Nursing

ഏത് പുതിയ കോഴ്സുകൾ വന്നാലും തൊഴിൽ സാധ്യത കുറയാതെ നഴ്സിങ്; കാരണമിതാണ്...


മരുന്നും കുത്തിവയ്പും ശുശ്രൂഷയും എന്ന നിലയിൽ നിന്ന് നഴ്സിങ് മേഖല വളരെയധികം വളർന്നു കഴിഞ്ഞു. സാധ്യതകൾ അറിയാം. പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും ഉന്നതവിജയം നമ്മുടെ ഭാവിജീവിതത്തിലേക്കുള്ള ചവിട്ടുപടികളാണ്. കാലം മാറിയപ്പോൾ മത്സരം കടുത്തതാവുകയും പുതിയ ഒരുപാടു തൊഴിൽ മേഖലകൾ നമുക്കു മുന്നിൽ തുറക്കുകയും ചെയ്തു. എന്നാൽ അന്നുമിന്നും നിത്യഹരിതമായി നിൽക്കുന്ന ഒരു തൊഴിൽ മേഖല നമുക്കു മുന്നിലുണ്ട്. എന്തെല്ലാം പുതിയ കോഴ്സുകൾ വന്നാലും ഈ തൊഴിൽ മേഖലയിൽ കടന്നു കൂടാനുള്ള തിരക്കും തൊഴിൽ സാധ്യതയും കുറയുന്നതേയില്ല.


കോഴ്സുകൾ എന്തെല്ലാം ?

∙ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആന്റ് മിഡ് വൈഫറി (Diploma in General Nursing and midwifery - GNM) : ഇത് ഒരു ഡിപ്ലോമാ കോഴ്സാണ്. മൂന്നു വർഷമാണ് കോഴ്സിന്റെ കാലാവധി. പ്ലസ്ടുവിന് മിനിമം 40% മാർക്ക് ഉള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിലുള്ളവർക്ക് മുൻഗണനയുണ്ടെങ്കിലും ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡപ്രകാരം സയൻസ് ഗ്രൂപ്പ് നിർബന്ധമില്ല.

∙ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്(PB Bsc Nursing): മൂന്നു വർഷത്തെയോ മൂന്നര വർഷത്തേയോ  (പണ്ട് (GNM) കോഴ്സ് മൂന്നര വർഷമായിരുന്നു) ജനറൽ നഴ്സിങ് ഡിപ്ലോമയാണ് പ്രവേശന മാനദണ്ഡം. രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി. ഇപ്രകാരം ലഭിക്കുന്ന പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് ഡിഗ്രി, ബിഎസ്‌സി നഴ്സിങ്ങിനു തുല്യമാണ്.

∙ബിഎസ്‌സി നഴ്സിങ് : നാലു വർഷമാണ് കോഴ്സിന്റെ കാലാവധി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിൽ 50% ത്തിൽ കുറയാത്ത മാർക്കോടെ പ്ലസ്ടുവാണ് പ്രവേശന മാനദണ്ഡം. നിലവിൽ വാർഷിക പ്രോഗ്രാമായി നടത്തുന്ന ഈ കോഴ്സ് സെമസ്റ്റർ രീതിയിലേക്ക് സമീപഭാവിയിൽ മാറും.

∙ എംഎസ്‌സി നഴ്സിങ് : രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി ബിഎസ്‌സി നഴ്സിങ് ബിരുദവും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. താഴെ പറയുന്ന സ്പെഷൽറ്റികളിലാണ് ഈ കോഴ്സ് നടത്തപ്പെടുന്നത്.


∙ മെഡിക്കൽ – സർജിക്കൽ നഴ്സിങ്


∙ പീഡിയാട്രിക് നഴ്സിങ് അഥവാ ചൈൽഡ് ഹെൽത്ത് നഴ്സിങ്


∙ മെന്റൽ ഹെൽത്ത് നഴ്സിങ് അഥവാ സൈക്യാട്രിക് നഴ്സിങ്


∙ ഒബ്സ്റ്റട്രിക് ആന്റ് ഗൈനക്കോളജിക്കൽ നഴ്സിങ് 


∙ കമ്യൂണിറ്റി ഹെൽത്ത് 


ഇതിൽ മെഡിക്കൽ സർജിക്കൽ നഴ്സിങ് കോഴ്സിൽ കാർഡിയോ വാസ്ക്കുലാർ തൊറാസിക് നഴ്സിങ്, ന്യൂറോ സയൻസസ് നഴ്സിങ്, ഓങ്കോളജി നഴ്സിങ്, നെഫ്രോ യൂറോളജി നഴ്സിങ് എന്നീ സബ് സ്പെഷൽലിറ്റികളും ലഭ്യമാണ്.


career-nursing-career-scope

∙ പിഎച്ച് ഡി ഇൻ നഴ്സിങ് : നഴ്സിങ്ങിലുള്ള ഡോക്ടറൽ ഡിഗ്രിയുടെ കാലാവധി സാധാരണ ഗതിയിൽ മൂന്നു മുതൽ 5 വർഷം വരെയാണ്. എംഎസ്‌സി നഴ്സിങ് ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികൾ ഈ കോഴ്സ് നടത്തുന്നുണ്ടെങ്കിലും ഇന്ത്യൻ നഴ്സിങ് കൗൺസലിന്റെ അംഗീകാരമുള്ളതാണോ എന്ന കാര്യം പരിശോധിച്ചിട്ടു വേണം ചേരാൻ. ഇന്ത്യൻ നഴ്സിങ് കൗൺസിൽ നേരിട്ടു നടത്തുന്ന (National Consortium for PhD in Nursing) പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനം എൻട്രൻസ് പരീക്ഷ വഴിയാണ്.


തൊഴിൽ സാധ്യതകൾ

അടിസ്ഥാന നഴ്സിങ് ശുശ്രൂഷകളും മരുന്നും ഇഞ്ചക്ഷനും കൊടുക്കലും എന്ന നിലയിൽ നിന്ന് ഇന്ന് നഴ്സിങ് തൊഴിൽ മേഖല വളരെ പുരോഗമിച്ചിട്ടുണ്ട്. പ്രധാനമായും വൈദ്യശാസ്ത്ര രംഗത്തെ പുരോഗതികൾ തന്നെയാണ് നഴ്സിങ് മേഖലയിലെ വൈവിധ്യ വൽക്കരണത്തിന്റെയും അടിസ്ഥാനം. ക്ലിനിക്കൽ നഴ്സിങ്, നഴ്സിങ് അധ്യാപനം എന്നിങ്ങനെ നഴ്സിങ് തൊഴിൽ മേഖലയെ പ്രധാനമായി രണ്ടു വിധത്തിൽ തിരിക്കാമെങ്കിലും ഇവയ്ക്കുള്ളിൽത്തന്നെ ഏറെ വൈവിധ്യമുണ്ട് ഇന്ന്.

ജനറൽ നഴ്സിങ് കോഴ്സ് കഴിഞ്ഞവർക്ക് സർക്കാരാശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സ്റ്റാഫ് നഴ്സ് തസ്തികയിലാണ് തുടക്കത്തിൽ നിയമനം ലഭിക്കുക. സീനിയോരിറ്റി അനുസരിച്ച് ടീം ലീഡർ, ഹെഡ് നഴ്സ്, സൂപ്പർ വൈസർ, നഴ്സിങ് സൂപ്രണ്ട് എന്നീ തസ്തികയിലെത്തിച്ചേരാൻ സാധ്യതയുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിലുള്ള തൊഴിൽ സാധ്യത പണ്ടത്തെപ്പോലെ ഡിപ്ലോമക്കാർക്ക് ഇല്ല. മിക്ക രാജ്യങ്ങളും സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് ബിഎസ്‌സി നഴ്സിങ് യോഗ്യതയാണ് നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രണ്ടു വർഷം കൂടി പഠിച്ച് പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് ഡിഗ്രി എടുക്കുന്നതാണ് ഇവർക്ക് കൂടുതൽ നല്ലത്. വിവിധ സർക്കാരാശുപത്രികളിൽ സ്റ്റാഫ് നഴ്സ് ആവാൻ ജിഎൻഎം യോഗ്യത മതി.

