സ്കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിന് മാനേജ്മെന്‍റ് കമ്മിറ്റികള്‍ വരുന്നു

Unknown
സംസ്ഥാനത്തു സ്കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിന് അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രത്യേകം മാനേജ്മെന്‍റ് കമ്മിറ്റികള്‍ നിലവില്‍ വരും. കേന്ദ്രസര്‍ക്കാരിന്‍റെ വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്തു നടപ്പിലാക്കുന്നതോടെയാണിത്.

കേന്ദ്രനിയമത്തില്‍ ഇത്തരം കമ്മിറ്റികള്‍ രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2008ല്‍ സംസ്ഥാന വിദ്യാഭ്യാസചട്ടങ്ങള്‍ (കെഇഎആര്‍) പരിഷ്കരിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ റിപ്പോര്‍ട്ടിലും ഇത്തരം സമിതികള്‍ ഉണ്ടാകണമെന്ന ശിപാര്‍ശയുണ്ടായിരുന്നു.

വിദ്യാഭ്യാസച്ചട്ട പരിഷ്കരണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സ്കൂള്‍ വികസനസമിതി എന്നായിരുന്നു ഇത്തരം സമിതികള്‍ക്കു നല്കിയ പേര്. സംസ്ഥാനത്തു കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കേണ്ടത് എങ്ങനെയന്നു പരിശോധിക്കാന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മീഷന്‍റെ കരടു റിപ്പോര്‍ട്ടില്‍ സമിതിയുടെ ഘടനയും പ്രവര്‍ത്തനവും എങ്ങനെയായിരിക്കണമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥി പ്രതിനിധികള്‍, മദര്‍ പിടിഎയുടെ പ്രതിനിധി, പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികളുടെയും വൈകല്യമുള്ള കുട്ടികളുടെയും മാതാപിതാക്കളുടെ പ്രതിനിധികള്‍ തുടങ്ങിയവരാകണം കമ്മിറ്റിയിലെ 75 ശതമാനം അംഗങ്ങളും.

ബാക്കി 25 ശതമാനത്തില്‍ സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധി, അധ്യാപക പ്രതിനിധി, രക്ഷിതാക്കള്‍ നിര്‍ദേശിക്കുന്ന പ്രദേശത്തെ വിദ്യാഭ്യാസപ്രവര്‍ത്തകന്‍, സ്കൂള്‍ ലീഡര്‍, എയ്ഡഡ് സ്കൂള്‍ ആണെങ്കില്‍ മാനേജര്‍ അല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന വ്യക്തി എന്നിവരും ഉള്‍പ്പെടും. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ 50 ശതമാനം വനിതകളായിരിക്കും.

പതിനാറു പേരടങ്ങിയതാണ് ഓരോ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയും. കമ്മിറ്റിയുടെ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും രക്ഷിതാക്കളുടെ പ്രതിനിധികളില്‍നിന്നു തെരഞ്ഞെടുക്കണം. സ്കൂളിലെ പ്രധാനാധ്യാപകനോ ഏറ്റവും സീനിയറായ അധ്യാപകനോ ആയിരിക്കണം കണ്‍വീനര്‍. അധ്യയനം മൂലം കുട്ടികള്‍ക്കു ലഭിക്കുന്ന ഗുണം വിദഗ്ധരുടെ സഹായത്തോടെ വിലയിരുത്താനുള്ള അധികാരം സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിക്കുണ്ട്. കുട്ടികളും അധ്യാപകരും കൃത്യമായി സ്കൂളിലെത്തുന്നുണ്േടായെന്നു നിരീക്ഷിക്കുക, ലീവ് തസ്തികകളില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ താത്കാലിക അധ്യാപകരെ നിയമിക്കുക തുടങ്ങിയ ഉത്തരവാദിത്വവും കമ്മിറ്റിക്കുണ്ട്.

പഠിപ്പിക്കുന്നതിനൊപ്പം മറ്റു ജോലികള്‍കൂടി ചെയ്യണ്ടി വരുന്ന അധ്യാപകരുടെ കാര്യത്തില്‍ ഇടപെടുക, സ്കൂളിലെ പ്രവേശന നടപടികളും കുട്ടികളുടെ തുടര്‍ ഹാജര്‍നിലയും പരിശോധിക്കുക, കൊഴിഞ്ഞുപോക്കു തടയാനുള്ള മാര്‍ഗങ്ങള്‍ കണ്െടത്തുക തുടങ്ങിയ ചുമതകള്‍ കമ്മിറ്റിക്കുണ്ട്. 20 പ്രവൃത്തിദിവസത്തില്‍ കൂടുതല്‍ മുടങ്ങുന്ന കുട്ടികളെ കൊഴിഞ്ഞുപോകുന്നവരുടെ ഗണത്തില്‍പ്പെടുത്തി അവരെ സ്കൂളില്‍ തിരിച്ചുകൊണ്ടുവരുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതും മാനേജ്മെന്‍റ് കമ്മിറ്റിയുടെ ചുതലയാണ്. 

സ്കൂളില്‍ സൗകര്യങ്ങള്‍ ഉണ്േടായെന്നു പരിശോധിക്കുകയും ഇല്ലെങ്കില്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക, കുട്ടികള്‍ക്കുനേരെ അധ്യാപകരടക്കമുള്ളവരില്‍ നിന്നുണ്ടാകാനിടയുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ തടയുക, ആര്‍ക്കെങ്കിലും പ്രവേശനം നിഷേധിച്ചാല്‍ ഇടപെടുക, വിദ്യാര്‍ഥികളുടെ പരിശീലനപരിപാടികള്‍ ഊര്‍ജിതമാക്കുക, പ്രത്യേക ശ്രദ്ധവേണ്ട കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പ്രത്യേക ക്ലാസുകള്‍ നടത്തുക, മദര്‍ പിടിഎ, ക്ലാസ് അടിസ്ഥാനത്തിലുള്ള അധ്യാപക, രക്ഷാ കര്‍തൃ യോഗങ്ങള്‍ നടത്തുന്നതിന് മേല്‍നോട്ടം വഹിക്കുക, തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യമായ സഹായം നേടിയെടുക്കുക, സ്കൂളിന്‍റെ വാര്‍ഷിക വരവു ചെലവു കണക്കുകള്‍ പരിശോധിക്കുക തുടങ്ങിയവയും മാനേജ്മെന്‍റ് കമ്മിറ്റിയാണ് നിര്‍വഹിക്കേണ്ടത്.

അതേസമയം, സ്കൂള്‍ പിടിഎകളുടെ പ്രസക്തി നഷ്ടമാക്കുന്നതാണ് സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. പിടിഎകളില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും തുല്യ പരിഗണനയായിരുന്നു. ഉദാഹരണമായി 15 അംഗ അധ്യാപക രക്ഷകര്‍തൃസമിതിയില്‍ എട്ട് രക്ഷിതാക്കളും ഏഴ് അധ്യാപകരുമായിരിക്കും ഉണ്ടാകുക. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ അധ്യാപകരുടെ എണ്ണം നാമമാത്രമാകുന്നത് അക്കാദമിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്പോള്‍ പ്രശ്നം സൃഷ്ടിക്കാനിടയുണ്ട്.

അതേസമയം, ആര്‍ക്കും ഇനി തോന്നിയതുപോലെ ഇഷ്ടമുള്ള സ്ഥലങ്ങളില്‍ വിദ്യാലയങ്ങള്‍ തുടങ്ങാനാവില്ല. ഒരു പ്രദേശത്ത് സ്കൂള്‍ ആവശ്യമാണെന്നു ബോധ്യപ്പെട്ടങ്കില്‍ മാത്രമേ സ്കൂള്‍ അനുവദിക്കൂ.

തദ്ദേശ സ്ഥാപനങ്ങളുടെ ശിപാര്‍ശയും നിര്‍ബന്ധമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല സമിതിയും വിദ്യാഭ്യാസ ഡപ്യൂട്ടി ഡ യറക്ടര്‍ അധ്യക്ഷനായ ജില്ലാതല സമിതിയുമാണ് പുതിയ സ്കൂള്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള പരിശോധന നടത്തി അംഗീകാരം നല്കുക.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment