വീപ്പയില്‍ വെള്ളം നിറച്ച് കിതച്ച കുട്ടിക്കാലം, അമ്മയുടെ പരുപരുത്ത കൈകള്‍ കണ്ടുവളര്‍ന്ന യൗവനം
'ആ ദ്യമായി ഓട്ടമത്സരത്തില്‍ വിജയിയായപ്പോള്‍ സമ്മാനമായി ലഭിച്ച ഉച്ചഭക്ഷണം മുതല്‍ ആകാശത്തേക്ക് അമ്പെയ്യുന്ന വിജയചിഹ്നം വരെ' ഉസൈന്‍ ബോള്‍ട്ടെന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്റെ ജീവിതത്തെ ഒറ്റവരിയില്‍ ഇങ്ങനെ വായിക്കാം. സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍ നിന്ന് 100 മീറ്റര്‍ ഓടുന്നതിനിടയില്‍ എതിരാളിയെ നോക്കി പുഞ്ചിരിക്കാന്‍ ബോള്ട്ടിനല്ലാതെ മറ്റാര്‍ക്കു കഴിയാനാണ്. ജീവിതത്തില്‍ ഒന്നൊന്നായി ഓടിത്തോല്‍പ്പിച്ച പ്രതിസന്ധികള്‍ തന്നെയാണ് കരളുറപ്പുള്ള ഒരു അത്ലറ്റായി ജമൈക്കന്‍ താരത്തെ വാര്‍ത്തെടുത്തത്. ജമൈക്കയിലെ ഷെര്വുഡെന്ന ഗ്രാമം, കുഞ്ഞുബോള്ട്ട് ഓടിനടന്ന ഇടവഴികളും മണ്‍പാതകളും, പരിശീലനത്തില്‍ നിന്ന് മുങ്ങി നടന്ന വൈകുന്നേരങ്ങള്‍, രാത്രിയില്‍ കൂട്ടുകാരോടൊപ്പമുള്ള ആഘോഷം, ക്രിക്കറ്റ് താരമാകാന്‍ കഴിയാത്തതിലെ നിരാശ. ഇതൊക്കെ തന്നെയാണ് ബോള്‍ട്ടെന്ന താരത്തിന്റെ പിറവിക്ക് പിന്നില്‍. വെസ്റ്റിന്‍ഡീസില്‍ നിന്ന് ഒളിച്ചോടിയ അടിമകള്‍ 1700ല്‍ കുടിയേറിപ്പാര്‍ത്ത സ്ഥലമാണ് ഷെര്‍വുഡ്. ട്രലാവ്നിയക്കടുത്തുള്ള ഷെര്വുഡിലാകെയുള്ളത് കുറച്ചു മനുഷ്യര്‍ മാത്രമാണ്. അങ്ങിങ്ങ് മാത്രം ഏതാനും വീടുകള്‍ കാണാം. അ...