പുതുവത്സര സമ്മാനമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്കിയ ശന്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് അധ്യാപകരെ തഴഞ്ഞതായി പരാതി. കഴിഞ്ഞ ശന്പളപരിഷ്കരണത്തില്‍ ഹയര്‍ സെക്കന്‍ഡറി-വിഎച്ച്എസ് സീനിയര്‍ അധ്യാപകരുടെ ശന്പളസ്കെയിലുകള് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററുടെ സ്കെയിലിനു തുല്യമായിരുന്നു. എന്നാല്‍, പുതിയ ശന്പളപരിഷ്കരണ നിര്‍ദേശത്തില്‍ ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് സീനിയര്‍ അധ്യാപകരുടെ ശന്പളം 19,240 ആയും ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്മാരുടേത് 20,740 ആയുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് ജൂണിയര്‍ അധ്യാപകരുടെ ശന്പളം 16,180 ആയി ശിപാര്‍ശ ചെയ്തിരിക്കുന്ന ഈ കമ്മീഷന് പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ ശന്പളം 18,740 ആയാണു ശിപാര്‍ശ ചെയ്തിരിക്കുന്നത്.ബിരുദാനന്തരബിരുദവും ബിഎഡും സെറ്റുമാണു ഹയര്‍സെക്കന്‍ഡറി ജൂണിയര്‍-സീനിയര്‍ അധ്യാപകരുടെ അടിസ്ഥാനയോഗ്യതയെന്നിരിക്കെയാണ് അതിലും കുറഞ്ഞ യോഗ്യതയുള്ള അധ്യാപകര്‍ക്ക് ഉയര്‍ന്ന ശന്പളം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ആരോപണം. വിദ്യാഭ്യാസയോഗ്യതയാണു ശന്പളം നിശ്ചയിക്കുന്നതിന്റെ സുപ്രധാനഘടകം എന്ന ശന്പളകമ്മീഷനുകളുടെ അടിസ്ഥാനതത്വത്തെ പോലും തൃണവല്‍ഗണിച്ചുകൊണ്ടാണ് ജസ്റ്റീസ് രാജേന്ദ്രബാബു കമ്മീഷന്റെ നിര്‍ദേശം.
കോളജുകളില്‍നിന്നു പ്രീഡിഗ്രി അടര്‍ത്തിയതോടെ 1992 ഏപ്രില്‍ ഏഴിനാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കു ശന്പളസ്കെയില്‍ നിശ്ചയിച്ചപ്പോള്‍ ലക്്ചറര്‍, എന്‍ജിനീയര്‍, ഡോക്ടര്‍ എന്നിവരുടെ ശന്പളസ്കെയില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് അനുവദിച്ചത്. 1997-ലെ ശന്പളകമ്മീഷനിലും 2004-ലെ ശന്പള കമ്മീഷനിലും ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഗസറ്റഡ് സ്കെയിലായി യഥാക്രമം 6675-10550ഉം 11070-18450ഉം അനുവദിച്ചിരുന്നു. ഈ ആനുകൂല്യങ്ങളാണ് അട്ടിമറിക്കപ്പെട്ടിരുന്നത്. കൂടാതെ, പുതിയ ശന്പളപരിഷ്കരണത്തില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. മാത്രമല്ല 15 വര്‍ഷം കഴിയുന്ന ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് തുടര്‍ന്നുള്ള ഇന്‍ക്രിമെന്റും സെലക്്ഷന്‍ ഗ്രേഡും ലഭിക്കാത്ത അവസ്ഥയാണ് സ്റ്റാഗ്്നേഷന് എന്ന നിര്‍ദേശത്തിലൂടെ കൊണ്ടുവന്നിരിക്കുന്നത്. വിഎച്ച്എസ്്ഇയില് പ്രിന്‍സിപ്പല്‍ തസ്തിക അനുവദിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, ഇല്ലാത്ത തസ്തികയായ അക്കാദമിക് ഹെഡിന് 500 രൂപ അലവന്‍സ് അനുവദിക്കുകയും ചെയ്തിരിക്കുകയാണ് കമ്മീഷന്.