പ്രാർത്ഥനകളും ആശംസകളും..

12 വർഷം  പഠിച്ചവരുടെ അരങ്ങേറ്റമാണ് നാളെ തുടങ്ങുന്നത്. 12 വർഷം ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത് എന്ന് ഓർക്കണം.  ഒരുക്കത്തോടെ അച്ചടക്കത്തോടെ ആഹ്ലാദം ഉള്ളിലൊതുക്കി ഭയരഹിതമായി ഉള്ളിൽ ഉള്ളത് പുഴ പോലെ ഒഴുകാൻ അനുവദിക്കണം.

 9 15ന് പരീക്ഷ ഹാളിൽ കയറണം. ഹാൾ ടിക്കറ്റും പേനയും മറ്റു വസ്തുക്കളും തലേദിവസം തന്നെ ഒരുക്കണം. ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്. പരീക്ഷയ്ക്ക് ഇടയ്ക്ക് ക്ഷീണം ഉണ്ടാകാതിരിക്കാൻ വേണ്ടി ഉറക്കവും നല്ല ഭക്ഷണവും ഈ ദിവസങ്ങളിൽ  ശീലിക്കണം.

ചോദ്യ പേപ്പറിൽ പലതരം ചോദ്യങ്ങളുണ്ട്. വളരെ എളുപ്പമുള്ളതും, എളുപ്പമുള്ളതും, അല്പം പ്രയാസമുള്ളതും, ചിന്തിച്ച് എഴുതേണ്ടതും, അതികഠിനമായതും ഒക്കെ. പകുതിയിൽ താഴെ ചോദ്യങ്ങൾ താങ്കൾക്ക് ജയിക്കാൻ തക്കവണ്ണം എളുപ്പമുള്ളതായിരിക്കും. അത് കണ്ടുപിടിച്ച് പരീക്ഷാ സമയം മുഴുവൻ ഉത്തരങ്ങൾ എഴുതാൻ ശ്രമിക്കണം. പരീക്ഷ ഹാളിൽ നിന്നും പുറത്തിറങ്ങിയാൽ മാർക്ക് കൂട്ടുവാൻ നമുക്കാർക്കും കഴിയില്ല. പുറത്തുള്ള കൂട്ടുകാരനും നാട്ടുകാരനും പിന്നീട് ശത്രുക്കൾ ആവാൻ സാധ്യത ഉള്ളവരാണ്. ഉപരിപഠനത്തിന് ഒരു മാർക്ക് കൂടി ഉണ്ടെങ്കിൽ യോഗ്യത നേടിയേനെ എന്ന് നീ തിരിച്ചറിയുമ്പോൾ പരീക്ഷ ഹാളിൽ നിന്നും നേരത്തെ എണീറ്റത്തോർത്തു  സങ്കടപ്പെടും.

 പരീക്ഷ കഴിഞ്ഞാൽ ആ പരീക്ഷയെക്കുറിച്ച് ആകുലപ്പെടാൻ നിൽക്കാതെ ഉത്തരങ്ങൾ ഒത്തു നോക്കാതെ നാളത്തെ പരീക്ഷയ്ക്ക് വേണ്ടി ഒരുങ്ങണം. നിനക്ക് ഈശ്വരൻ തന്ന കഴിവും സമയവും സൗകര്യങ്ങളും 100% വിനിയോഗിച്ചു എന്ന് പറയാൻ സാധിച്ചാൽ മതി. പണിയെടുക്കുന്നവനേ കൂലിക്ക് അർഹതയുള്ളൂ. ചിലപ്പോൾ കൂലി കിട്ടാൻ താമസം വരാം. പതറരുത്. തോറ്റവരാണ് ലോകത്തു ഏറ്റവും മാറ്റം വരുത്തിയവരും പണം സമ്പാദിച്ചരും. ഇതിൽ പലരെയും അധ്യാപകർ ക്ലാസ്സിൽ നിന്നും വിദ്യാലയത്തിൽ നിന്നും പുറത്താക്കിയവരും ആണ്.

നിങ്ങൾക്കെല്ലാവർക്കും പരീക്ഷ നന്നായി എഴുതാൻ സാധിക്കുമെന്ന് നിങ്ങളെ പഠിപ്പിച്ച അധ്യാപകൻ എന്ന നിലയിൽ എനിക്കുറപ്പുണ്ട്. റിസൾട്ട് എന്തായാലും ഞങ്ങളെല്ലാവരും അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും. ആരും നിങ്ങളെ കളിയാക്കുകയില്ല. പുതിയ ഒരു വിജയത്തിനുവേണ്ടി കൂടെയുണ്ടാകും.
പ്രാർത്ഥനകളും ആശംസകളും..
സ്നേഹത്തോടെ
നിങ്ങളുടെ സൈമൺ മാഷ്

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment