റിലയന്‍സിന് രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ലാഭം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 5,631 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 5,589 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനം മാത്രമാണ് വര്‍ധന. എങ്കിലും രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭമാണ് ഇപ്പോഴത്തേത്. വിറ്റുവരവ് 13 ശതമാനം ഉയര്‍ന്ന് 97,807 കോടി രൂപയിലെത്തി. മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ഓഹരിയൊന്നിന് 9.50 രൂപ നിരക്കില്‍ ലാഭവീതം പ്രഖ്യാപിച്ചു.

 മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 4.7 ശതമാനം ഉയര്‍ന്ന് 21,984 കോടി രൂപയായി. ഇന്ത്യയിലെ ഒരു കമ്പനി പുറത്തുവിടുന്ന ഏറ്റവും ഉയര്‍ന്ന ലാഭമാണ് ഇത്. വിറ്റുവരവ് 8.1 ശതമാനം വര്‍ധനയോടെ 4,01,302 കോടി രൂപയിലെത്തി.

തൃപ്തികരമായ വര്‍ഷമായിരുന്നു 2013-14 എന്നും ഈ കാലയളവില്‍ എണ്ണശുദ്ധീകരണ ബിസിനസ് ഏറ്റവും ഉയര്‍ന്ന ലാഭം നല്‍കിയെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. പെട്രോ കെമിക്കല്‍ മാര്‍ജിനും വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ റീട്ടെയില്‍ ബിസിനസ് ലാഭത്തിലാകുകയും ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായി മാറുകയും ചെയ്തുവെന്ന് അംബാനി വ്യക്തമാക്കി. ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ 4ജി സേവനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment