'അവള്‍ എന്നെ സ്‌നേഹിച്ചു, പക്ഷേ ശാരീരിക സുഖം മാത്രമായിരുന്നു എന്റെ ലക്ഷ്യം'


മൃദുലമായ രോമക്കുപ്പായമായിരുന്നു അവളുടെ വേഷം. ആ വേഷത്തില്‍, ആ മെഴുകുതിരി വെട്ടത്തില്‍ അവളുടെ സൗന്ദര്യം ജ്വലിക്കുന്നുണ്ടായിരുന്നു. ... മുന്‍ മിസ് ഇന്ത്യ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നവാസുദ്ധീന്‍ സിദ്ദിഖി.


ത്തര്‍പ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് അഭിനയിക്കാനുള്ള കഴിവ് മാത്രം കൈമുതലാക്കി ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച നടനാണ് നവാസുദ്ധീന്‍ സിദ്ധിഖി. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളാണ് ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ അഭിനയ പ്രതിഭ. കഠിനാധ്വാനവും ആത്മാര്‍പ്പണവും കൊണ്ടാണ് അദ്ദേഹം ഈ സ്ഥാനം നേടിയെടുത്തത്. പൊതുവെ നാണം കുണുങ്ങിയായ നവാസുദ്ധീന്‍ തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ തുറന്ന് പറയുന്ന ആത്മകഥ - "ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറി"ലൂടെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആത്മകഥയിലെ ഒരധ്യായത്തില്‍ നവാസുദ്ധീന്‍. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ ആ പറഞ്ഞത് സത്യമായിരുന്നുവെന്നും താനും നിഹാരികയും തമ്മില്‍ ഒരു വര്‍ഷത്തോളം നീണ്ട വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ആത്മകഥയുടെ ഒരധ്യായത്തില്‍ നവാസുദ്ധീന്‍ സിദ്ധിഖി കുറ്റസമ്മതം നടത്തുന്നു.
"ഒരു ദിവസം ഞങ്ങളൊരു നൃത്ത രംഗം ചിത്രീകരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ സഹപ്രവര്‍ത്തക നിഹാരിക സിങ്ങിന് എന്തോ സംഭവിച്ചത്. സംവിധായകന്‍ കട്ട് പറഞ്ഞതും അവര്‍ ഒന്നും മിണ്ടാതെ കാരവനിലേക്ക് ഓടിപോയി. അവര്‍ക്കെന്തോ സംഭവിച്ചിട്ടുണ്ട്. പിന്നീട് തണുപ്പന്‍ മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. എന്നോടെന്തോ വല്ലാത്ത അകല്‍ച്ച കാണിക്കാന്‍ തുടങ്ങി. എനിക്കൊന്നും മനസിയിലായില്ല. എന്നോടൊന്നും മിണ്ടുന്നുമില്ല. എനിക്കാകെ അമ്പരപ്പായി. എന്താണവളുടെ പ്രശ്‌നം? അവള്‍ക്കെന്താണ് സംഭവിച്ചത്? സാധാരണ വളരെ  സൗഹാര്‍ദപരമായി ഇടപഴകുന്ന വ്യക്തിയാണ്, നന്നായി സംസാരിക്കുമായിരുന്നു. അവളുടെ പ്രശ്‌നം എന്താണെന്ന് ചോദിച്ചറിയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. ഞാന്‍ ചോദിച്ചു. ഒരു തവണയല്ല, രണ്ട് തവണയല്ല, ഒരുപാട് തവണ... ഒരുപാട് ദിവസം. ഒന്നുമില്ലെന്ന് മാത്രം അവള്‍ മറുപടി പറഞ്ഞു. ഞാന്‍ എന്റെ ആകാംഷയെ അടക്കി നിര്‍ത്തി   .
ഞാന്‍ അവളെ വീണ്ടും പഴയ പോലെ  സംസാരിക്കാന്‍ മാത്രം നിര്‍ബന്ധിച്ചു. കാരണം, ആരോടും മിണ്ടാതെ മൗനമായി ഇരിക്കുന്നതത്ര ആരോഗ്യപരമായ കാര്യമല്ലല്ലോ. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ പഴയത് പോലെ തന്നെയായി. ഒരു നാള്‍ ഞാന്‍ അവളെ എന്റെ വീട്ടിലേക്കു ഭക്ഷണത്തിന് ക്ഷണിച്ചു. എന്റെ ഇഷ്ട ഭക്ഷണമായ മട്ടന്‍ വിഭവം ഞാന്‍ തയ്യാറാക്കിയിരുന്നു. അവള്‍ ആ ക്ഷണം സ്വീകരിച്ച് വീട്ടില്‍ വന്നു. ഞാന്‍ അന്ന് തയ്യാറാക്കിയ വിഭവം സത്യത്തില്‍ വളരെ മോശമായിരുന്നു. പക്ഷെ അവളത് തുറന്ന് പറഞ്ഞില്ലെന്നു മാത്രമല്ല വിളമ്പിയത് മുഴുവന്‍ ഒരു മടിയും കൂടാതെ കഴിച്ചു. ഞാന്‍ ഉണ്ടാക്കിയ വിഭവത്തെ പ്രശംസിക്കുകയും ചെയ്തു.
'ഇനി നിങ്ങള്‍ എന്റെ വീട്ടില്‍ വരൂ നവാസ്. ഞാന്‍ നിങ്ങള്‍ക്കായി മട്ടന്‍ തയ്യാറാക്കി തരാം' ,എന്നവള്‍ സ്‌നേഹത്തോടെ പറഞ്ഞു. അന്ന്, ആദ്യമായി, ഞാന്‍ നിഹാരികയുടെ വീട്ടില്‍ ചെന്നു. അല്പം പേടിയോടെ ഡോര്‍ ബെല്‍ അടിച്ചു. അവള്‍ വന്ന് വാതില്‍ തുറന്നതും ഞാന്‍ ആശ്ചര്യപെട്ടുപോയി. നൂറുകണക്കിന് കുഞ്ഞു മെഴുക്ക് തിരികള്‍ കത്തിച്ച് വച്ച് സ്വര്‍ഗീയമാക്കി മാറ്റിയിരിക്കുന്നു അവളുടെ വീടിന്റെ അകത്തളം. മൃദുലമായ രോമക്കുപ്പായമായിരുന്നു അവളുടെ വേഷം. ആ വേഷത്തില്‍, ആ മെഴുകുതിരി വെട്ടത്തില്‍ അവളുടെ സൗന്ദര്യം ജ്വലിക്കുന്നുണ്ടായിരുന്നു. കരുത്തനായ, തനി  നാട്ടുമ്പുറത്തുകാരനായ ഞാന്‍ അവളെ എന്റെ കൈകളില്‍ കോരിയെടുത്തു. നേരെ കിടപ്പറയിലേക്ക് ചെന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ ഒന്നായി. അവിടുന്നങ്ങോട്ട് ഞാനും നിഹാരികയും തമ്മിലുള്ള ബന്ധം തുടങ്ങുകയായിരുന്നു. ഞാന്‍ പോലുമറിയാതെ ആരംഭിച്ച, ഒന്നര വര്‍ഷത്തോളം നീണ്ട ബന്ധം.
എല്ലാ പെണ്‍കുട്ടികളെയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവളും ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാന്‍ ഒരു സ്വാര്‍ത്ഥനായ ആഭാസനായിപ്പോയി. എനിക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അവളുടെ വീട്ടില്‍ പോവുക, അവളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുക, തിരികെ പോരുക. സ്‌നേഹ സംഭാഷണങ്ങളിലൊന്നും എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. തന്നെ മാത്രം സ്‌നേഹിക്കുന്ന, തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സ്വാര്‍ത്ഥനായ, നീചനായ വ്യക്തിയാണ് ഞാനെന്ന സത്യം അവള്‍ പതിയെ മനസ്സിലാക്കി. ( ഏതൊക്കെ പെണ്‍കുട്ടികളുമായി എനിക്ക് ബന്ധമുണ്ടായിരുന്നുവോ അവര്‍ക്കെല്ലാം ഇതേ പരാതി തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്റെ ആവശ്യങ്ങള്‍ക്ക് മാത്രമേ ഞാന്‍ അവരെയെല്ലാം സമീപിച്ചിരുന്നുള്ളു. അല്ലാത്തപ്പോള്‍ അവരുടെ ഫോണ്‍ കോളുകള്‍ പോലും ഞാന്‍ എടുത്തിരുന്നില്ല.)
അടുത്ത തവണ ഞാന്‍ അവളുടെ വീട്ടില്‍ ചെന്ന സമയത്ത് ഒരു നനുത്ത സില്‍ക്ക് കുപ്പായമാണ് അവള്‍ ധരിച്ചിരുന്നത്. അവളുടെ അരക്കെട്ടിനു ചുറ്റും എന്റെ കൈകള്‍ സഞ്ചരിച്ചു. അവളെ ഞാന്‍ എന്നിലേക്കടുപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ എന്നെ തള്ളി മാറ്റി. 'ഇല്ല നവാസ്. ഞാന്‍ ഇനി നിങ്ങളെ കാണില്ല. ഇത് മതിയാക്കാം ഇതിവിടെ തീരുന്നു'- അവള്‍ പറഞ്ഞു. ഞാന്‍ കെഞ്ചി നോക്കി, കരഞ്ഞു നോക്കി, ക്ഷമ പറഞ്ഞു, ഇനി എന്റെ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്ക് നല്‍കി. ഞാന്‍ കുറച്ചു കൂടി നല്ല കാമുകനാകാന്‍ ശ്രമിക്കാമെന്ന് വരെ പറഞ്ഞു . പക്ഷെ അവള്‍ പിടിവാശിയിലായിരുന്നു. അവള്‍ക്കു മടുത്തിരുന്നു. ഒരുപാട് തവണ അവള്‍ക്കു മുറിവേറ്റിട്ടുണ്ട്. അതായിരുന്നു അവസാനം. അന്നത്തോടെ ആ ബന്ധം അവസാനിച്ചു."- നവാസ് തന്റെ ആത്മകഥയില്‍ പറയുന്നു. 
To avoid SPAM comments, all comments will be moderated before being displayed.

Post a Comment