അടുത്ത അധ്യയനവര്‍ഷം മുതല്‍ കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്പോള്‍ സംസ്ഥാനത്തു വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയിടയില്‍ ആശയക്കുഴപ്പവും ആശങ്കകളും ഏറുന്നു.
വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനെക്കുറിച്ചു പഠനം നടത്താന്‍ നിയോഗിച്ച ലിഡാ ജേക്കബ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടതോടെ അധ്യാപക സംഘടനകളുള്‍പ്പെട വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധതലങ്ങളിലുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചു തുടങ്ങി.
സ്കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിനുള്ള മാനേജ്മെന്‍റ് കമ്മിറ്റികളുടെ ഇടപെടല്‍ ദൈനംദിന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ഉത്ക്ണ്ഠ എയ്ഡഡ് മാനേജ്മെന്‍റുകള്‍ ഉയര്‍ത്തുന്നുണ്ട്. അക്കാദമിക് താത്പര്യങ്ങളേക്കാള്‍ രാഷ്ട്രീയമായും വിഭാഗീയമായും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഈ കമ്മിറ്റികള്‍ ഇടപെടുമോ എന്നതാണ് ഭയം.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തരം കമ്മിറ്റികളുടെ അധ്യക്ഷന്‍മാരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്നാണു നിര്‍ദേശം. രാഷ്ട്രീയമായി ചേരിതിരിഞ്ഞു വോട്ടെടുപ്പുണ്ടാകില്ലെന്ന് ഉറപ്പുപറയാന്‍ സര്‍ക്കാരിനാകുന്നില്ല. അധ്യാപക, രക്ഷാകര്‍തൃ സമിതികളുടെ പ്രസക്തി ഈ കമ്മിറ്റികള്‍ നിലവില്‍ വരുന്നതോടെ നഷ്ടമാകുമെന്ന വാദവും ഉയരുന്നുണ്ട്. ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം അടുത്തവര്‍ഷം നിലവിലുള്ളതിന്‍റെ പകുതിയായി കുറയുമെന്നതാണു മറ്റൊരു പ്രശ്നം. ഓരോ വര്‍ഷം കഴിയുന്തോറും ഈ കുറവ് മറ്റു ക്ലാസുകളിലേക്ക് മാറിക്കൊണ്ടിരിക്കും. ഇതേ നില പത്തു വര്‍ഷം തുടരും.
അധ്യാപക തസ്തികകളുടെ നിലനില്‍പ്പിന് ഇപ്പോള്‍ പ്രശ്നമില്ലെന്നു മന്ത്രി പറയുന്നുണ്െടങ്കിലും ഭാവിയില്‍ അധ്യാപകരുടെ ജോലിയെ കുട്ടികളുടെ എണ്ണം കുറയുന്നതു ബാധിച്ചേക്കാം. എല്ലാ സ്കൂളുകളിലും അടുത്തവര്‍ഷം മുതല്‍ പ്രീ-പ്രൈമറിയും സീനിയര്‍ പ്രീ-പ്രൈമറിയും സൃഷ്ടിക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലതുണ്ട്. പ്രീ-പ്രൈമറി വിഭാഗം തുടങ്ങാനാവശ്യമായ പ്രത്യേക സ്ഥലസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കുട്ടികള്‍ക്കാവശ്യമായ ഇരിപ്പിടങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വാങ്ങുന്നതിനാവശ്യമായ പണം കണ്െടത്തുന്നതിനുമാണ് പ്രധാന ബുദ്ധിമുട്ട്. സ്കൂളുകളില്‍ പ്രീ പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ അവയെ ആംഗന്‍വാടികളുമായി സംയോജിപ്പിക്കുന്ന പ്രവര്‍ത്തനത്തിനും കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാകുക. കേന്ദ്ര സിലബസ് സ്കൂളുകളില്‍ അടുത്തവര്‍ഷം കൂടുതല്‍ തിരക്കുണ്ടാകാനുള്ള സാധ്യതയും അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍ പ്രവൃത്തിസമ യം ക്രമീകരിക്കുന്നതിനുള്ള നിര്‍ദേശത്തെ പലരും സ്വാഗതം ചെയ്യുന്നുണ്ട്.
ഇപ്പോള്‍ തന്നെ ചിലയിടങ്ങളില്‍ രാവിലെ ഒന്‍പതിനും ഒന്പതരയ്ക്കും ക്ലാസ് തുടങ്ങി ഉച്ചകഴിഞ്ഞു മൂന്നിനും മൂന്നരയ്ക്കും ക്ലാസ് അവസാനിപ്പിക്കുന്ന രീതി നിലവിലുണ്ട്. പാഠ്യേതര വിഷയങ്ങള്‍ക്കുള്ള പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം
അംഗീകരിക്കുന്പോള്‍ തന്നെ ഈ വിഷയങ്ങള്‍ക്കു പരിശീലനം നല്കാന്‍ സംസ്ഥാനത്തെ പല സ്കൂളുകളിലും കായികാധ്യാപകര്‍ ഉള്‍പ്പെടയുള്ളവര്‍ ഇല്ല എന്ന സ്ഥിതിയുണ്െടന്ന വസ്തുതയും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ ഈ പ്രശ്നം പരിഹരിക്കാനാവില്ല. പത്തുവര്‍ഷം മുന്പു പ്രവര്‍ത്തിച്ചു തുടങ്ങിയതും പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയ്ക്കു തുടര്‍ച്ചയായി കുട്ടികളെ ഇരുത്തുന്നതുമായ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്കാനുള്ള നീക്കത്തിനെതിരേ അധ്യാപക സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
ഈ നിര്‍ദേശം അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കു വ്യാപകമായി അംഗീകാരം നല്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നാണ് സംഘടനകളുടെ ആരോപണം. എന്നാല്‍, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിനു കഴിയുകയുമില്ല.