മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്ത് കുട്ടികളെ മയക്കുമരുന്നിന് അടിമയാക്കുന്ന ചേട്ടന്‍മാര്‍


ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ രക്ഷയില്ല. മയക്കുമരുന്ന് കിട്ടാന്‍ എന്തുംചെയ്യുന്ന അവസ്ഥയിലാകും കുട്ടികള്‍.



മൊബൈല്‍ഫോണ്‍ ആവശ്യപ്പെട്ട എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ മൊബൈല്‍ഫോണ്‍. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതല്‍ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നുസംഘത്തിന്റെ കൈയില്‍പ്പെട്ടിരുന്നു. വീട്ടില്‍ കിട്ടാത്ത സ്നേഹം നല്‍കുന്ന ഇത്തരം ചേട്ടന്‍മാര്‍ തലമുറയ്ക്കുതന്നെ വലിയ ഭീഷണിയാണ്. ആദ്യമൊക്കെ കുട്ടിക്കാവശ്യമുള്ളത് വാങ്ങിക്കൊടുക്കാനും ഇതോടൊപ്പം മയക്കുമരുന്ന് നല്‍കാനും ഇവര്‍ ശ്രദ്ധിക്കും. പിന്നെ മയക്കുമരുന്നിന്റെ വാഹകരാകും. ഇത് കിട്ടാന്‍ ലഹരിവില്പനയും മോഷണവുമടക്കം എല്ലാം ചെയ്യും.


പ്ളസ് ടു ക്ളാസിലിരിക്കുന്ന കുട്ടി ഇടയ്ക്കിടെ കുപ്പിയില്‍നിന്ന് വെള്ളം കുടിക്കുന്നുണ്ട്. എന്നാല്‍ ക്ളാസെടുക്കുന്നത് ശ്രദ്ധിക്കുന്നില്ല. കുറച്ചുകഴിഞ്ഞ് ഉറങ്ങുന്നതുപോലെ തോന്നിയപ്പോള്‍ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി. അവന് നേരേ നില്‍ക്കാനാവുന്നില്ല. സംശയം തോന്നിയ ടീച്ചര്‍ കുപ്പി പരിശോധിച്ചു. വോഡ്ക കലര്‍ത്തിയ വെള്ളമാണ് അവന്‍ കുടിച്ചിരുന്നത്. ഒരു സിനിമയില്‍നിന്ന് കിട്ടിയ ആശയമാണെന്നാണ് അവന്‍ കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയത്. സിനിമയും മൊബൈലും കുട്ടികളെ ദുഃശ്ശീലങ്ങളിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി കൗണ്‍സിലര്‍മാര്‍ പറയുന്നു. മദ്യത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുമെങ്കിലും മയക്കുമരുന്നിന്റെ അടിമകളായാല്‍ രക്ഷപ്പെടുത്തല്‍ അത്ര എളുപ്പമല്ലെന്ന് പറയുന്നത് എക്സൈസുകാര്‍തന്നെയാണ്. ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ രക്ഷയില്ല. മയക്കുമരുന്ന് കിട്ടാന്‍ എന്തുംചെയ്യുന്ന അവസ്ഥയിലാകും കുട്ടികള്‍. സ്‌കൂളുകള്‍ക്കുപുറത്ത് വലിയ സംഘമാണുള്ളത്. ഇവരെ എതിരിടാന്‍ കുട്ടിക്കാവില്ല. അധ്യാപകരെ ഭീഷണിപ്പെടുത്താനും ഇവര്‍ മടിക്കില്ല.


കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ നല്ല മാതൃകകള്‍ കുറയുന്നതായി അധ്യാപകര്‍ പറയുന്നു. ലഹരിയുടെ കാര്യത്തില്‍മാത്രമല്ല, ഏത് തെറ്റിനും മക്കളെ ന്യായീകരിക്കുന്ന മാതാപിതാക്കളുമുണ്ട്. പരീക്ഷയ്ക്ക് കോപ്പിയടിച്ച കുട്ടിയെ പിടികൂടിയ ഒരധ്യാപികയ്ക്കുണ്ടായ അനുഭവം ഇത് തെളിയിക്കുന്നു. കുട്ടിയുടെ അച്ഛനെ വിളിപ്പിച്ചു. ഐ.ജി. കോപ്പിയടിക്കുന്നു, പിന്നെ കുട്ടികള്‍ കോപ്പിയടിച്ചാലെന്താ എന്ന ചോദ്യമാണ് സ്‌കൂളിലെത്തിയ അദ്ദേഹത്തില്‍നിന്നുണ്ടായത്. പിന്നെയെങ്ങിനെ കുട്ടികള്‍ നന്നാകും? നിറകണ്ണുകളോടെയാണ് അധ്യാപിക ചോദിച്ചത്.

by mathrubhoomi

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment