മാതാപിതാക്കള്‍ക്കു ഡോക്ടറുടെ കുറിപ്പ് ; കുട്ടികളുടെ ടെന്‍ഷന്‍ കൂട്ടരുത്

Unknown
പുതിയൊരു സ്കൂള്‍ വര്‍ഷത്തിനു നാളെ തുടക്കംകുറിക്കുന്നു. കുട്ടികള്‍ക്കു പുത്തനുടുപ്പും പുത്തന്‍ ബാഗും ചെരിപ്പും കുടയും പുസ്തകങ്ങളുമെല്ലാം മാതാപിതാക്കള്‍ വാങ്ങിക്കൊടുത്തുകഴിഞ്ഞു. അവരുടെ ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമുള്ള ഭക്ഷണവും ദിവസ വും നല്കുന്നുണ്ട്. എന്നാല്‍, കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചു മാതാപിതാക്കള്‍ അല്പംപോലും ശ്രദ്ധിക്കാറില്ലെന്നാണു പല സംഭവങ്ങളും വെളിപ്പെടുത്തുന്ന സത്യം. നല്ല മാര്‍ക്കും ആരോഗ്യവുമൊക്കെയുള്ള കുട്ടികള്‍ സമ്മര്‍ദങ്ങളില്‍ തളര്‍ന്നു വിഷാദരോഗികളാവുകയോ ജീവിതത്തില്‍നിന്നു തന്നെ ഓടിയൊളിക്കുകയോ ചെയ്യുന്നു.

കുട്ടികള്‍ക്കു ചെയ്തുകൊടുക്കുന്ന സൗകര്യങ്ങള്‍ക്കെല്ലാമുപരി ഇവര്‍ക്കു മാനസികാരോഗ്യമുണ്ടാകുക എന്നതാണു പ്രധാനം. ഇവയില്ലാതെ മറ്റെന്തു ചെയ്തുകൊടുത്താലും ഫലവത്താകുകയില്ല.

അതിനാല്‍ ഈ അധ്യയന വര്‍ഷത്തില്‍ മാതാപിതാക്കള്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കുറിക്കുകയാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസറും സ്കൂളുകളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കുകയും ചെയ്യുന്ന ഡോ. പത്മകുമാര്‍.

മാതാപിതാക്കള്‍ കുട്ടികളെ അറിയുക

മാതാപിതാക്കള്‍ കുട്ടികളെ അറിയുക എന്നതാണ് ഇവരുടെ മാനസിക ആരോഗ്യത്തിന് ആവശ്യമായ ഒന്നാമത്തെ കാര്യം. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്താണെന്നും അവരുടെ പരിമിതികളെന്താണെന്നും മനസിലാക്കണം. അമിത ഉത്കണ്ഠയാണു കുട്ടികളെ ഏറെയലട്ടുന്ന മാനസികപ്രശ്നം.

മാതാപിതാക്കളും അധ്യാപകരും തന്നെയാണ് ഇത്തരം മാനസികപ്രശ്നങ്ങള്‍ക്കു കാരണക്കാര്‍. കുട്ടികളില്‍ ഇവര്‍ ഉണ്ടാക്കിവയ്ക്കുന്ന അനാരോഗ്യകരമായ മത്സരബുദ്ധിയും പരീക്ഷയെയും പഠനത്തെയും കുറിച്ചുള്ള ഭയവും ഇവരുടെ മികവിനെ വളരെ വലിയതോതില്‍ ബാധിക്കുന്നുണ്ട്.

കുട്ടികളുടെ കഴിവിനപ്പുറം മാതാപിതാക്കള്‍ വച്ചുപുലര്‍ത്തുന്ന അമിതപ്രതീക്ഷയാണു പല പ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഈ അമിതപ്രതീക്ഷ കുട്ടികളില്‍ അമിത ഉത്കണ്ഠയെന്ന മാനസിക രോഗമുണ്ടാകാന്‍ കാരണമാകുന്നു. കുട്ടികളെ അലട്ടുന്ന രണ്ടാമ ത്തെ മാനസികപ്രശ്നം വിഷാദരോഗവും നിരാശയുമാണ്. കൗമാരക്കാരിലാണ് ഈ പ്രശ്നം ഏറെ കാണുന്നത്. ഇതുമൂലം പഠനത്തില്‍ പിന്നാക്കംപോകുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യും. മാതാപിതാക്കളാണ് ഇവിടെയും വില്ലന്‍വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കുട്ടികളില്‍ ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ മാനസികരോഗങ്ങളായി മാറാതിരിക്കാനും അവര്‍ ജീവനൊടുക്കലിലേക്കു വഴുതിവീഴാതിരിക്കാനും മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1. അമിത ജോലിഭാരം കുട്ടികളില്‍ അടിച്ചേല്പ്പിക്കരുത്.
2. പഠനത്തോടൊപ്പം വിനോദങ്ങള്‍ക്കും കുട്ടികള്‍ക്കു സമയം നല്കണം.
3. സൗഹാര്‍ദപരമായ കുടുംബാന്തരീക്ഷം മാനസികാരോഗ്യത്തിന്‍റെ അനിവാര്യഘടകമാണ്. മാതാപിതാക്കളും കുട്ടികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും അതോടൊപ്പം കുട്ടികളുമായി അവരുടെ പ്രശ്നങ്ങളില്‍ ആശയവിനിമയം നടത്തുകയും വേണം.
മാതാപിതാക്കളോട് എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്യ്രം കുട്ടികള്‍ക്കു നല്കണം.
4. ആഴ്ചയിലൊരിക്കലെങ്കിലും കുട്ടികളുമായി ഏതെങ്കിലും ചെറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലോ പ്രകൃതിരമണീയമായ സ്ഥലങ്ങളിലോ പോകുന്നത് ഇവരുടെ ടെന്‍ഷന്‍ ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം വര്‍ധിക്കുന്നതിനും പഠനം മെച്ചപ്പെടുന്നതിനും സഹായകരമാകും.
5. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ.

അതിനാല്‍ കുട്ടികളെ കായികവിനോദങ്ങളില്‍ പങ്കെടുപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസമെങ്കിലും പഠനത്തോടൊപ്പം കായികവിനോദങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നുണ്െടന്ന് ഉറപ്പാക്കണം.

6. ആരോഗ്യകരമായ ഭക്ഷണം ആരോഗ്യകരമായ മനസുണ്ടാക്കുന്നതിനു സഹായിക്കും. കുട്ടികള്‍ക്കു നല്കുന്ന ഭക്ഷണം സമീകൃതമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറി എന്നിവ കലര്‍ന്ന ഭക്ഷണം നല്കാന്‍ പ്രത്യേക ശ്രദ്ധവേണം.

7. കുട്ടികള്‍ക്കു കുടുംബാംഗങ്ങള്‍ മാതൃകയാകണം. കുട്ടികള്‍ ദുശീലങ്ങളിലേക്കു വഴുതിവീഴുന്നത് മറ്റുള്ളവരെയന്നതിനേക്കാള്‍ വീട്ടിലുള്ളവരെ നോക്കിയാണെന്നത് എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കണം. കുട്ടികള്‍ ചെയ്യരുതെന്നു നാം പറയുന്ന കാര്യങ്ങള്‍ മാതാപിതാക്കളോ വീട്ടിലുള്ളവരോ തന്നെ ചെയ്താല്‍ മറിച്ചുള്ള വിലക്കുകള്‍ക്കു കുട്ടികളില്‍ ഒരു സ്വാധീനവുമുണ്ടാക്കില്ല.

Post a Comment