അപ്പീലൊന്നും ഇല്ലാതെ സംസ്ഥാന ശാസ്ത്രമേള; സര്‍ക്കാരിലേക്ക് പത്തരലക്ഷവും


സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഹൈക്കോടതി വിധി പാലിക്കാന്‍ അപ്പീല്‍ അനുവദിക്കാതിരുന്നതു വഴി പത്തരലക്ഷത്തോളം രൂപ സര്‍ക്കാരിന്റെ കൈയിലെത്തി. ഒരു അപ്പീല്‍പോലും അനുവദിക്കാതിരുന്നതിനാലാണിത്. സംസ്ഥാനത്ത് എഴുനൂറോളം അപ്പീലുകള്‍ എല്ലാ ജില്ലകളില്‍നിന്നുമുണ്ടായി. ഒരു അപ്പീലിന് 1500 രൂപയാണ് ഫീസ്.

ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ മാത്രം സംസ്ഥാനത്തേക്ക് അയച്ചാല്‍ മതിയെന്നാണ് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസവകുപ്പ് ഇറക്കിയ ഉത്തരവ്. എന്നാല്‍, അപ്പീല്‍ കൊടുക്കുന്നതിന് നിരോധനമുണ്ടായിരുന്നില്ല. അക്കാരണത്താല്‍ ഓരോ ജില്ലയിലും അപ്പീല്‍ അപേക്ഷകള്‍ വന്നു. സംസ്ഥാനമേള നടക്കുന്ന കോഴിക്കോട് ജില്ലയില്‍ 140 അപ്പീലുകളാണുണ്ടായിരുന്നത്. ഒരു അപ്പീലിന് 1500 രൂപയാണ് ഫീസ്. അപ്പീല്‍ അനുവദിച്ചാല്‍ തുക തിരിച്ചുകിട്ടും. അല്ലെങ്കില്‍ തുക സര്‍ക്കാരിലേക്കു പോകും.

അപ്പീല്‍ അനുവദിച്ചുകിട്ടിയ കുട്ടിയെ പങ്കെടുപ്പിക്കണമെങ്കില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരില്‍ ഒരാളെ ഒഴിവാക്കണം. സംസ്ഥാനത്തെ ഒരു ഡി.ഡി.യും ഇത്തരമൊരു നടപടിയിലേക്ക് പോയില്ല. പ്രായോഗികമല്ലെന്ന കാരണം പറഞ്ഞാണ് അപ്പീല്‍ അനുവദിക്കാതിരുന്നത്. അങ്ങനെ ഒരു അപ്പീലും സംസ്ഥാനത്ത് അനുവദിക്കപ്പെട്ടില്ല.

തെക്കന്‍ജില്ലയിലെ ഒരു ഡി.ഡി. ഫീസ് വാങ്ങാതെ വെള്ളപ്പേപ്പറില്‍ അപ്പീല്‍ എഴുതിവാങ്ങി. നിസ്സഹായാവസ്ഥ പറഞ്ഞാണ് അപ്പീല്‍ തള്ളിയത്. അതുകൊണ്ട് ആ ജില്ലയിലെ കുട്ടികള്‍ക്ക് പണം നഷ്ടപ്പെട്ടില്ല. എന്നാല്‍, ഇങ്ങനെ വെള്ളപ്പേപ്പറില്‍ അപ്പീല്‍ അപേക്ഷ എഴുതിവാങ്ങുന്നത് നിയമവിധേയമല്ല.

അപ്പീല്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഏറെ പ്രായോഗികമായ സമീപനം എന്ന രീതിയില്‍ കോടതിവിധി സ്വാഗതം ചെയ്യപ്പെട്ടിരുന്നു. വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അപ്പീലുകള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകാതെ പോയതാണ് വിദ്യാര്‍ഥികളുടെ പണം വെറുതെ പോകാന്‍ ഇടയാക്കിയത്.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അപ്പീല്‍ അനുവദിക്കാനാവില്ലെന്ന് അറിയാമായിരുന്നിട്ടും വിദ്യാഭ്യാസവകുപ്പ് ഒരുക്കം നടത്താതിരുന്നത് രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

നടപ്പാക്കിയത് കോടതി വിധി -ഡി.പി.ഐ. ഓഫീസ്
: ഹൈക്കോടതി വിധി നടപ്പാക്കുക മാത്രമാണ് വിദ്യാഭ്യാസവകുപ്പ് ചെയ്തതെന്ന് ഡി.പി.ഐ. ഓഫീസ് അറിയിച്ചു. അപ്പീല്‍ സ്വീകരിക്കേണ്ട എന്ന് കോടതി പറഞ്ഞിട്ടുമില്ല. അപ്പീല്‍ കൊടുക്കാന്‍ വ്യവസ്ഥയുള്ളതിനാല്‍ കുട്ടികള്‍ അതു ചെയ്തു. അനുവദിക്കാത്ത അപ്പീലിന്റെ ഫീസ് തിരികെ കൊടുക്കാന്‍ വ്യവസ്ഥയുമില്ല.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment