അനുഗ്രഹം തേടി പാവറട്ടി തിരുനാളിനു പതിനായിരങ്ങള്‍
പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാവറട്ടി സെന്റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ അനുഗ്രഹ ദായകനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് വിശ്വാസതീക്ഷണതയോടെ പതിനായിരങ്ങളെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് അതിരൂപത സഹായ മെത്രാന് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ കൂടുതുറക്കല് തിരുകര്‍മ്മങ്ങള്‍ നടന്നു. അള്‍ത്താരയുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധന്റെ രൂപകൂട് തുറന്നതോടെ പള്ളിക്കകവും പരിസരവും വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ഥനാ മന്ത്രത്താല്‍ മുഖരിതമായി. പിന്നീട് വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ കനികാമറിയം, വിശുദ്ധ പത്രോസ് ശ്ലീഹ എന്നിവരുടെ തിരുസ്വരൂപങ്ങള്‍ ദേവാലയ മുഖമണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപകൂടില് ഭക്തജനങ്ങള്‍ക്ക് പൊതുവണക്കത്തിനായി സ്ഥാപിച്ചു. ഭക്തിസാന്ദ്രമായ കൂടുതുറക്കല് ശുശ്രൂഷയ്ക്കുശേഷം തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന് പള്ളി വെടിക്കെട്ട് കണ്‍വീനര്‍ സുബിരാജ് തോമസിന് യോഗ തിരി കൈമാറിയതോടെ വെടിക്കെട്ടിന് തുടക്കമായി. ആകാശത്ത് വര്‍ണപുഷ്പങ്ങള്‍ വിരിയിച്ച വെടിക്കെട്ട് ആരംഭിക്കും മുന്നേ പള്ളി...