ടൈം മാനേജ്മെന്റ്
ഓരോരുത്തർക്കും താത്പര്യമുള്ള വിഷയങ്ങൾ വ്യത്യസ്‌തമായിരിക്കും. ഇഷ്‌ടവിഷയങ്ങൾ ആദ്യം തന്നെ പഠിച്ചു തീർത്താൽ പ്രയാസമുള്ളവയ്‌ക്കായി കൂടുതൽ സമയം ചെലവഴിക്കാൻ സഹായിക്കും. ഒന്നും നാളേയ്‌ക്ക് മാറ്റി വയ്‌ക്കരുത്. ഇന്ന് പഠിച്ചു തീർക്കാനുള്ളത് ഇന്ന് തന്നെ തീർക്കുക. ടൈംടേബിളുണ്ടാക്കി അതനുസരിച്ച് പഠിക്കുന്നതും പ്രയോജനപ്രദമാണ്. അവരവർക്ക് ഏറ്റവും സൗകര്യപ്രദമായ ടൈംടേബിൾ വേണം ഉണ്ടാക്കാൻ. ആഹാരം, ഉറക്കം, വിനോദങ്ങൾ എന്നിവ ഉൾപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം. പ്രയാസമുള്ള വിഷയങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കണം. ഇല്ലെങ്കിൽ ആദ്യദിവസം തന്നെ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങും.
മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾക്ക് സമയബന്ധിതമായി പരീക്ഷ എഴുതി ശീലിക്കുന്നത് പരീക്ഷ കൃത്യസമയത്ത് പൂർത്തിയാക്കാൻ സഹായിക്കും. ഓരോ ചോദ്യത്തിന്റെയും മാർക്കിന് അനുസൃതമായി വേണം ഉത്തരമെഴുതാൻ. പരീക്ഷ തീരുന്നതിന് 10 മിനിട്ട് മുൻപെങ്കിലും ഉത്തരങ്ങൾ എഴുതിക്കഴിയണം. എല്ലാ ഉത്തരങ്ങളും ഒരാവർത്തി കൂടി വായിച്ചുനോക്കാൻ ഇതുകൊണ്ട് കഴിയും.
ഉത്‌കണ്ഠ ഒഴിവാക്കാം
പരീക്ഷ അടുക്കുന്പോൾ ഉത്‌കണ്ഠ ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ, അത് അതിരു കടക്കാതെ ശ്രദ്ധിക്കണം. ചെറിയ തോതിൽ യോഗയും ധ്യാനവും ശീലമാക്കുന്നതും പ്രാർത്ഥിക്കുന്നതും മറ്റും ടെൻഷൻ ഒഴിവാക്കാൻ സഹായിക്കും. പാട്ടുകേൾക്കുക, സിനിമകാണുക, കളിക്കുക തുടങ്ങി ഇഷ്‌ടമുള്ള കാര്യങ്ങൾ ഇടവേളകളിൽ ചെയ്യാം. ഇന്റർനെറ്റ്, മൊബൈൽഫോൺ, ടെലിവിഷൻ തുടങ്ങിയവ കുറച്ചുദിവസത്തേക്ക് ഒഴിവാക്കുന്നതാണ് നല്ലത്. എല്ലാ നിലവാരത്തിലുമുള്ള വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത് എന്ന് ഓർമ്മിക്കണം. കഠിനാദ്ധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ പരീക്ഷയെ ആത്‌മവിശ്വാസത്തോടെ സമീപിക്കാം.
കണക്കു കടക്കാൻ
ഗണിതശാസ്‌ത്രമാണ് മിക്കവരും കുറച്ച് പേടിയോടെ കാണുന്ന വിഷയം. മനസിരുത്തി പഠിച്ചാൽ വേഗത്തിൽ സ്‌കോർ ചെയ്യാൻ കഴിയുന്ന വിഷയമാണ് ഗണിതം. ഉത്തരമെഴുതുന്പോൾ ഓരോ സ്‌റ്റെപ്പും കൃത്യമായി എഴുതാൻ ശ്രദ്ധിക്കണം. ഉത്തരത്തിലേക്ക് എത്തിച്ചേരുന്ന സ്‌റ്റെപ്പുകൾക്കും മാർക്കുണ്ട്. അവസാന ഉത്തരം തെറ്റാണെങ്കിൽ പോലും സ്‌റ്റെപ്പ് എവിടെ വരെ ശരിയായോ അവിടെ വരെ മാർക്ക് നേടാൻ കഴിയും. ഫോർമുലകൾ എഴുതി പഠിക്കുന്നത് ശീലമാക്കണം. ചോദ്യങ്ങളളും ഉത്തരങ്ങളും നോക്കി മനസിലാക്കാതെ ചെയ്‌ത് പഠിക്കാനും ശ്രദ്ധിക്കണം.
ഭക്ഷണത്തിൽ ശ്രദ്ധിക്കാം
ടെൻഷൻ മൂലം ഭക്ഷണം ഒഴിവാക്കരുത്. വേനൽക്കാലമായതിനാൽ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ദിവസം പത്തു ഗ്ളാസു വെള്ളമെങ്കിലും കുടിക്കണം. അതും തിളപ്പിച്ചാറിയ വെള്ളം. ഹോട്ടൽ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. തൈര്, മോര്, തണ്ണിമത്തൻ, കരിക്കിൻവെള്ളം എന്നിവയും നല്ലതാണ്. ഉപ്പും പഞ്ചാസരയും അടങ്ങിയ പാനീയങ്ങൾ ഉണർവ്വുണ്ടാക്കും.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ*വീട്ടിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കണം.
*ഓരോരുത്തരുടെയും പഠനസമയം വ്യത്യാസമായിരിക്കും. ചിലർക്ക് രാവിലെ ഉണർന്നു പഠിക്കുന്നതാവും ഇഷ്‌ടം. മറ്റു ചിലർക്ക് രാത്രി വൈകി പഠിക്കുന്നതും. അതിനാൽ പഠനസമയം കുട്ടികൾ തീരുമാനിക്കട്ടെ.
*അമിത ടെൻഷൻ ഉള്ളവർക്ക് കൗൺസലിംഗ് പോലുള്ള സഹായങ്ങൾ നൽകാൻ ശ്രദ്ധിക്കണം.
*എഴുതിക്കഴിഞ്ഞ പരീക്ഷയെ കുറിച്ച് ചർച്ച ചെയ്‌ത് സമയം പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കണം.
*താരതമ്യം ഒഴിവാക്കി കുട്ടികൾക്ക് ആത്‌മവിശ്വാസം നൽകാൻ ശ്രദ്ധിക്കണം.
*എന്ത് പ്രശ്‌നം വന്നാലും ഒപ്പമുണ്ടെന്ന വിശ്വാസം കുട്ടികളിൽ വളർത്തിയെടുക്കണം.
*പരീക്ഷ തയ്യാറെടുക്കുന്ന സമയം മുഴുവൻ മാതാപിതാക്കൾ ഒപ്പം വേണമെന്നില്ല. അവരെ സ്വതന്ത്രമായി പഠിക്കാൻ അനുവദിക്കുക
ടിപ്‌സ്
*കാര്യം മനസിലാക്കി പഠിക്കുക
* ശാസ്‌ത്രവിഷയങ്ങൾ പഠിക്കുന്പോൾ അതിന്റെ പ്രായോഗികതലം മനസിലാക്കി പഠിക്കുക.
*സൂത്രവാക്യങ്ങളും സമവാക്യങ്ങളും എഴുതി പഠിക്കുക.
*മടുപ്പ്, ഉറക്കം എന്നിവ വന്നാൽ താൽപ്പര്യമുള്ള വിനോദങ്ങളിൽ ഏർപ്പെടാം
*പരീക്ഷയുടെ തലേന്ന് നന്നായി ഉറങ്ങുക.
by keralakaumudi