തീർന്നു എന്നല്ല അർഥം. ഏതു സമയത്താണ് ഓരോ കേന്ദ്രവും ഈ വിവരം അപ്ഡേറ്റ് ചെയ്യുന്നതെന്ന് അവ്യക്തമായതിനാൽ ഇടയ്ക്കിടയ്ക്ക് പോർട്ടൽ പരിശോധിക്കേണ്ടി വരും. പിൻകോഡ് നൽകി കേന്ദ്രം പരിശോധിക്കുന്നതിനു പകരം 'Search by District' എന്ന നൽകിയാൽ ജില്ലയിലെ കൂടുതൽ കേന്ദ്രങ്ങളിൽ സ്ലോട്ട് ഉണ്ടോയെന്നറിയാം.

മൊബൈൽ ഫോണിലെ വെബ് ബ്രൗസറിൽ കോവിൻ പോർട്ടൽ ലോഗിൻ ചെയ്ത് 'Book Appointment for vaccination' എന്ന ഭാഗത്ത് 'Search By District' ഓപ്ഷൻ എടുത്തു നിങ്ങളുടെ ജില്ല നൽകി സെർച് ചെയ്യുക. ഈ ടാബ് മിനിമൈസ് ചെയ്ത ശേഷം ഇടയ്ക്കിടയ്ക്ക് തുറന്ന് 'Search' ഓപ്ഷൻ നൽകിയാൽ ഏതെങ്കിലും സെന്ററുകൾ സ്ലോട്ട് അപ്ഡേറ്റ് ചെയ്താൽ അറിയാനാകും.


About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment