ശമ്പള വര്‍ധന സര്‍വീസ് അനുസരിച്ച്; പ്രസവാവധി ഒരു വര്‍ഷം വരെ

Unknown

സര്‍വീസ് കാലയളവ് കണക്കിലെടുത്തും ഫിറ്റ്‌മെന്റ് അടിസ്ഥാനമാക്കിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന നടപ്പിലാക്കാന്‍ ഒന്‍പതാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. കൂടുതല്‍ സര്‍വീസുള്ളവര്‍ക്ക് കൂടിയ നിരക്കില്‍ വര്‍ധനയുണ്ടാവും. പ്രസവാവധി ഒരുവര്‍ഷം വരെയാക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുമെന്നറിയുന്നു.

നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്തമായി 31ന്മാത്രമേ റിപ്പോര്‍ട്ട് നല്‍കാനിടയുള്ളൂ. 31ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സൗകര്യപ്രദമായ സമയം കമ്മീഷന്‍ ചോദിച്ചിട്ടുണ്ട്. സര്‍വീസ് വെയിറ്റേജ്, ഫിറ്റ്‌മെന്റ് എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയതിനാല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനയുണ്ടാവുമെന്നറിയുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിനൊപ്പം സര്‍വകലാശാലാ ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും സമര്‍പ്പിക്കും. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും ഒരേ തസ്തികകളിലെ ശമ്പളം ഏകീകരിക്കാനും ശുപാര്‍ശയുണ്ടാവും. സര്‍വകലാശാലാജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും റിപ്പോര്‍ട്ടുകള്‍ ഒരുമിച്ച് സമര്‍പ്പിക്കാനിരുന്നതിനാലാണ് കുറച്ചുദിവസം വൈകിയത്.

സര്‍വീസ് വെയിറ്റേജ് ആയിരിക്കും ശമ്പളവര്‍ധനവിന് മുഖ്യമാനദണ്ഡം. മൊത്തം സ്‌കെയിലുകളുടെ എണ്ണം 28 ആക്കി കുറച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ശമ്പളവും ഏറ്റവും കൂടിയ ശമ്പളവും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് സ്‌കെയിലുകളുടെ എണ്ണം കുറച്ചത്.

ഇപ്പോള്‍ സംസ്ഥാന സര്‍വീസില്‍ 180 ദിവസമാണ് പ്രസവാവധി. മറ്റെല്ലാ അവധികളും ഇതോടൊപ്പം ചേര്‍ത്ത് ഒരുവര്‍ഷം വരെ പ്രസവാവധി നീട്ടുന്നതിനുള്ള സൗകര്യമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതോടൊപ്പം ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും പത്തുദിവസം വരെ അവധി അനുവദിക്കും. തൊഴില്‍ സ്ഥലത്തെ സ്ത്രീപീഡനം തടയാന്‍ കര്‍ശന നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വനിതാപോലീസുകാരുടെ സേവന വേതന വ്യവസ്ഥകളിലും തൊഴില്‍ സൗകര്യങ്ങളിലും കാര്യമായ മാറ്റം വരും. അവരുടെ പാറാവ് ചുമതല ഒഴിവാക്കും. എല്ലാ ഓഫീസുകളിലും പ്രത്യേകിച്ച് പോലീസ് സ്റ്റേഷനുകളില്‍ വനിതാ ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും.

ശാരീരികമായി വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ശുപാര്‍ശയിലുണ്ടാവും

Post a Comment