ബിഎസ്‌സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് എന്നീ കോഴ്സുകൾ കഴിഞ്ഞവർക്ക് ആശുപത്രികളി ലെ സ്റ്റാഫ് നഴ്സ് തസ്തികയ്ക്കു പുറമെ ജനറൽ നഴ്സിങ് സ്കൂളുകളിൽ ട്യൂട്ടർ ആവാനും ബിഎസ്‌സി നഴ്സിങ് കോളജുകളിൽ ക്ലിനിക്കൽ ഇൻസ്ട്രക്ടർ ആവാനും അവസരമുണ്ട്. ചില സ്ഥലങ്ങളിൽ ക്ലിനിക്കൽ ഇൻസ്ട്രക്ടർ തസ്തിക അസിസ്റ്റന്റ് ലക്ചറർ എന്നും അറിയപ്പെടുന്നുണ്ട്. ആശുപത്രിയുടെ സൗകര്യങ്ങൾക്കനുസരിച്ച് വിവിധ സ്പെഷൽറ്റി ഡിപ്പാർട്ടുമെന്റുകളിൽ ജോലിയിൽ പ്രവേശിച്ച് ഏതാനും വർഷത്തെ തൊഴിൽ പരിചയം നേടി ഭാവിയിൽ ആ മേഖലയിൽ ഒരു വിദഗ്ധയാവാനും സൗകര്യം കിട്ടും.

ഓപ്പറേഷൻ തിയറ്റർ, ഐസിയു, കാഷ്വാലിറ്റി, നിയോനേറ്റൽ നഴ്സറി, ഡയാലിസിസ് റൂം, ഇൻഫെക്ഷൻ കൺട്രോൾ, ട്രാൻസ്പ്ലാന്റ് യൂണിറ്റ്, കാത്ത് ലാബ് എന്നിവയൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. എംഎസ്‌സി നഴ്സിങ്ങാണ് നഴ്സിങ് കോളജുകളിൽ പഠിപ്പിക്കാനുള്ള അടിസ്ഥാന യോഗ്യത. എംഎസ്‌സി കഴിഞ്ഞവർക്ക് ക്ലിനിക്കൽ മേഖലയിൽ ക്ലിനിക്കൽ നഴ്സ് സ്പെഷലിസ്റ്റ്, നഴ്സ് എഡ്യൂക്കേറ്റർ, ഇൻ സർവീസസ് എഡ്യൂക്കേഷൻ കോർഡിനേറ്റർ, ഇൻഫെക്ഷൻ കൺട്രോൾ മാനേജർ എന്നീ തസ്തികകളൊക്കെ ഇന്ന് ലഭ്യമാണ്. ഇതിനും പുറമെ വിവിധ ഗവേഷണ പദ്ധതികളിൽ റിസർച്ച് അസിസ്റ്റന്റ്, കോ ഇൻ വെസ്റ്റിഗേറ്റർ എന്നീ തലങ്ങളിലൊക്കെ അഭിരുചി ഉള്ളവർക്ക് അവസരങ്ങളുണ്ട്.

കാബിൻ ക്രൂ മുതൽ ആശുപത്രി മാനേജ്മെന്റ് വരെ

എംഎസ്‌സി നഴ്സിങ്ങിനുശേഷം എംബിഎ ഇൻ ഹെൽത്ത് കെയർ, മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MBA in Health Care Master of Hospital Administration (MHA) എന്നീ കോഴ്സുകൾ ചെയ്യുന്നവർക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്തും അവസരങ്ങൾ ഇന്നുണ്ട്. രാജ്യത്തെ പല വമ്പൻ കോർപ്പറേറ്റ് ആശുപത്രികളുടെയും മാനേജ്മെന്റ് തലത്തിൽ ഇന്ന് Msc യും PhD യുമൊക്കെ കഴിഞ്ഞ നഴ്സുമാർ ഉണ്ട്.

പിഎച്ച്ഡി ഇന്ന് നഴ്സിങ് രംഗത്തെ ഒരു അധിക യോഗ്യതയായാണ് കണക്കാക്കപ്പെടുന്നതെങ്കിലും പല സ്ഥലത്തും പ്രഫസർ തസ്തികയ്ക്കും പ്രിൻസിപ്പൽ തസ്തികയ്ക്കും പിഎച്ച്ഡി ഒരു മാനദണ്ഡമാക്കിത്തുടങ്ങിയിട്ടുണ്ട്.

മുകളിൽ പറഞ്ഞവയ്ക്കു പുറമെ വിവിധ മേഖലകളിൽ നഴ്സിങ് ബിരുദധാരികൾക്ക് ഇന്ന് അവസരങ്ങളുണ്ട്. സ്കൂൾ ഹെൽത്ത് നഴ്സ്, ഇൻഡസ്ട്രിയൽ നഴ്സ്, ഫോറൻസിക് നഴ്സ്, ആംബുലൻസ് നഴ്സ്, സർജിക്കൽ സ്റ്റോർ മാനേജർ ഇവയൊക്കെ ചിലതു മാത്രം. വിമാനങ്ങളിലെ കാബിൻ ക്രൂ തസ്തികയ്ക്ക് ബിഎസ്‌സി നഴ്സിങ് ബിരുധധാരികൾക്കു മുൻഗണനയുണ്ട്. എയർ ആംബുലൻസിലും നഴ്സുമാർക്ക് അവസരങ്ങളുണ്ട്. സർക്കാർ തലത്തിലെ അവസരങ്ങളിലെ  പ്രധാനപ്പെട്ടവ സംസ്ഥാന സർക്കാർ ആശുപത്രികൾ, കേന്ദ്ര സർക്കാർ ആശുപത്രികൾ, റെയിൽവേ, ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവയൊക്കെയാണ്.

വിദേശ രാജ്യങ്ങളിൽ അവസരങ്ങൾ

വിദേശ രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ ഏറെയും ഇന്ന് പാശ്ചാത്യ രാജ്യങ്ങളിലാണ്. ഗൾഫ് മേഖലയിലും അവസരങ്ങൾ ഉണ്ടെങ്കിലും തദ്ദേശീയർ ധാരാളമായി പഠിച്ചിറങ്ങി വരുന്നതിനാൽ പണ്ടത്തേതിലും കുറവാണ്. ബ്രിട്ടൻ, അമേരിക്ക, അയർലന്റ്, ഓസ്ട്രേലിയ, ന്യൂസിലന്റ്, കാനഡ എന്നിവിടങ്ങളിലൊക്കെ ഇന്ന് ധാരാളം അവസരങ്ങളുണ്ട്. കോവിഡ് മഹാമാരി ഇവ ഒന്നുകൂടി വർധിപ്പിച്ചു എന്നുവേണം പറയാൻ. എന്നാൽ ഇവയിൽ ഒട്ടുമിക്കതും ക്ലിനിക്കൽ മേഖലയിൽ ഉള്ളവയാണ്. അധ്യാപനരംഗത്ത് വിദേശ സാധ്യതകൾ തുലോം കുറവാണ്. ബിഎസ്‌സി ബിരുദധാരികൾക്ക് ജോലിയോടൊപ്പം എംഎസ്‌സി ഡിഗ്രി എടുക്കാനുള്ള അവസരവും പല പാശ്ചാത്യ രാജ്യങ്ങളിലും ഇന്നുണ്ട്.


കേരളത്തിലെ അവസരങ്ങൾ

കേരളത്തിലും നഴ്സിങ് പഠനാവസരങ്ങൾ ധാരാളമുണ്ട്. ബിഎസ്‌സി നഴ്സിങ് പഠനത്തിനായി 2021 മാർച്ചിലെ ഇന്ത്യൻ നഴ്സിങ് കൗൺസലിന്റെ കണക്ക് പ്രകാരം സർക്കാർ നഴ്സിങ് കോളജുകൾ ഉൾപ്പെടെ 123 കോളജുകൾ സംസ്ഥാനത്തുണ്ട്. ഇവയെല്ലാം തന്നെ നഴ്സിങ് കൗൺസലിന്റെ അംഗീകരാമുള്ളവയാണ്.നഴ്സിങ് കോഴ്സുകൾക്കു ചേരാൻ താൽപര്യമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. തിരഞ്ഞെടുക്കുന്ന കോഴ്സിനും കോളജിനും നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇന്ത്യൻ നഴ്സിങ് കൗൺസലിന്റെ വെബ്സൈറ്റിൽ അംഗീകൃത കോഴ്സുകളുടെയും  കോളജുകളുടെയും  പട്ടിക ലഭ്യമാണ്.


മികവിന്റെ കേന്ദ്രങ്ങൾ

പോസ്റ്റ് ബേസിക് ഡിപ്ലോമാ കോഴ്സുകൾ ഉള്ള സ്ഥാപനങ്ങളും അവിടെ ലഭ്യമായ കോഴ്സുകളുടെ വിവരങ്ങളും

 ക്രിസ്ത്യൻ മെഡിക്കൽ കോളജ്, വെല്ലൂർ : ഇവിടുത്തെ നഴ്സിങ് കോളജിൽ താഴെ പറയുന്ന ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമാ കോഴ്സുകളാണുള്ളത്. 


  •  കാർഡിയോ തൊറാസിക് നഴ്സിങ് 
  •  ക്രിട്ടിക്കൽ കെയർ നഴ്സിങ് 
  •  എമർജൻസി & ഡിസാസ്റ്റർ നഴ്സിങ് 
  •  നിയോനേറ്റർ നഴ്സിങ് 
  •  ഓങ്കോളജി നഴ്സിങ് 
  •  ഓപ്പറേഷൻ റൂം നഴ്സിങ് 
  •  സൈക്യാട്രിക് നഴ്സിങ് 
  •  ഓർത്തോപീഡിക് & റിഹാബിലിറ്റേഷൻ നഴ്സിങ് 


∙ ജീറിയാട്രിക് നഴ്സിങ്, ജനറൽ നഴ്സിങ് ഡിപ്ലോമ, ബിഎസ്‍സി നഴ്സിങ്, പോസ്റ്റ് ബേസിക്ക് ബിഎസ്‍സി നഴ്സിങ് ഇവയിലേതെങ്കിലും അടിസ്ഥാന യോഗ്യത ഉള്ളവർക്ക്  ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും ആശുപത്രിയിൽ ഒരു വർഷത്തെ ക്ലിനിക്കൽ പരിചയം നിർബന്ധം. ഇവയ്ക്കു പുറമെ ഒരു വർഷം കാലാവധിയുള്ള  Fellowship in Nursing പ്രോഗ്രാം ഇവിടെയുണ്ട്. വെബ്സൈറ്റ് : www.cmch-velloor.edu ഇമെയിൽ :callcentre@emcvelloor.ac.in


Nurse

∙ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം : രണ്ടു പോസ്റ്റ് ബേസിക് ഡിപ്ലോമാ പ്രോഗ്രാമുകളാണുള്ളത്. 

  •  Diploma in Cardiovascular and Thoracic Nursing 
  • Diploma in Neuro Nursing.  

ജനറൽ നഴ്സിങ്ങോ ബിഎസ്‌സി നഴ്സിങ്ങോ കഴിഞ്ഞവർക്ക് ഈ ഒരു വർഷ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്രവേശനം എൻട്രൻസ് പരീക്ഷ വഴി. ഇതിനു പുറമെ ഹെൽത്ത് സയൻസസിൽ പിഎച്ച്ഡിയും ഇവിടെയുണ്ട്. എംഎസ്‍സി നഴ്സിങ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 

വെബ്സൈറ്റ് :www.sctimst.ac.in  ഇമെയിൽ :sct@sctimst.ac.in.

മണിപ്പാൽ കോളജ് ഓഫ്നഴ്സിങ്, മംഗളൂരു: പതിവ് നഴ്സിങ് കോഴ്സുകൾക്ക് പുറമെ ഇവിടെ  Nurses Practitioner Critical Care Post graduate Residency Program me എന്നൊരു രണ്ടു വർഷത്തെ കോഴ്സ് ഉണ്ട്. ബിഎസ്‍സി നഴ്സിങ്ങാണ് അടിസ്ഥാന യോഗ്യത. വെബ്സൈറ്റ് :www.manipal.edu

നിംഹാൻസ് കോളജ് ഓഫ് നഴ്സിങ്,  ബെംഗളുരു : ബിഎസ്‌സി നഴ്സിങ്ങിനും എംഎസ്‌സി നഴ്സിങ്ങിനും പുറമെ Post Basic Diploma in Psychiatric/Mental Health Nursing, Post Basic Diploma in Neuroscience Nursing എന്നീ രണ്ടു കോഴ്സുകൾ ഇവിടെ ലഭ്യമാണ്. ഒരു വർഷം ദൈർഘ്യമുള്ള ഈ രണ്ടു കോഴ്സുകൾക്കും ജനറൽ നഴ്സിങ് അല്ലെങ്കിൽ ബിഎസ്‍സി നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. വെബ്സൈറ്റ്:www.nimhans.ac.in  ഇമെയിൽ:deptnursing@nimhans.ac.in

 ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബൈ: ഇവിടെ എംഎസ്‌സി നഴ്സിങ്ങിനു പുറമെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് എന്ന കോഴ്്സ് ഉണ്ട്. ക്ലിനിക്കൽ റിസർച്ചിലുള്ള എംഎസ്‌സി ഡിഗ്രി പ്രോഗ്രാമും ഇവിടെയുണ്ട്. ബിഎസ്‍സി നഴ്സിങ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ് :www.tmc.gov.in


 ലേഖകൻ കൊച്ചി അമൃത കോളജ് ഓഫ് നഴ്സിങ്ങിലെ പ്രഫസറാണ്.


Sourse: Malayala Manorama 


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment