"ചൊട്ടയിലേ ശീലം........"


👶👧
...................................
Info Drs Ayurveda
...................................

ആമിനുമ്മയുടെ OP ടിക്കറ്റ് കൈയ്യിലെത്തിയപ്പോൾ 11.30AM കഴിഞ്ഞു .രണ്ടാഴ്ചയായി മരുന്ന് വാങ്ങാൻ രാവിലെ എത്തുന്ന കക്ഷിയാണ് .പതിവ് പുഞ്ചിരി മായാതെ ചോദിച്ചു "എന്തേ ആമിനു ഇന്ന് വൈകിയത്.?" ''സ്കൂളു തുറന്നില്ലേ സാറെ..രാവിലെത്തന്നെ കൊച്ചു മോനുമായി മകൾ ശണ്ഠകൂടലിലാണ്‌.
സ്കൂൾ ബസ്സ്‌ ഉടൻ വരും.പോകാൻ നേരത്തെ തിരക്കും ഒരുങ്ങലും ബഹളവും.
ഒന്നാം ക്ലാസ്സിലാണ്‌ കേമൻ.പക്ഷേയൂറോപ്യൻ ടോയ്‌ലറ്റില്ലെങ്കിൽ  മലശോധന നടക്കില്ല.കുട്ടിക്ക്‌ എത്ര പറഞ്ഞു കൊടുത്താലും ഇരിക്കാൻ
കഴിയുന്നില്ല.ചെറുപ്പത്തിലേ യൂറോപ്യൻ ശീലിച്ചു പോയി.അമർന്നിരുന്നാലല്ലേ ഇതൊക്കെ ശരിയായി പ്രവർത്തിക്കൂ എന്ന ന്യായം ആരോട്‌ പറയാൻ?.എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെടണമെങ്കിൽ ഇതൊക്കെ ശീലിക്കേണ്ടേ?.. ഓരോരോ കണ്ടു പിടിത്തങ്ങള്.വയസ്സാൻ കാലത്ത്‌ വല്ല കാൽമുട്ട്‌ ദീനവും വരുന്ന എന്നെ പോലുള്ളവർക്കല്ലേ യൂറോപ്യൻ വേണ്ടതുള്ളൂ സാറേ ? മരുമകൻ ഗൾഫിൽ പോയതിനാൽ ഇപ്പോ എന്റെ കൂടെയാണ് .ഓരോ കാര്യങ്ങൾ കണ്ടാൽ ഒരു മനസ്സമാധനവുമില്ല"
 [ ചോദിച്ചത് അബദ്ധമായോ? നിർത്തുന്ന ലക്ഷണമില്ലല്ലോ എന്ന് ഞാൻ മനസ്സിലോർത്തു ] "രാത്രി ഭക്ഷണമാണ്‌ ആകെക്കൂടി കാര്യമായ അന്നം .ചിക്കൻ ഫ്രൈ ഇല്ലാതെ പറ്റില്ല.വല്ല ഉപ്പേരിയോ കറിയിലെ പച്ചക്കറി കഷ്ണങ്ങളോ ഇട്ടു കൊടുത്താൽ പിണങ്ങി..സ്കൂളിലേക്ക്‌ ലഞ്ച്‌ ബോക്സിൽ ഉരുളക്കിഴങ്ങ്‌ പൊരിച്ചതില്ലാതെ പറ്റില്ല.
അല്ലെങ്കിൽ ഓം ലെറ്റ്‌.
ഇടനേരങ്ങളിൽ സ്നാക്സായി
മിക്സ്‌ച്ചറോ അതു പൊലെ വല്ല ബേക്കറിയോ....നടത്തമില്ല,അങ്ങോട്ടും ഇങ്ങോട്ടും ശരണം സ്കൂൾ ബസ്സ്‌ തന്നെ.
[എന്റെയൊക്കെ ചെറുപ്പകാലത്ത് എന്ന് പറഞ്ഞ് ആമിനുമ്മ വച്ച് പിടിക്കുമോ എന്ന് ഭയന്നെങ്കിലും അത് ഉണ്ടായില്ല .]മുട്ടുവേദനയുടെ ഏറ്റകുറച്ചിലുകൾ പറഞ്ഞ വകയിൽ കൊച്ചുമകന്റെ മലം പിടത്ത കഥയും പറഞ്ഞു. അതിനും മരുന്ന് വേണം.
നാരുള്ള പച്ചക്കറിയുടെ ഗിരിപ്രഭാഷണത്തിനുള്ള സ്കോപ്പില്ല എന്നറിഞ്ഞിട്ടും 'പഠിച്ചതേ പാടൂ' എന്ന അവസ്ഥയിൽ പറഞ്ഞു തുടങ്ങിയപ്പോഴേ ആമിനുമ്മ എന്റെ വായിൽ ക്ലിപ്പിട്ടു. "അതൊന്നും ആ കൊച്ച് കഴിക്കില്ല സാറേ! ശോധന ശരിക്ക് വേണങ്കി ദഹനം ശരിക്കും വേണ്ടേ ഡോക്ടറേ... കുട്ട്യോളായാൽ ഓടി ക്കളിക്കേണ്ടേ... ഇത് ഒര് ഇരിപ്പാ... ടീവിന്റെം കമ്പ്യൂട്ടറിന്റെം മൊബൈലിന്റെം മുമ്പില് : ഓന്റെ ഉമ്മാന്റെ മൊബൈലില് ഗെയിം കളിയ്ക്കണനേരം ആരേലും വിളിച്ചാൽ അത് കട്ട് ചെയ്യും... ന്ന്ട്ട് അങ്ങിനൊന്ന് വന്ന്ന്ന് മുണ്ടും ല്യാ.... ".
ഇത് ഒരു ആമിനുമ്മയുടേയോ അവരുടെ ചെറുമകനോ മാത്രമായിട്ടുള്ള കഥയല്ല. ഒട്ടുമിക്ക കുഞ്ഞുങ്ങളും അനുഭവിക്കുന്ന ഒന്നാണ് മലബന്ധം .വളരെ കട്ടിയായി വലിയ ഭാഗമായി കഷ്ടപ്പെട്ട് വേദനിച്ച് മുക്കി നിന്നുകൊണ്ടാണ് പല കുട്ടികളും ശോധന നടത്തുന്നത്. നവരസങ്ങളേയും വെല്ലുന്ന ഭാവങ്ങൾ മുഖത്തു വന്നു പോകുന്ന നിമിഷങ്ങൾ.
മുൻപെങ്ങും കണ്ടിട്ടില്ലാത്തവണ്ണം കഴിഞ്ഞ ദശകങ്ങളിലാണ് ഇത്ഏറിയത് .
എവിടെയാണ് നമുക്ക് തെറ്റുപറ്റിയത്.
മുലപ്പാൽ മുതൽ തുടങ്ങുന്ന കുഞ്ഞിന്റെ ആഹാരശീലം തന്നെയാണ് ഇതിന് കാരണം. തൈറോയ്ഡ് പോലുള്ള മറ്റ് രോഗങ്ങൾ ചെറിയ ശതമാനത്തിന്റെ മലബന്ധത്തിന് കാരണമാകുണ്ട്.
3 വയസിൽ തുടങ്ങുന്ന നാളെ നന്നായിരിക്കാനുള്ള യുദ്ധത്തിൽ ബാല്യത്തിന് നഷ്ടപ്പെടുന്ന കുറെ സൗകുമാര്യതകളുണ്ട്. ഓട്ടം ചാട്ടം ഒന്നുമില്ലാതെ സ്കൂളിൽ ബസിൽ കയറി രാവിലെ 9.00 മുതൽ 3.00 മണി വരെ ഒരിടത്ത് ഇരുത്തുക. ഇടക്ക് ഒരല്പസമയം കളിക്കുവാൻ വിടും ,അതും അപകട സാദ്ധ്യത പേടിച്ച് അദ്ധ്യാപകർ കഴിയുന്നതും ഒഴിവാക്കും .
രാവിലെ കഴിച്ചോ ഇല്ലയോ എന്ന് വരുത്തി പോകുന്ന കുട്ടികൾക്ക് 11.00 മണിക്ക് കഴിക്കാൻ പ്രാതൽ വിഭവം തന്നെ നല്കുന്നതാണ് നല്ലത്. കൂടാതെ വീട്ടിൽ ഉണ്ടാക്കുന്ന ഇലയട, സുഖിയൻ, കിണ്ണത്തപ്പം ,അവൽ നനച്ചത്, പയറ് പുഴുങ്ങി ശർക്കരയും തേങ്ങയും ചേർത്തത് ,ശർക്കരയും തേങ്ങയും ഉളളിൽ വച്ച കൊഴുക്കട്ട, ഇഡിയപ്പം, ഉന്നക്കായ്, മുതലായവ 11 മണിക്ക് നല്കാം. എണ്ണപ്പലഹാരങ്ങൾ ആഴ്ചയിൽ ഒരുദിവസമായി മിതപ്പെടുത്താം. നിങ്ങൾ നല്കി ശീലിപ്പിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് കുട്ടിക്ക് രുചി ഭേദമുണ്ടാക്കുന്നത്. ലെയ്സും ഓറിയോയും കൊടുത്തില്ലെങ്കിൽ കുട്ടി എന്തായാലും കടയിൽ പോയി അത് വാങ്ങിക്കഴിക്കില്ല .ഒരു കാര്യം കൂടി "ഇത് ആരോഗ്യത്തിന് നന്നല്ല മോനേ "എന്ന് പറഞ്ഞ് മനസ്സിലാക്കിയാൽ ഇത്തരം കാര്യങ്ങൾക്കായി കുട്ടികൾ വാശി പിടിക്കില്ല എന്നത് പരമാർത്ഥം ആണ്.തിളപ്പിച്ച് തണുപ്പിച്ച വെള്ളം കുടിക്കുവാൻ നല്കുക. വെള്ളം കുടിക്കുന്നത് ശീലിപ്പിക്കുക. 11മണിക്ക് കഴിക്കാൻ ഫ്രൂട്ട്സും ,
നട്ട്സും ,ഡ്രൈ ഫ്രൂട്ട്സും നല്ലതാണ്.ഫ്രൂഡ്സ് ചെറിയ കഷണമാക്കി കാസറോളിൽ അടച്ച് സ്പൂണും ആയി നല്കിയാൽ മതി. സ്കൂളിൽ പോകുന്നതിന് മുൻപ് തന്നെ വൃത്തിയായും ഭംഗിയായും ഭക്ഷണം കഴിക്കാൻ പഠിപ്പിക്കുക. അദ്ധ്യാപകരുടേയോ ആയമാരുടേയോ ചുമതല അല്ല അത്.
എള്ളുണ്ട ,പപ്പായ, ക്യാരറ്റ് ഇവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് മലത്തിന് അയവു വരുത്തും. ആഴ്ചയിൽ രണ്ട് ദിവസം ശോധന കുഴപ്പമില്ല എന്ന് കരുതുന്നവരും ഉണ്ട്.അത് ശരിയല്ല. എന്നും ടോയ്ലറ്റിൽ പോകുന്നതാണ് ആരോഗ്യത്തിന് നല്ലത്. വെള്ളം ധാരാളം കുടിക്കുക. വിശപ്പുള്ള കുട്ടികളിൽ ഉച്ചയൂണിനൊപ്പം നെയ്യും ഉപ്പും ചേർത്ത് നല്കുക മുതലായവ ഗുണം ചെയ്യും. ഉണക്കമുന്തിരി കഴുകി വൃത്തിയാക്കി കുതിർത്ത് ഉടച്ച് നല്കാം.
ബേക്കറി പലഹാരങ്ങൾ, പ്രത്യേകിച്ച്  ബിസ്ക്കറ്റ് കഴിയുന്നത്ര ഒഴിവാക്കുക. നിത്യവും ചിക്കൻ എന്ന ശീലം വേണ്ട. കാർബണേറ്റഡ് ഡ്രിങ്സ് ( കോളകൾ) പൂർണ്ണമായും ഒഴിവാക്കുക.
കുട്ടികളോടുള്ള സ്നേഹം പ്രകടമാക്കുന്നത് അവർക്ക് അനാരോഗ്യം സമ്മാനിച്ചുകൊണ്ടായിരിക്കരുത്. ഒന്നുമെഴുത്താത്ത (ബ്ലാങ്ക്) പേപ്പറായാണ് ഓരോ കുഞ്ഞും മാതാപിതാക്കളിലെത്തുന്നത്. നാമാണതിൽ ആഹാരശീലങ്ങൾ എഴുതിച്ചേർക്കുന്നത്.
അത് നല്ലതായാലും ചീത്തയായാലും പൂർണ്ണ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്.
കൃത്യമായ ടോയ്ലറ്റ് ട്രയിനിംഗ് കുട്ടിക്ക് നല്കേണ്ടതാണ്. രാവിലെ ടോയ്ലറ്റിൽ പോകാൻ പ്രയാസം തോന്നുന്ന കുട്ടികൾക്ക് തിളപ്പിച്ചാറിയ ഇളം ചൂടുവെള്ളം കുടിക്കാൻ നല്കുന്നത് നല്ലതാണ്.
എല്ലാ ദിവസും ഒരു കൃത്യസമയം പാലിക്കുന്നത് ഗുണം ചെയ്യും. ചായ ,കാപ്പി മുതലായവ കുഞ്ഞുങ്ങളെ ശീലിപ്പിക്കരുത്. മലം മുറുകിപ്പോകുന്ന കുട്ടികൾക്ക് പാൽപ്പൊടി നൽകുന്നത് കൂടുതൽ മലം പിടിത്തത്തിന് കാരണമാകും. അധികം കൊഴുപ്പു മാറ്റാത്ത പശുവിൻ പാൽ തന്നെയാണ് ഉചിതം.മോരിൽ 2-3 gന്ന കടുക്കാപ്പൊടി ചേർത്ത് ഉച്ചക്ക് നല്കാം .
3/4 ദിവസമായിട്ടും മലം പോകാതിരിക്കുകയും ,കുട്ടിക്ക് വേദന തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ ഡോക്ടറെ കാണിക്കേണ്ടതാണ്.
മാനസിക പിരിമുറുക്കവും, വാശിയും ഒക്കെ മലശോധനയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ്.
കുട്ടികളെ നല്ല ഭാവങ്ങളെ വളർത്തുന്നതാവണം നാം നല്കുന്ന ഓരോ സമ്മാനങ്ങളും.
മാനസിക വളർച്ചയെയും ബുദ്ധിയേയും ചിന്തകളെയും പ്രചോദിപ്പിക്കാനായി കുട്ടികൾക്ക് നല്കുന്ന
 കളിപ്പാട്ടങ്ങൾ, കാണുമ്പോൾ നാളെ വല്ല ക്രിമിനലുമാകാനുള്ള ട്രെയ്‌നിംഗ്‌ ആണോ ഇതു കൊണ്ടുദ്ദേശിക്കുന്നത്‌ എന്ന് തോന്നിപ്പോകും.ശൗര്യവും ക്രൗര്യവും ആൻഗ്രി ബേഡ്‌സും  ബെൻടെനും ആയി പുനരവതരിക്കുന്നു.ഇടിച്ചു തെറിപ്പിക്കുന്ന വാഹനങ്ങളും തീ തുപ്പുന്ന വെടിക്കോപ്പുകളും തീർക്കുന്ന മായിക ലോകത്ത്‌(വെർച്ച്വൽ വേൾഡ്‌ എന്ന് തന്നെ  ഭാഷാന്തരം) കമ്പ്യൂട്ടർ ഗെയിമിനുമുന്നിൽ സംഹാര മൂർത്തി രൗദ്രവേഷം കെട്ടുമ്പോൾ അച്ഛനുമമ്മയ്ക്കും നിർവൃതി..അണുകുടുംബത്തിൽ മധ്യവർഗ്ഗ കുടുംബങ്ങൾക്ക്‌ പിഞ്ചു മനസ്സിന്റെ ജിജ്ഞാസകൾക്ക്‌ ഉത്തരം കൊടുക്കാൻ നേരമില്ലല്ലോ.കാർട്ടൂൺ സി.ഡി.കളുടെ പച്ചപ്പിൽ എല്ലാ ഭാവനകൾക്കും മോക്ഷം .എന്റെ ചെറുപ്രായത്തിൽ ചിത്രകഥ വായിക്കാൻ നിരുത്സാഹപ്പെടുത്തിയിരുന്നു ഉപ്പ പലപ്പോഴും.ചിത്രങ്ങളിൽ അഭിരമിച്ചാൽ വായിച്ച്‌ മനസ്സിലാക്കാനുള്ള ശ്രമത്തിന്‌ മുതിരില്ല എന്നായിരുന്നു ന്യായം.പിന്നീട്‌ ഇതേ കാര്യം കുഞ്ഞുണ്ണി മാഷും എഴുതിക്കണ്ടു. വെർച്വൽ മീഡിയ അല്ല കുഞ്ഞുങ്ങളുടെ മനസ്സിനെ സ്വാധീനിക്കേണ്ടത് ,അത് മാതാ 'പിതാക്കളും ,മുത്തശ്ശനും മുത്തശ്ശിയുമൊക്കെ തന്നെയാണ്.
അതിനാൽ അല്പമൊന്ന് മനസ്സു വച്ചാൽ നമ്മുക്ക് നല്കാനാകും നല്ല ആഹാരശീലവും സ്വഭാവ ശീലവും .ഭാവി തലമുറ ഇന്നത്തെ തലമുറയുടെ കൈയ്യിൽ സമ്പൂർണ്ണ രാകട്ടെ ...
Concept Dr Nabeel Haris
[Creative contributors
 Dr PKV Anand ,Dr .G  Syamakrishnan,
Dr Gopakumarkripa,Dr ShijinKB,
Dr. Jithesh.M K Dr Shibu Shahid  ,
DrVishal Soney ,Dr Sanalkumar MP,
Dr Noufal panakkal
Dr Krishnadas Pathiyil ,Dr Anand KP,
 DrNisha Unais,Dr Anoopa Sivapal
Dr Soumya Ajin ,Dr Navaneetha kamath
Dr Sijin Soorya M Dr Jacquilin Dileep.
Info Drs Ayurveda FB page
To avoid SPAM comments, all comments will be moderated before being displayed.

Post a Comment