Posts

ഇറക്കുകൂലിത്തര്‍ക്കം: കന്യാസ്ത്രീകള്‍ ഗ്രാനൈറ്റ്‌ലോഡ് ഇറക്കി

Unknown

ചുമട്ടുതൊഴിലാളികള്‍ അമിതകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കന്യാസ്ത്രീകള്‍ നേരിട്ട് ലോഡ് ഇറക്കി. കടപ്ര - മാന്നാര്‍ ബഥനി കോണ്‍വെന്റിലെ പള്ളിനിര്‍മാണത്തിനെത്തിച്ച ഗ്രാനൈറ്റാണ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ ഇറക്കിയത്.

പിക്-അപ് വാനില്‍ നിന്ന് പല കഷ്ണങ്ങളായുള്ള നൂറ് ചതുരശ്ര അടി ഗ്രാനൈറ്റ് ഇറക്കാന്‍ 3000 രൂപയാണ് ആദ്യം ചോദിച്ചത്. പിന്നീട് 2000 രൂപ വേണമെന്ന വാശിയില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു. 1000 രൂപവരെ നല്‍കാമെന്ന് പറഞ്ഞിട്ടും തൊഴിലാളികള്‍ സമ്മതിച്ചില്ലെന്ന് മഠം അധികൃതര്‍ പറഞ്ഞു.

കടപ്ര - മാന്നാര്‍ എം.എസ്.എം.യു.പി. സ്‌കൂളിന്റെ പിന്‍ഭാഗത്താണ് കോണ്‍വെന്റ്. തര്‍ക്കത്തെത്തുടര്‍ന്ന് സ്‌കൂള്‍ഗേറ്റില്‍ തൊഴിലാളികള്‍ തടിച്ചുകൂടി. ഒരു മണിക്കൂറിനുശേഷം കന്യാസ്ത്രീകള്‍തന്നെ ലോഡിറക്കാന്‍ തയ്യാറായി. കോണ്‍വെന്റ് പണിയുന്ന തൊഴിലാളികളെ ഗ്രാനൈറ്റ് ഇറക്കുന്നതില്‍നിന്ന് ചുമട്ടുതൊഴിലാളികള്‍ വിലക്കി.

സിസ്റ്റര്‍മാരായ നവീന, പന്‍ക്രേഷ്യ, ഗ്രേസ് മേരി, ലീനസ് എന്നിവര്‍ ചേര്‍ന്നാണ് ഗ്രാനൈറ്റ് കഷ്ണങ്ങള്‍ ഇറക്കിയത്. 30 ചതുരശ്ര അടി വരുന്ന ഒരു കഷ്ണം അമിതഭാരം മൂലം ഇവര്‍ക്ക് ഇറക്കാനായില്ല. ഇത് തിരികെ കൊണ്ടുപോയി. രാത്രി ലോഡ് ഇറക്കാന്‍ ശ്രമിച്ചാല്‍ വണ്ടി കത്തിക്കുമെന്ന് ഡ്രൈവര്‍ക്കുനേരെ ഭീഷണിയുമുയര്‍ത്തിയാണ് ചുമട്ടുകാര്‍ പിരിഞ്ഞത്.

Post a Comment