കുട്ടികൾക്ക് ആശ്വാസമാണ് പോലീസിന്റെ ‘ചിരി’: ഏത് സമയത്തും വിളിക്കാം


കേരള പോലീസിന്റെ ‘ചിരി’യുടെ മധുരമറിഞ്ഞത് 25564 കുട്ടികൾ. കുട്ടികളുടെ ആശങ്കകൾക്ക് കാതോർക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് കുട്ടികൾക്കായുള്ള ‘ചിരി’ ഹെൽപ് ഡെസ്‌ക്കിന്റെ തുടക്കം. 2020ൽ ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ ‘ചിരി’ ഹെൽപ് ഡെസ്‌ക്കിൽ 10,002 കുട്ടികൾ വിളിച്ചത് പല പ്രശ്‌നങ്ങളും പങ്കുവയ്ക്കാനാണ്. 15,562 പേർ വിവിധ അന്വേഷണങ്ങൾക്കായാണ് വിളിച്ചത്.

ഓൺലൈൻ പഠനം പോര, സ്‌കൂളിൽ പോയി കൂട്ടുകാരെ കാണണം, കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കുന്നതിന്റെ സങ്കടം…. ‘ചിരി’-യിലേക്ക് വിളിച്ച കുട്ടികളുടെ പരാതി ലിസ്റ്റ് ഇങ്ങനെ നീളുന്നു.

11 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഹെൽപ് ഡെസ്‌ക്കിലേക്ക് വിളിച്ചത്. 11 ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളും വിളിച്ചു.

മുതിർന്നവർ നിസ്സാരമായി കാണുന്ന പല കാര്യങ്ങളും കുട്ടികളുടെ മനസിനെ വലിയ രീതിയിൽ ഉലയ്ക്കുമെന്നത് കാണാതെ പോകാൻ കഴിയില്ലെന്നതിനാലാണ് കേരള പോലീസ് ഇത്തരമൊരു സംവിധാനം ആരംഭിച്ചത്. ഹെല്പ് ഡെസ്‌ക്കിന്റെ 9497900200 എന്ന നമ്പറിൽ കുട്ടികൾക്ക് അവരുടെ പ്രയാസങ്ങളും ആശങ്കകളും എപ്പോൾ വേണമെങ്കിലും പങ്കുവെയ്ക്കാം. കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷൻ കുറയ്ക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും ‘ചിരി’ ഹെല്പ് ഡസ്‌കിൽ വിളിക്കാറുണ്ട്.

‘ചിരി’ ഹെൽപ്‌ലൈൻ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയിലും 20 പേരടങ്ങിയ മെന്റർ ടീം പ്രവർത്തിക്കുന്നുണ്ട്. മനഃശാസ്ത്രഞ്ജർ, പരിശീലനം ലഭിച്ച എസ്. പി. സി അംഗങ്ങളായ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് ഫോണിലൂടെ കുട്ടികൾക്ക് ആശ്വാസം പകരുന്നത്. ഹെൽപ്ലൈനിൽ ലഭിക്കുന്ന കോളുകൾ തരം തിരിച്ച് അതത് ജില്ലകളിലേക്ക് കൈമാറും. ഇവർ കുട്ടികളെ വിളിച്ച് സൗഹൃദ സംഭാഷണം അല്ലെങ്കിൽ കൗൺസലിംഗ് ഉറപ്പാക്കുന്ന തരത്തിലാണ് പ്രവർത്തനം. പരിഹാരമായി കൗൺസലിംഗ് നൽകുകയോ അടിയന്തിര സഹായം ആവശ്യമുള്ളതെങ്കിൽ സമീപത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയോ ചെയ്യും. കോവിഡ് കാലം ഒഴിഞ്ഞാലും ‘ചിരി’ തുടരാനാണ് പോലീസിന്റെ ആലോചന.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment