വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീമിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം

 


നവംബറിൽ സ്കൂൾ തുറക്കുന്നതിനു മുന്നൊരുക്കമായി പൊതു വിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ച വെബിനാർ സീരിസിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം. ഒരു മാസകാലയളവിൽ ഏറ്റവും കൂടുതൽ വെബിനാറുകൾ സംഘടിപ്പിച്ചതിനാണ് അംഗീകാരം. 

ഒക്ടോബർ 15 മുതൽ നവംബർ 15 വരെയുള്ള 31 ദിവസ കാലയളവിൽ ഒരു മണിക്കൂർ ദൈർഘ്യ മുള്ള 252 വിദ്യാഭ്യാസ വെബിനാറുകളാണ്സംഘടിപ്പിക്കപ്പെട്ടിരുന്നത്. മനോഭാവ നിർമ്മാണം, ജീവിത നൈപുണികൾ, ക്രിയാത്മക നൈപുണികൾ, ആരോഗ്യ ജാഗ്രത, ടെക്നോക്രാഫ്റ്റ് ചെയ്ഞ്ച് ആന്റ് ക്രൈസിസ് മാനേജ്മെന്റ് എന്നീ പ്രമേയങ്ങളോടെ 249 സ്കൂൾ എൻ.എസ്.എസ് യൂണിറ്റുകൾ വെബിനാർ സീരിസിൽ വിഷയാവതരണങ്ങൾ നടത്തിയിരുന്നു. 

സംസ്ഥാന ദേശീയ തലങ്ങളിലെ വിഷയ വിദഗ്ദർ അവതാരകരായി എത്തിയ സീരീസിൽ വിവിധ വിഷയ മേഖലകളിൽ ഗ്രാഹ്യമുള്ള വിദ്യാർത്ഥി പ്രതിഭകളും റിസോഴ്സ് പേഴ്സണായി പങ്കെടുത്തിരുന്നു. സംഘടിപ്പിക്കപ്പെട്ട 252 വെബിനാറുകളിൽ യു ടൂബ് സ്ക്രീനിങ്ങിലൂടെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത 131 സെഷനുകളാണ് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. 

ഒരു മാസത്തെ സബ്സ്ക്രിപ്ഷനിൽ 500 പേർക്ക് പങ്കെടുക്കാവുന്ന സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കപ്പെട്ട പരമാവധി എണ്ണം വെബിനാറുകൾ എന്ന നിലയിൽ ഈ നേട്ടം ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിനും പരിഗണിക്കപ്പെട്ടിട്ടുണ്ട്. സമീപ ഭാവിയിൽ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ നാഷണൽ സർവ്വീസ് സ്കീമിന്റെ നേട്ടത്തെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. അഭിമാനകരമായ നേട്ടമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

ഒരു കമന്റ്

  1. ulvanaasz
    ulvanaasz
    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.