എല്ലാ വിഷയത്തിനും ഫുള്‍മാര്‍ക്കുമായി അഞ്ജലി

Unknown

ഏതു പരീക്ഷയെഴുതിയാലും എങ്ങനെയങ്കിലും കടന്നുകൂടിയാല്‍ മതി എന്ന വിചാരവും പ്രാര്‍ഥനയും ഉള്ളവര്‍ നിരവധിയാണ്. എന്നാല്‍ എല്ലാ വിഷയത്തിനും ഒറ്റ മാര്‍ക്കുപോലും നഷ്ടപ്പെടാന്‍ പാടില്ല എന്ന ചിന്തയോടെ അത്യധ്വാനം ചെയ്ത് പരീക്ഷയെഴുതുന്നവര്‍ കുറയും. ഇങ്ങനെ ഒരു സ്വപ്നം സ്ക്ഷാത്കരിച്ചതിന്‍റെ ത്രില്ലിലാണ് തിരുവനന്തപുരം പേരൂക്കട സ്വദേശിയായ അഞ്്ജലി ചന്ദ്രന്‍.

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കുനേടിയാണ് അഞ്ജലി ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും പ്ലസ് വണ്ണിന് മുഴുവന്‍ മാര്‍ക്കും നേടിയ അഞ്ജലിക്ക് അപ്പോഴും മുഴുവന്‍ മാര്‍ക്ക് നേടിയത് വലിയ കാര്യമായി തോന്നുന്നില്ല. എന്നാല്‍ ഐഎഎസുകാരിയാകുക എന്ന തന്‍റെ സ്വപ്നത്തിന് നിറംപകരാന്‍ ഈ വിജയത്തിന് കഴിയും എന്നാണ് ഈ കുഞ്ഞു മിടുക്കിയുടെ വിശ്വാസം. അതിനായുള്ള തന്‍റെ അധ്വാനത്തിന്‍റെ ഭാഗമായുള്ള ഒരു അപൂര്‍വവിജയം എന്നേ അഞ്ജലി ഇതിനെ കാണുന്നുള്ളൂ.

പേരൂക്കട ഊളന്പാറ അഞ്ജലിയില്‍ എ.എസ്.ഐ രാമചന്ദ്രന്‍ പിള്ളയുടെയും പ്രിയ ചന്ദ്രന്‍റെയും മകളാണ് അഞ്ജലി. ഒന്നുമുതല്‍ പത്തുവരെ കവടിയാര്‍ നിര്‍മല ഭവന്‍ സ്കൂളില്‍ പഠിച്ച അഞ്ജലി പ്ളസ് വണ്ണിന് വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കു മാറുകയായിരുന്നു. പ്ലസ് വണ്ണിന് എല്ലാ വഷയങ്ങള്‍ക്കും സംസ്ഥാനത്തു മുഴുവന്‍ മാര്‍ക്ക് നേടിയത് വാര്‍ത്തയായിരുന്നു.

എല്ലാ വിഷയങ്ങളും ഇഷ്ടമാണെങ്കിലും ഫിസിക്സും ഇംഗ്ലീഷുമാണ് അഞ്ജലിയുടെ പ്രിയവിഷയങ്ങള്‍.

മുഴുവന്‍ മാര്‍ക്കും ഉറപ്പാക്കാന്‍ കെമിസ്ട്രി, മാത്സ്്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയിരിക്കുകയാണ് അഞ്ജലി. ഇതില്‍ പ്രവേശനം ലഭിക്കുന്നപക്ഷം മെഡിസിനുപോകും. തുടര്‍ന്ന് സിവില്‍ സര്‍വീസ് പരീക്ഷയെഴുതും. മെഡിസില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ ഡിഗ്രി കഴിഞ്ഞ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതാനുമാണ് അഞ്ജലിയുടെ പദ്ധതി.

പാഠ്യേതര വിഷയങ്ങളിലും മിടുക്കു തെളിയിച്ചിട്ടുണ്ട് അഞ്ജലി. പത്തുവരെ രണ്ടുതവണ നാടകവുമായി സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇംഗ്ലീഷ് നാടകത്തിന് എ ഗ്രേഡും ലഭിച്ചിരുന്നു. പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന ഏക സഹോദരന്‍ അക്ഷയ് ചന്ദ്രനും ചേച്ചിയെപ്പാലെ പഠനത്തില്‍ മിടുക്കനാണ്.

Post a Comment