പരമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിതവിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്ന രീതിയിലുള്ള വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ, സ്വയം സംരംഭകത്വം എന്നിവ കോഴ്സിലൂടെ ലക്ഷ്യമിടുന്നു.
ദേശീയ നൈപുണിവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് - എൻഎസ്ക്യുഎഫ്) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത/സ്കിൽ വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ‘ഓൺ ദ ജോബ് ട്രെയിനിങ്’, പ്രായോഗിക പരിശീലനത്തിന് വഴിയൊരുക്കുന്നു.അക്കാദമിക് പഠനത്തിൽ നിന്നും സാങ്കേതിക നൈപുണി പഠനത്തിലേക്കും തിരിച്ചും പോകാൻ കഴിയുന്ന രീതിയിൽ ഉപരിപഠനസാധ്യതകളും കോഴ്സിൽ ഉറപ്പാക്കുന്നുണ്ട്.കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ദേശീയാംഗീകാരമുള്ള എൻഎസ്ക്യുഎഫ് സർട്ടിഫിക്കറ്റും ലഭിക്കും.
കോഴ്സ് ഘടന, പഠനവിഷയങ്ങൾ
മൊത്തത്തിൽ ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനകരമായ, ആശയവിനിമയശേഷി മെച്ചപ്പെടുത്താൻ ഇംഗ്ലീഷ് കോഴ്സ് സഹായകരമാകുമെങ്കിൽ, സ്വയം സംരംഭകരാകാൻവേണ്ട നൈപുണികൾ രൂപപ്പെടുത്താനാണ് ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് കോഴ്സ് ലക്ഷ്യമിടുന്നത്.ഇവകൂടാതെ, മൂന്നു പരമ്പരാഗത വിഷയങ്ങളും ഒരു തൊഴിലധിഷ്ഠിത/സ്കിൽ വിഷയവും ഉൾപ്പടെ നാല് ഓപ്ഷണൽ വിഷയങ്ങളും പഠിക്കണം.നാലു വിഷയ കോമ്പിനേഷനുകളെ, അതിലെ മറ്റു മൂന്നു പരമ്പരാഗത വിഷയങ്ങളനുസരിച്ച്, നാല് ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്. അവയിലായി മൊത്തം 43 തൊഴിലധിഷ്ഠിത കോഴ്സുകൾ ഉണ്ട്.
• ഗ്രൂപ്പ് ‘എ’: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം പഠിക്കാവുന്ന സ്കിൽ കോഴ്സുകൾ ഇവയാണ് - പവർ ടില്ലർ ഓപ്പറേറ്റർ, ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, ഫോർവീലർ സർവീസ് ടെക്നീഷ്യൻ, ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് ലൈൻമാൻ, ഡ്രോട്സ് പേഴ്സൺ സിവിൽ വർക്സ്, ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ്, ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ, ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, ഗ്രാഫിക് ഡിസൈനർ, ഇൻലൈൻ ചെക്കർ സൂയിങ്, ജൂനിയർ സോഫ്റ്റ്വേർ ഡിവലപ്പർ, ഓപ്പറേറ്റർ പ്ലാസ്റ്റിക് പ്രോഡക്ട് മേക്കിങ് (പ്ലാസ്റ്റിക് ടോയ് ആൻഡ് ബോൾപെൻ), ഓപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ, പ്ലംബർ - ജനറൽ, സോളാർ എൽഇഡി ടെക്നീഷൻ, വെബ് ഡിവലപ്പർ, ടെലികോം ടെക്നീഷ്യൻ ഐഒടി ഡിവൈസസ്/സിസ്റ്റംസ് (17 എണ്ണം)
• ഗ്രൂപ്പ് ‘ബി’: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പം ലഭ്യമായ സ്കിൽ കോഴ്സുകൾ - അസിസ്റ്റൻറ് ഡിസൈനർ - അപ്പാരൽ മെയിഡ് അപ്സ് ആൻഡ് ഹോം ഫർണിഷിങ്, പ്രീ സ്കൂൾ ആൻഡ് ഡേ കെയർ ഫെസിലിറ്റേറ്റർ, ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡെയറി പ്രോഡക്ട് പ്രോസസർ, അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, ഡെയറി ഫാർമർ ഓൺട്രപ്രനേർ, ഡയറ്ററ്റിക് എയ്ഡ്, ഫിഷ് ആൻഡ് സീഫുഡ് ജൂനിയർ പ്രോസസർ, ഓട്ടോമേറ്റീവ് എൻജിൻ റിപ്പയർ ടെക്നീഷ്യൻ, ജനറൽ ഫിറ്റ്നസ് ട്രെയിനർ, ഫ്ലോറികൾച്ചറിസ്റ്റ്, ലാബ് ടെക്നീഷ്യൻ - ഫാർമ ബയോളജിക്സ് ആൻഡ് മെഡിക്കൽ ഡിവൈസസ്: വെറ്റ് ലാബ്, മാസ്റ്റർ ഗാർഡനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (ട്രെയിനി), ഹാൻഡ് ഹെൽഡ് ഡിവൈസ് (ഹാൻഡ്സെറ്റ് ആൻഡ് ടാബ്ലറ്റ്) ടെക്നീഷ്യൻ, മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ,
ഓർഗാനിക് ഗ്രോവർ, ഓർണമെൻറൽ ഫിഷ് ഫാർമർ, ചെമ്മീൻ കർഷകൻ, സ്മോൾ പൗൾട്രി ഫാർമർ (20 എണ്ണം)
• ഗ്രൂപ്പ് ‘സി’: ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് എന്നിവയ്ക്കൊപ്പം കസ്റ്റമർ സർവീസ് റപ്രസന്റേറ്റീവ് (മീറ്റ് ആൻഡ് ഗ്രീറ്റ്) പ്രോഗ്രാം പഠിക്കാം.
• ഗ്രൂപ്പ് ‘ഡി’: അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് എന്നിവയ്ക്കൊപ്പം ബിസിനസ് കറസ്പോണ്ടൻറ്/ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് അസിസ്റ്റൻറ്, ക്രാഫ്റ്റ് ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, റീട്ടെയിൽ സെയിൽസ് എക്സിക്യുട്ടീവ് എന്നീ സ്കിൽ വിഷയങ്ങൾ ഉണ്ട് (അഞ്ച് എണ്ണം)
• പ്രൊഫഷണൽ, ബിരുദതല പ്രവേശനത്തിനും
പരമ്പരാഗത വിഷയങ്ങൾകൂടി പഠിക്കുന്നതിനാൽ ഹയർ സെക്കൻഡറി വൊക്കേഷണൽ പഠിക്കുന്നവർക്ക് പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള സാധ്യതയും നിലനിർത്താൻ കഴിയുന്നു.
പഠിച്ച പരമ്പരാഗതവിഷയങ്ങൾ അനുസരിച്ച് തുടർപഠനത്തിന് അർഹതയുണ്ട്.
• ഗ്രൂപ്പ് എ വിഷയങ്ങൾ ജയിക്കുന്നവർക്ക് എൻജിനിയറിങ്ങിലേക്കും ഗ്രൂപ്പ് ബി വിഷയങ്ങൾ ജയിക്കുന്നവർക്ക് മെഡിക്കൽ പാരാമെഡിക്കൽ, നഴ്സിങ്, അഗ്രിക്കൾച്ചർ, അനുബന്ധ കോഴ്സുകൾ, വെറ്ററിനറി തുടങ്ങിയവ ഉൾപ്പെടെയുള്ള മേഖലകളിലേക്കും കടക്കാം.
• ഗ്രൂപ്പ് ബി വിഭാഗം വൊക്കേഷണൽ വിഷയം തിരഞ്ഞെടുക്കുന്നവർക്ക് മാത്തമാറ്റിക്സ് അധികവിഷയമായി കേരളാ സ്റ്റേറ്റ് ഓപ്പൺ സ്കൂളിൽ [നിലവിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എജുക്കേഷൻ (സ്കോൾ) - കേരള] രജിസ്റ്റർചെയ്ത് പഠിക്കാം. അതുവഴി എൻജിനിയറിങ് പ്രവേശന പരീക്ഷയും എഴുതാം.
• ഏതു ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവർക്കും അവർ പഠിക്കുന്ന ഗ്രൂപ്പിലെ നോൺ വൊക്കേഷണൽ വിഷയങ്ങളനുസരിച്ച്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കെന്നപോലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അർഹതയുണ്ട്.
• 389 സ്കൂളുകൾ
സംസ്ഥാനത്ത് മൊത്തം 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് കോഴ്സ് ഉള്ളത്. എല്ലാ ഗ്രൂപ്പുകളും വൊക്കേഷണൽ/ സ്കിൽ കോഴ്സുകളും എല്ലാ സ്കൂളുകളിലും ഉണ്ടാകില്ല. 2025-26 പ്രവേശനത്തിൽ ഉൾപ്പെടുന്ന സ്കൂളുകളുടെ പട്ടികയും ഓരോ സ്ഥാപനത്തിലുമുള്ള ഗ്രൂപ്പുകൾ/വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ vhscap.kerala.gov.in | admission.vhseportal.kerala.gov.in എന്നീ സൈറ്റുകളിൽ ലഭിക്കും.
സ്പോർട്സ് സ്കൂളുകളിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനം ഏകജാലക സംവിധാനത്തിൽകൂടിയായിരിക്കും. ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് പ്രവേശനം കായിക യുവജന കാര്യാലയം നടത്തും.
• യോഗ്യത
• എസ്എസ്എൽസി (കേരള സിലബസ്) ടിഎച്ച്എസ്എൽസി, സിബിഎസ്ഇ/ സിഐഎസ്സിഇ ബോർഡുകളുടെ തത്തുല്യ പത്താം ക്ലാസ് പരീക്ഷ (ഓൾ ഇന്ത്യ സെക്കൻഡറി സ്കൂൾ പരീക്ഷ/ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജുക്കേഷൻ പരീക്ഷ) തുടങ്ങിയവ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
• എന്നാൽ, സാക്ഷരതാ മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്, മറ്റ് ഓപ്പൺ സ്കൂൾ സംവിധാനങ്ങൾ എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പത്താംതരം യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
• എസ്എസ്എൽസി (കേരള സിലബസ്) പഠിച്ചവർ ഓരോ പേപ്പറിനും കുറഞ്ഞത് ഡി + നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം. മറ്റു തത്തുല്യ പരീക്ഷ ജയിച്ചവർ, വിവിധ വിഷയങ്ങൾക്ക് അതതു ബോർഡുകൾ നിശ്ചയിച്ച, ഉന്നതപഠനത്തിന് യോഗ്യമായ മിനിമം സ്കോർ നേടിയിരിക്കണം.
• പഴയ സ്കീമിൽ എസ്എസ്എൽസി പരീക്ഷ എഴുതിയവരെയും ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് തത്തുല്യ പരീക്ഷ എഴുതിയവരുടെയും അവരുടെ മാർക്കുകൾ ഗ്രേഡാക്കി മാറ്റിയശേഷം പ്രവേശനത്തിന് പരിഗണിക്കും.
• മൂന്നിൽക്കൂടുതൽ അവസരങ്ങൾ എടുത്ത് യോഗ്യതാ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
• സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ടിഎച്ച്എസ്എൽസി ജയിച്ചവർക്ക് ബി ഗ്രൂപ്പ് വിഷയങ്ങളിലെ പ്രവേശനത്തിന് അർഹതയില്ല.
• സിബിഎസ്ഇയിൽ പഠിച്ച, മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പാസ്സായവർക്കേ മാത്തമാറ്റിക്സ് ഉൾപ്പെടുന്ന കോമ്പിനേഷൻ തിരഞ്ഞെടുക്കാൻ അർഹത ലഭിക്കൂ.
• ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തിയാക്കുകയും എന്നാൽ, പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തവർക്ക് ആ കോഴ്സിലെ പ്രവേശനം റദ്ദുചെയ്ത്, കോഴ്സിൽ ചേരാൻ അർഹതയുണ്ട്.
• പ്രായപരിധി
കുറഞ്ഞ പ്രായപരിധി 2025 ജൂൺ ഒന്നിന് 15 വയസ്സ് ആണ്. എന്നാൽ, ഈദിവസം 20 വയസ്സോ അതിനു മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാനർഹതയില്ല.
കേരള പൊതു പരീക്ഷാ ബോർഡിൽ നിന്നും എസ്എസ്എൽസി ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. അവർക്ക് ഉയർന്ന പ്രായപരിധിയിൽ ആറുമാസം വരെ ഇളവനുവദിക്കാൻ വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റൻറ് ഡയറക്ടർക്ക് അധികാരമുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെയോ സെൻട്രൽ ബോർഡുകളുടെയോ പരീക്ഷ വിജയിച്ചിട്ടുള്ള അപേക്ഷകർക്ക്, ഉയർന്ന/താഴ്ന്ന പ്രായപരിധിയിൽ പരമാവധി ആറുമാസംവരെ ഇളവനുവദിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്.
പട്ടികജാതി-വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടു വർഷംവരെ ഇളവ് ലഭിക്കും (22 വയസ്സുവരെ ആകാം).
അന്ധ, ബധിര, മൂക വിദ്യാർഥികൾ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനു വിധേയമായി ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷംവരെ ഇളവ് ലഭിക്കും (25 വയസ്സുവരെ ആകാം).
അന്തർദേശീയ, ദേശീയ, സംസ്ഥാന, ജില്ലാതല കായിക മത്സരങ്ങളിൽ പങ്കെടുത്ത് 1/2/3 സ്ഥാനങ്ങൾ നേടിയ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി വിജയിച്ചവർക്ക് ഉയർന്ന പ്രായ വ്യവസ്ഥയിൽ രണ്ടുവർഷം ഇളവു ലഭിക്കും.
• സംവരണം
പട്ടികജാതി, പട്ടികവർഗം, എസ്ഇബിസി, ഇക്കണോമിക്കലി വീക്കർ സെക്ഷൻസ് (ഇഡബ്ല്യുഎസ്) വിഭാഗക്കാർക്ക് സീറ്റ് സംവരണം ഉണ്ട്. ഭിന്നശേഷി വിഭാഗക്കാർക്ക് എല്ലാ ബാച്ചിലും ഒരു അധിക സീറ്റ് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷ (തമിഴ്, കന്നട) വിദ്യാർഥികൾക്ക് അഞ്ചുശതമാനം സീറ്റുകൾ നിശ്ചിത സ്ഥാപനങ്ങളിൽ അനുവദിക്കും.
• റാങ്കിങ്
യോഗ്യതാ പരീക്ഷയിൽ മൊത്തത്തിൽ ലഭിച്ച സ്കോറാണ് പ്രവേശനത്തിന് പരിഗണിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനത്തിന് വിദ്യാർഥി തിരഞ്ഞെടുക്കുന്ന ഗ്രൂപ്പുമായി ബന്ധമുള്ള യോഗ്യതാ പരീക്ഷയിലെ വിഷയങ്ങളുടെ വെയ്റ്റേജും പരിഗണിക്കും. അവ ഇപ്രകാരമാണ്. ഗ്രൂപ്പ് എ -ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്. ഗ്രൂപ്പ് ബി -ഫിസിക്സ്, കെമിസ്ട്രി, ബയോളജി. ഗ്രൂപ്പ് സി, ഡി -സോഷ്യൽ സയൻസ്. പ്രോസ്പെക്ടസ് പ്രകാരമുള്ള ബോണസ്സും (പരമാവധി 10) പരിഗണിക്കും. മൈനസ് പോയിൻറ് കുറയ്ക്കും.
• സ്ഥിരം/താത്കാലിക പ്രവേശനം
• മുഖ്യ അലോട്മെൻറിൽ, ഒന്നാം ഓപ്ഷൻ പ്രകാരം അലോട്മെൻറ് ലഭിക്കുന്നവർ ഫീസ് നൽകി നിശ്ചിത സമയത്തിനുള്ളിൽ അലോട്മെൻറ് ലഭിച്ച സ്കൂളിൽ സ്ഥിരപ്രവേശനം നേടണം. സ്ഥിരപ്രവേശനം നേടിയവരെ തുടർന്നുണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കില്ല. ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഫീസടയ്ക്കാത്തപക്ഷം അലോട്മെൻറ് റദ്ദാകും. പ്രവേശനത്തിന് പിന്നീട് ഇവർക്ക് അവസരം ഉണ്ടാകില്ല.
• രണ്ടാമത്തെയോ അതിൽ താഴെയോ ഉള്ള ഏതെങ്കിലും ഓപ്ഷനിൽ അലോട്മെൻറ് ലഭിക്കുന്നവർ താത്കാലിക പ്രവേശനം നേടി, ഉയർന്ന ഓപ്ഷനുകളിലേക്കുള്ള മാറ്റത്തിനായി കാത്തിരിക്കാം. ഇവർക്ക്, പ്രവേശനയോഗ്യത തെളിയിക്കാനുള്ള രേഖകൾ അലോട്മെൻറ് ലഭിച്ച സ്കൂളിന്റെ പ്രിൻസിപ്പലിനു നൽകി താത്കാലികപ്രവേശനം നേടാം. ഇവർ ഫീസ് അപ്പോൾ അടയ്ക്കേണ്ടതില്ല. ഇവർക്ക്, അടുത്ത മുഖ്യ അലോട്മെൻറിനു മുൻപായി നിശ്ചിത സമയപരിധിക്കുള്ളിൽ താത്പര്യമില്ലാത്ത ഉയർന്ന ഓപ്ഷനുകൾ (ലഭിച്ച ഓപ്ഷനെക്കാൾ ഉയർന്ന മുൻഗണനാ നമ്പർ ഉള്ളവ) റദ്ദുചെയ്യാൻ അവസരം ഉണ്ടാകും.
തുടർന്നുള്ള അലോട്മെൻറിൽ മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചാൽ നിർബന്ധമായും പുതിയ അലോട്മെൻറ് ലഭിച്ച സ്കൂളിലേക്ക്/കോഴ്സിലേക്ക് മാറണം.
• താത്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്നും അസ്സൽ സർട്ടിഫിക്കറ്റുകൾ വാങ്ങി പുതിയ സ്കൂളിൽ പ്രവേശനം നേടാം.
• മുഖ്യ അലോട്മെൻറുകൾ തീരുംവരെ ഇപ്രകാരം താത്കാലിക അഡ്മിഷൻ തുടരാം. പുതിയ അലോട്മെൻറ് പ്രകാരം മാറാത്തവർ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകും.
• താഴ്ന്ന ഓപ്ഷൻ പ്രകാരം താത്കാലിക പ്രവേശനം നേടിയ ശേഷം, പ്രവേശനം സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക്, ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കി, ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. ഉയർന്ന ഓപ്ഷനുകൾ റദ്ദുചെയ്യാൻ ആഗ്രഹിക്കുന്ന പക്ഷം, പ്രവേശനം നേടുന്ന ദിവസംതന്നെ ആ വിവരം പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം.
• താത്കാലിക/സ്ഥിര പ്രവേശനം നേടുന്നവർ സ്കൂളിൽ ഹാജരാക്കേണ്ട രേഖകളുടെ പട്ടിക പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.
• മുഖ്യ അലോട്മെൻറ് പ്രക്രിയ അവസാനിക്കുന്നതോടെ, തങ്ങളുടെ ഹയർ ഓപ്ഷനുകൾ നിലനിർത്തി താത്കാലിക പ്രവേശനത്തിൽ തുടരുന്നവർ അവരുടെ പ്രവേശനം നിർബന്ധമായും സ്ഥിരപ്പെടുത്തണം.
• സ്ഥിരം പ്രവേശനം നേടിയവർക്ക് തുടർന്നുണ്ടാകുന്ന ഒഴിവുകളിലേക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല.
• മൂന്ന് മുഖ്യ അലോട്മെൻറുകൾ കഴിഞ്ഞ്, പ്രവേശനം നേടിയവർക്ക് സ്കൂൾ/കോഴ്സ് മാറ്റം അനുവദിക്കും. തുടർന്നുണ്ടാകുന്ന ഒഴിവുകൾ നികത്താൻ സപ്ലിമെൻററി അലോട്മെൻറുകൾ നടത്തും.
• അപേക്ഷ നൽകിയിട്ടും മുഖ്യ അലോട്മെൻറുകളിലൊന്നും സീറ്റ് ലഭിക്കാത്ത എല്ലാ വിഭാഗം അപേക്ഷകരും സപ്ലിമെൻററി അലോട്മെൻറിലേക്ക് പരിഗണിക്കപ്പെടാൻ നിലവിലെ അപേക്ഷ പുതുക്കണം. അപ്പോൾ ഉള്ള ഒഴിവുകൾകൂടി പരിഗണിച്ച് ഓപ്ഷനുകളും മാറ്റിനൽകാം. അപേക്ഷ പുതുക്കാതിരുന്നാൽ സപ്ലിമെൻററി അലോട്മെൻറിലേക്ക് അവരെ പരിഗണിക്കില്ല. നേരത്തേ അപേക്ഷ നൽകാത്തവർക്കും ഈ ഘട്ടത്തിൽ അപേക്ഷ നൽകാം. 2025 എസ്എസ്എൽസി സേ പരീക്ഷ വഴി യോഗ്യത നേടിയവരെയും ഈ ഘട്ടത്തിൽ പരിഗണിക്കും.
• അപേക്ഷകർ ഉള്ള പക്ഷം സപ്ലിമെൻററി അലോട്മെൻറുകൾക്കു ശേഷവും സ്കൂൾ/കോഴ്സ് മാറ്റം അനുവദിക്കും. സ്ഥിരം പ്രവേശനം നേടിയവർക്ക് സപ്ലിമെൻററി അലോട്മെൻറിൽ പങ്കെടുക്കാൻ അർഹത ഇല്ല.
• പ്രവേശന സമയക്രമം ബന്ധപ്പെട്ട വെബ് സൈറ്റുകളിൽ ലഭ്യമാക്കും.
മെറിറ്റ് സീറ്റിലെ പ്രവേശനത്തിന് ഒരു അപേക്ഷ മാത്രമേ ഓൺലൈനായി നൽകേണ്ടതുള്ളു. ഒരു ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളും അവിടെയുള്ള ഒരു വിഷയ കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഒരു സ്കൂളിലെ വ്യത്യസ്ത വിഷയ കോമ്പിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്. അപേക്ഷയിൽ വിവിധ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ, വ്യത്യസ്ത കോഴ്സ് കോമ്പിനേഷനുകൾ (വിവിധ ഓപ്ഷനുകൾ) എന്നിവ, പ്രവേശനം ആഗ്രഹിക്കുന്ന മുൻഗണനാക്രമത്തിൽ നൽകണം.
അപേക്ഷ vhscap.kerala.gov.in | admission.vhseportal.kerala.gov.in ഇവയിൽ ഏതെങ്കിലും ഒന്നു വഴി മേയ് 20 വരെ നൽകാം പ്രോസ്പെക്ടസും ഇതേ ലിങ്കുകളിൽ ലഭിക്കും. നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിമാത്രം അലോട്മെൻറ് നടത്തുന്നതിനാൽ വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തണം. പ്രവേശന സമയത്ത് രേഖാപരിശോധന വേളയിൽ തെറ്റായ വിവരങ്ങൾ നൽകിയാണ് അലോട്മെൻറ് ലഭിച്ചതെന്നു കണ്ടെത്തുന്ന പക്ഷം അലോട്മെൻറ് റദ്ദാക്കും.
എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ മാനേജ്മെൻറ് ക്വാട്ട സീറ്റുകളിലെ പ്രവേശനം അതത് മാനേജ്മെൻറുകളാണ് നടത്തുക. അതിനുള്ള പ്രത്യേക അപേക്ഷ അതത് സ്കൂളിൽനിന്നും വാങ്ങി പൂരിപ്പിച്ച് അവിടെത്തന്നെ നൽകണം.
അപേക്ഷ
പ്രവേശനസാധ്യതകൾ വിലയിരുത്താനും അവസാനഘട്ട പരിശോധന, തിരുത്തലുകൾ എന്നിവ വരുത്താനും യഥാർഥ അലോട്മെൻറിനു മുൻപ് ട്രയൽ അലോട്മെൻറ് നടത്തും. ട്രയൽ അലോട്മെൻറിനുശേഷം മൂന്ന് മുഖ്യ അലോട്മെൻറുകൾ ഉണ്ടാകും.
courtesy: mathrubhumi.com