'ഒരുപാട് സന്തോഷത്തോടെ പറയട്ടെ, ഈ വീട്ടിൽ ഒരു ഐഐഎം അസിസ്റ്റന്‍റ് പ്രൊഫസര്‍ ജനിച്ചിരിക്കുന്നു...


ജീവിതപരാജങ്ങൾക്ക് മുന്നിൽ മുട്ടു കുത്തുമ്പോൾ നാം ചിലപ്പോഴൊക്കെ സാഹചര്യങ്ങളെ പഴിചാരാറില്ലേ? എനിക്ക് കാര്യങ്ങൾ അറിയില്ലായിരുന്നു, വഴികാട്ടുവാൻ ആരും ഇല്ലായിരുന്നു എന്നൊക്കെ. അത്തരക്കാര്‍ തീർച്ചയായും രഞ്ജിത് ആർ പാണത്തൂർ എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ അറിഞ്ഞിരിക്കണം. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് പ്ലസ്ടു കഴിഞ്ഞപ്പോൾ പഠനം അവസാനിപ്പിക്കണമെന്ന് കരുതിയ പയ്യൻ പ്രതിസന്ധികളോട് പടവെട്ടി റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായിരിക്കുന്നു. ‘‘ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്’’ എന്ന ആമുഖത്തോടെ രഞ്ജിത് പങ്കുവെച്ച കുറിപ്പ് പതിനായിരങ്ങളാണ് ഹൃദയത്തോട് ചേർത്തത്.
പ്ലസ് ടു കൊണ്ട് പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചു; അവിടെ നിന്ന് ഐഐഎം അസിസ്റ്റന്റ് പ്രഫസറിലേക്ക് രഞ്ജിതിന്റെ ജീവിതം മാറിമറിഞ്ഞത് ശരിക്കും ഒരു പോരാട്ടത്തിലൂടെ

രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്,



'ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെ ആണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്. ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടില്‍ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു. ഈ വീട് മുതല്‍ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി. ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങള്‍ക്ക് വളമാകുന്നെങ്കില്‍ അതാണ് എന്റെ വിജയം.

ഹയര്‍ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാര്‍ക്കുണ്ടായിരുന്നു. എന്നാലും എന്റെ ചുറ്റുപാടിന്റെ സമ്മര്‍ദ്ദം മൂലം പഠനം നിര്‍ത്താമെന്നു കരുതിയതാണ്. എന്തോ ഭാഗ്യം കൊണ്ട് അതേസമയം പാണത്തൂര്‍ ടെലി‍ഫോണ്‍ എക്സ്ചേഞ്ചില്‍ രാത്രികാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകല്‍ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു. അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല. ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാന്‍ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു. St. Pius College എന്നെ വേദികളില്‍ സംസാരിക്കാന്‍ പഠിപ്പിച്ചു, Central University of Kerala കാസര്‍കോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് IIT Madras ന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷേ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആള്‍ക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നില്‍ക്കാന്‍ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാന്‍ പോലും ഭയമായിരുന്നു. ഇതെന്റെ വഴിയല്ല എന്നു തോന്നി. PhD പാതിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷേ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുന്‍പ് ഒന്ന് പോരാടാന്‍ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതല്‍ ജയിക്കണമെന്ന വാശി വന്നു. പാണത്തൂര്‍ എന്ന മലയോര മേഖലയില്‍ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം. വിത്തെറിഞ്ഞാല്‍ പൊന്നു വിളയുന്ന ആ മണ്ണില്‍ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.

ഈ കുടിലില്‍ (സ്വര്‍ഗത്തില്‍) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.

എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരും മുന്‍പ് വാടി പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്ന സാക്ഷത്ക്കാരത്തിന്റെ കഥകള്‍ ഉണ്ടാകണം. 

തലയ്ക്കു മുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം. നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം, പക്ഷേ ആകാശത്തോളം സ്വപ്നം കാണുക..... ഒരു നാള്‍ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരാത്തെത്താം.'





ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ...

Posted by Ranjith R Panathur on Friday, April 9, 2021

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment